വരവ് :



Thursday, August 13, 2020

ചെക്ക് ലിസ്റ്റ്

 

മാമ്പഴക്കൂട്ടത്തിൽ മൽഗോവക്കുണ്ടായിരുന്ന (കട :വിശാല മനസ്കൻ ) ഗറ്റപ്പിനോട് കട്ടക്ക് നിൽക്കണ ആറ്റിറ്റ്യൂഡായിരുന്നു ജോലി കിട്ടി ട്രൈയ്നിങ്ങിന് പൂനെയിലേക്ക് ചെന്നപ്പോ റൂമേറ്റായിക്കിട്ടിയ സുരേഷിന്. 


മുറിയിലെത്തിയ ഉടനെ  ഞാൻ എന്നേക്കാൾ വലിയ ബാഗ് തുറന്ന് രണ്ടോ മൂന്നോ ജോഡി ഡ്രസ് കഴിഞ്ഞുള്ള സ്ഥലത്ത് കുത്തിത്തിരുകി കൊണ്ട് വന്ന  ഈറ്റബിൾസായ ചിപ്പ്സും, പ്രോൺസച്ചാറും, അവലോസ് പൊടിയുമൊക്കെ വാർഡ്റോബിൻ്റെ ലോവർ കാബിനറ്റിൽ ലോഡ് ചെയ്യുമ്പോഴാണ് സുരേഷ് ബാഗ് തുറന്ന് അഞ്ചാറ് പുസ്തകങ്ങൾ എടുത്ത് മേശയിലടുക്കി വക്കണത് കണ്ടത്. 


വിങ്ങ്സ് ഓഫ് ഫയറാണ് മുകളിൽ, അതിന്  താഴെയും അബ്ദുൾ കലാമിൻ്റെ പുസ്തകങ്ങൾ തന്നെയാണ്. 

എന്നെ പോലെ ഫുഡ് ഐറ്റമൊന്നുമില്ല! 


എനിക്കെന്നോടും കൊണ്ടു വന്ന ചിപ്പ്സിനോടും പ്രോൺസച്ചാറിനോടും അവലോസ് പൊടിയോടും തികഞ്ഞ പുച്ഛം തോന്നി. 


പി.ജി ക്ക് പഠിക്കുമ്പോ സന്തോഷ് സാറിൻ്റെ  കത്തിക്കയറണ സോഫ്റ്റ് വെയർ ആർക്കിടെക്ക്ച്ചർ ക്ലാസിലിരുന്ന് ഇന്ന്  മെസ്സിൽ ഡിന്നറിന് ചിക്കനാണോ ബീഫാണോ എന്ന് കുലുങ്കുഷമായി ചിന്തിച്ചിരുന്ന  എന്നെപ്പോലെയല്ല ലിവൻ, മറിച്ച്  അർജുനനെ പോലെ ലക്ഷ്യമായി മരത്തിൽ കെട്ടിത്തൂക്കിയിട്ട കിളിപ്പാവയുടെ കണ്ണ് മാത്രം കാണണ ഐറ്റമാണ്! 


ഒരു ജീവിതല്ലേയുള്ളൂ ... അതിങ്ങനെ വെറുതെ ജീവിച്ച് കളയണതിലെന്താള്ളത്? നമുക്ക് പുറകെ വരുന്നവർക്ക് കണ്ട് പകർത്താനൊരു മാതൃകയെങ്കിലുമായിത്തീരണ്ടേ നമ്മൾ?   ഒരാളുടെ ജീവിതത്തിലെങ്കിലും ഇൻസ്പിരേഷൻ്റെ ചെറു  നാളമെങ്കിലും കൊളുത്താൻ  കഴിയേണ്ടേ നമുക്ക്?   എന്നൊക്കെ അവനെന്നോട് സംസാരിച്ച ദിവസം രാത്രിയുറക്കത്തിൽ എനിക്കരുളപ്പാടുണ്ടായി.


"നിൻ്റെ ജീവിതം മാറി മറയാൻ പോകുന്നു ...  നിനക്ക് തികഞ്ഞ ഒരു മാതൃകയെ ഞാൻ ലഭ്യമാക്കിയിരിക്കുന്നു.... അലസത വെടിയുവിൻ... വാട്ട് യൂ നീഡ് ടു ഡു ഈസ് ... ജസ്റ്റ് കോപ്പി ഹിസ് വേ, സ്റ്റൈയിൽസ് ആൻ്റ് ആറ്റിറ്റൂഡ്സ് ആൻ്റ് പേസ്റ്റ് ഇൻ യുവർ ലൈവ്... ജസ്റ്റ്  കോപ്പി ........ 

ആൻഡ് പേസ്റ്റ് ! 

കോപ്പി ആൻ്റ് പേസ്റ്റ്.... 

യു ഗോച്ചാ? 

കോപ്പി ......പേസ്റ്റ്... എഗെയ്ൻ

കോപ്പി .....ആൻ്റ് പേസ്റ്റ്.. "

അശരീരി നേർത്തു നേർത്തകന്നു പോയി. 


ബ്രഹ്മ മുഹൂർത്തത്തിൽ ഞാൻ കട്ടിലിൽ ഞെട്ടിയുണർന്നു. അടുത്ത കട്ടിലിൽ എൻ്റെ മാതൃക ഫിനിഷിങ്ങ് ലൈനിലേക്ക് കുതിക്കുന്ന ഉസൈൻ ബോൾട്ടിൻ്റെ പോസ്ച്ചറിൽ കിടന്നുറങ്ങുന്നത് ബെഡ് ലാമ്പിൻ്റെ ഷേഡഡ് ലൈറ്റിൽ ഞാൻ കണ്ടു. വലത്തേക്ക് ചെരിഞ്ഞ് കിടന്ന്   ഞാനും ഉസെൻ ബോൾട്ടായി. ''കോപ്പി ആൻ്റ് പേസ്റ്റ് ... കോപ്പി ആൻഡ് പേസ്റ്റ് " ന്ന്  മനസിൽ പറഞ്ഞ് പറഞ്ഞെപ്പോഴോ ഞാനുറങ്ങിപ്പോയി.


രാവിലെ അഞ്ചരക്ക് ഷവറിൻ്റെ ശബ്ദം കേട്ടാണുണർന്നത്. രാവിലെ ജോഗിങ്ങിനിറങ്ങുന്നതിന് മുൻപും തിരിച്ച് വന്ന് പത്തിരുപത് പുഷപ്പെടുത്ത് വിയർപ്പാറിയതിന് ശേഷവും കുളിക്കുമവൻ.


തൽക്കാലം ഫസ്റ്റ് കുളി കട്ട് & പേസ്റ്റ് പിന്നെ ചെയ്യാമെന്ന് തീരുമാനിച്ച് ആകെ ഉണ്ടായിരുന്ന ലെതർ  ഷൂവെടുത്തിട്ട് ഞാനും ജോഗിങ്ങിനിറങ്ങി, അരുളപ്പാടിൻ്റെ കേസ് നേരത്തേ അറിയായിരുന്നേൽ  റണ്ണിങ്ങ് ഷൂ വാങ്ങി വക്കാമായിരുന്നു.


സുരേഷുമായുള്ള ഓരോ ഇൻ്ററാക്ഷനിലും എനിക്ക് തോന്നിയത് ഞാനിവനെ നേരത്തേ പരിചയപ്പെട്ടിരുന്നേൽ ഒരു പാട് നേരത്തേ എനിക്ക് നന്നാവാമായിരുന്നു എന്നാണ്.


ബ്രഷിൽ തേച്ച ശേഷം പേസ്റ്റിൻ്റെ ട്യൂ ബെടുത്ത് വാഷ് ബേസിൻ്റെ പരിസരത്തെവിടെയെങ്കിലും എറിഞ്ഞിടുന്ന ഞാൻ, ട്യൂബ് കൃത്യമായി അതിൻ്റെ ലൊക്കേഷനിൽ വക്കുന്ന ലവൻ.


കുളിച്ച ശേഷം നനഞ്ഞ ടവൽ ബെഡ്ഡിലെറിഞ്ഞിട്ടു പോകുന്ന ഞാൻ. sവൽ  കൃത്യമായി ബാൽക്കണിയിലെ അഴയിൽ വിരിച്ചിടുന്ന ലവൻ.


ബെഡ് കോഫി തന്ന ഗ്ലാസ് പിറ്റേന്ന് രാവിലെ കോഫി ഡിസ്ട്രിബ്യൂഷന് ആള് വരുമ്പോൾ മാത്രം കഴുകാനെടുക്കുന്ന ഞാൻ. ഓരോ തവണയും കോഫി കുടിച്ച ഉടനെ കഴുകി വക്കുന്ന ലവൻ.


ദിവസവും വൈകീട്ട് ഏതെങ്കിലും ഗെയിംസ് കളിക്കാൻ പോകുന്ന ലവൻ. എല്ലാ ദിവസവും വന്നിട്ട് ഷൂസ് പോലുമഴിക്കാതെ ബെഡിൽ മലർന്ന് കിടന്ന് അന്താരാഷ്ട്ര പ്രശ്നങ്ങൾ മനനം ചെയ്യുന്ന ഞാൻ.


ഡിന്നറ് കഴിഞ്ഞ് വന്നാൽ ഏതെങ്കിലും പുസ്തകമെടുത്ത് രണ്ട് ചാപ്റ്ററെങ്കിലും വായിക്കണ ലവൻ. പുസ്തകം എവിടാണിരിക്കണേന്ന് പോലുമറിയാത്ത ഞാൻ. എന്തിനധികം അവൻ അപ്പു ഞാൻ ദൊപ്പു എന്ന് പറഞ്ഞാൽ മതീലോ.


അവൻ്റെ അടുക്കോം ചിട്ടേം പ്ലാനിങ്ങും ഒക്കെ പഠിച്ചെടുക്കാൻ എനിക്കായഞ്ചു മാസത്തെ ട്രയ്നിങ്ങ് പീരീഡിൽ  തന്നെ സാധിക്കണേ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.


പറയാൻ വിട്ട് പോയതൊരു റിമൈൻ്റെർ മെക്കാനിസത്തെക്കുറിച്ചാണ്. ഒരു ചെറിയ നോട്ട് പുറത്തേക്ക് തുറക്കണ ഡോറിൻ്റെ ഹാൻഡിലിനരികെ ഒട്ടിച്ചിരിക്കുന്നവൻ. പുറത്തേക്കിറങ്ങാൻ ഡോർ വലിച്ചു തുറക്കുമ്പോ കണ്ണിൽ പെടാതെ പോവില്ലത്. 


ആ ചെക്ക് ലിസ്റ്റ് ഇങ്ങിനെയായിരുന്നു


1. ഷേവ്ഡ് ടുഡേ ?

2. ടൈ? 

3. ഹാൻഡ് കർച്ചീഫ് ? 

4. ബൽറ്റ് ? 

5. ഐഡി കാർഡ്?

6. ഫോൺ? 

7. പഴ്സ് ? 

8. ട്രെയ്നിങ്ങ് മെറ്റീരിയൽസ് + പെൻ? 

9. ഷൂസ് - പോളിഷ്ഡ് ? 


ഹോ ! എത്ര സിമ്പിൾ ആൻ്റ് എഫക്ടീവ് ട്രിക്ക്... 


റേഷൻ കാഡും മണ്ണെണ്ണ ക്യാനുമെടുക്കാതെ  റേഷൻ കട വരെ നടന്നിട്ട് സ്ഥിരായിട്ട് തിരിച്ചു നടക്കുമായിരുന്ന എൻ്റെ ബാല്യം.....


"രേഖേ, എനിക്ക് പറയാനുള്ള തെല്ലാമിതിലുണ്ട് വായിച്ചിട്ട് മറുപടി തരണ"മെന്ന്  വിയർത്തും  വിറച്ചും പറഞ്ഞൊപ്പിച്ച് പോക്കറ്റിൽ തപ്പി നോക്കിയപ്പോൾ തലേന്ന് ഉറക്കമൊഴിച്ചിരുന്ന് എഴുതിയ ലൗ ലെറ്റർ തലയിണേടെ ചോട്ടീന്നെടുത്തിട്ടില്ലെന്ന് തിരിച്ചറിഞ്ഞ എൻ്റെ കൗമാരം, "തരണണ്ടെങ്കി താ" എന്ന ആറ്റിറ്റ്യൂഡിൽ നിന്നിട്ട്  ഷർട്ടിൻ്റെ പാൻ്റ്സിൻ്റേം ഫുൾ പോക്കറ്റ്സും വലിച്ചിട്ട് തപ്പണ എന്നെ നോക്കി ''അയ്യേ! '' എന്ന എക്സ്പ്രഷനിട്ട അവൾ,  പൊട്ടി ചിരിച്ചപമാനിച്ച അവളുടെ ഫ്രണ്ട്സ്....


 ട്രിവാൻഡ്രത്ത് ജെ.ടി.ഒ യുടെ എക്സാമിന് പോയിട്ട് ഹാളിൽ കയറണേന് തൊട്ട് മുൻപ് ഹാൾട്ടിക്കറ്റ് വീട്ടിലാണെന്ന് തിരിച്ചറിഞ്ഞ് ഓൺ ദ സ്പോട്ട് തിരിച്ചു നടന്ന എൻ്റെ ക്ഷുഭിത യൗവ്വനം....


ഈ ടെക്നിക്ക് ഒക്കെ നേരത്തേ തിരിച്ചറിഞ്ഞിരുന്നേൽ എന്തൊക്കെ നഷ്ടങ്ങൾ  ഒഴിവാക്കാമായിരുന്നു ജീവിതത്തിൽ! 


പിന്നെ എന്നും ധൃതി പിടിച്ചിറങ്ങുമ്പോൾ ഡോർ ഹാൻഡിലിനരികിലെ ലിസ്റ്റ് ഞാനും നോക്കാൻ തുടങ്ങി. ഞാനുമൊന്നും മറക്കാത്ത പെർഫക്ട് മേൻ ആയി ! എനിക്കെന്നോട് തന്നെ ഒരു ബഹുമാനമൊക്കെ തോന്നിത്തുടങ്ങി!


അങ്ങിനെയിരിക്കെയൊരു ദിവസമാണത് ഞാൻ ശ്രദ്ധിച്ചത് ലിസ്റ്റിൽ പത്താമത്തെ ഐറ്റം വന്നിരിക്കുന്നു. 


10. വി ഐ പി ? 


"ഇതെന്താടാ ?" യെന്ന് ചോദിച്ചപ്പോഴവൻ പറഞ്ഞത്

" കഴിഞ്ഞാഴ്ച്ച ഒന്നു രണ്ടൂസം അണ്ടർ വെയറിടാൻ  മറന്നു.. അതാ ലിസ്റ്റിലേഡ് ചെയ്തത്,  എൻ്റെ ബ്രാൻഡ്  വി ഐ പി യാ!"


സീസണല്ലാതിരുന്നിട്ടും ആ തണുത്ത വെളുപ്പാൻ കാലത്ത് ഒരു വെള്ളിടി വെട്ടി!  അണ്ടർവെയറിടാൻ റിമെൻഡർ വക്കുന്ന ഇവനെയാണല്ലോ ഞാൻ കംപ്ലീറ്റ് മാൻന്ന് ഇൻട്രോയുമിട്ട് മനസീക്കൊണ്ട് നടന്ന തെന്നോർത്ത് ചൂണ്ട് വിരൽ മടക്കി സ്വയം കടിച്ച് വേദനയമർത്തി...

അല്ലെങ്കിലും മഹാൻമാരെ അടുത്തറിയുമ്പോൾ മനസിലുള്ള വിഗ്രഹം ഉടഞ്ഞ് വീഴുമെന്നാണല്ലോ  കൃസ്പിൻ മഹേഷിൻ്റെ പ്രതികാരത്തിൽ പറഞ്ഞിരിക്കുന്നത്! 


Tuesday, June 23, 2020

അങ്കമാലിയിലെ ആനന്ദേട്ടൻ


നോർത്തിന്ത്യയിലെവിടെയോ കോഫീ ഹൗസിൽ ജോലി കിട്ടണേന്  മുൻപ്  ആനന്ദേട്ടൻ എറണാകുളത്ത് ഏതോ ഒരു കമ്പനിയുടെ കാന്റീനിലെ സൂപ്പർവൈസറായിരുന്നത്രെ!

സ്പ്രിങ്ങ് പോലുള്ള മുടി ചീകി നെറ്റിയുടെ ഒത്ത നടുക്ക് ഓലഞ്ഞാലിയുടെ കൂട് പോലെ ഞാത്തിയിട്ട ഹെയർസ്റ്റയിലോ, ആക്സ് ഓയിലിന്റെ എബ്ലത്തിലെ കോടാലിയുടെ ഷേപ്പിലുള്ള ഒരു ജോടി കൃതാവോ, കൺഫ്യൂഷനടിച്ച് മതിലിലിരിക്കണ ഓന്തിന്റെ ഷേപ്പിലുള്ള മൂക്കോ, മാറ്റ് ഫിനിഷുള്ള കവിളുകളോ , അണ്ണാനെ  കടിച്ച് പിടിച്ചതു പോലെ വിടർന്ന് വിലസിയിരുന്ന മീശയോ ആയിരുന്നില്ല, മറിച്ച്
ലളിതമായ  പ്രാക്ടിക്കൽ സയൻസിൽ ആൾക്കുണ്ടായിരുന്ന അഗാധമായ അവഗാഹമാണ് ആൾടെ ഒരു  കട്ട ഫാൻ ആയി ഞാൻ മാറാനുണ്ടായ  പ്രധാന  കാരണം!

പല ക്രിട്ടിക്കൽ സ്വിറ്റുവേഷൻസിലും ആൾടെ ഈ പ്രാക്ടിക്കൽ ഇടപെടൽ കൊണ്ട് മാത്രം രക്ഷപ്പെട്ട എറണാകുളത്തെ ആ  കമ്പനി തന്നെ ആളോട് വൻതോതിൽ കടപ്പെട്ടിരിക്കുന്നുവത്രേ! 

ജപ്പാനിൽ നിന്നിറക്കുമതി ചെയ്ത വമ്പൻ യന്ത്രം നിലത്തുറപ്പിക്കാനുള്ള   ബോൾട്ടുകൾ ബിൽഡിങ്ങ്ത പണി കഴിഞ്ഞ് തറ കോൺക്രീറ്റ് ചെയ്തപ്പോ നേരത്ത്  തന്നെ ഫിറ്റ് ചെയ്തു. യന്ത്രം വരണം, ക്രയിനു പയോഗിച്ച് ഉയർത്തി ബോൾട്ടുകളിൽ കറക്ടായി വക്കണം, നട്ടുകളിട്ട് മുറുക്കണം!   അത്രേള്ളൂ കേസ് !!

ബട്ട്, യന്ത്രം വന്നപ്പോ ഒന്നുല്ലെങ്കി ക്രയിൻ അല്ലെങ്കിൽ യന്ത്രം മാത്രേ ബിൽഡിങ്ങിനകത്ത്  കയറൂന്നായിരുന്നു സ്റ്റേറ്റ്. ലിഫ്റ്റ് ചെയ്യാണ്ട്  മെഷീൻ ഫിറ്റ് ചെയ്യാൻ പറ്റില്ലന്ന് യന്ത്രം ഫിറ്റ് ചെയ്യാൻ വന്ന, അതിന്റെ ഒരു ബോൾട്ടിന്റെ മാത്രം വലിപ്പണ്ടായിരുന്ന ജപ്പാൻ എഞ്ചിനീയർ !

കാന്ടീന്റെ കാഷ്  കൗണ്ടറിലിരുന്ന്  ബ്രേക്ക് ഫാസ്റ്റിന്റെ അക്കൗണ്ട്  സെറ്റിൽ ചെയ്ത് തലയുയർത്തിയപ്പോഴാണ് രാവിലെ മുതൽ സകല എഞ്ചിനീയർമ്മാരും പുതിയ ബിൽഡിങ്ങിന്റെ മുന്നിൽ കൊണ്ടിറക്കിയ മെഷീനിനു ചുറ്റും വട്ടം കൂടി നിന്നിരുന്നിടത്തൂന്നും പിരിഞ്ഞ് പോയിട്ടില്ലാന്ന് ആള് നോട്ട് ചെയ്തത്. എന്താ കേസ്ന്നറിയാൻ ചെന്ന ആനന്ദേട്ടനോട് ചീഫ് എൻജിനീയറാണ് പ്രോബ്ലം എക്സ്പ്ലെപ്ലെയിൻ ചെയ്തത്!

കേട്ടതും "അയ്യടാ ഇത്രേള്ളൂ കേസ്...  നിസ്സാരം!  നിസ്സാരം!! " ന്ന് പറഞ്ഞ് ആളൊരു ടെമ്പോ ഐസ് ബ്ലോക്ക് വരുത്തിയത്രേ. പുറത്തു നിന്നും ബിൽഡിങ്ങിനകം വരെ നിരത്തിയിട്ട ഐസ് ബ്ലോക്കുകൾക്ക് മുകളിലൂടെ ആൾ കെയിനിന്റെ ബൂം ഉപയോഗിച്ച് തള്ളി യന്ത്രം ബോൾട്ടുകൾക്ക് മുകളിൽ വരാവുന്ന തരത്തിൽ സെറ്റ് ചെയ്തത്രേ!

വിത്തിൻ ആൻ അവർ ഐസുരുകുന്നു.... യന്ത്രം കറക്ടായി ബോൾട്ടുകളിൽ പ്ലേയ്സാവുന്നു!
 ആനന്ദേട്ടനെ തമിഴൻ ചീഫ് എഞ്ചിനീയർ അപ്പോത്തന്നെ വിളിച്ച് ഉറുമ്പടക്കം കെട്ടിപ്പിടിച്ച് ".... വേറെ വേറെ വേറെ ലെവൽ!  നീങ്കെ റൊമ്പ പ്രമാദമാന മനിതൻ.... " ന്ന് അഭിനന്ദിക്കുന്നു.

പിന്നൊരിക്കൽ കമ്പനി കോമ്പൗണ്ടിൽ താഴ്ന്നു പോയ ഒരു ട്രക്കിന്റെ  ടയറിന് ചുറ്റും വടം കെട്ടി കുരുക്കിട്ട് മറ്റേ എൻഡ് അടുത്തുള്ള  തെങ്ങേൽ വലിച്ച് കെട്ടി ഒന്ന് ആക്സിലേറ്റർ ചെയ്തപ്പോ വടം ടയറിൽ ചുറ്റിക്കയറി വണ്ടി കുഴിയിൽ നിന്നും ചാടിപ്പോന്നതിന്റെ പിന്നിലുള്ള മെത്തേഡിന്റെ പേറ്റന്റ് ആനന്ദേട്ടന് ഇന്നും സ്വന്തമത്രേ!

അന്നത്തെ ആ നോർത്തിന്ത്യക്കാരൻ ട്രക്ക് ഡ്രെവറുടെ ഇൻവിറ്റേഷന്റെ ബലത്തിലാണ് ആനന്ദേട്ടൻ ആരോടും പറയാതെ ഒരൂസം  അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും കേരളാ എക്സ്പ്രസ്സിൽക്കയറിപ്പോയതും നോർത്തിന്ത്യയിലെവിടെയോ കോഫീ ഹൗസിൽ ജോലി കിട്ടണതും.

രണ്ടു മൂന്ന് കൊല്ലം കഴിഞ്ഞവിടെ  നിന്നുമുള്ള ആദ്യത്തെ വരവിൽത്തന്നെയാണ് ആനന്ദേട്ടൻ വിലാസിനിയേച്ചിയെ കല്ല്യാണം കഴിച്ചതും ഹണിമൂൺ തീരണേന് മുൻപേ തിരിച്ച് പോയതും. പിന്നീടുള്ള ഒരോ ആറു മാസത്തിലും ആനന്ദേട്ടൻ കേരളാ എക്സ് പ്രസ്സിൽ വന്നിറങ്ങി. ആ ദാമ്പത്യ വല്ലരിയിൽ രണ്ട് വർഷത്തെ ഗ്യാപ്പിൽ ആനന്ദേട്ടനെ മുറിച്ച മുറി ലുക്കുള്ള കേശുവും കിച്ചുവുമുണ്ടായി.

കാര്യം കോഫി പൗഡർ എന്നാണ് പേരെങ്കിലും  സാധനത്തിൽ മൂന്ന് മടങ്ങ് വരെ ചിക്കറിയാവുന്നതിൽ തെറ്റില്ലന്നതറിഞ്ഞിട്ടാണോന്നറിയില്ല  പറയണതിൽ യാഥാർത്ഥ്യം ചില സമയങ്ങളിൽ ഇരുപത്തഞ്ചോ അതിൽ താഴെയോ വരെ,  സന്ദർഭോം സാഹചര്യോമനുസരിച്ച്, ലൈറ്റായി പോകുമായിരുന്നു  എന്നതൊഴിച്ചാൽ ആ പ്രദേശത്തെ  വീട്ടമ്മമാർക്കൊരു മാതൃകാരത്നമായിരുന്നു വിലാസിനിയേച്ചി.

ഏരിയേലാദ്യം കളർ  ടി വി,  മിക്സി, ഗ്രയ്ന്റർ, മെക്രോവേവ് അവൻ, സ്പിളിറ്റേസി, തുടങ്ങി ഫുള്ളി ആട്ടോമാറ്റിക്ക്  വാഷിങ്ങ് മെഷീനും,  ഡബിൾ ഡോർ ഫ്രിഡ്ജും, ബിഎസ് എൻ എല്ലിന്റെ ലാൻഡ് ലൈൻ കണക്ഷൻ വരെയും ആദ്യമെടുത്തത്  തങ്ങളാന്ന കാര്യം പുതിയതായി ആരെ പരിചയപ്പെട്ടാലും വിലാസിനിയേച്ചി സൂചിപ്പിക്കാൻ മറക്കാറില്ല. ബാത്തറ്റാച്ച്ട് ബെഡ്റൂം എന്ന കൺസെപ്റ്റ് തന്നെ നാട്ടിൽ ഇൻട്രൊഡ്യൂസ് ചെയ്തത് തന്നെ ചേച്ചിയായിരുന്നത്രേ!

മാസാമാസം ചേച്ചി എറണാകുളത്തെ ബ്യൂട്ടി പാർലറിൽപ്പോയി പുരികം ത്രെഡ്  ചെയ്തു, ഫേഷ്യൽ ചെയ്തു, ഡെയ്ലി പല്ല് തേച്ചതിന് ശേഷം സിംഗിൾ കോട്ട് ലിപ്സ്റ്റിക്ക് പുരട്ടി, ഐ ലൈനറിട്ട് കണ്ണെഴുതി, ശിങ്കാറിന്റെ സ്റ്റിക്കർ പൊട്ട് തൊട്ടു , യു കട്ടിൽ മുടി വെട്ടിയിട്ടു കൂടുതൽ സുന്ദരിയായി. വീടിന് പുറത്തേക്കിറങ്ങിയപ്പോഴെല്ലാം കിടിലൻ കോട്ടൺ സാരികൾ  അയേൺ ചെയ്ത് ഭംഗിയാക്കിയത്  മാറി മാറിയുടുത്തു. ജീവിക്കാണെങ്കി വിലാസിനിയെപ്പോലെ ജീവിക്കണം എന്നൊക്കെ നാട്ടിലെ സ്ത്രീകൾ അസൂയപ്പെട്ടു. "ഇന്ത്യൻ കോഫി ഹൗസിലെ ഒരു സീനിയർ മാനേജറുടെ ഭാര്യ ഇത്തിരി ഗറ്റപ്പിലൊക്കെ നടന്നിലെങ്കി ആനന്ദേട്ടനല്ലേ അതിന്റെ കേട്" ന്നായിരുന്നു ചേച്ചിടെ ലൈൻ.

ഒരൂസം വഴീ വച്ച് കണ്ടപ്പോ "തിരുവനന്തപുരത്ത് പോണൂ  ചേച്ചി, ഒരു ടെസ്റ്റുണ്ട്'' ന്ന് പറഞ്ഞപ്പോഴാ  അവിടെ ജേണലിസ്റ്റ് ട്രയിനിയായിരുന്ന  അനിയനെക്കുറിച്ച്  "ടാ എന്തെങ്കിലും ആവശ്യണ്ടങ്കിപ്പറയണംട്ടാ... എന്റെ അനിയനവിടെ  പത്ര പ്രവർത്തകനാ"ന്ന് ചേച്ചി എന്നോട്  പറയണത്.

"ആഹാ, പത്ര പ്രവർത്തകനാണോ?" ''ഏതാ പത്രം?'' ന്ന്  ആകാംക്ഷ അടുക്കാനാവാതെ ചോദിച്ച എന്നോട്  " തനിനിറം ! " ന്ന് അഭിമാനത്തോടെ പറഞ്ഞ സീനിലാണ് ഞാൻ ചേച്ചിയെ അവസാനമായിക്കണ്ടത്.
പിന്നെ ഓരോരോ തിരക്കായി ഞാൻ നാട്ടിലധികമുണ്ടായിട്ടില്ല. കുറെ നാൾ കഴിഞ്ഞാണ് പിന്നെ ചേച്ചിയെക്കുറിച്ച് കേൾക്കണത്.

ഒരൂസം ടീവില് കോഫി ഹൗസിന്റെ ഏതോ പ്രോഗ്രാമുണ്ടെന്നും ആനന്ദേട്ടനെ ഷൂട്ട് ചെയ്ത്  കൊണ്ടോയിട്ടുണ്ടെന്നും ആള് ഫോൺ ചെയ്ത് പറഞ്ഞപ്പോഴാണ് വിലാസിനിയേച്ചി എന്നാപ്പിന്നെ പ്രോഗ്രാമിന്  തന്റെ വക പ്രമോ കൂടി ഇരുന്നോട്ടെ എന്ന് കരുതി  പരിസരത്തെ ഓരോ വീട്ടിലും കയറിയിറങ്ങിപ്പറയേം അറിയാവുന്ന നമ്പറിലൊക്കെ വിളിച്ച് പറയേം ചെയ്തത്.

ചേച്ചിയും ഫ്രണ്ട്സും  അന്നു വൈകീട്ട് ആറുമണിക്ക് ചക്ക വറുത്തതും ചായയുമൊക്കെ ഉണ്ടാക്കി അയൽപക്കക്കാരെ വിളിച്ച് പ്രോഗ്രാം കാണാനിരുന്നു. ആനന്ദേട്ടൻ ഏരിയാ മാനേജരായതോണ്ട് അര മണിക്കൂർ പ്രോഗ്രാമിന്റെ  പത്ത് മിനിറ്റെങ്കിലും ആളെ കാണിക്കുമായിരിക്കും എന്ന്  പ്രോഗ്രാം തുടങ്ങിയപ്പോഴേ വിലാസിനിയേച്ചി ഉറക്കെ ആത്മഗതിച്ചു.

പ്രോഗ്രാം തുടങ്ങി കോഫി ഹൗസിന്റെ ചരിത്രം സേവനങ്ങൾ ജനപ്രിയത തുടങ്ങിയവയിലൂടൊക്കെ സഞ്ചരിച്ച് അവസാനത്തെ അഞ്ച് മിനുട്ടിൽ താഴെയായിട്ടും ആനന്ദേട്ടന്റെ മുഖം മാത്രം കണ്ടില്ലല്ലോന്ന് വറീഡായ ചേച്ചിയെയും കോറസിനേയും ഞെട്ടിച്ചു കൊണ്ടാണ്  ഫിനിഷിങ്ങ് പോയന്റിനോടടുപ്പിച്ച് ആനന്ദേട്ടനെ ക്ലോസപ്പിൽ കാണിച്ചത്.

രോമാഞ്ചം കൊണ്ട് ചേച്ചി സെറ്റിയിൽ ഒന്നൂടി എണീറ്റിരുന്നു കൂട്ടത്തിൽ "കേശൂട്ടാ ആ മാലപ്പടക്കത്തിന് തീ കൊടുത്തോട്ടാ" ന്ന് കേശൂനോട് വിളിച്ചു പറയേം ചെയ്തു.

"തികച്ചും സാധാരണക്കാരനായ എന്റെ ജീവിതം  കോഫി ഹൗസ്   മാറ്റി മറിച്ചു... '' എന്നൊക്കെ ആനന്ദേട്ട പറഞ്ഞ് തുടങ്ങിയതിനിടെ പുറത്ത് മാലപ്പടക്കത്തിന് തീ പിടിച്ചു !

ക്രമേണ ക്യാമറ സൂമൗട്ടായി, ആനന്ദേട്ടൻ ഒരു സമാവാറിനടുത്തേക്ക് നീങ്ങി, പരിചയ സമ്പന്നനായ ഒരു ടീ മാസ്റ്ററുടെ  കൈവഴക്കത്തോടെ നീട്ടിയടിച്ച്  ചായയുണ്ടാക്കുന്നതിനിടെ ആൾ ക്യാമറയിലേക്ക് നോക്കി  "ഞാൻ കഴിഞ്ഞ പത്തു പതിനഞ്ച്  വർഷമായി ഇവിടെ ടീ മാസ്റ്ററാണ്......
ഈ ജോലി ചെയ്ത്  നാട്ടിൽ ഞാൻ നല്ല വീടു നിർമ്മിച്ചു......
എന്റെ കുട്ടികൾ നല്ല സ്കൂളുകളിൽ പഠിക്കുന്നു.....
എന്റെ ഭാര്യ അഭിമാനത്തോടെ ജീവിക്കുന്നു... ഞങ്ങൾക്ക് എല്ലാം തന്നത് കോഫി ഹൗസാണ്... " ന്നൊക്കെ പറഞ്ഞ് തീരുമ്പോഴേക്കും  ഇരുന്നിരുന്ന കസേരയോടെ   വലത് വശത്തേക്ക് ഒരൊറ്റ വീഴ്ച്ചയായിരുന്നത്രേ വിലാസിനിയേച്ചി.

 "നീ ആളവിടെ വല്യ   മാനേജരാണെന്നല്ലേ പറഞ്ഞേ വിലാസിനി.. '' ന്ന് ക്ലോസ് ഫ്രണ്ട് വിമലേടത്തി ചോദിച്ചതോ, ഉണ്ടാക്കിയ ചായ സോസർ സഹിതം ക്യാമറയിലേക്ക് നീട്ടി "കോഫി ഹൗസ് എന്റെ അഭിമാനം " എന്ന് പറഞ്ഞ് പ്രോഗ്രാമിന്റെ ക്ലോസിങ്ങിൽ  സക്രീനിൽ  ഫ്രീസ് ചെയ്ത ആനന്ദേട്ടന്റെ മുഖമോ  കേട്ടിട്ടോ കണ്ടിട്ടോണ്ടാവില്ല !

അപ്പോഴാണ് ചേച്ചീടേം ചേട്ടന്റേം ലാസ്റ്റ് പ്രോഡക്ട് കിച്ചു വന്നിട്ട്  " അത് ശരി അമ്മ ഇവിടെ കിടന്നുറങ്ങാണോ?? അടുത്ത മാല പടക്കത്തിന് ഞാൻ തീ കൊടുത്തോട്ടെ  ന്ന് ചോയ്ച്ചത് കേട്ടില്ലേ?" ന്ന് ചോദിച്ചത്.

എന്തായാലും, ആ സംഭവത്തിന് ശേഷം വീടും സ്ഥലോം വിറ്റ് എങ്ങോട്ടോ അബ്സ്കോണ്ടിങ്ങാവണവരേക്കും ക്ലോസ് ആലെയ് വിമലേച്ചിയോടു പോലും വിലാസിനിയേച്ചി മിണ്ടീട്ടില്ല!  ഡെയ്ലി കേരള എക്സ്പ്രസ് അങ്കമാലി വഴി വന്നു പോയിരുന്നെങ്കിലും ആനന്ദേട്ടൻ വന്നിറങ്ങണത് പിന്നെ നാട്ടിലാരും കണ്ടിട്ടൂല്ല!!

Monday, December 9, 2019

ജാക്കിഷ്റോഫ്

കഴിഞ്ഞ തവണ മുമ്പെയിൽ നിന്നും കൊച്ചിക്ക് വരണ മോണിങ്ങ് ഫ്ലെറ്റ് പിടിക്കാൻ ചെക്ക്-ഇൻ  കഴിഞ്ഞ്  ബോഡിങ്ങ് പാസുമായി  സെക്യൂരിറ്റി ഏരിയയിലേക്ക്  നടക്കുന്നതിനിടക്കാണ് ആ കൊച്ചു വെളുപ്പാൻ കാലത്തും  കൂളിങ്ങ് ഗ്ലാസൊക്കെ വച്ചൊരു ചേട്ടൻ  ആകെ ധൃതി പിടിച്ച്  സെക്യൂരിറ്റി ചെക്കിങ്ങിൽ വച്ച് ഓടി വന്ന്  എന്റെ മുന്നിൽ കയറി നിന്നത്.

പ്രായത്തിന്റെയാണോ പാകതയുടെയാണോ എന്നറിയില്ല ആവിശ്യമില്ലാത്തിടത്ത് തിക്കിതിരക്കണ  പരിപാടി കുറെക്കാലമായി പതിവില്ല. ബസ്സിലും സിനിമാ തിയറ്ററിലും കയറാനൊക്കെ പണ്ടിടി കൂടുമായിരുന്നു. ഇപ്പോ എല്ലായിടത്തും നേരത്തേയുള്ള ബുക്കിങ്ങ് വ്യാപകമായതോടെ ആ പരിപാടിയുടെ ആവിശ്യമില്ലാതായി. ട്രയിനിൽ റിസർവ് ചെയ്ത സീറ്റു ണ്ടായിട്ടും ഫ്ലയിറ്റിൽ നിന്നും ഇറങ്ങിയിട്ട് മിനിമം ഇരുപത് മിനിട്ട് ചെക്ക് - ഇൻ ലഗേജിന് വെയ്റ്റ് ചെയ്യേണ്ടി വരുമെന്നറിഞ്ഞിട്ടും ആളുകൾ എന്തിനാണ് തിക്കിതിരക്കണേന്ന് എനിക്ക് മനസിലായിട്ടേയില്ല.

വന്ന പാടെ ചേട്ടൻ ബാഗ് എക്സ്-റേ സ്കീനിങ്ങിന്റെ കൺവേയർ ബെൽറ്റിലിട്ടു. ധൃതിപിടിച്ച് ഒരു ട്രേയെടുത്ത് ബെൽറ്റും വാച്ചും ഫോണുമല്ലാമതിലിട്ട് ബാഗിന് പുറകേ വിട്ടു. ഓടിച്ചെന്ന് സെക്യൂരിറ്റിയുടെ ഫ്രിസ്ക്കിങ്ങിനുള്ള ലൈനിൻ കേറി നിന്നു. തൊട്ടുപുറകിലായിരുന്നു ഞാൻ.

ടേണായപ്പോൾ മെറ്റൽ ഡിറ്റക്ടർ ഡോർ കടന്നു  ആള് ഫ്രിസ്ക്കിങ്ങ് പ്ലാറ്റ്ഫോമിലേക്കോടിക്കയറി. എല്ലാത്തിനും ആവശ്യമില്ലാത്ത ധൃതിയായിരുന്നാ ചേട്ടന്.
 
എക്സ്റേടെ  കൺവേയറിലിട്ട ബാഗ് ഓക്കെയല്ലേന്നൊരു നോട്ടമയച്ച് ഞാൻ തിരിച്ച് വന്നപ്പോഴാണാ കാഴ്ച്ച കണ്ടത്.

മുന്നിൽ പോയ ചേട്ടൻ ടീ ഷർട്ടും അണ്ടർവെയറും കൂളിങ്ങ് ഗ്ലാസും മാത്രമിട്ട്  അവളുടെ രാവുകളുടെ പോസ്റ്ററിലെ സീമേച്ചിയെപ്പോലെ നിൽക്കുന്നു!

ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ  കൊണ്ട് കൈ രണ്ട് വശത്തേക്കും നീട്ടാൻ ആക്ഷൻ കാണിച്ചപ്പോ  ഇയാളെന്തിനാ പാന്റ്സ് വേസ്റ്റീന്നഴിച്ച് താഴേക്കിട്ടേന്നറിയാതെ "ഇപ്പോ ടെക്നോനോളജിയൊക്കെ വന്നില്ലേ, ഇതിന്റെയൊന്നാവിശ്യല്ലാട്ടാ "  ന്നർത്ഥം വരണ നോട്ടം നോക്കിയ  സി.ഐ.എസ്.എഫ് കാരന്റെ മുന്നിൽ ബെൽറ്റിന്റെ ബന്ധനം നഷ്ടമായപ്പോൾ പാന്റ്സ് ഊർന്ന് താഴെപ്പോയ വിവരമറിയാതെ ചേട്ടൻ കൂളിങ്ങ് ഗ്ലാസും, സ്കിൻ ഫിറ്റ്  റൗണ്ട് നെക്ക് ടീ ഷർട്ടും, അണ്ടർവെയറും മാത്രമിട്ട്  രംഗീലയിലെ ജാക്കിഷ്റോഫായി!

ദി കേരള സ്പാ

പ്ലസ്- ടൂവിന് പഠിക്കുമ്പോഴാണ് ശ്രീരാജ് സ്കൂളിൽ നിന്നും കോവളത്തേക്ക് ടൂറ് പോകണത് !

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  നിന്നും മദാമമാർ ഒറ്റക്കും കൂട്ടായും വന്ന്,  പാടത്ത്  താറാവ് കൂട്ടം ഇറങ്ങിയ പോലെ ബീച്ചിൽ, തെക്ക് വടക്ക് നടക്കണ സ്ഥലാണെന്ന് ഹരി പറഞ്ഞപ്പോ കോവളത്തോട്  പ്രായപൂർത്തിയുടെ ബോർഡർ ലൈനിലെത്തിയ  ഒരു മൈനർക്ക് തോന്നാവുന്ന ഒരിഷ്ടം തോന്നീന്ന് മാത്രം. 

കോവളത്ത് എത്തിയ ഉടനെ "ഇവിടെ രണ്ട് മണിക്കൂറുണ്ട് ....,എല്ലാരും ബീച്ചിലെറെങ്ങുമ്പോഴൊക്കെ ശ്രദ്ധിക്കണം.... രണ്ട് മണിക്കൂർ കഴിയുമ്പോ ബസ് പാർക്കിങ്ങിൽ അസംമ്പിൾ ചെയ്യണ ''മെന്നൊക്കെ പറഞ്ഞ് ടീച്ചേഴ്സ് പിള്ളേരെ അവരുടെ  പാട്ടിന് വിട്ട സമയം! 

അപ്പോഴാണ് ഹരി വന്ന് ശ്രീയോടാ രഹസ്യം ഷെയർ ചെയ്തത്  "ബീച്ചിന്റെ അങ്ങേ എൻഡിലൊരു മസാജ് പാർലറുണ്ടെന്ന്..... ദി കേരളാ സ്പാ''.

"ജസ്റ്റൊന്ന് കണ്ടിട്ട് വരാം.... " ന്ന് പറഞ്ഞ് ശ്രീ, ഹരിയോടൊപ്പമിറങ്ങി.
ചെന്ന് കണ്ടപ്പോൾ വന്ന് കണ്ട് പറഞ്ഞത് ഉള്ളതിൽ  പാതി പോലുമുണ്ടായിരുന്നില്ലെന്ന്  ശ്രീക്ക് മനസിലായി.

മസാജ് പാർലറിന് മുൻപിൽ വച്ചിട്ടുള്ള പരസ്യ ബോർഡിൽ എണ്ണത്തോണിയിൽ കമിഴ്ന്ന് കിടക്കുന്നൊരു മദാമ, മദാമയെ മസാജ് ചെയ്യുന്നത് ആക്ട്രസ്  രംഭയുടെ കസിൻ സിസ്റ്ററാണെന്ന് തോന്നുന്ന ഒരു സുന്ദരിയാണ്.....ഹോ!

ബട്ട്,  ടെംപ്റ്റിങ്ങായത് ഫുൾ ബോഡി മസാജ് പ്ലസ് സ്റ്റീം ബാത്ത് റുപ്പീസ്  ഫൈവ് ഹണ്ട്രണ്ട് ഓൺലി എന്ന ഓഫറിനൊപ്പം കൗണ്ടറിൽ കണ്ട റിസപ്ഷനിസ്റ്റിന് പുറകിൽ ചിത്രത്തിലെ മസാജ് ചെയ്യണ ലേഡിയുടെ  അതേ  യൂണിഫോമിട്ട്  നിന്നിരുന്ന രണ്ട് യുവ സുന്ദരികളുമായിരുന്നു.

ശ്രീയും ഹരിയും പരസ്പരം നോക്കി, മെസേജ് ഇംപ്ലയിഡായിരുന്നു. രണ്ട് മസാജെന്ന് പറഞ്ഞ് ടിക്കറ്റെടുത്തത് ഹരിയാണ്, അത് കൊണ്ട് ടേൺ-ബെ-ടേൺ പോവാംന്നും ഞാനാദ്യം പോവുന്നും ഹരി പറഞ്ഞപ്പോ ശ്രീക്ക് സമ്മതിക്കയല്ലാതെ വേറെ ഓപ്ഷനില്ലായിരുന്നു.

ശ്രീയെ വെയ്റ്റിങ്ങ് റൂമിലിരുത്തി ഹരിയേയും കൊണ്ട് ആദ്യത്തെ സുന്ദരി അകത്തേക്ക് പോയി.  കൗണ്ടറീന്ന്   ഇഷ്യൂ ചെയ്ത  ടോക്കൺ ഭക്ത്യാദരപൂർവ്വം കൈപ്പറ്റി  "ഏഴിമല പൂഞ്ചോലാ..... മാമലക്ക് മണിമാല "യെന്ന്  മൂളി  ശ്രീ ഏതോ മധുര മനോജ്ഞ സ്വപ്നത്താലലസ വിവശനായി പതുപതുത്ത സെറ്റിയിലമർന്നു കിടന്നു.

ആ പാട്ടിന്റെ അവസാനം സിൽക്ക് സ്മിതയേയും മോഹൻലാലിനെയും പോലീസ് പിടിച്ചോണ്ട് പോയത് കടുത്ത മനുഷ്യാവകാശ ധ്വംസനമായിപ്പോയിയെന്നാലോചിച്ച് കെടക്കണതിനിടയിൽ രണ്ടാമത്തെ സുന്ദരി വന്ന് ശ്രീയെ വിളിച്ചു. മണിയറയിലേക്ക് പോകണ നവ വധുവിനെപ്പോലെ  അവൻ സുന്ദരിയെ അനുഗമിച്ചു. ഒന്നാമത്തെ വാതിലിനപ്പുറമുള്ള കോമൺ റൂമിൽ  സ്റ്റീം - ബാത്ത് കേജിന്  മുകളിൽ  ഹരിയുടെ തല കണ്ട് എങ്ങിനുണ്ട് എന്ന് ആക്ഷനിട്ട് ചോദിച്ചപ്പോ ''ചെല്ല് ... " എന്നവൻ ശ്രീയോട് പുരികം കൊണ്ട് കാണിച്ചതല്ലാതെ ശ്രീക്കൊന്നും തിരിച്ച്  ചോദിക്കാനോ പറയാനോ പറ്റിയില്ല. അതിൽക്കാര്യമില്ല ഫീലിങ്ങ്സ് പെഴ്സണലല്ലേ!

ഇടത് വശത്തെ മുറിയായിരുന്നു മസാജിങ്ങ് റൂം. ചെന്ന ഉടനെ ചേഞ്ച് ചെയ്ത് ടേബിളിൽ കിടന്നോളൂ എന്ന് പറഞ്ഞ് സുന്ദരി ഇറങ്ങിപ്പോയി. ആറിഞ്ച്  പോലും വീതിയില്ലാത്ത  സിങ്കിൾ  ടവ്വലുടുത്ത് മധുരരാജ(2)യിലെ  ഐറ്റം ഡാൻസ് സോങ്ങിന്റെ അനുപല്ലവിയിൽ വന്ന സണ്ണി ലിയോണിയെപ്പോലെ    ശ്രീരാജ് ടേബിളിൽ കയറിക്കിടന്നു. ചന്ദനത്തിന്റെയും രാമച്ചത്തിന്റെയും കാച്ചെണ്ണയുടെയും മാരക മാദക മിക്സഡ് സ്മെൽ!  വോവ്!

പെട്ടന്നാണ്  ലുങ്കിയൊക്കെയുടുത്ത് ദേഹം നിറയെ മസിലൊക്കെയായി, പൂട പോയ നാടൻ കോഴീടെ  ഷേപ്പിൽ,  തലേ ആഴ്ച്ച വീട്ടിൽ വിറക് കീറാൻ വന്ന തമിഴൻ ചേട്ടന്റെ എൽഡർ ബ്രദറാണെന്ന് തോന്നിക്കുന്ന ഒരാൾ, മുറിയിലേക്ക് വന്നതത്രേ!!

ദൈവമേ ഇയാളാണോ തിരുമ്മുന്ന തെന്ന് ശ്രീ ഞെട്ടിത്തീരണതിന് മുൻപേ അയാൾ  മസാജ്  തുടങ്ങി.

മുൻപയാൾക്ക്  ഹോട്ടലിൽ പൊറോട്ടക്ക് മാവ് കുഴക്കുന്ന  ജോലിയും കൂടി ഉണ്ടായിരുന്നു എന്ന്  ശ്രീക്ക് മനസിലായി, സാൻഡ് പേപ്പർ പോലുള്ള കൈ കൊണ്ട് ആയാൾ തിരുമ്മുക മാത്രല്ല ശരീരം ഇടക്ക് തുണി പിഴിയണ പോലെ  പിഴിയേം കൂടി ചെയ്യണുണ്ട്. പഴേ ഓർമ്മക്ക്, രണ്ടായി കീറിയെടുത്ത് ചുരുട്ടി ബോളാക്കി തോർത്ത് നനച്ച് വിരിച്ചിടാതിരുന്നാൽ മതി.

പൂർവ്വാശ്രമത്തിൽ ചേട്ടൻ ആരായിരുന്നു എന്ന് ചോദിക്കാൻ വന്നെങ്കിലും  ഇനി ഇയാൾ ഇവിടെ  ഇപ്പോഴും വിറക് കീറണ ആൾ തന്നെയാണോ എന്ന സംശയം വന്നതോണ്ടത് വിട്ടു. 

സ്റ്റീം ബാത്ത് കേജിനകത്തിരുന്നിരുന്ന ഹരിയുടെ എക്സ്പ്രഷൻ  സ്റ്റീമിന്റെ ചൂടു കൊണ്ടല്ല അങ്ങിനിരുന്നേന്നും, പുരികക്കൊടി കൊണ്ടവൻ ചെല്ലെന്ന് കാണിച്ചത് 'ഞാൻ മാത്രമെന്തിനനുഭവിക്കണം നീ കൂടെ അനുഭവിക്കടാ ' എന്നായിരുന്നെന്നും  ആ കിടപ്പിൽ ശ്രീ തിരിച്ചറിഞ്ഞു!

"എനിക്കീ അഞ്ഞൂറ് രൂപേടെ മസാജ്  മുഴുവൻ താങ്ങാനുള്ള ആവതില്ല ചേട്ടാ, ഇനീം തിരുമ്മിയാ ഞാൻ പാണ്ടി ലോറി കേറിയ തവള പോലാവും.....സ്റ്റീം ബാത്തിന് പോയ്ക്കോട്ടേ.... "ന്ന്  ശ്രീ  കരഞ്ഞ് പറഞ്ഞപ്പോഴാണ് ഒടുവിൽ ആളവനെ വിട്ടത് പോലും! 

സ്റ്റീം ബാത്തും കഴിഞ്ഞ് ഹരിയുടെയൊപ്പം തലയും കുനിച്ച് ബസ് പാർക്ക് ചെയ്ത സ്ഥലത്തേക്ക് നടക്കുമ്പോഴാണ് ഹരി തളർന്ന ശബ്ദത്തിൽ അവനോട് ചോദിച്ചത്
"നിന്റെ എങ്ങിനേണ്ടാർന്നു?".

നിലത്ത് നിന്നും കണ്ണുകൾ ഉയർത്താതെ ആകെ കൺഫ്യൂഷനിലാണ് ശ്രീരാജതിന് മറുപടി പറഞ്ഞത്.

''ഏയ് ... കൊഴപ്പൊന്നൂല്ലടവനേ.... പക്ഷേ.... തിരുമ്മിക്കൊണ്ടിരുന്ന ആൾടെ മുഖം കണ്ണാടിക്കണ്ടപ്പോ എനിക്കാണോ അതോ  തിരുമ്മിയ ചേട്ടനാണോ  സുഖം കിട്ടണേന്ന് മാത്രേ  സംശയണ്ടാർന്നുള്ളൂ.. അതും അഞ്ഞൂറ് രൂപ അങ്ങോട്ട് കൊടുത്തിട്ട് "

Saturday, December 7, 2019

സ്റ്റണ്ട് മാസ്റ്റർ

യു.പി. സ്കൂളിൽ പഠിക്കുമ്പോഴാണ്
പ്രസാദൻ അവന്റെ അച്ഛന്റെ കൂടെ തഞ്ചാവൂരിലേക്ക് പോയത്. പോയതെങ്ങിനെയാണെന്നോ എപ്പോഴാണെന്നോ അറിയില്ല ഏഴാം ക്ലാസിൽ സ്കൂൾ തുറന്നപ്പോഴാണ് അവൻ മിസ്സിങ്ങാണെന്നറിഞ്ഞത്. 

ആര്യൻ സിനിമയിലെ ഫോറിൻ വില്ലന്റെ ഛായേണ്ടായിരുന്ന പ്രസാദനെ ഇന്റെർവെല്ലിലെ പ്ലേടൈമിൽ മിസ്സ് ചെയ്തിരുന്നെങ്കിലും പിന്നെ പതുക്കെയവനെ ഞങ്ങളെല്ലാരും മറന്നു.

ഡിഗ്രിയൊക്കെക്കഴിഞ്ഞ് നാട്ടീന്ന് ഞങ്ങളെല്ലാരുമൊരുമിച്ച് ടൂറു പോവാൻ തീരുമാനിച്ച ടൈമിലാണ് അവന്റെ രണ്ടാം വരവ്.  ഉയരം വച്ചൂന്നല്ലാണ്ട്  താടിയും  മീശയും തടിയുമൊന്നും വരാത്തത് കൊണ്ട് കണ്ടാൽ പഴേ പ്രസാദനെ  രണ്ടറ്റോം  പിടിച്ച് വലിച്ച് സ്ട്രെച്ച്  ചെയ്ത പോലെയെ ആളുണ്ടായിരുന്നുള്ളൂ. ബട്ട്, "സൈസ് ഡസിൻറ്റ് മാറ്റർ" എന്ന് ബോധ്യമാക്കിത്തന്ന കാര്യങ്ങളാണ് പിന്നെ പ്രസാദൻ പറഞ്ഞത് മുഴുവൻ.

തഞ്ചാവൂര് ഏതോ ഒരു ഗലിയിൽ പിള്ളേർ സെറ്റ് തമ്മിലടി യുണ്ടായപ്പോ സ്ഥലത്തെ കുങ്ങ്ഫൂ മാസ്റ്ററുടെ മോനെ രക്ഷിച്ചതും. മാർഷ്യലാർട്സിലുള്ള പ്രസാദിന്റെ താൽപര്യം കണ്ടറിഞ്ഞ് ആള് അന്നു മുതൽ അവനെ  ശിഷ്യനായി  സ്വീകരിച്ച് കുങ്ങ്ഫൂ അഭ്യസിപ്പിക്കാൻ തുടങ്ങിയതും..  സിനിമാ സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജന്റെ സ്റ്റണ്ട് ടീമിലംഗമായിരുന്ന ആൾ അവനെ ആൾടെ സ്റ്റണ്ട് ടീമിലെടുത്തതുമായ കഥ കേട്ടപ്പോൾ പ്രസാദനെപ്പോലൊരാൾ ഫ്രണ്ടായിരിക്കുന്നതിൽ എനിക്ക് വല്ലാത്ത അഭിമാനം തോന്നി.

പാടത്ത് പിള്ളാരെയൊക്കെ വിളിച്ചു കൂട്ടി  പ്രസാദന്റെ ഫ്രീ മാർഷ്യൽ ആർട്ട്സ് ഷോയുണ്ടായിരുന്നത്രേ ഒരൂസം.  കഴിഞ്ഞ അഞ്ച് വർഷായി  കാരാട്ടേ, കുങ്ങ്ഫൂ, കളരി തുടങ്ങി അവൻ കൈവക്കാത്ത മേഖലകളുണ്ടായിരുന്നില്ലത്രേ..!  അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന ഏതോ തമിഴ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രഫിയുടെ ചീഫ് കോഡിനേറ്ററാണെന്ന് പറഞ്ഞപ്പോ ഏഴാം ക്ലാസിൽ പഠിത്തം നിർത്തി ഇതുപോലെ വല്ലതിനും പോയാൽ മതിയായിരുന്നു എന്ന് വരെ  എനിക്ക് തോന്നാതിരുന്നില്ല.

തിരക്കാണ് വരണില്ലാന്നൊക്കെപ്പറഞ്ഞ് ആദ്യം അവൻ കുറെയൊഴിഞ്ഞെങ്കിലും അന്നുച്ചയോടെ ഫ്രീയാക്കാമെന്നും ചാലക്കുടിയിലിറക്കിത്തരാമെന്നുമൊക്കെയുള്ള  കണ്ടീഷനിലാണ് അന്നത്തെ അതിരപ്പിള്ളി-വാഴച്ചാൽ ട്രിപ്പിന് അവൻ മനസില്ലാ മനസോടെ വരാമെന്ന് പറഞ്ഞത്.
തഞ്ചാവൂര് ചെന്നിട്ട് അവന്  ഉടൻ ഗുരുവായ സ്റ്റണ്ട് മാസ്റ്റർക്ക് റിപ്പോർട്ട് ചെയ്യാനുള്ളതാത്രേ!

ട്രിപ്പിന് പോകാൻ അവൻ കൊണ്ട് വന്ന ഒരേ ഒരു ഹാൻഡ് ബാഗ് തുറന്ന ഞാൻ ഞെട്ടിപ്പോയി  ഒരു നെഞ്ചക്ക് മാത്രം !  "ഡേയ്.... മാർഷ്യൽ ആർട്ട്സെന്ന് ശൊന്നാ പ്രാക്ടീസ് താൻ മുഖ്യം ഡാ..." ന്ന വൻ പറഞ്ഞത് അമ്പരന്ന എന്റെ മുഖം കണ്ടിട്ട് തന്നെയാണ്. ഹോ! സാധനാന്ന് പറഞ്ഞാ ഇതാണ് സാധനം! കഠിന തപസ്യ !...
വാട്ടേ ഫോക്കസ് ഡാ! 
ആ നിമിഷം അവനെയോർത്ത് എനിക്ക് രോമാഞ്ചം തോന്നാതിരുന്നില്ല!

സാധാരണ ടൂറൊക്കെ പോവുമ്പോൾ പുറത്തൂന്ന് ആരെങ്കിലും  കശപിശയൊക്കെയുണ്ടാക്കിയാൽ ഏയ്, ഞാൻ അത്തരക്കാരല്ല സമാധാനത്തിന്റെ വെള്ളരിപ്രാവാണെന്ന് പറഞ്ഞ് ആ റൂട്ടേ പിന്നൊഴിവാക്കിപ്പോരുന്ന ടൈപ്പായിരുന്ന എനിക്ക് എന്താന്നറിയില്ല ആ ടൂറിൽ ആരെങ്കിലുമായിട്ടൊന്നു മുട്ടണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ടായി.

തിരിച്ച് പോരണ വഴി അതിരപ്പിള്ളിയും കഴിഞ്ഞുള്ള ഒരു വളവിൽ വച്ച് ദാ സുവർണ്ണാവസരം എന്ന ലൈനിൽ ഒരു ട്രാക്സ് വട്ടം കിടക്കുന്നു. നമ്മുടെ ട്രാക്സിന്റെ ഡ്രൈവർ ഒന്ന് രണ്ട് വട്ടം  ഹോണടിച്ചു. പക്ഷേ തിരിച്ച് റെസ്പോൺസൊന്നുമില്ല. "അത് ശരി.... നീയൊക്കെ വഴി ബ്ലോക്ക് ചെയ്യോടാ...." യെന്ന് ചോദിച്ച് മുൻപിൻ നോക്കാതെ  ചാടിയിറങ്ങായിരുന്നു ഞാൻ! 

"എടുത്തോണ്ട് പോടാ നിന്റെ വണ്ടി" യെന്നും പറഞ്ഞ്  ചാടി വീണുള്ള എന്റെ ആക്രമണത്തിൽ ആദ്യമവരൊന്നു പകച്ചെങ്കിലും വൈകാതെ അന്യായ ഇടി വന്ന് തുടങ്ങി. കാലെടുത്ത് കറക്കി വീശിയ ഒരുത്തന്റെ ഷൂസിൽ നിന്നും എന്റെ മൂക്ക് ജസ്റ്റാണ് രക്ഷപ്പെട്ടത്!

അപ്പോഴാണ് ഞാൻ ട്രമ്പ് കാർഡായ പ്രസാദനെ വിളിച്ചത്!
പ്രസാദാ വാടാ! എന്ന് വിളിച്ചതിന് ശേഷം  "  അവതാരപ്പിറവികളുടെ രൗദ്രഭാവങ്ങളെല്ലാമാവാഹിച്ച
ഈ മൂർത്തിക്ക് ഇപ്പോപ്പേര്  പ്രസാദൻ തഞ്ചാവൂര്ന്നാണ്...
 ..ദാ കാണ്....    ജ്ഞാനം  ധേയം പ്രസാദൻ.....  " എന്നൊക്കെ പറയണമെന്നുണ്ടായിരുന്നെങ്കിലും ഓപ്പോസിറ്റ് നിന്നടിക്കുന്നവൻമാർ നിന്ന് തിരിയാൻ  ഒരു ഗ്യാപ്പ് തരേണ്ടേ.

കൂടുതലിടി കിട്ടുന്നതിന് മുൻപേ ഭാഗ്യത്തിന് ആരൊക്കെയോ വന്ന് പിടിച്ച് മാറ്റിയതു കൊണ്ട് മാത്രം രക്ഷപ്പെട്ട ഞാൻ ആർക്കും മുഖം കൊടുക്കാതെ നേരെ കേറി വന്ന് വണ്ടിയിലിരിക്കേം....  വണ്ടി സ്റ്റാർട്ട് ചെയ്ത ഡ്രൈവറുചേട്ടനോട് അവശതയോടെ
"പോവല്ലേ ചേട്ടാ..... ആ പ്രസാദനൂടെ കേറാനുണ്ട്ന്ന്..." പറഞ്ഞ ടൈമിലാണ് ബാക്ക് സീറ്റിലിരുന്നിരുന്ന  പ്രസാദനെ ചൂണ്ടി  ഡ്രൈവർ ചേട്ടനാ  നഗ്ന സത്യം  പറഞ്ഞത്.

"ദീ ഇരിക്കണോനല്ലേ..... ഇവനവിടെ അടി തുടങ്ങീപ്പോത്തന്നെ ഓടി വന്നിട്ട്...... അയ്യോ അവിടെ അടി തൊടങ്ങി ചേട്ടാ... നമുക്ക്  നിക്കണ്ട.... വണ്ടിയെടുക്ക് വണ്ടിയെടുക്ക്ന്ന് പറഞ്ഞ് ബാക് സീറ്റിൽക്കയറി  ഒളിച്ചിരിക്ക്യായിരുന്നു....."

അവിശ്വസനീയതയോടെ വിദൂരതയിലെവിടേക്കോ നോക്കിയിരുന്നിരുന്ന പ്രസാദനെ തിരിഞ്ഞ്  നോക്കി ഞാൻ ദേഷ്യവും സങ്കടവും കടിച്ചമർത്തി മനസീപ്പറഞ്ഞു....

"ടാ.... സ്റ്റണ്ട് മാസ്റ്ററേ..... നീ ഇപ്പോ വന്നതു വന്നു !  ഇനി മേലാൽ നീ  വാളായാറതിർത്തി കടന്ന് കേരളത്തിലേക്ക് വന്നാലുണ്ടല്ലോ.... തല്ലിക്കൊല്ലൂടാ നിന്നെ ഞാൻ !

റണ്ണറപ്പ്

അഞ്ചാം ക്ലാസിലെ  ഓണ പരീക്ഷയുടെ അവസാനത്തെ പരീക്ഷ കഴിഞ്ഞ് ഒരുത്രാടത്തലേന്ന് തുമ്പപ്പൂ പൊട്ടിക്കാനോടി വീട്ടിലെത്തിയ ടൈം!

ബാഗ് വലിച്ചെറിഞ്ഞ് ചായ പോലും കുടിക്കാതെ ഒരൊറ്റ ഓട്ടമായിരുന്നു ചന്ദ്രേട്ടന്റെ  പറമ്പിലേക്ക്. നേരത്തേ  ചെന്നില്ലങ്കിൽ  തുമ്പയും തുമ്പിയുമൊന്നുമുണ്ടാവില്ലവിടെ.

ചെന്ന് കഴിഞ്ഞപ്പോഴാണ്  തുമ്പയുടെ തുമ്പൊക്കെ ആരോ നുള്ളിപ്പോയെന്ന് മനസിലായത്! അപ്പോ, ഇത്തവണ ഓണത്തിനും തുമ്പ മിസ്സ് ചെയ്യും.
തുമ്പയില്ലാതെ ഓണത്തിനെന്ത് പൂക്കളം ?

അപ്പോഴാണ് ചന്ദ്രേട്ടന്റെ പറമ്പിനോട് ചേർന്ന് ഒരാളുയരമുള്ള ബുഷൊക്കെ വച്ച് നാലതിരും തിരിച്ച രാഘവേട്ടന്റെ പറമ്പിനെക്കുറിച്ചോർത്തത്. മൂന്നാല്  മാസം അവിടെ വീടിനുള്ള ഫൗണ്ടേഷൻ  പണിയണ സമയത്ത്  കുറെ തുമ്പക്കടകൾ നിക്കണത് കണ്ടതാണ്.
സംഗതി മരത്തിന്റെ ഗേറ്റൊക്കെയുണ്ടായിരുന്നെങ്കിലും ഒരു പത്ത് വയസ്കാരന്  നുഴഞ്ഞ് കയറാനുള്ള വഴിയൊക്കെ ബുഷ്ഷിനിടയിലുണ്ടായിരുന്നു.

അനാഘാത തുമ്പക്കുടങ്ങൾ എന്നെ മാടി വിളിച്ചു. തുമ്പമാത്രല്ല, മന്ദാരവും,  മാങ്ങനാറിയും, കുറ്റിമുല്ലയും, ചെമ്പരത്തിയും, ഗന്ധരാജനുമുണ്ടായിരുന്നവിടെ. ഒന്ന് രണ്ട് തുമ്പക്കുടമൊക്കെ നുള്ളിക്കഴിഞ്ഞപ്പോഴാണ് അവിടെ ഫൗണ്ടേഷന് കുഴിക്കണേനെടയില്  അവരുടെ ഫാമിലിയിൽ പണ്ടെങ്ങോ മരിച്ചു പോയ ഒരമ്മൂമയുടെ തലയോട്ടി പണിക്കാർക്ക്  കിട്ടിയതോർമ്മ വന്നത്.

ദൈവമേ... ആ അമ്മൂമ്മയെങ്ങാൻ നമ്മള് അതിക്രമിച്ച് കയറീത് ഇഷ്ടമാവാണ്ട് ഇവിടെങ്ങാൻ വന്ന് നിക്കണണ്ടാവോന്ന് വിചാരിച്ച് തലയുയർത്തിയതും ജീവിതത്തിലാദ്യമായി അവിശ്വസനീയമായ ഒരു കാഴ്ച്ച കണ്ട് ഞാൻ ഞെട്ടിത്തരിച്ചു.

കംപ്ലീറ്റ്  വെള്ളയണിഞ്ഞ്... നാക്ക് നീട്ടി... കണ്ണ് ചുവന്ന് ദംഷ്ട്രകളിൽ നിന്ന് രക്തമിറ്റിച്ച്.... ദാ നിൽക്കണു ചാടി വീഴാൻ ഞാനടുത്ത് ചെല്ലണത് വെയ്റ്റ് ചെയ്ത്   ബുഷ്ഷിനോട് ചേർന്ന് നിക്കണ തെങ്ങിനപ്പുറമൊരു പ്രേതം! അപ്പോ, നമ്മള് തുമ്പ നുള്ളാൻ വന്നത് അമ്മാമക്ക് ഇഷ്ടായിട്ടില്ല!

ഒരൊറ്റ ചാട്ടമായിരുന്നു.... ഹെജമ്പിന്റെ ഒളിമ്പിക്സ് റെക്കോഡ് തകർന്നിട്ടുണ്ടാവുമായിരുന്ന ആ ചാട്ടം ഞാൻ ചാടിയതിനൊപ്പം ഹൈ വോള്യത്തിൽ എനിക്കും എന്താന്ന് മനസിലാവാഞ്ഞ ഒരു ശബ്ദമുണ്ടാക്കിയതോർമ്മയുണ്ട്. "സോറിയമ്മാമേ...... റിയലി സോറി" യെന്നെങ്ങാനുമായിരുന്നിരിക്കണം.

ചാടി ലാന്റ് ചെയ്തോടത്ത് നിന്നും നിർത്താതെ ഹർഡിൽസ്കാര് ഓടണ ടൈപ്പ് ഓട്ടായിരുന്നു. അമ്മൂമ്മയുടെ ചിലങ്കയുടെ കിലുക്കം തൊട്ട്  പുറകിലുണ്ട്.

പെട്ടന്ന് ഞാൻ പുറകീന്ന് ഒരു തള്ള് കിട്ടി  കമിഴ്ന്നടിച്ച് ഒറ്റ വീഴ്ച്ചയായിരുന്നു.....ചന്ദ്രേട്ടന്റെ പറമ്പിനരികെയുള്ള കൈത്തോടിനരികെ.

ഇക്കണ്ട കാലമൊക്കെ ജീവിച്ചിട്ടും ഒരു പ്രേതത്തിന്റെ കൈ കൊണ്ട് മരിക്കാനായിരുന്നല്ലോ എന്റെ വിധി. പിടഞ്ഞെണീക്കാൻ  നോക്കണേനിടയിൽ നടുവിനടുത്ത  ചവിട്ട്  കിട്ടി.

തലയുയർത്തി നോക്കിയപ്പോ പൗലേസേട്ടന്റെ മോള് സിബിയാണ്, അനിയത്തിയുടെ ക്ലാസ്മേറ്റ് ! എന്റെ പുറത്ത് ചവിട്ടി എന്നെ ഓവർ ടേക്ക് ചെയ്ത് ഓടാണ്  സിബി...ഇവളിതിനിടയിലെവിടെന്ന് വന്നാവോ?

ചാടിയെണീറ്റ് ഓടിയൊരുകണക്കിന് വീട്ടിലെത്തിയപ്പോഴാണ് പ്രേത കഥയുടെ പിന്നാമ്പുറമറിഞ്ഞത്!

ഞാൻ പൂ പൊട്ടിക്കാനിറങ്ങണേന്റ തൊട്ട് മുൻപ് അനിയത്തിയും സിബിയും  കൂടി പൂ പൊട്ടിക്കാനിറങ്ങിയിരുന്നത്രേ!
എന്നെ പേടിപ്പിക്കാൻ അവർ  തെങ്ങിന് പുറകിലൊളിച്ച് നിന്നപ്പോഴാണ് എന്റെ എൻട്രിയും അവരെക്കണ്ട് "അയ്യോ പ്രേതം" വിളിയും ബുഷ്ഷ് ചാടിയോടലും!

പ്രേതത്തെക്കുറിച്ചുള്ള എന്റെ അനൗൺസ്മെന്റ് കേട്ട് പേടിച്ച് അവരും ഓടുകയായിരുന്നത്രേ!

സ്പ്രിന്റ് ഇനങ്ങളിലേത് പോലെ എന്നെ തൊട്ടു തൊട്ടില്ലായെന്ന മട്ടിൽ പുറകിലുണ്ടായിരുന്ന അനിയത്തീം ഫ്രണ്ടും ഞാൻ കമിഴ്ന്നടിച്ച് വീണ ഗ്യാപ്പിൽ എന്നെ ഓവർട്ടേക്ക് ചെയ്യുകയായിരുന്നു. ഭാവനയിത്തിരി കൂടുതലായോണ്ടാണ് ഞാൻ പെറ്റിക്കോട്ടിട്ടിരുന്ന അനിയത്തിക്ക്  രണ്ട് ദംഷ്ട്രയൊക്കെയുള്ളതായി കണ്ടതെന്നാണ് അന്ന്  അമ്മ പറഞ്ഞത്!

ആ ഓട്ടമൽസരത്തിൽ അനിയത്തിക്കും സിബിക്കും പുറകിൽ  സെക്കന്റ് റണ്ണറപ്പായിപ്പോയ ഞാൻ അവിടുന്ന്  വീട് മാറിപ്പോരണ വരെ ആ പറമ്പിൽ പ്രേതമുണ്ടെന്ന് തന്നെ വിശ്വസിച്ചിരുന്നു.

പിന്നൊരോണത്തിനും വീട്ടിൽ തുമ്പപ്പൂക്കളമിട്ടിട്ടില്ല!

ഇനി അന്ന്  കണ്ടത് അമ്മൂമ്മയെത്തന്നെയാണെങ്കിൽ,
അമ്മൂമ്മ അത്ര ചില്ലറക്കാരിയാവാൻ വഴിയില്ല,  നമ്മളെന്തിനാ വെറുതെ...

യെസ് സർ!

ഡിഗ്രി കഴിഞ്ഞിരിക്കണ ടൈമിലൊരൂസാണ് ആശിഷിന്റെ അമ്മുമ്മ മരിക്കണത്. അന്നു രാത്രി ഒരു എഴര എട്ട് മണിക്ക്, വീട്ടിൽ വന്ന ബന്ധുക്കൾക്കൊക്കെ കിടന്നുറങ്ങാൻ പുല്ല്പായകൾ വാങ്ങിക്കാൻ പോയ ടൈമിലാണ്,  സെയ്ദിക്കാടെ  കടേടെ ഫ്രന്റില്  വച്ച്,  ഒരു ബൈക്ക് വന്നിടിച്ച്  അവന്റെ ഇടത്തേ  കൈയ്യൊടിയുന്നത്.

രാത്രി തന്നെ ഹോസ്പിറ്റലിൽ പോയി   പ്ലാസ്റ്ററിങ്ങ് ഒക്കെക്കഴിഞ്ഞ്  അവിടെ അഡ്മിറ്റഡായെങ്കിലും  അമ്മൂമ്മയുടെ സംസ്ക്കാരം പിറ്റേന്നായതിനാൽ പിറ്റേന്ന് രാവിലെ തന്നെ ഹോസ്പിറ്റലീന്ന് സ്വന്തം ഇഷ്ടപ്രകാരം പോകുന്നു എന്നെഴുതിക്കൊടുത്തു പോരാണുണ്ടായത്. അതിൽ റിസപ്ഷനിലുണ്ടായിരുന്ന ആർക്കും വല്യ താൽപര്യമുണ്ടായിരുന്നില്ലെങ്കിലും.

ബൈക്ക്കാരനോട്  കേസിന് പോകാന്ന് പറഞ്ഞെങ്കിലും ചടങ്ങുകളുടെ തിരക്കിനിടേലവനതങ്ങ് വിട്ടു.
നാലാമത്തെ ദിവസാണ് അവനെ പോലീസ് സ്റ്റേഷനീന്ന് എസ് ഐ കേസിന്റെ കാര്യത്തിന് വിളിപ്പിക്കണത്.

ഞങ്ങൾ ക്ലോസ് ഗഡീസായോണ്ട് സ്റ്റേഷനിൽ ചെല്ലേണ്ട ദിവസം രാവിലെയവൻ വീട്ടിൽ വന്നു, ജസ്റ്റ് ഒരു കമ്പനിക്ക്, എന്നേം വിളിക്കാൻ!   മുതിർന്നവരെ ആരെയെങ്കിലും കൂട്ടിപ്പോയാലോ  എന്നൊരഭിപ്രായമെനിക്കുണ്ടായിരുന്നേലും, എന്തിന് നമ്മളൊക്കെ മുതിർന്നില്ലേ ഇനിയെന്തിനാ വേറെ ആരെങ്കിലും, എന്നവൻ പറഞ്ഞപ്പോ സംഗതി ശരിയാണെന്നെനിക്കും തോന്നാണ്ടിരുന്നില്ല. പല കാര്യങ്ങളും ചെയ്ത് ചെയ്താണല്ലോ   പഠിച്ചെടുക്കുന്നത്.

സ്റ്റേഷനീച്ചെന്ന് വിവരം പറഞ്ഞപ്പോ എസ്.ഐ സ്ഥലത്തില്ല, വെയിറ്റ് ചെയ്യാൻ ഒരു പോലീസുകാരൻ പറഞ്ഞു. ഇരുന്നോളാൻ പറഞ്ഞപ്പം മടിച്ച് മടിച്ചാണിരുന്നത്. ഇനി ഇരിക്കാൻ നേരം കസേരയില്ലാതിരിക്കാനെങ്ങാൻ പറഞ്ഞാൽ തീർന്നില്ലേ കേസ്.

ബട്ട്, പ്രതീക്ഷിച്ചതു പോലൊന്നുല്ല എന്തൊരു  നല്ല പെരുമാറ്റം!  നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലാത്തത്
കൊണ്ടായിക്കുമെന്നവൻ. ഇതിനെയൊക്കെ മാതൃകാ പോലീസ് സ്റ്റേഷനായി പ്രഖ്യാപിക്കേണ്ട കാലമായെന്ന് ഞാൻ. രണ്ട് പേർക്കും  പോലീസ് കാരോടും പോലീസ് സ്റ്റേഷനോടും  ഭയങ്കര സ്നേഹം !

ഇടക്കൊരു ചായ കുടിച്ചിട്ട് വന്നാലോ എന്നെനിക്ക് തോന്നിയെങ്കിലും... വേണ്ട, വന്ന കാര്യം കഴിഞ്ഞിട്ട് വേഗം  പോവാലോ.. ടൈം വേസ്റ്റ് ചെയ്യണ്ടന്ന് തീരുമാനിച്ചു !

പത്തരയോടെ എസ്. ഐ. വന്നു. കക്ഷത്തിൽ  ഇഷ്ടിക വച്ച് നടക്കണ പോലെയൊരാൾ. ആദ്യത്തെ ഒന്ന് രണ്ട് കേസ് കഴിഞ്ഞപ്പോ ഞങ്ങളെ വിളിച്ചു.
ഞങ്ങളകത്ത് കയറി. ബസ്സിൽ കാർഡൊക്കെ പ്രിന്റ് ചെയ്ത് ഭിക്ഷ യാചിക്കണവര് പറയണ മോഡിൽ അവൻ  വണ്ടിയിടിച്ചത് മുതൽ ഹോസ്പിറ്റലിൽ നിന്നും അത്യാവശമായി പോരേണ്ടി വന്നതിനെക്കുറിച്ചുമെല്ലാം സീൻ ബൈ സീൻ  നരേറ്റ്  ചെയ്തു.

ആശുപത്രീന്ന് പോന്ന കേസ്  കേട്ട ഉടനെ  ജീവിതത്തിൽ ഇത് വരെ കേൾക്കാത്ത തെറികൾ വച്ചൊരു  സഹസ്ര തെറി ജപ യജ്ഞമായിരുന്നു  എസ് ഐ !

ഐസ്കീമിൽ ചെറി വക്കണ പോലെ ഒരോ വാക്കിനും ഒന്നോ രണ്ടോ തെറി എന്നതായിരുന്നു ആൾടെ റേറ്റ്. ഓർക്കാപ്പുറത്തായത് കൊണ്ടായതു കൊണ്ടാണോ ഒന്നിച്ചത്രേം തെറി മുൻപ് കേട്ടിട്ടില്ലാത്തത് കൊണ്ടാണോന്നറിയില്ല പകച്ച് പോയി ഞങ്ങളുടെ യൗവ്വനം.

ആരോട് ചോദിച്ചിട്ടാടാ ഡാഷേ നീയൊക്കെ ആശൂത്രീന്ന് ചാടിപ്പോയേ..... ഇത് കേസാക്കായിട്ടുണ്ടെന്ന് നിനക്കറിയാൻ മേലായിരുന്നോടാ ഡേഷേ.... നീയൊക്കെ ചാടിപ്പോയാ നിന്റെയൊക്കെ ഡാഷ് വന്നുത്തരം    ഡാഷേ...എന്നൊക്കെ കേട്ടപ്പോ സത്യത്തിലവനൊരു സപ്പോർട്ടിരിക്കട്ടെ എന്നോർത്താണ്  മേശയിൽ  രണ്ട് കൈയ്യുടേയും ചൂണ്ട് വിരലുകൾ മാത്രം ജസ്റ്റൊന്ന് പ്രസ് ചെയ്ത് പിടിച്ച്, ആൾക്ക് ഒരു ഇന്റിമസി തോന്നിക്കോട്ടേന്ന് കരുതി മുന്നോട്ടാഞ്ഞ്,  ശബ്ദം പരമാവധി താഴ്ത്തി..  "സാറെ... ഇവന്റെ വീട്ടിലോടി നടക്കാൻ അന്ന് ഇവൻ മാത്രേണ്ടായിരുന്നുള്ളൂ.... അതോണ്ടാ ഹോസ്പിറ്റലീന്ന് പോന്നേ "ന്ന് പറഞ്ഞത്.

പറഞ്ഞ് നിർത്തിണേന് മുൻപേ
"ഫ!   നീയാരാടാ &*#@#..... മേശേന്ന് കയ്യെടുക്കടാ *#&#@ *#  " ന്ന് പറഞ്ഞിട്ട് ആള് സീറ്റീന്നെണീറ്റിട്ട് ഷർട്ടിന്റെ ഹാഫ് സ്ലീവ്സ് തെരുത്തു കയറ്റി  മുഷ്ടിചുരുട്ടി മേശയിലൊറ്റ ഇടി.  ഹെന്റെമ്മേ! താനോസിന്റ കസിനാണെന്ന് ഒറ്റനോട്ടത്തിൽ തോന്നണ ആൾടെ കയ്യീന്ന്  ഒരെണ്ണം കിട്ടിയാൽ ആജീവനാന്തം പിന്നെ എണീറ്റ് നടക്കേണ്ടി വരൂല്ലന്നോർത്തപ്പോൾ ഞാൻ രണ്ടടി പുറകോട്ട് മാറി. നേർക്ക് നേരെ വന്ന ആദ്യത്തെ തെറിക്ക് തന്നെ വെള്ളിടി വെട്ടിയിറങ്ങിയ  ഒരു ഫീലിങ്ങായിരുന്നത് കൊണ്ട് ബാക്കി പറഞ്ഞതൊന്നും കേട്ടില്ല!
"മനസിലായോടാ ബ്ലഡി *#&*@ എറങ്ങിപ്പോടാ"   ന്നോ മറ്റോ കേട്ടപ്പോ.... ''യെസ് സാർ" ന്നും പറഞ്ഞൊരൊറ്റ ചാട്ടമായിരുന്നാൾടെ ക്യാബിനീന്ന് പുറത്തേക്ക്!

പുറത്തിറങ്ങിയപ്പോഴാണവൻ ചോദിച്ചത്,  "നിനക്ക് ചായ കുടിക്കണ്ടേടാ..... "

"വേണ്ട .....വയറ് നെറഞ്ഞതോണ്ടാ!" ന്ന് പറഞ്ഞ് ഞാൻ ബസ്റ്റോപ്പിലേക്ക് നടന്നു.

"നമുക്കച്ചനെ വിളിച്ചിട്ട് വന്നാ മത്യാർന്ന് ട്ടാ.." ന്നവൻ ആത്മഗതിച്ചപ്പോഴാണ് എസ്. ഐ ടെ കയ്യീന്ന്  ജസ്റ്റ് പഠിച്ച  ലേറ്റസ്റ്റ് തെറികളിലൊന്നു കൊണ്ടൊരുപകാരമുണ്ടായത്.

ജീവിതത്തിലിനിയൊരു പോലീസുകാരുമായിട്ടും ഒരു  ബന്ധോണ്ടാവില്ലന്ന് അന്ന്  തീരുമാനിച്ചതാണ് !

അല്ലെങ്കിലും ആ ആഴ്ച്ചേലെ വാരഫലത്തിൽ ഒരു മാനഹാനി മെൻഷൻ ചെയ്തിട്ടുണ്ടാർന്നു, സൂക്ഷിക്കാഞ്ഞത് എന്റെ തെറ്റാണ്,  അവനെ പറഞ്ഞിട്ടെന്താ കാര്യം!

വിഷ കന്യകൻ

സമയം രാത്രി എട്ടരയാവുന്നതേണ്ടായിരുന്നുള്ളൂ വിനു സ്റ്റൗവിൽ നിന്നും തിളച്ച പാൽ വാങ്ങി വച്ച്  അതിൽ ഒന്നര ടേബിൾ സ്പൂൺ ഹോർലിക്സും അത്രേം തന്നെ പഞ്ചസാരേമിട്ട് നല്ല പോലെ കലക്കി.

പിന്നെ, ചന്ദ്രേട്ടന്റെ കടേന്ന് വാങ്ങിയ  എലിവിഷത്തിന്റെ  പാക്കറ്റ്  പോക്കറ്റീന്നെടുത്ത് പൊട്ടിച്ച് അതൂടെ  ചേർത്തിളക്കി. കഴിക്കുന്നത് വിഷമാണെങ്കിലും അരുചി തോന്നരുത്!

ടി.വി യിൽ സീരിയൽ കണ്ടോണ്ടിരുന്ന അമ്മൂമ്മയെ നോക്കീട്ട്  ' ടി വി കണ്ടോണ്ടിരുന്നോ...ഒക്കെത്തിനേം ഞാൻ ശരിയാക്കിത്തരണുണ്ട് ' ന്ന വനാത്മഗതിച്ചു.

വ്യർത്ഥമായിപ്പോയ 21 വർഷങ്ങൾ....... ആശിച്ചതൊന്നും കൈപ്പാങ്ങിന് വന്ന് കിട്ടീട്ടില്ല ഒരിക്കലും.... ഇതിപ്പോ നിസ്സാരം ഒരു സൂപ്പർ  ബൈക്കിന്റെ കാര്യാണ്...... അമ്മയൊന്ന് മനസ് വച്ചാ നടക്കണ കേസേള്ളൂ.... മനസ് വക്കൂല.... വക്കണമെങ്കിൽ  അതിന് സ്നേഹം വേണോല്ലോ..... അതാർക്കുമുണ്ടായിട്ടില്ല.... ഉണ്ടാവേമില്ല....നാല് വയസിലിട്ടേച്ച് പോയ അച്ഛനാണ് കുറച്ചൂടി ഭേദം. വിനു ദീർഘമായി നിശ്വസിച്ചു.

"നീയെന്താടയീ രാത്രീല് കലക്കണേ....?" ന്ന അമ്മൂമ്മയുടെ ചോദ്യത്തിന്
മറുപടി പറയാൻ നിന്നില്ല. ഗ്ലാസ് എടുത്ത്  ബെഡ് റൂമിൽ ചെന്ന് മുടി ചീവിയൊതുക്കി വച്ചു. കഴിഞ്ഞ തവണ ദുബായിൽ നിന്നും അമ്മ കൊണ്ടുവന്ന ടീ ഷർട്ട് എടുത്തിട്ടു. ചത്ത് കെടക്കണ കാണുമ്പോൾ മാക്സിമം സെന്റിമെൻസ് തോന്നണം. ഒറ്റ വലിക്ക് വിഷപ്പാൽ മുഴുവൻ കുടിച്ച് തീർത്തു. ചുണ്ടുകൾ തുടച്ചു. ഇനി സമാധാനമായി മരിക്കാം.

പാടത്തെ ക്രിക്കറ്റ്,  റിലീസാവാൻ കിടക്കണ  സിനിമകൾ, കോസ്മോസ് കോളേജിലെ പെൺകിടാങ്ങൾ, കല്ലട ബാറിലെ നുരയുന്ന ബിയർക്കുപ്പികൾ, കഴിഞ്ഞ തവണ അമ്മ വന്നപ്പോൾ മാമനു കൊടുക്കാൻ വേണ്ടി ക്കൊണ്ടു വന്നതിൽ നിന്നും അടിച്ചുമാറ്റിയ ഇനിയും വലിച്ച് തീരാത്ത ട്രിപ്പിൾ ഫൈവ് സിഗരറ്റ്കൾ ! എല്ലാം ഉപേക്ഷിച്ച് പോവാണ്.... അമ്മക്ക് സമാധാനം കിട്ടട്ടേ! വിനു തലവഴി പുതപ്പ് വലിച്ചിട്ടു.
ചെക്കനുറങ്ങീന്ന് കരുതീട്ട് അമ്മൂമ്മ വന്ന്  ലൈറ്റ് ഓഫ് ചെയ്തു. 

പെട്ടന്ന് കണ്ണിലേക്കിരുട്ട് ഇരച്ച് കയറിയപ്പോ  സങ്കടം കൊണ്ട് വിനു വിതുമ്പി. അതെ  മരണമിങ്ങനെയാവും പഞ്ചേന്ദ്രിയങ്ങൾ ഒരോന്നായി പ്രവർത്തനരഹിതമാവുകയാവും ചെയ്യണത് ! വിനുവിനപ്പോൾ ചെറിയ ഭയവും നഷ്ടബോധവും തോന്നി.....

ഒരിക്കലെങ്കിലും കണ്ണന്റെ പന്തിലൊരു സിക്സറടിച്ചിട്ട്..... മുഗൾ തിയറ്ററിലെ തണുപ്പിലിരുന്ന്  ഇത്തവണത്തെ വിഷു റിലീസുകൾ കൂടി കണ്ടിട്ട്..... മേൽ ചുണ്ടിൽ കാക്കപ്പുള്ളിയുള്ള ആ പെങ്കൊച്ചി നോട് ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞിട്ട്....... കല്ലടയിലെ തണുപ്പിലിരുന്ന് ചില്ല്ഡ് ബിയർ ഒരു വട്ടം കൂടി സ്വിപ്പ്  ചെയ്തിട്ട്.... ഒക്കെ  മതിയായിരുന്നു.....ഒന്നുല്ലങ്കി വിഷം കഴിക്കണേന് മുൻപേ  ആ ട്രിപ്പിൾ ഫൈവ് ഒരെണ്ണമെടുത്ത് അമ്മൂമ്മയുടെ കണ്ണ് വെട്ടിച്ച് പറമ്പിന്റെ ഏതെങ്കിലും മൂലക്ക് മാറി നിന്നെങ്കിലും വലിക്കാമായിരുന്നു... 
വിനുവിന് അതിഭയങ്കര സങ്കടം വന്നു. ചുടു കണ്ണീർപ്പുഴ  ചാലിട്ടെഴുകി തലയിണ നനഞ്ഞു.
സങ്കടത്തിരത്തള്ളലിൽ വിനു ഏങ്ങലടിച്ചു.

പൊടുന്നന്നെ അവിടെമാകെ അതിശക്തമായ ഒരു പ്രകാശം വന്നു നിറഞ്ഞു.
"എന്താടാ നീയ്യീക്കരയണത് മോനെ?" ന്ന്  ലൈറ്റിട്ടതിനൊപ്പം ചോദിച്ചത്  അമ്മൂമ്മയാണ്.

"ഹോ ! ഒരാളെ ചാവാനും സമ്മതിക്കില്ലേ.... ഞാൻ വിഷം കഴിച്ച് കിടക്കാണ് ....." ന്ന് വിനു പറഞ്ഞ് നിർത്തണേന് മുൻപ്  അമ്മൂമ്മേടെ ''അയ്യോ, നാട്ട്കാരെ ഓടി വരണേ... ഞങ്ങടെ വിനു വിഷം കഴിച്ചേ " ന്നുള്ള   അലറിക്കരച്ചിൽ മുഴങ്ങി.

പിന്നെയെല്ലാം പെട്ടന്നായിരുന്നു...  നിമിഷ നേരം കൊണ്ട് ആ വീടും മുറ്റവും ആള് നിറഞ്ഞു. പി.എച്ച് .സീയിൽ നിന്നും സൈറണും ലൈറ്റുമിട്ട് ആമ്പുലൻസ് വന്നു. വിനുവിനെ സ്ട്രെച്ചറിൽ കിടത്തി അതിൽ കയറ്റുന്നതിനിടെയാണ് ജങ്ങ്ഷനിലെ പലചരക്ക് കടക്കാരൻ ചന്ദ്രേട്ടൻ അത് വഴി വന്നത്. "എന്താ കേസെ ?"ന്ന് ചോദിച്ച് ആള് സൈക്കിൾ നിർത്തി.
വിനു വിഷം കഴിച്ചത് പറഞ്ഞപ്പോ ആള് പറഞ്ഞ മറുപടി ആശ്വാസം, അനുകമ്പ, ജാള്യത തുടങ്ങി വിവിധ വികാരങ്ങളോടെയാണ് ഓഡിയൻസ് അവരവരുടെ അപ്പോഴത്തെ അവരുടെ മൂഡനുസരിച്ച് കേട്ടത്.

"അപ്പോ വൈന്നാരം കടേ വന്നിട്ട് എലിവിഷം  വാങ്ങിച്ചോണ്ട് പോന്നത് ഇതിനായിരുന്നോ?  ഇവനൊരു പാക്കറ്റ് കൊടുത്തിട്ട്  ഇവൻ പോയേന് ശേഷാണ് ബാക്കി പാക്കറ്റിലെലി കടിച്ചത് കണ്ട് നോക്കീപ്പോ.....  എക്സ്പ്പപ്പയറി  ഡേറ്റ്  കഴിഞ്ഞൊരു കൊല്ലായെന്ന്  മനസിലായേ.... അത് കഴിച്ചിട്ട് എലി തന്നെ ചാവണില്ല..... പിന്നല്ലേ ആള് !"

കേട്ട പാടെ വന്ന സ്പീഡിൽ തന്നെ ആൾക്കൂട്ടം പിരിഞ്ഞ് പോയി.  ആമ്പുലൻസിൽ തളർന്ന് പരവശനായി കിടക്കായിരുന്ന വിനു  സാവധാനം  എണീറ്റ് വീട്ടിൽ  കയറിപ്പോയി. ഫ്ലാഷ് ലൈറ്റും സൈറണുമോഫ് ചെയ്ത്, നാണിച്ചാവണം, ആമ്പുലൻസ് തിരിച്ച് പോയി.

അന്നാരാത്രിയിൽ   അന്നോളം വിഷ കന്യകകൾ മാത്രണ്ടായിരുന്ന  ലോക ചരിത്രത്തിലാദ്യമായി ഒരു  വിഷ കന്യകൻ ജനിച്ചു!

അജ്ഞാതൻ

കനോലിക്കനാലിനോട് ചേർന്ന് കിടക്കണ അനേകം കടവുകളിൽ റേറ്റിങ്ങിൽ  വല്യ റേഞ്ചൊന്നുമില്ലാതിരുന്ന കടവുകളിലൊന്നായിരുന്നു മധുരംമ്പിള്ളി.

മധുരംമ്പിള്ളിക്കടവിലെ കടത്തുകാരനും, കടവിനോട് ചേർന്ന്  തൃശൂർ - മധുരംമ്പിള്ളിക്കടവ് യാത്ര ബസ് പാർക്ക് ചെയ്യുന്നിടത്തുള്ള ശ്രീ മുരുക ടീ ഷോപ്പ് സൈഡ് ബിസിനസുമായുണ്ടായിരുന്ന ഭാസ്ക്കരേട്ടൻ വിരല് കൊണ്ട് വായിലിട്ട് കൊടുത്താൽ പോലും കടിക്കാത്ത ടൈപ്പ് നിരുപദ്രവകാരിയും,  പരോപകാരിയും,  സർവ്വോപരി ലൊക്കാലിറ്റിയിലെ കൗണ്ടബിൾ ബാച്ചിലറുമായിരുന്നു.

പ്രായം വറചട്ടിയിലെരിയണ കടല പോലെ   ജംഗ ജഗ ജഗാന്നുണ്ടായിരുന്ന മധുരപ്പതിനേഴ്  കാലത്താണ്  അക്കരെയുള്ള ജിൽജിൽന്ന് നടക്കണ സെയിം ഏജ്കാരി ഭാനുമതിയേച്ചിയോട് ഭാസ്ക്കരേട്ടന്  പറയാതിനി  വയ്യ പറയാനും വയ്യ ടൈപ്പ്  ഫീലിങ്ങ്സ് വരണത്.

ഭാസ്ക്കരൻ, ഭാനുമതി രണ്ടു പേരുടേം പേര്  ഭാ-ഭാ എന്നായത് കൊണ്ട് എന്തായാലും ഇത് നടക്കും എന്ന് ഭാസ്ക്കരേട്ടന്  നല്ല ഉറപ്പായിരുന്നു. ശ്രീ മുരുക  മീൽസ് റെഡി ഹോട്ടലായി ഉയർത്തണമെന്ന ആൾടെ രണ്ടാമത്തെ ആഗ്രഹത്തിന്റെയും മോളീൽ കിടന്നിരുന്ന ഈ ആഗ്രഹത്തെക്കുറിച്ച്  ഭാനുമതിയേച്ചിക്ക്  യാതൊരിൻ ഫോർമേഷനു മുണ്ടായിരുന്നില്ലെങ്കിലും..!

കാല പ്രവാഹം ദൂരദർശന്റെ  ലോഗോ പോലെ മൂന്നാല് വട്ടം കറങ്ങിത്തിരിഞ്ഞ് വന്നപ്പോഴേക്കും കരക്കാരെ മുഴുവനുമെതിർത്ത്  ഭാനുമതിയേച്ചി വീട്ടിൽ പെയിന്റടിക്കാൻ വന്ന വർഗ്ഗീസേട്ടനെ  രജിസ്റ്റർ മാരേജ് ചെയ്ത് ഇക്കരക്ക് പോന്നു. എന്താന്നറിയില്ല,  മറ്റൊരു കല്യാണത്തിന്റെ കേസിൽ പിന്നെ ഭാസ്ക്കരേട്ടൻ  വല്യ ഇൻട്രസ്റ്റ് എടുത്തില്ല.

കടവീന്ന് കയറീട്ട് വടക്കേ ചിറ കയറി ചെല്ലുമ്പോ കാണണ വഴിയിലൂടെ വടക്കോട്ട് നടക്കുമ്പോ  കാണണ  ആ ലൈനിലെ അവസാനത്തെ ഓടിട്ട വീട്ടിലായിരുന്നു വർഗ്ഗീസേട്ടനും ഭാനുമതിയേച്ചീം അവരുടെ ഒന്നര വയസ്കാരനും താമസിച്ചിരുന്നത്.
പെയിന്റ് പണിയായിരുന്നു മെയിനെങ്കിലും  വർഗ്ഗീസേട്ടന് അങ്ങനെ ഒരു പണീന്നൊന്നൂല്ല, ആള് എന്തും ചെയ്യും!

പിരിച്ച് വച്ച കട്ടിയുള്ള കൊമ്പൻ മീശയും   മൂക്കിന് മുകളിൽ വല ത്തോട്ട് ചാഞ്ഞ മുറിവുണങ്ങിയ അടയാളോമുണ്ടായിരുന്ന വർഗ്ഗീസേട്ടൻ കീരിക്കാടൻ ജോസിനെ മുറിച്ച മുറിയാണെന്നുള്ളതിൽ നാട്ടിലാർക്കും എതിരഭിപ്രായമില്ലായിരുന്നു. അല്ലെങ്കിലും തൃശൂര് പടിഞ്ഞാറേ കോട്ടേമന്ന്  വന്ന  ടീമിനെ  കാട്ടൂരങ്ങാടീലിട്ട് ഇടിച്ചൊതുക്കീട്ട് വരുമ്പോഴായിരുന്നല്ലോ ആൾടേം ഭാനുമതിയേച്ചീടേം ഫസ്റ്റ് മീറ്റും ലൗ അറ്റ് ഫസ്റ്റ് സൈറ്റുമെല്ലാം.

കാര്യം കൈയ്യിലിച്ചിരിപ്പ് ലേശം അലമ്പായിരുന്നെങ്കിലും  വർഗ്ഗീസേട്ടൻ ഭാനുമതിയേച്ചിയുടെ മുന്നിൽ മാത്രം തൊട്ടാവാടിയായിരുന്നത്രേ!  പിണങ്ങിക്കഴിഞ്ഞാ ആള് തൃശൂരങ്ങാടിലെ ഫ്രണ്ട് ജോണ്യേട്ടന്റെ  അടുത്തേക്കാ പോവും, രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാവും പിണക്കം തീർന്ന്  തിരിച്ച് കടവിലേക്ക്  യാത്രയിൽ വന്നെറങ്ങണത്. അതോണ്ട്  പെയ്ന്റ് പണിയേൽപ്പിക്കാൻ വരണോര്  ഈ പണി തീരണവരെ ഒന്നു  സൂക്ഷിക്കണേന്ന്  ഭാനുമതിയേച്ചിയെ ഓർമ്മിപ്പിക്കണത്.

നിർത്താതെ മഴ പെയ്ത ജൂണിലെ ഒരു ഞായറാഴ്ച്ചയായിരുന്നു അന്ന്.
തലേന്ന്  ശ്രീ മുരുകയിൽ തന്നെ കിടന്നുറങ്ങിയ ഭാസ്ക്കരേട്ടൻ രാവിലെ അക്കരെക്ക് പത്രമിടാൻ വന്ന രമേശൻ സൈക്കിൾ  ബെല്ലടിച്ച്  വിളിച്ചപ്പോഴാണെറ്റീറ്റത്. 

ഉറക്കപ്പിച്ചിൽ വഞ്ചിയഴിക്കുന്നതിനിടെയാണ്  കയറിൽത്തടഞ്ഞ് കമിഴ്ന്നൊരു ഡെഡ്ബോഡി കിടക്കണത് കണ്ടത്. ബോഡിയാണല്ലോ രമേശാന്ന് പറഞ്ഞു തിരിയുമ്പോഴേക്കും " തള്ളി വിട്ടട്ടാ... ഞാനില്ലീ വക കേസിന്'' ന്ന് പറഞ്ഞ്  നിന്ന നിൽപ്പിൽ രമേശൻ സൈക്കിൾ  തിരിച്ച് വച്ച്  ചവിട്ടി.

എല്ലാ കാലവർഷത്തിലും ഡാം തുറന്ന് വിടണ ടൈമിൽ മലവെളളം പുഴയുടെ അതിര് ചേർന്നും കവിഞ്ഞുമൊഴുകുമ്പോൾ ഇത് പോലെ ഒന്നോ  രണ്ടോ ഡെഡ് ബോഡികൾ  ഒഴുകി വരാറുണ്ട്. ഏത് കടവിലടിഞ്ഞാലും പോലീസ് കേസും പുകിലുമോർത്ത് അവിടത്തെ ആളുകൾ തള്ളിയൊഴുക്കി വിടാറേയുള്ളൂ.

തുഴക്കോലെടുത്ത് ബോഡി തള്ളി വിടാൻ നോക്കിയ ഭാസ്ക്കരേട്ടൻ ഒന്നമാന്തിച്ചു.  ആ കരിമ്പച്ച ഷർട്ടും വരയൻ ട്രൗസറും പരിചയമുള്ളതാണ്, ഉടുമുണ്ടെപ്പോഴോ അഴിഞ്ഞ് പോയിരിക്കുന്നു. ബോഡിയുടെ കഴുത്തിൽ കിടക്കണ കൊന്തയും വെന്തിങ്ങയും  കണ്ടതോടെയാണ്  ഭാസ്ക്കരേട്ടൻ കടവീന്ന് കേറി വന്ന് രമേശനോട് കാറി വിളിച്ചത്  "രമേശാ ദ് മ്മടെ വറീസ്സാടാ..."
"മ്മടെ ഭാനുവേച്ചീടെ വറീസേട്ടനോ ?'' ന്ന് ചോദിച്ച് രമേശനും സൈക്കിൾ നിർത്തിയോടി വന്നു.

കേട്ടും പറഞ്ഞു മറിഞ്ഞ് കടവത്താള് നിറഞ്ഞു. ഭാസ്ക്കരേട്ടൻ ഡെഡ് ബോഡി കടവിലേക്ക് വലിച്ച് കയറ്റിയിട്ടു,  രമേശൻ വിവരമറിയിക്കാൻ  വലപ്പാട് സ്റ്റേഷനിലേക്ക് പോയി, പോകുന്ന വഴിയിലെ ഒരോ ജങ്ങ്ഷനിലുമിറങ്ങി അവിടെല്ലാം വിവരമറിയിച്ചു.

"ഒരെല്ല് കൂടുതലായിരുന്നെങ്കിലും ന്യായല്ലാത്ത കാര്യത്തിനല്ലാണ്ട് ആളങ്ങിനെ എടയാറില്ല....
അവനെപ്പോലെ നെറിയും കുടുബ സ്നേഹോള്ള ആളുകളീ കരയിലിണ്ടായിട്ടില്ല ഇനിയൊട്ട് ഉ ണ്ടാവേല്ല.... " യെന്നൊക്കെ അതിശയോക്തി കലർന്നതും, അതിശയോക്തി മാത്രമായതുമായ അഭിപ്രായങ്ങൾ ശ്രീ മുരുക തുറന്ന് ഭാസ്ക്കരേട്ടൻ സ്വന്തം ഇൻട്രസ്റ്റിലിട്ട് കൊടുത്ത കട്ടനൊക്കെ കുടിച്ച്  കൂട്ടം കൂടി നിന്ന് വന്നവരൊക്കെ ഷെയർ ചെയ്തു. " ആ.... ഭാനുമതീടെ  കാര്യാണ് കഷ്ടായിപ്പോയത് ... അവൾക്കും  ആ കൊച്ചിനു മാരൂല്ലാണ്ടായിപ്പോയി...." ന്നാരോ പറഞ്ഞത് കേട്ടപ്പോ ഭാസ്ക്കരേട്ടൻ വികാരാധീനനായി ''ഏയ്... അങ്ങിനെ ആരൂല്ലാണ്ടായി അവര നാഥരായിപ്പോവൊന്നില്ല " ന്ന് മനസീപ്പറഞ്ഞു.

അപ്പോഴാണ്  കൊച്ചിനേമെടുത്ത്  വടക്കേ വരമ്പത്തൂടെ മുളകീറണ ശബ്ദദത്തിൽ ആർത്തലച്ച്  കരഞ്ഞ് ഭാനുമതിയേച്ചി വന്നത്, പുറകേ കോറസായി കരഞ്ഞ് വേറെ കുറച്ച്  സ്ത്രീകളും.

വന്നതും ഭാനുമതിയേച്ചി "  എന്റെ വറീസേട്ടാ  എന്നേം മോനേം തനിച്ചാക്കിപ്പോയല്ലേ..... ഞങ്ങൾക്കിനിയാരുണ്ട്..... "      ന്നൊക്കെ  അലമുറയിട്ട്   ബോഡിയിലേക്ക് തളർന്ന് വീണു. കണ്ടു നിന്ന ഭാസ്ക്കരേട്ടന്റെ വരെ കണ്ഠമിടറി.

''ദേ, ബോഡി ഇളക്കല്ലേ.... പോലീസ് വന്നിട്ടില്ല.. അവരടെ പരിപാടികള് കഴിയണവരെ നമ്മള് തൊടണ്ടാട്ടാ..... " യെന്നാരോ പറഞ്ഞത് കേട്ട് രണ്ടു മൂന്ന് സ്ത്രീകൾ ഭാനുമതിയേച്ചിയെ  എഴുന്നേൽപ്പിച്ച്  കടവിലെ തെങ്ങിൻ കടയിൽ ചാരിയിരുത്തി. ഭാനുവേച്ചിയുടെ നെഞ്ചിൽ ഒന്നര വയസുകാരൻ കാര്യമൊന്നുമറിയാതെ  പേടിച്ച്  കരഞ്ഞള്ളിപ്പിടിച്ചു കിടന്നു.

''ഈശ്വരാ..... ഇതീന്നൊരു കൊല തേങ്ങ വീണു ഞാനുമീ കൊച്ചുമ ങ്ങട് തീർന്നാ മതി .... വറീസേട്ടനില്ലാണ്ട് ഞാങ്ങളെങ്ങിനെ ജീവിക്കും...... "  മെന്നൊക്കെ പറഞ്ഞ് എണ്ണിപ്പെറുക്കി കരഞ്ഞിരുന്ന ഭാനുവേച്ചിയുടെ അരികിലായി ഒരു പോലീസ് ജീപ്പ് വന്ന് നിന്നു. രണ്ട് പോലീസുകാർ ചാടിയിറങ്ങി.

"ബോഡിയൊന്നു തിരിച്ചിട്ടേഡാ...ഇൻക്വിസ്റ്റാണെ"ന്ന് എസ് ഐ  പറഞ്ഞത്  "ഞാനാ സാറേ ബോഡി ആദ്യം കണ്ടേ " ന്ന് പറഞ്ഞ്  എന്തിനും തയ്യാറായി മുന്നിൽക്കേറി നിന്ന ഭാസ്ക്കരേട്ടനോടാണ്.

കണ്ണും ചുണ്ടും മുഖവുമൊക്കെ    മീൻ കൊത്തിവലിച്ച്ട്ട് കണ്ടാൽ പേടിയാവണ രൂപായിട്ടുണ്ടാവും,  പേടിയൊള്ളോരും, തല കറങ്ങണോരും, പിള്ളേരും നോക്കേണ്ടട്ടാന്ന് പറഞ്ഞ് ആള് കമിഴ്ന്ന് കിടന്ന ബോഡിയൊരു വശം ചേർത്ത് പിടിച്ച് തിരിച്ചിട്ടു. വിരൂപമായിട്ടാണേൽ പോലും   വർഗ്ഗീസേട്ടന്റെ മുഖമൊന്നൂടിക്കാണാൻ ഭാനുമതിയേച്ചി തളർന്ന് കിടക്കണ കിടപ്പിൽ തെങ്ങിൻ ചുവട്ടിൽ നിന്നും തലയുയർത്തി നോക്കി...
ഒന്നേ നോക്കിയുള്ളൂ...

ഇന്നലെ രാവിലെ  ഷേവ് ചെയ്തു    കുട്ടപ്പനായി നിക്കുമ്പോ താനൊന്ന്    വീട്ടിപ്പോയിട്ട് വരട്ടേന്ന് ചോയ്ച്ചേന് ഒന്നും രണ്ടും പറഞ്ഞ്  പിണങ്ങിയിറങ്ങിപ്പോയ  വർഗ്ഗീസേട്ടൻ ഒറ്റ രാത്രി കൊണ്ട് കട്ടത്താടിയൊക്കെ വച്ച് വരേ? ഇത് വേറാരോ ആണ് !

  " ഏയ് ... ഇതെന്റെ വർഗ്ഗീസേട്ടനൊന്നല്ലാ.... ആണെന്ന് പറഞ്ഞോരെ തലേ ഇടിത്തീ വീഴൂടാ മഹാപാപികളെ " ന്ന് പറഞ്ഞ് ഭാസ്ക്കരേട്ടനെതിരെ തീ പാറണൊരു നോട്ടമെറിഞ്ഞ്  എണീറ്റ് കൊച്ചിനേമെടുത്ത്  എളിയിൽ വച്ച് തിരിച്ച്  വീട്ടിലേക്ക്  ഒരൊറ്റ നടത്തമായിരുന്നു ഭാനുമതിയേച്ചി.

ബോഡി വർഗ്ഗീസേട്ടന്റെയല്ലാന്ന്  മനസിലായതോടെ എല്ലാവരും പതുക്കെ വലിഞ്ഞു.  ഒടുവിൽ,  വന്ന രണ്ടു പോലീസുകാരും  വന്നടിഞ്ഞ അജ്ഞാതനും, ആൾടെ ബോഡിക്കരികെ ഒരു ബന്ധോല്ലങ്കിലും ദുഖം കടിച്ചമർത്തിയിരുന്ന്  വിങ്ങണ ഭാസ്ക്കരേട്ടനും മാത്രം കടവിൽ  ബാക്കിയായി.

അന്ന്  പത്തരയുടെ  യാത്ര മധുരംമ്പുള്ളിയിലേക്കുള്ള അവസാന വളവ് തിരിയുമ്പൊ  ലൈറ്റിട്ട്  ഹോണടിച്ച് കയറിപ്പോയ പോലീസ് ജീപ്പിന്റെ പുറകിൽ തഴപ്പായയിൽ പൊതിഞ്ഞെടുത്ത അജ്ഞാതനും   ആൾടെ പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളേജ് വരെ പോവാൻ  നിർബ്ബന്ധിതനായ    ഭാസ്ക്കരേട്ടനുമായിരുന്നെങ്കിൽ
"ഇതെന്ത് തേങ്ങ്യാണ്... പോലീസ് ജീപ്പ് ലൈറ്റിട്ട് ഹോണടിച്ച് വരണേ"ന്ന് നോക്കാൻ യാത്രയിൽ നിന്ന് നീണ്ട തലകളിലൊന്ന്  വർഗ്ഗീസേട്ടന്റെയായിരുന്നു.

ഫസ്റ്റെയ്ഡ്

ഓഫീസിലെ  മഹിയെന്നെല്ലാരും വിളിക്കണ മഹേഷ്, എക്സ്ട്രാ  ഡീസെന്റും, മിസ്റ്റർ പെർഫെക്ടും, എന്തെങ്കിലും  പണിയേൽപ്പിച്ചാൽ  ആത്മാർത്ഥതയുടെ നിറകുടവുമൊക്കെയാണെങ്കിലും, ബിസിനസ് ടൂറെന്ന് കേട്ടാൽ,  എന്താന്നറിയില്ല, അറക്കാൻ കൊണ്ടോണ മുട്ടനാടിന്റെ ബിഹേവിയറായിരുന്നു ആൾക്ക്.

ആത്മാത്ഥതയുടെ കേസിൽ മഹേഷിനോട്
കട്ടക്ക് നിന്നില്ലെങ്കിലും ഉത്തരവാദിത്തത്തിന്റെ കേസിൽ ആർക്കും മുട്ടാമ്പറ്റാത്തവനായിരുന്നു ആൾടെ കൊളീഗ്  സുമേഷ്.  ബിസിനസ് ടൂറെന്ന് കേട്ടാൽ ഡെസ്റ്റിനേഷൻ ഭേദമന്യേ പറഞ്ഞിടത്ത് ചെന്നിട്ട്  മാനേജരെ  വിളിച്ച്  "ഞാനിവിടെ ത്തീണ്ട്  ഇന്യന്താ വേണ്ടേ?"  ന്ന് ചോയ്ക്കണ,  മഹേഷിന്റെ നേരെ ഓപ്പോസിറ്റ്,  സ്വഭാവായിരുന്നു ആൾക്ക്!

ഒരൂസം മഹേഷ് ബാംഗ്ലൂർ മോണിങ്ങ് ഫ്ലെറ്റിന്  പോവാനായി 'ചെക്ക് ഇൻ' ഉം  കഴിഞ്ഞ് ബോഡിങ്ങ്ന്  വെയ്റ്റ് ചെയ്ത് നെടുമ്പാശ്ശേരീലെ ലോഞ്ചിലിരിക്ക്യായിരുന്നു.

എസീടെ  തണുപ്പുണ്ടായിട്ടും, പഞ്ഞി പോലുള്ള സോഫയുണ്ടായിട്ടും ആൾക്ക് ആകെ ഒരസ്വസ്ഥത തോന്നിയത് ആ ട്രിപ്പിൽ വല്യ  താൽപര്യമില്ലാത്തത് കൊണ്ട് മാത്രല്ല, തലേന്ന് വാങ്ങിയ ലെതറിന്റെ സാൻഡൽസ്  അങ്ങട് ശര്യായി വരണേള്ളൂ എന്നതോണ്ടും കൂടിയായിരുന്നു.

വലത്തേക്കാൽ വിവിധ ആങ്കിളുകളിലും അലെൻമെന്റുകളിലും  വച്ച് തിരിഞ്ഞും മറിഞ്ഞും ചാഞ്ഞും ചരിഞ്ഞുമൊക്കെ മഹേഷിരുന്നു നോക്കി. ബട്ട്, എന്തൊക്കെ  ചെയ്തിട്ടും  ഷൂ ബൈറ്റിന്റെ വേദന കുറഞ്ഞ് ഇരിപ്പ് അങ്ങട് സെറ്റായി വരണില്ല.

ഓപ്പോസിറ്റ് സോഫയിലിരുന്നു  ബിസിനസ് ലൈൻ വായിച്ചോണ്ടിരുന്ന ചേട്ടൻ സോഫയിലിരുന്ന് വേദന കൊണ്ട് ഇരിപ്പ് ശരിയാവാതെ ഞെരിപിരി കൊള്ളണ തന്റെ  മുഖത്ത്  നോക്കീട്ട് വാഷ്റൂമിന്റെ ഡയറക്ഷനിലേക്ക് നോക്കണ കണ്ട മഹേഷ്   'അയ്യേ!  ഇതതല്ല' എന്ന എക്സ്പ്രഷനിട്ട്   ഇരുന്ന ഇരുപ്പിന്ന് അങ്ങടോ ഇങ്ങടോ അനങ്ങാതെ ഇനിയാർക്കും സെയിം ഡൗട്ടുണ്ടാവരുതെന്ന്  കരുതി വേദന  കടിച്ചമർത്തി ശ്വാസം പിടിച്ച് ഒരേ ഒരിപ്പിരിക്ക്യായിരുന്നു പിന്നീട്.

സാൻഡൽസ് പുത്യേതായോണ്ടും ബ്രാൻഡഡായോണ്ടും,  കളഞ്ഞിട്ട് പോകാനും വയ്യ ഇട്ടോണ്ട് നടക്കാനും വയ്യാത്ത വൈക്ലബ്യാവസ്ഥ!

ബിസിനസ് ട്രിപ്പ് നമുക്ക് പുത്തരിയല്ലാത്തോണ്ടും എയറിന്ത്യേടെ സമയ ക്ലിപ്തതയെക്കുറിച്ച്  ധാരണയുണ്ടായതോണ്ടും  എന്നത്തേയും പോലെ റിലാക്സ്ഡായാണ്   സെയിം ഫ്ലയിറ്റിന് പോകേണ്ട കൊളീഗ്  സുമേഷ് സ്പോട്ടിലെത്തിയത്.

വന്നതും സെറ്റിയിൽ സെമി കിടപ്പാവസ്ഥയിലിരിക്കണ മഹേഷിനെക്കണ്ട് "എന്താ പറ്റ്യേ"ന്ന് മാത്രേ ചോദിച്ചുള്ളൂ, പഞ്ചായത്ത് ഇലക്ഷന് മൽസരിക്കണ പ്രതിപക്ഷ നേതാവിനെപ്പോലെ  ആൾടെ രോഷം അണമുറിഞ്ഞൊഴുകായിരുന്നു.

ഇതൊക്കെ ഒരെയർപോർട്ടാണോ? ഇവിടെ ആയിരക്കണക്കിന് ആളുകൾ വന്നു പോവുന്നതല്ലേ? ആർക്കെങ്കിലും ഒരു അത്യാവശ്യം വന്നാലിവിടെ ഒരു മെഡിക്കൽ എയിഡുണ്ടോവിടെ? ഡോക്ടറുണ്ടോ? 
നഴ്സുണ്ടോ ?
ഓപ്പറേഷൻ തിയറ്ററുണ്ടോ?  ഓക്സിജൻ മാസ്ക്കുണ്ടോ? ഒന്നും വേണ്ട,  രണ്ടു രൂപേടെ ഒരു ബാൻഡെയ്ഡ് കിട്ടണ കടയുണ്ടോ 
ദാ ഈ കാലിലൊന്നൊട്ടിക്കാൻ?   ന്ന് പറഞ്ഞ് മഹേഷ്  വലത്തേ കാലിലെ സാൻഡൽസ് അഴിച്ച്  ഒരു ഹെയർ ലൈൻ സ്ക്രാച്ച് പോലെ സ്കിൻ ഉരഞ്ഞ് പൊട്ടിയ  ചെറുവിരലിലെ പരിക്ക് കാണിച്ചു !

സംഗതി നിസ്സാരം തൊലിയുരഞ്ഞതാണേലും സ്പോട്ടിന്റെ പ്രത്യേകതോണ്ട് ഇംപാക്ട് കടുപ്പാണ്ന്ന് മുറിവിന്റെ ലൊക്കേഷൻ കണ്ടപ്പോഴും അതിലേറെ മഹേഷിന്റെ മുഖം കണ്ടപ്പോഴും   സുമേഷിന്  മനസിലായി. ആൾ  ചുറ്റും ഒന്നു നോക്കിയപ്പോ സംഗതി ശരിയാണ് ആ ഏരിയയിൽ ഒരു മെഡിക്കൽ ഷോപ്പില്ല! വാട്ടേ കുക്കുമ്പർ സിറ്റീന്ന് ആത്മഗതിച്ച് " ഒരു ബാൻ ഡെയ്ഡിന്റെ കേസല്ലേ എന്നാപ്പിന്നെ,  ഞാൻ ഹെൽപ് ഡെസ്ക്കിലൊന്ന്    നോക്കീട്ട് വരാടാ ഇവനേ... " ന്ന് മഹേഷിനോട് പറഞ്ഞ് നടന്നു.

അല്ലെങ്കിലും ഉത്തരവാദിത്തത്തിന്റെ  കേസിൽ  സുമേഷിനോട് മുട്ടാൻ ആരുണ്ടായിരുന്നീല്ലല്ലോ.

പോയിട്ടഞ്ച് മിനിറ്റായില്ല സെക്യൂരിറ്റീടെ ഫ്രിസ്ക്കിങ് ഏരിയേടെ ഭാഗത്തൂന്നൊരു ബഹളം കേട്ടാണ് മഹേഷ് തലയുയർത്തി നോക്കിയത്.

വിസിലടിച്ച് വഴിയുണ്ടാക്കി ഫുൾ യൂണിഫോമിൽ  ഒരു സെക്യൂരിറ്റി ഗാർഡ് മുന്നിലും അതിന് പിന്നിൽ  അത്യാസന്ന നിലയിലായ രോഗിയെ കാഷ്വാലിറ്റിയിൽ നിന്നും ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടോവണ സ്പീഡിലും സീര്യയസ്നെസ്സിലും, ചുവന്ന  പ്ലസ്  ചിഹ്നമൊക്കെയിട്ട ഒരു ഇടത്തരം  ട്രോളി തള്ളി വരണ ഒരു അറ്റൻഡന്ററും ഏറ്റവും  പുറകിൽ സ്റ്റെതസ്ക്കോപ്പൊക്കെയിട്ട ഒരു  ഡോക്ടറും പാഞ്ഞ് വരണത് കണ്ടത്.

സീനിന്റെ ഭീകരാവസ്ഥ സ്പോട്ടില് പിടികിട്ടിയ മഹേഷ്  "യ്യോ!!  ഇവനിതെന്താ അവിടെ പോയി പറഞ്ഞേ "ന്ന്   ആലോയ്ച്ച്  തീരണേന് മുൻപേ,  മെഡിക്കൽ സംഘത്തെ ലീഡ് ചെയ്ത് ചീറിപ്പാഞ്ഞ് വന്ന   സെക്യൂരിറ്റി ഗാർഡ്,  ഇതെന്താ കേസ് ന്നറിയാണ്ട് അന്തം വിട്ട് നിന്ന പാസഞ്ചേഴ്സിനെ നോക്കിയാണാ ചോദ്യം ചോദിച്ചത്.

"എവിടെ ആ കാല് മുറിഞ്ഞ് കിടക്കണ ആൾ ?? "

ദൈവമേ... യെന്ന് പറഞ്ഞ് വായിച്ചോണ്ടിരുന്ന പത്രമെടുത്ത് തലവഴി മൂടിയ മഹേഷിനെ ചൂണ്ടി സെക്യൂരിറ്റി ഗാർഡിനോട് അപ്പോഴവിടേക്ക് പാഞ്ഞ് വന്ന സുമേഷാണ് പറഞ്ഞത്

" ദാ ഇരിക്കണു ചേട്ടാ".

"ഇതിനെയാണോ
കാൽമുറിഞ്ഞൊരാൾ ലോഞ്ചിൽ കിടക്കുന്നുവെന്ന് പറഞ്ഞേന്ന് " ഡോക്ടർ ചോദിച്ചപ്പോ "അതെ ഞാനങ്ങട് വരുമ്പോ ഇവൻ സെറ്റിയിൽ ചാരി കിടക്കായിരുന്നു... " എന്നാ സുമേഷ് റിപ്ലെ ചെയ്തത്.  സ്പോട്ടിൽ സുമേഷിനെ ഡോക്ടർ നോക്കിയ ആ നോട്ടമുണ്ടല്ലോ....  അത്രമേൽ നിശബ്ദമായി  ഒരു തീവ്ര വികാരം  ലോകത്തൊരു മനുഷ്യനും മറ്റൊരു മനുഷ്യനോട് സംവദിച്ചിട്ടുണ്ടാവില്ല!

മുറിവിന്റ അവസ്ഥ നേരിട്ട് കണ്ട്
'' ച്ചേ!  ഇത്രേള്ളൂ കേസ് " ന്ന് ആത്മഗതിച്ച മെഡിക്കൽ ടീമിനേം,  സോഫേടെ സൈഡ് ചാരി വിശ്രം മോഡിലേക്ക്  പോയ സെക്യൂരിറ്റി ഗാർഡിനേം നോക്കി സുമേഷപ്പോൾ പറഞ്ഞ ഡയലോഗിലാണ്  ഒഴിഞ്ഞ് പോയ അപകടത്തിന്റെ ഡെപ്ത്ത്  മഹേഷിന്  ശരിക്കും മനസിലായത്...

"ഡാ.....ഇവര്  ആംബുലൻസൊക്കെ ആയിട്ട് വരാന്ന് പറഞ്ഞതാ... ഞാൻ ഒരു പാട്  നിർബന്ധിച്ചിട്ടാ ഈ ഫസ്റ്റെയ്ഡിന്റെ ട്രോളീല് നിർത്ത്യേത്..... അല്ലെങ്കി ആകെ സീനായിപ്പോയേനെ ട്ടാ!  "

കള്ളൻ


ഡിഗ്രിക്ക് പഠിക്കണ ടൈമിൽ ഒരൂസം വീട്ട്കാർക്കൊരു സർപ്രൈസിരിക്കട്ടേന്ന്  കരുതി,  വിളിച്ച് പറയാതെ ഹോസ്റ്റലീന്ന് രാത്രി ഒരൊമ്പൊതര പത്ത് മണി ടൈമിൽ  വീട്ടിലെത്തിയപ്പോഴാണ്, അച്ഛനുമമ്മേം അനിയത്തീം എനിക്കതിലും  വല്യ സർപ്രൈസ് തന്ന്, തറവാട്ടിൽ പോയിരിക്ക്യാണെന്ന ഭീകര  സത്യമെനിക്ക് മനസിലായത്.

രാത്രി സൈക്കിളുമെടുത്ത്   രണ്ടര മൂന്ന് കിലോമീറ്റർ ചവിട്ടി തറവാട്  വരെ പോകാനുള്ള മടിയേക്കാൾ,  അന്ന് അമാവാസീം വെള്ളിയാഴ്ച്ചേം ചേർന്നങ്ങട് വന്നോണ്ടും, രാപകൽ  അക്കാലത്ത് യക്ഷീടെ* കണ്ട്രോളിേലുണ്ടായിരുന്ന  ഹൈവേയിലെ  പനമ്പിക്കുന്ന് എരിയ,  അസമയത്ത് ക്രോസ് ചെയ്ത് പോകാനുള്ള റിസ്ക്കുമോർത്തായിരുന്നു. നമ്മളെന്തിനാണ്  വെറുതെ !

ബാക്ക് ഡോർ തുറക്കാനുള്ള സാങ്കേതിക വിദ്യ അറിയാമായിരുന്നത് കൊണ്ടത് തുറന്നകത്ത് കയറി, പത്തരയായപ്പോഴേക്കും കുളിച്ച് കുട്ടപ്പനായി, തലവഴി പുതപ്പ് വലിച്ചിട്ട്,  ഉറക്കം സെക്കന്റ് ഗിയറിലേക്ക് ഷിഫ്റ്റ്  ചെയ്ത്  തുടങ്ങ്യേള്ളൂ......

 "ദേ കള്ളൻ!  കള്ളൻ!!
 പിടിക്കടാ !  പിടിച്ചോടാ!! "

ന്നൊരൊച്ചേം ബഹളോം കേട്ട് തലേണേടെ  സൈഡിൽ വച്ചിരുന്ന ടോർച്ചും കത്തിച്ച് പിടിച്ച്  പുതപ്പോടെ ചാടിയെണീറ്റത്! 

അടുത്ത സെക്കന്റിൽ ചാടിയോടി  ഫ്രണ്ടിലെ  വാതില് തുറന്ന്  പുറത്തിറങ്ങിയത്, ധൈര്യത്തേക്കാളുപരി,  ഈ ഏരിയേൽ  വെട്ടോം വെളിച്ചോന്നൂലല്ലോന്ന് കരുതി, ആ കുരിപ്പ്  നമ്മളോടെക്കോടിക്കേറി  വരണ്ടാന്ന്  വച്ചിട്ടായിരുന്നു.  കാര്യം  കട്ടോണ്ട് പോവാൻ നമ്മളോടെ പ്രത്യേകിച്ചൊന്നൂണ്ടായിരുന്നില്ലെങ്കിലും!

വീടിന്റെ  വടക്കേ ഭാഗത്ത്,  പാടത്തെ  ക്രിക്കറ്റ്  ഗ്രൗണ്ടിന്റെ  വടക്കേ ബൗണ്ടറിയായ കൈത വേലിക്കപ്പുറമാണ്  റോഡ്,  അതോണ്ട് വ്യൂ ശരിക്കങ്ങട് കിട്ടണില്ലങ്കിലും ലൂണാറിന്റെ സ്ലിപ്പറൂട്ടോണ്ട് ആരോ  കള്ളനെ ഫോളോ ചെയ്ത്  ഓട്ണണ്ട്.  ഞാൻ ഞങ്ങടെ പറമ്പിന്റെ ബോർഡറിൽ നിന്ന്  ടോർച്ച് നീട്ടിയടിച്ചു, ഓടണ വഴിക്ക് ആള്  വല്ല പാമ്പിനേം കേറി ചവിട്ടരുതല്ലോ !   

പകല് മുഴുവൻ ട്രയിനിലിരുന്ന് വന്നേന്റെ ക്ഷീണം , ഉറക്കം സഡൻ ബ്രേക്കിട്ട് നിർത്തി നോർമ്മലായി വരണേന്റെ ഡിലേ,  എന്നതിനേക്കാൾ  ഒരു ഫ്ലാഷ് ബാക്ക് കഥ ആസമയത്ത് ഓർമ്മ  വന്നോണ്ടായിരുന്നു ഓടണ്ട്രാന്ന് മനസ് ശരീരത്തോട് പറഞ്ഞത്.

*          *         *

വർഷങ്ങൾക്ക് മുൻപ്,  കെ. എസ്. സീ. ബി ലുണ്ടായിരുന്ന എഞ്ചിനീയർ പ്രാഞ്ചീസേട്ടന്റെ കല്യാണം കഴിഞ്ഞു  ഹണിമൂൺ  റണ്ണിങ്ങിലുള്ള ടൈം. ആളും ആൾടെ പുതു പുത്തൻ ഭാര്യ ആനിയേച്ചീം,  അനിയൻ ജോണ്യേട്ടനും, അമ്മ മറിയക്കുട്ടി ചേട്ടത്ത്യാരും മാത്രം വീട്ടിലുണ്ടായിരുന്ന ഒരു രാത്രി പത്ത് പത്തര സമയത്ത്, വർക്കേരിയേല് നിന്ന് പാത്രം കഴുകിക്കൊണ്ടിരുന്ന ആനിയേച്ചിയാണ് വീടിന് പുറകിലെ തെങ്ങുമ്പറമ്പില് മോട്ടോർ ഷെഡിനോട് ചേർന്നൊരാൾ പെരുമാറ്റം നോട്ട് ചെയ്തതത്.

കണ്ടത് കള്ളനെയാണെന്ന് ഓൺ ദി സ്പോട്ട്  മനസിലായെങ്കിലും  'ഞാനൊന്നും കണ്ടിട്ടില്ലടവനേ' ന്നുള്ള എക്സ്പ്രഷനിട്ട് ആളകത്ത് പോയി പ്രാഞ്ചിയേട്ടനോട് കാര്യം സ്വകാര്യായിട്ട്  പറഞ്ഞു.

പ്രാഞ്ചിയേട്ടൻ അനിയൻ ജോണിയേട്ടനുമായി കൂലങ്കുഷമാ യാലോചിച്ചു.  പ്രാഞ്ചിയേട്ടൻ "പോലീസിനെ വിളിക്ക്യാടാ"ന്ന്  പറഞ്ഞെങ്കിലും
 "പോലീസൊക്കെ വരാൻ ടൈമെടുക്കും, ദ് എനിക്ക് ഡീൽ ചെയ്യാൻള്ള കേസേള്ളൂ ചേട്ടാ... ചേട്ടൻ വാതില് ബോൾട്ടിടകത്തിരുന്നേ"ന്ന് പറഞ്ഞ്  ജോണ്യേട്ടൻ  എവറഡീടെ ടോർച്ചൂടുത്ത് പതുങ്ങി പതുങ്ങി മോട്ടോർ ഷെഡ് വരെ ചെന്നു.

ടിൻ ഷീറ്റടിച്ച വാതില് വലിച്ച് തുറന്ന് ടോർച്ചടിച്ച്  നോക്ക്യേപ്പോ ദേഹം മുഴുവൻ എണ്ണ പുരട്ടി, സിങ്കിൾ പീസ് ഡ്രസ്സിങ്ങിൽ,  അഞ്ചടിയിൽ താഴെ ഉയരത്തിൽ, മെലിഞ്ഞ ഒരു കിടുക്കാച്ചി കള്ളൻ പുറത്തേക്ക്  ചാടി ആളേം തട്ടിയിട്ട് ഒരൊറ്റ ഓട്ടം!

'ഇന്നീ ഡാഷിനെ പിടിച്ചിട്ടുള്ള കേസൊള്ളൂ' ന്നുംമ്പറഞ്ഞ്  ജോണ്യേട്ടൻ തെറിച്ചു പോയ ടോർച്ചും തപ്പിയെടുത്ത് തെങ്ങുമ്പറമ്പിന്റെ നടൂലോടെ കള്ളന്റെ പുറകെ !

ജോണ്യേട്ടൻ ആറ് ആറര അടി ഉയരോം അതിനൊത്ത ബോഡി ഷേപ്പുള്ള  ഒത്തോനായോണ്ട് സെക്കന്റ് സെക്കന്റ് വച്ച് ആള് ഓടിക്കേറി, ദേ പിടിച്ചു പിടിച്ചില്ലാന്നുള്ള ഡിസ്റ്റൻസി ലായപ്പോ, കള്ളൻ ഒരൊറ്റ വെട്ടിത്തിരിച്ചിൽ!

ആ തിരിച്ചിലിൽ കള്ളന്റെ കയ്യിലൊരു പേനാകത്തിയിരുന്ന് തിളങ്ങണത് കണ്ട  ജോണ്യേട്ടൻ ''ആഹഹാ ? ... അത്രക്കായോ??  "ന്ന് ചോയ്ച്ച് അങ്ങേട്ടോട്യേന്റെ  ഡബിൾ സ്പീഡിൽ വെട്ടിത്തിരിഞ്ഞ്  തിരിച്ചോടായിരുന്നത്രേ!

മോട്ടോർ ഷെഡീന്ന് കള്ളന്റെ ഒരു ജോടി ഡ്രസ്സും എണ്ണേടെ  ഒരു കുപ്പീം കിട്ടീന്നല്ലാണ്ട് ആ കേസങ്ങിനങ്ങട് തീർന്നു! 

ബട്ട്,  ഖൂർഖകൾടേല്  മാത്രല്ല കള്ളൻമാരുടേലും  കത്തീണ്ട്ന്നുള്ളത് അന്ന് കിട്ട്യ ഇൻഫോമേഷനായിരുന്നെനിക്ക്!

*         *         *
കത്തിയൊക്കെയുള്ള കേസാണെങ്കി എടിപിടീന്ന് കേറി എടപെടണത് റിസ്ക്കാണല്ലോന്നോർത്ത് നമ്മുടെ കേസിൽ  ആദ്യത്തെ ബഹളം ഒന്നൊതുങ്ങി റോഡിലൊക്കെ അത്യാവശ്യം  ആൾക്കാര് വന്ന് ഡിസ്ക്കഷനൊക്കെ തുടങ്ങീപ്പോഴാണ് ഞാൻ പതുക്കെ നമ്മടെ ബോർഡർ വിട്ട്  അങ്ങോട്ട് ചെന്നത്, എന്താ കേസ് ന്നറിയണോലോ.

മൂന്നാല് വീടപ്പുറത്തുള്ള  വീട്ടിലെ  മാലിനിയേച്ചി രാത്രി ഗേറ്റടക്കാൻ വന്നപ്പോ ഇരുട്ടത്ത്ന്നാരോ ഓടി വന്ന് മാല പൊട്ടിച്ചോടാൻ ശ്രമിക്കാരുന്നൂന്ന് !

മാല പോയില്ല ബട്ട്, റോഡ് വഴി പടിഞ്ഞാട്ടോടിയ  കള്ളനെ പിടിക്കാൻ പറ്റാത്തതിലെ വിഷമായിരുന്നെല്ലാവർക്കും.

കൂട്ടത്തിൽ നിന്ന രാഘവേട്ടനാണ് "ഞാൻ വരുമ്പ നീയവിടെന്നിങ്ങട്ട് ടോർച്ചടിക്കണ കണ്ടല്ലാ.... നീയാളെക്കണ്ടോടാ" ന്നെന്നോട് ചോദിച്ചത്!

അങ്ങിനാണെങ്കി, ഞാൻ ടോർച്ചടിച്ചപ്പോക്കണ്ട.... ആ ലൂണാർ ഹവായിട്ടോട്യോൻ.... പിടിക്കാനോ ട്യോനല്ല....  ഒറിജനൽ  കള്ളൻ തന്നാർന്നല്ലേ... ന്നൊരു സ്പാർക്ക് കിട്ട്യേങ്കിലും, നമ്മളത്  അവരോട്പ റഞ്ഞിട്ട് 'കള്ളന് ടോർച്ചടിച്ച് കൊടുത്തവൻ ' ന്നുള്ള ചീത്തപേരൂടെ കിട്ടണ്ടല്ലോന്നോർത്ത്  "ഏയ് ഞാനാരേം  കണ്ടില്ലാട്ടാ... " ന്ന് പറഞ്ഞ് സീ നീന്ന് സ്കൂട്ടായി.

അല്ല പിന്നെ,  ചീത്തപ്പേരിന് നമുക്ക് ക്ഷാമായിട്ടിരിക്ക്യല്ലേ !!

-----------------------------------------------------------------------
റഫറൻസ്:
* : ഒരിടത്തൊരു യക്ഷി.

Thursday, October 31, 2019

കുട്ടിക്ക്യൂറ


ഒന്നേള്ളൂങ്കി  ഉലക്കയ്ക്കടിക്കണം, പിള്ളേരെ മോണ കാണിക്കരുതെന്നതൊക്കെ  പാരന്റിങ്ങിന്റെ വെരി ബേസിക് ഫൗണ്ടേഷൻസാണെന്ന ഹാർഡ് കോർ വിശ്വാസം അച്ഛനുണ്ടായിരുന്ന എന്റെ യു.പി സ്കൂൾ  കാലഘട്ടം!

ഏകദേശം സ്ഫടികത്തിലെ തിലകനേം  കിലുക്കത്തിലെ  തിലകനേം സമാസമം ചേർത്തരച്ചെടുത്ത്, ഫ്ലയിം സിമ്മിലിട്ട് വറ്റിച്ചെടുത്ത ആറ്റിറ്റ്യൂഡുണ്ടായിരുന്ന അച്ഛന്റെ ഭരണകൂട ഭീകരതക്ക് കീഴിൽ എന്തിനുമേതിനുമേത്  നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന ലാത്തിച്ചാർജ്ജിനെ ഭയന്ന്  സേഫ് ഡിസ്റ്റൻസിൽ  ഞാൻ ജീവിക്കണ ടൈം!

നൈസർഗ്ഗികമായ വാസന കൊണ്ട് എന്ത് ചെയ്താലും കുരുത്തക്കേടിലവസാനിക്കണ ടൈപ്പ് സ്വഭാവാണെനിക്കെന്ന്  മനസിലാക്കി  ട്വന്റ്വി ഫോർ ബാർ സെവൻ  ഹൈ സ്പീഡ്  ആക്സസിന് വേണ്ടി കട്ടിളപ്പടീടെ മോളിൽ  അച്ഛൻ സെക്വർ ചെയ്ത് വച്ചിരുന്ന ചൂരലിന്റ ഓർമ്മ പോലും എന്നെ എക്സ്ട്രാ  ഡീസന്റാക്കിയ  പീരീഡ്!

അതിരാവിലെ ആറരക്കെഴുന്നേറ്റ്  ഫ്രഷായി ശാന്ത ഭാവത്തിൽ സൂചിയിൽ നൂൽ കോർത്തെടുക്കുന്ന ശ്രദ്ധയോടെ  ആൾടെ യൂണീഫോം അയേൺ ചെയ്യുന്ന രൂപത്തിൽ പ്രത്യക്ഷനാവുന്ന  അച്ഛൻ, പത്രം വായിക്കണ ടൈമിൽ എക്സ്പ്രഷൻ  തികഞ്ഞ പുച്ഛത്തിലേക്ക്  ട്രാൻസ്ഫോം ചെയ്ത്,  എട്ട്... എട്ട്  പത്ത് വരെ ആ സ്റ്റേറ്റിൽ തുടരുകയും,
തനിക്ക് ഓഫീസിൽ പോകാൻ ടൈം എക്സ്പയേഡാവാറായിരിക്കുണൂന്ന  ട്രിഗർ കിട്ടി  കത്തിച്ച് തറയിലിട്ട തലച്ചക്രത്തിനോട് കിട പിടിക്കണ  തരം ഹൈലി ഡൈനാമിക്ക് മോഡിലേക്ക് മാറുന്നതോടെ വീട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെടും.

അച്ഛന്റെ   ഷേവിങ്ങ്,  കുളി, ഡ്രസ്സിങ്ങ്,  മേക്കപ്പ്, ബ്രേക്ക് ഫാസ്റ്റ് തുടങ്ങിയ ആക്ടിവിറ്റികൾ നടക്കുന്ന, തന്റെ വിസിനിറ്റിയിൽ  വരുന്ന എന്തും  ഇടിച്ച്  നിരത്തണ ബുൾഡോസറായി  അച്ഛൻ  മാറണ,  ആ ഇരുപത് മിനിറ്റാണ് ക്രിറ്റിക്കൽ. 

മുക്കാലടി നീളോം അരയടി വീതീമുള്ള സിഗിംൾ സ്ട്രാപ്പുള്ള ബ്ലാക്ക് ഓഫീസ് ബാഗും, ബ്രേക്ക് ഫാസ്റ്റും,  ലഞ്ച് ബോക്സും, കർച്ചീഫും,  പൗഡറും, ചീപ്പും, കണ്ണാടിയും വരെ അവക്കായി ഡിമാർക്കേറ്റ് ചെയ്തിട്ടുള്ള ടേബിളിലെ ലൊക്കേഷനിൽ വച്ച് അമ്മ അടുക്കളയിലേക്ക് സ്കൂട്ടാവും, അനിയത്തീം ഞാനും  ഏതെങ്കിലും ബുക്കെടുത്ത്  താരതമ്യേന സുരക്ഷിതമായ  ഏതെങ്കിലും മൂലയിലേക്ക് മാറും. വെടിക്കെട്ട്കാരൻ വളർത്തണ മുയൽക്കുഞ്ഞിന്റെ മാനസികാവസ്ഥയായിരുന്നെനിക്കപ്പോഴൊക്കെ.

ഏതെങ്കിലും സാധനം മാർക്ക്ഡ്  ലൊക്കേഷനിലില്ലെങ്കിൽ സ്പോട്ടിൽ  അച്ഛൻ സിംഹമാവും. ഉറുമി വീശി അങ്കച്ചേകവരായി പകർന്നാടുമച്ചൻ, അടുത്ത് ചെന്നാൽ മതി ചോര പൊടിയാൻ.  കർച്ചീഫെവിടെന്നോ    ചീപ്പെവിടെന്നോ കണ്ണാടിയെവിടെന്നോയലറും. അത് കണ്ട്പിടിച്ചെത്തിച്ച് കൊടുക്കേണ്ടത് അമ്മയോ ഞാനോ അനിയത്തിയോ ആണ്. ഇടത് മാറി വലതൊഴിഞ്ഞ്   അമ്മ സാധനം ലൊക്കേഷനിലെത്തിക്കും.  ലിമിറ്റഡ് വെർബൽ കമ്മ്യൂണിക്കേഷനുള്ള വാർ സോണാണത്. ആ സമയത്ത് അച്ഛനോട്   മിണ്ടിയാലോ ആൾടെ  ദേഹത്ത് അറിയാതെ മുട്ടിയാലോ തീർന്നൂന്ന് കരുതിയാ മതി. 

അച്ഛനിറങ്ങുന്നതോടെ അതുവരെ ഇടിവെട്ടിയാർത്തലച്ച് പെയ്ത  പേമാരി പിടിച്ച് കെട്ടിയ പോലെ  നിൽക്കും. അതിന് പിന്നാലെ ഞാനും അനിയത്തിയും സ്കൂളുകളിലേക്ക് പോകും.

ആ സാറ്റർഡേ രാവിലെ  എന്തോ കാരണം കൊണ്ട് വൈകിയച്ഛനിറങ്ങിയിതിന് പുറകെ  കളിക്കാനിറങ്ങാൻ തുടങ്ങിയ എന്നോടമ്മയാണത് പറഞ്ഞത്.
"അച്ഛൻ ലഞ്ച് ബോക്സ് മറന്നൂടാ..  .... നീയിതൊന്ന് ഓഫീസീ കൊണ്ട് കൊടുക്കോ " ന്ന്.

സംഗതി ഭീകരമാണ്.  ബാഗിലെടുത്ത്  വക്കാൻ മറന്നതച്ഛനാണെങ്കിലും വൈകീട്ട് ചീത്ത മുഴുവൻ അമ്മക്കായിരിക്കും. അക്കാലത്ത്   വീടല്ലാതെ  അച്ഛനുമായി കൂട്ടിമുട്ടാൻ ഇടയുള്ള  സ്ഥലങ്ങൾ ഞാനൊഴിവാക്കാറാണ് പതിവ്, ആ വിശത്തിലധികം വീട്ടീന്ന് കിട്ടോലോ, പിന്നെന്തിന് പുറത്ത് പോയി വാങ്ങിക്കണം.

എങ്കിലുമമ്മയുടെ അവസ്ഥയോർത്ത് പോയേക്കാമെന്ന് തീരുമാനിച്ച് ലഞ്ച് ബോക്സുമെടുത്ത് അഞ്ചെട്ട് കിലോമീറ്റർ  സെക്കിൾ ചവിട്ടി അച്ഛന്റെ ഓഫീസിലേക്ക് ചെന്നു.

അച്ഛനേറ്റവുമകത്താണ് പുറത്ത് കണ്ട ആൾടെ കൊളീഗിനോട് " ദേ ഇതൊന്നച്ചന് കൊടുക്കോ... എടുക്കാൻ മറന്നതാ '' ന്ന് പറഞ്ഞ് ലഞ്ച് ബോക്സ് പാസ് ചെയ്തു.

"ദേ മാഷെ, നിങ്ങടെ ചെക്കൻ ലഞ്ച് ബോക്സും കൊണ്ടു വന്നിരിക്കുണൂ" ന്നാള്  അകത്തേക്ക് വിളിച്ച് പറഞ്ഞു.

വൈകീട്ട് അമ്മക്ക് കിട്ടാനുള്ളതിന്റെ സാമ്പിൾ വെടിക്കെട്ട് എനിക്ക് പബ്ലിക്കായി കിട്ടാനുള്ള സാധ്യത യോർത്ത് ഞാൻ ആളോട്  "വിളിക്കണമെന്നില്ല.... ഞാനിറങ്ങാണ്... ഇതങ്ങട് കൊടുത്താ മതീ " ന്ന് പറഞ്ഞ് ചാടിയിറങ്ങി.

സെക്ലീക്കേറി സീറ്റിങ്ങായപ്പോഴാണ് "ടാ .. " ന്നൊരു ഹൈ ബാസിലുള്ള  വിളി കേട്ട്  ഞാൻ തിരിഞ്ഞ് നോക്കീത്. 

അതെ അച്ഛനാണത്..." ഇതങ്ങട് കൊണ്ടൊയ്ക്കോ" ന്ന് പറഞ്ഞ് തികഞ്ഞ ഗൗരവത്തിൽ ആള്  വച്ച്  നീട്ടണത് വീട്ടിലെ ക്യുട്ടിക്ക്യൂറേടെ ഒരടിയോളം  ഹൈറ്റുള്ള ഓറഞ്ചും വൈറ്റും പെയ്ന്റെടിച്ച  ടാൽക്കം പൗഡർ ടിന്നാണ്!
അപ്പോ ലഞ്ച് ബോക്സ് മറന്നതല്ല ! 
പകരം ബാഗിൽ പൗഡർ ടിന്നെടുത്ത് വച്ച് കൊണ്ടു പോന്നതാണ് !

പൗഡർ ടിൻ വാങ്ങി കരിയറിൽ വക്കുമ്പോൾ
"... ന്നാലും ആ ചെറ്യേ ബാഗിൽ ഇതെങ്ങിനെ കുത്തിക്കയറ്റിയച്ഛാ" യെന്ന ചോദ്യം മനസിൽ തികട്ടി തികട്ടി  വന്നെങ്കിലും  അച്ഛനെന്നോടുള്ള ഇരുപ്പു വശമോർത്ത്  ഞാനത്  ചോദിക്കാൻ നിന്നില്ല. നെസസിറ്റി ഈസ് ദ മദർ ഓഫ് ഇൻവെൻഷന്നാണല്ലോ, ആവീശോണ്ടേലെന്താ നടക്കാത്തത് !

Thursday, October 24, 2019

ജെല്ലിക്കെട്ട്

"എക്സ്പിരിമെന്റ്സില്ലാത്ത ജീവിതം പ്ലെയിൻ റോസ്റ്റ് പോലെ ശൂന്യവും വ്യർത്ഥവുമാണെത്രെ!"   :- അനോണി.

കഥയുടെ ഫ്ലാഷ് ബാക്ക് നടക്കുന്നത് അച്ഛന്റെയും അമ്മയുടെയും കല്യാണത്തിന്റെ ഫീസിബിലിറ്റി ഡിസ്കഷന്റെ ഭാഗമായി അമ്മയുടെ വീട്ടീന്ന് ഡിയർ ആന്റ് നിയർ ടീംസ്  അച്ഛന്റെ വീട്ടിൽ വിസിറ്റ് വന്ന ഒരു സൺഡേ ഈവനിങ്ങിലായിരുന്നു. 

വന്നവർ ചായേം അച്ചപ്പോം കുഴലപ്പോം മിക്സ്ച്ചറും മാറി മാറിയടിക്കണതിനിടേലാണ് മൂന്ന് മാമൻമാരുള്ളതിൽ നടുക്കണ്ടമായ, മൊട്ടു സൂചിയെക്കുറിച്ചായാലും ആറ്റംമ്പോമ്പിനെക്കുറിച്ചായാലും ആധികാരികതയോടെയല്ലാതെ സംസാരിക്കാനറിയാത്ത പൊന്നിൻ കുടം, നടു-മാമൻ തന്റെ മങ്കി ക്യാപ്പിട്ട ഹെഡ് ലൈറ്റുള്ള  ഹെർക്കുലീസ് സെക്കിളിൽ  വന്നിറങ്ങിയത്.

"....യ്യോ...ഞാനിച്ചിരി ലേറ്റായിട്ടാ... കറവയൊക്കെക്കഴിഞ്ഞ് പശൂനേം പോത്തിനേം എരുമേനെമൊക്കെ കെട്ടി പിടിച്ച് വന്നപ്പോ സമയം പോയതറിഞ്ഞില്ല "ന്നും പറഞ്ഞ് പ്രോഗ്രാമിന്റെ ഭാഗമായി  കണ്ടങ്ങത്ത് സ്റ്റീൽസീന്ന് വാടകക്കെടുത്ത നീല പെയ്ന്റന്റടിച്ച സ്റ്റീലിന്റെ കസേര വലിച്ചിട്ട് ഡിസ്ക്കഷനിൽ ജോയിൻ ചെയ്തു.

സംഗതി സെറ്റാവാണെങ്കിൽ തന്റെ ഫ്യൂച്ചർ ബ്രദർ ഇൻ ലോകളിൽ നടുക്കണ്ടമാവേണ്ട ഓസം-മാൻ പശൂനേം പോത്തിനെയുമൊക്കെ കെട്ടിപ്പിടിക്കാറുണ്ടെന്ന് കേട്ട് അച്ഛന് സംതിങ്ങ് ഫിഷി ന്ന് ഫീൽ ചെയ്തോണ്ട്  തന്റെ കസേര നടു -മാമനോട് ചേർത്തിട്ട്  ഡൗട്ട് ഇപ്പോത്തന്നെ ക്ലിയർ ചെയ്ത് പോണതാണ് നല്ലതെന്നോർത്ത്, ശംബ്ദം താഴ്ത്തി..

 " .... ഹല്ലാ.... ഈ പോത്തിനെയൊക്കെ ഹഗ് ചെയ്യുമ്പോ കൊമ്പ്കൾ വന്ന്  നെഞ്ചത്ത്  തട്ടൂലേ.... "

ന്നോ മറ്റോ ആള് രഹസ്യായിട്ട് ചോദിച്ചപ്പോ 'മലയാളം ഫ്രെയ്സസ് ഫോർ ഡെയ്ലി യൂസേജ് ' നെക്കുറിച്ച് യാതൊരെയ്ഡിയേല്ലാത്തവനാണല്ലോ  തന്റെ  ഫ്യൂച്ചർ ബ്രോ-ഇൻ-ലോ എന്ന ലൈനിൽ  ഇൻ ഹരിഹർ നഗറിൽ സിദ്ധീക്ക് ജഗദീഷിനെ നോക്കിയ  അയ്യേ  ടൈപ്പ്   നോട്ടം നോക്കിയത്രേ നടു-മാമൻ അച്ഛനെ.

        *             *              *

കഥ തുടങ്ങുന്നത് ഞാൻ  കയ്പമംഗലം വിജയഭാരതീലെ  നാലാം ക്ലാസീന്ന് പ്രൊമോഷൻ കിട്ടി പെരിഞ്ഞനം ഗവൺമെന്റ് യുപിയിൽ അഞ്ചാം ക്ലാസിൽ  അഡ്മിഷനെടുത്ത സമ്മർ വെക്കേഷനിലെ ഒരു സണ്ണി സൺഡേ മോണിങ്ങിലാണ്....
സ്ഥലം അമ്മേടെ വീട്.

വിറകുപുരേടെ സൈഡിൽ പിള്ളേർക്ക് കുളിക്കാനായി മാത്രം നാലഞ്ചിഷ്ടിക വിരിച്ചുണ്ടാക്കിയ ഓപ്പൺ ബാത്ത് ഫെസിലിറ്റിയിൽ എണ്ണ തേപ്പിച്ചിഞ്ചയിട്ടുരച്ച് കുളിപ്പിച്ച് തുവർത്തി അതേ ഈരിഴത്തോർത്തുടുപ്പിച്ച്  "പോയി ട്രൗസെറുടുത്തിടടാ "  ന്ന് പറഞ്ഞ്
അടുക്കള വാതിൽ വഴി വീട്ടിനകത്തേക്ക് കയറ്റി വിട്ട മൊമന്റിലായിരുന്നാ ട്വിസ്റ്റ്.

ജനിച്ചിട്ട് അന്നേക്ക് മൂന്ന് മാസം തികഞ്ഞ പോത്തുകുട്ടി... അതെ,  നടു-മാമൻ ഡെയ്ലി ഹഗ് ചെയ്യാറുണ്ടെന്ന് ഒരിക്കൽ അച്ഛൻ മിസ്സണ്ടർസ്റ്റാന്റ് ചെയ്ത പോത്തച്ചന്റെ കന്നി ഓഫ് സ്പ്രിങ്ങ്, പുഴക്കപ്പുറം പോട്ടപ്പുല്ല് പടർന്നു കിടക്കണ തുരുത്തിലേക്ക്  റുട്ടീൻ റൗണ്ട്സിന് പോകാൻ റെഡിയായി പാരൻസിനെ അപ്പാപ്പൻ തൊഴുത്തീന്ന് റിലീസ് ചെയ്യുന്നതും വെയ്റ്റ് ചെയ്ത്  അടുക്കള ഭാഗത്തെ കൊന്നത്തെങ്ങിൽ പുറമുരച്ച് നിൽക്കുന്നു.

എക്സ്പിരിമെന്റ്സില്ലാത്ത ജീവിതം പ്ലെയിൻ റോസ്റ്റ് പോലെ ശൂന്യവും വ്യർത്ഥവുമാണെത്രെ  എന്നാരോ എന്റെയുള്ളിലിരുന്ന് പറയുന്നത് ഞാൻ വ്യക്തമായും കേട്ടു.

" ഹാറ്റും കോട്ടുമിട്ട് എരിയുന്ന പൈപ്പ്  കടിച്ച് പിടിച്ച്   കുതിരപ്പുറത്ത് കയറി ലക്ഷ്യമില്ലാതെ പാഞ്ഞ് പോകണ ഒരു കൗബോയാകണമെന്നുള്ള ആഗ്രഹത്തിന്റെ പ്രൂഫ് ഓഫ് കൺസെപ്റ്റ് ഇംപ്ലിമെന്റ് ചെയ്യാനുള്ള അസുലഭാവസരം ദേ ദൈവായിട്ട് നിന്റെ മുന്നീക്കൊണ്ട് വച്ചിരിക്കുന്നു.... ജമ്പിൻ !"  എന്നാരോ ആജ്ഞാപിക്കുന്നത് പോലെ.

വെരി നെക്സ്റ്റ് മൊമന്റ് കൊന്നത്തെങ്ങ് വഴി വലിഞ്ഞ് കയറി ഞാൻ ജൂനിയർ പോത്തച്ചന്റെ പുറത്തെത്തി. ( ടേക് യുവർ ടൈം ടു ഡിസൈഡ്  ബട്ട് ഡോണ്ട് വെയ്റ്റ് ഫോർ ഇംപ്ലിമെന്റേഷൻ എന്നാണല്ലോ.)

ഹോഴ്സ് റൈഡ് സിനിമേൽ കണ്ടിട്ടുണ്ടെന്നല്ലാതെ അതിന്റെ  പ്രാക്ടിക്കൽ ആസ്പെക്ട്സിനെക്കുറിച്ച് എനിക്ക് യാതൊരു ഐഡിയേമില്ലന്നറിഞ്ഞ നിമിഷായിരുന്നത്. ബിഫോർ യു ജമ്പ് ഇൻ ടു എനിത്തിങ്ങ്... ഹാവ് എ കംപ്ലീറ്റ് പ്ലാൻ വിത്ത് റിസ്ക് മിറ്റി ഗേഷൻ എന്നൊക്കെ പിൽക്കാലത്ത് പലരേയും പലവട്ടം ഉപദേശിക്കാൻ ഉപയോഗിച്ച പാഠം അനുഭവിച്ചറിഞ്ഞ മാജിക് മൊമന്റ്!

പ്രധാന ത്രെട്ട് കൗബോയ്സ് കുതിരയെ നിയന്ത്രിക്കാനുപയോഗിക്കണ മൂക്ക് കയർ ജൂനിയർ പോത്തച്ചനില്ലായിരുന്നു എന്നതായിരുന്നു. എങ്കിലും കാലുകൊണ്ട് ജസ്റ്റൊന്ന് തട്ടിയപ്പോൾ ജൂനിയർ പോത്തച്ചൻ പതുക്കെ മുൻപോട്ട് നടന്നു തുടങ്ങി.

അടുക്കള റൗണ്ട് ചെയ്ത് മുൻ വശത്തെത്തിയപ്പോൾ ഞാൻ ജൂ.പോത്തച്ചന്റെ കഴുത്തിൽ  മണി കെട്ടിയിട്ട വട്ടക്കയറിൽ  പിടിച്ചൊന്നു വലിച്ചു നോക്കി.

"യെസ് ! " പോത്തച്ചൻ പതുക്കെ മുന്നോട്ടോടാൻ തുടങ്ങി.... ഞാൻ ച്ചിരി ആക്സിലേറ്റർ കൊടുത്തേക്കാമെന്നോർത്ത് വലത് കാൽ കൊണ്ട് പോത്തച്ചന്റെ  വലത്തേ മുൻകാലിൽ മെൽഡായിട്ടൊന്ന് തട്ടി. അതേ ഓർമ്മേള്ളൂ.... പിന്നെന്തൊക്കെ ചെയ്തൂന്നൊരു പീടീംല്ല,  അജ്ജാതി ഓട്ടായിരുന്നു ജൂ.പോത്തച്ചൻ!

മുന്നോട്ടോടുമ്പോൾ പെട്ടന്ന് നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇടത്തോട്ടോടേം വിത്തിൻ സെക്കന്റ്സ്  വലത്തേക്ക് വെട്ടിത്തിരിഞ്ഞ് വലത്തോട്ടോടേം ചെയ്യണ തരം സിമ്പിൾ മാനുവറിങ്ങ് വിട്ട് ടു-വീലർ ഡ്രെവിങ്ങ് ടെസ്റ്റിന് വേണ്ടി  എട്ടെടുക്കണ തരം കോംപ്ലക്സ് മോഡിലേക്ക് ജൂ.പോത്തച്ചൻ  മാറ്യേതോടെ എന്റെ സ്റ്റബിലിറ്റി എക്സ്പൊണൻഷ്യൽ റേറ്റിൽ  ഡീഗ്രേഡ് ചെയ്തു അണ്ടർ ക്വസ്റ്റ്യൻ മോഡിലായി. ഉടുത്തിരുന്ന സിഗിൾ പീസിനൊരു വിഭാഗീയ പ്രവണത ഫീൽ ചെയ്തോണ്ട് ഒച്ചയിട്ട് ആളെക്കൂട്ടാൻ മനസനുവദിച്ചില്ല.

ത്രെട്ട് ഫീൽ ചെയ്ത സ്പോട്ടിൽ ഞാൻ മുന്നോട്ടാഞ്ഞ് പോത്തച്ചന്റെ കഴുത്തിലൂടെ കൈ രണ്ടും ചുറ്റി വട്ടം കെട്ടിപ്പിടിച്ച് ചേർന്ന് കിടന്നു !!

ആ സ്പ്ലിറ്റോഫേ സെക്കന്റിൽ താഴെപ്പറയുന്ന രണ്ട് കാര്യങ്ങൾ ഒരേ സമയത്തു സംഭവിച്ചു.

1. അലിഗേഷൻ  വന്നത്  നടു-മാമന്റെ  പേരിലായിരുന്നെങ്കിലും,  അമ്മേടേം അച്ഛന്റേം    തറവാടുകളിലാദ്യമായി തികഞ്ഞ ആത്മാർത്ഥതയോടെ ഒരു പോത്തിനെ ഹഗ് ചെയ്ത ആൾ എന്ന ക്രെഡിറ്റ് എന്റെ പേരിൽ രേഖപ്പെടുത്തപ്പെട്ടു.

2. പോത്തിനെ ഹഗ് ചെയ്യുമ്പോൾ കൊമ്പ്കൾ നെഞ്ചത്ത് കൊള്ളുമോ എന്ന അച്ഛന്റെ ചിരപുരാതന സംശയത്തിന് എനിക്കുത്തരം കിട്ടി - നിങ്ങളുടെ തല അവക്കിടയിലാണെങ്കിൽ കൊമ്പ് കൾ ഒരിക്കലും നിങ്ങടെ നെഞ്ചത്ത്  കൊള്ളുകയേയില്ല! 

ആ കിടന്ന കിടപ്പിൽ  ഒരു പാടാലോചിക്കാനൊന്നും ടൈം കിട്ടിയില്ല,  ദി വെരി നെക്സ്റ്റ് മൊമന്റ് ജൂ.പോത്തച്ചൻ  തോടിനരികിലൂടെ പുഴ ഡെസ്റ്റിനേഷൻ സെറ്റ് ചെയ്ത്  ഓട്ടം തുടങ്ങി.

ദൈവമേ എനിക്ക്  സ്വിമ്മിങ്ങറിയൂലല്ലോന്നൊരു സ്പാർക്ക് കിട്ടിയതിനൊപ്പം തലേന്ന് പുഴക്കപ്പുറം പോയി പുല്ല്  തീറ്റ കഴിഞ്ഞ ജൂ.പോത്തച്ചൻ  മൃഗയയിൽ മമ്മൂട്ടി നീന്തി വരണ പോലെ നീന്തിക്കേറി വന്ന  സീൻ കണ്ടതൂടെ ഓർമ്മ വന്നതോടെ സംഗതി കയോസാണെന്ന് സ്പോട്ടിൽ തിരിച്ചറിഞ്ഞ് ഞാൻ ഫൈറ്റർ  പെലറ്റുമാരെപ്പോലെ ആട്ടോ ഇജക്ഷൻ എക്സിക്യൂട്ട് ചെയ്ത് നേരെ തോട്ടിൽ ലാന്റ് ചെയ്തു ! 

വെള്ളത്തേക്കാൾ കൂടുതൽ ചളിയുണ്ടായിരുന്നത് കൊണ്ട് കളിമണ്ണ് ചികിൽസ കഴിഞ്ഞ് സ്റ്റീ ബാത്തിന് പോണ ആളെപ്പോലെയായിരുന്നു ഒരു നിലക്ക് വലിഞ്ഞ് കരക്ക് കയറിയ ഞാൻ വീട്ടിൽ നടന്നെത്തിയത്.

"പ്പങ്കട് കുളിപ്പിച്ച് വിട്ടൊള്ളൊല്ലോടാ ..... ന്തൂട്ട് കളിയായിരുന്നൂടാവടെ? " ന്നും ചോദിച്ചുണക്കാനിട്ടതിൽ നിന്നും കൈപ്പാങ്ങിന് കിട്ടിയ ഒരോല മടലെടുത്ത് വീശി വന്ന അമ്മയോട് ഞാൻ മന്വന്തരങ്ങളായുള്ള നിരന്തര തപസിലൂടെ ആത്മസംയമനം കൈവന്ന ഋഷി വര്യനെപ്പോലെ  പ്രതിവചിച്ചു...

"ഒരു ജല്ലിക്കെട്ടുണ്ടായിരുന്നമ്മേ! "

#ജെല്ലിക്കെട്ട് #ജല്ലിക്കട്ട്  #jellikkettu

Friday, August 16, 2019

കുറ്റബോധം


ഞാൻ വിജയഭാരതി എൽപീല് പഠിക്ക്യണ സീസണിൽ  ലാലു ചേട്ടൻ  ആ പ്രദേശത്തെ നമ്പർ  വൺ ടെററായിരുന്നു!

സർഗ്ഗത്തിലെ മനോജ് കെ ജയന്റെ ടൈപ്പ് നോട്ടോം, അർനോൾഡ് ഷ്വാസ്നേഗർ ടൈപ്പ് ബോഡിഷേപ്പും,   മുട്ടാൻഡ്രാ ന്നുള്ള ആറ്റിറ്റ്യൂഡും, മഹാഭാരതം സീരിയലിലെ അശരീടെ ടൈപ്പ് ഇടിവെട്ട് വോയ്സും  കൂടിച്ചേർന്ന ഒരു ലെതൽ കോമ്പിനേഷനായിരുന്നു ആളെന്നുള്ളോണ്ട് ന്നെ  ആൾടെ ഏരിയാ ഓഫ്‌ കവറേജിനകത്ത് ചെന്ന് പെടേണ്ടി വന്നപ്പോഴൊക്കെ വല്ലാത്ത വീർപ്പുമുട്ടലായിരുന്നു എനിക്ക്.

ആളെ ഇൻറ്റിമേറ്റ് ചെയ്യുംന്നാരെങ്കിലും സൂചിപ്പിച്ചാ മതി... ചെയ്തോണ്ടിരിക്ക്യണ കുരുത്തക്കേട് സ്പോട്ടിലാ നിർത്തി "കൈകഴുകിത്തൊടണീ ക്ടാവിനെ.... എന്തൂട്ടാ അനുസരണേം അച്ചടക്കോം.... "   എന്ന് കടുത്ത ശത്രുക്കളെക്കൊണ്ട് പോലും പറയിക്കണ മോഡിലേക്ക് ഞാൻ മാറാൻ.

പൊതുവിൽ ടെററായിരുന്നെങ്കിലും ഫുഡടീം ഉറക്കോം മാത്രം ഹോബീസായിട്ടുണ്ടായിരുന്ന ആൾടെ സമപ്രായക്കാർക്ക് ആളൊരു മാതൃകാപുരോഷോത്തമനായിരുന്നത് അക്കാലത്ത് അവർക്കൊന്നുമിൻട്രസ്റ്റില്ലാതിരുന്ന പല മേഖലകളിലും ആൾക്കുണ്ടായിരുന്ന ക്യൂരിയോസിറ്റിയും  ഇൻട്രസ്റ്റും എക്സ്പർട്ടൈസുമൊക്കെ കൊണ്ടായിരുന്നു, അതിപ്പോ ഇലക്ട്രോണിക് റിപ്പയറിങ്ങായാലും,  ബോഡി ബിൽഡിങ്ങായാലും മാർഷ്യൽ ആർട്സായാലും അതല്ല ഇനി  വെസ്റ്റേൺ മ്യൂസിക്കാണെങ്കിൽപ്പോലും ! 

പീയർ ഗ്രൂപ്പ് കലുങ്കിലിരുന്നു നാടൻ ഐശ്വര്യാറായിമാരെ കമന്റടിച്ചും,  പാടത്തിരുന്ന് ചീട്ടുകളിച്ചും, ഒളിച്ചിരുന്നു ബീഡി വലിച്ചും ടൈം സ്പെൻഡ് ചെയ്തിരുന്നപ്പോൾ ആള്  സോൾഡറിങ്ങ് അയേൺ കൊണ്ട് ലെഡുരുക്കിയൊഴിച്ച് കേടായ റേഡിയോകളും ടേപ്പ് റെക്കോർഡറുകളും റിപ്പയർ ചെയ്തെടുത്തു, സ്വന്തമായി മൂന്നൂറ് വാട്ട്സിന്റെ ആപ്ളിഫെയർ നിർമ്മിച്ചു, മാപ്രാണത്ത്ന്ന് രണ്ട് മൺകലം വാങ്ങി സെക്കിളിന്റെ കരിയറിൽ വച്ച് കെട്ടിക്കൊണ്ട് വന്ന് അതിൽ എട്ടിഞ്ചിന്റെ സ്പീക്കറ് ഫിറ്റ് ചെയ്ത് അന്നേ വരെ ആ ഏരിയേലില്ലാത്ത ടൈപ്പ് സൗണ്ട് സിസ്റ്റം നിർമ്മിച്ചു, അതിൽ  മാക്സിമം വോള്യത്തിൽ ബോണീയെമ്മും ബീറ്റിൽസും വച്ച് നാട്ടുകാരെക്കൊണ്ട് "എട്ടാം ക്ലാസീ തോറ്റ് നിർത്ത്യലെന്താ എന്തൂട്ടാവന്റെ ഇംഗ്ലീഷിലുള്ള പിടിപാട് "എന്ന് രഹസ്യമായി പറയിച്ചു. (സത്യത്തിൽ അതിന്റെയൊന്നും ബീറ്റൊഴിച്ച് മറ്റൊന്നും ആളുൾപ്പെടെ ആർക്കും മനസിലായിരുന്നില്ലെങ്കിലും.) വീടിന്റെ പിന്നാമ്പുറത്തെ കവുങ്ങുകൾക്കിടക്ക് മുള വച്ച് കെട്ടി പുളളപ്പ് ബാറുണ്ടാക്കി, ഫാരക്സിന്റ  ടിന്നുകളിൽ കോൺക്രീറ്റ് നിറച്ച് മുക്കാലിഞ്ചിന്റെ ഒരടി നീളമുള്ള ജി ഐ പെപ്പിട്ട് കണക്റ്റ് ചെയ്ത് ഇൻഡിജീനസ് ഡമ്പൽസുണ്ടാക്കി, ഇതൊക്കെ വച്ച് ശരീരത്തിലുടനീളം വിവിധയിനം മസിൽസ് വികസിപ്പിച്ചെടുത്തു, ചെന്താപ്പിന്നി ശ്രീ മുരുകനീന്ന് ബ്രൂസ്ലീടെ ഏതോ പടം കണ്ടിറങ്ങിയേന്റെ പിറ്റേന്ന് തൃശൂര് പോയി നെഞ്ചക്  വാങ്ങിക്കൊണ്ട് വന്ന് ഡെയ്ലി രണ്ടു നേരം പ്രാക്ടീസ് ചെയ്ത് വിജയ ഭാരതീൽ കാരാട്ടേടെ ഈവനിങ് ക്ലാസു നടത്തീരുന്ന കാരാഞ്ചിറക്കാരൻ കരാട്ടേ മാഷെക്കൊണ്ട് പോലും " ഇതിപ്പോ ഇവിടെ ആയോണ്ടാ... ചൈനേലെങ്ങാനുമാരുന്നേൽ ജാക്കിച്ചാന്റെ കണ്ണിലൊന്ന്
പെട്ട് കിട്ട്യാമതി... കൊത്തിക്കൊണ്ട് പോവൂലേ " ന്ന് അത്ഭുതം കൂറിച്ചു.   

ഒരറ്റത്ത് ഭയം നിറഞ്ഞ ആരാധനയുണ്ടായിരുന്നേലും  " കാട്ട് പോത്തിന്റെ സ്വഭാവണ് അടുപ്പിക്കാമ്പറ്റൂല... വെട്ടൊന്ന് മുറി രണ്ടെന്ന ടൈപ്പാ... വീട്ട് കാരോട് പോലും മൊരട് പെരുമാറ്റാ" ന്നൊരു സെക്കൻ ഡൊപ്പീനിയനുണ്ടായിരുന്നു ആളെക്കുറിച്ച് നാട്ടിൽ പൊതുവേ.

ഒരു ശനിയാഴ്ച്ച കാലത്തേ
വീട്ടിൽ വന്ന ഭിക്ഷക്കാരന് പത്തിന്റെ നോട്ടെടുത്ത് കൊടുക്കേം ആദ്യായിട്ട് പത്തു രൂപ ഭിക്ഷ കിട്ടിയ സന്തോഷത്തിൽ നന്ദിപൂർവ്വം ചിരിച്ച് കാണിച്ച  ഭിക്ഷക്കാരനോട്  "ന്തൂട്ടിനാടാ ഡാ ഡാഷേ  നിന്ന്  കിളിക്ക്യണേ ഓട്ര @#p& " ന്ന് പറഞ്ഞ് നെഞ്ചക്കെടുത്ത് വീശി യാത്രയാക്കേം ചെയ്ത തരം,  ആർക്കും ഒരു പിടീം തരാത്ത, ഒരു ഡ്യുവൽ പേഴ്സണാലിറ്റി, അതായിരുന്നു ആൾടെ യു.എസ്.പി !

അക്കാലത്തൊക്കെ വിജയ ഭാരതീടെ പുറകിലെ പാടത്ത് കൊക്കിറങ്ങാറുണ്ടായിരുന്നു. അതിനെയൊക്കെ പിടിച്ച് പൊരിച്ച് ഡെയ്ലി ലഞ്ചിനൊപ്പമടിക്കണമെന്ന ആഗ്രഹാണോ, ഫയറിങ്ങ് സ്വന്തം സ്കിൽസെറ്റിലില്ലാതെ പോയതിന്റെ കോംപ്ലക്സാണോ ലീഡ് ചെയ്തേന്നറിയില്ല, ഒരീസം എർണാകുളത്ത് പോയി വന്ന ആൾടെ കൈയ്യിൽ ഒന്നാം തരം ഒരെയർ ഗണ്ണുണ്ടായിരുന്നു. പൊന്നിൻ കുടം പൊട്ടും കൂടെ തൊട്ട് വന്ന ഗറ്റപ്പ്!

കൊക്കിനെ പിടിക്കാൻ ട്രെഡീഷണൽ മെത്തേഡ്സില്ലാണ്ടല്ല, വീരൻമാർക്ക് വെടിയിറച്ചിയാണ് ശീലമെന്നായിരുന്നു ആൾടെ നിലപാട്.  മദാലസകളും മന്ദഗാമിനികളുമായിരുന്ന  കൊക്കുകളായിരുന്നു ഫൈനൽ ഡെസ്റ്റിനേഷനെങ്കിലും പ്രാക്ടീസ് അജിലിറ്റി യിലും ഫ്ലക്സിബിലിറ്റീലും ഒബ്സർവേഷൻ സ്കില്ലിലും റിമാർക്കബിൾ എഡ്ജുള്ള  കാക്കകളിൽ മതിയെന്ന് ആള് തീരുമാനിച്ചത് " ഈഫ് യുവർ പ്രാക്ടീസ് ഈസ് ഓൺ ടഫ് ഗ്രൗണ്ട്സ്, ദെൻ  വാർഫ്രന്റ് ഈസ് യുവർ പ്ലേ ഗ്രൗണ്ട് " ന്ന കാര്യത്തിൽ ഇന്ത്യനാർമ്മിക്കും ആൾക്കും ഒരേ ഒപ്പീനിയനായത് കൊണ്ടാണ്.

തോക്ക് വന്നേന്റെ പിറ്റേന്ന് ലഞ്ച് കഴിഞ്ഞ് പ്ലേറ്റിൽ ബാക്കി വച്ച ചോറ് ആള് മുറ്റത്ത് വാരിയെറിഞ്ഞു. ഗണ്ണ്ന്റേം പ്രാക്ടീസിന്റേം കാര്യമറിയാതെ മൂന്നാല് കാക്കകൾ ഓൺ ദ സ്പോട്ട് പറന്നിറങ്ങി. വീടിനകത്ത് ശ്വാസമടക്കി ലാലു ചേട്ടൻ ഗൺ ലോഡ് ചെയ്ത് എയിം ചെയ്തു!

ട്യൂഷ്ഷ് !!

ഹെന്ത് വെടിയുണ്ടയാണല്ലോ വരുന്നെതെന്നും പറഞ്ഞ് കാക്കകൾ എല്ലാം പറന്ന് പഞ്ഞി മരത്തേലിരുന്നു!

ഭീതിയുടെ നിമിഷങ്ങൾ ഈഴഞ്ഞ് നീങ്ങി!!

കുറച്ച് കഴിഞ്ഞ് സീൻ ഓക്കെയാണല്ലോ ഇനി കുഴപ്പോണ്ടാവില്ലാന്നോർത്ത് കാക്ക കളിൽ രണ്ടെണ്ണം താഴേക്ക് പറന്നിറങ്ങി !

ട്യൂഷ് !!

ജസ്റ്റ് മിസ്ഡ്! കാക്കകൾ പറന്നു മരത്തേലിരുന്നു. റിസ്കെടുക്കേണ്ടെന്നോർത്താവണം നേരത്തേ മരത്തേലുണ്ടായിരുന്നൊരെണ്ണം സ്കൂട്ട് ചെയ്തു കിഴക്കോട്ട് പറന്നു.
ബാക്കിയുള്ളവ നിലത്തിറങ്ങാനുള്ള ഗ്യാപ്പിനായി വെയ്റ്റ് ചെയ്തു!

അതിനെടക്കാണ് താഴേക്ക് എയിം ചെയ്തോണ്ടിരുന്ന ഒരു കാക്കേടെ വലത് ഭാഗത്തുണ്ടായിരുന്ന ഉണങ്ങി നിന്നിരുന്ന പഞ്ഞിക്കായിൽ വെടികൊണ്ടത്! പഞ്ഞിക്കായ പിളർന്നു പഞ്ഞി കാറ്റിൽ പറന്നിറങ്ങി. അരമതിലിനപ്പുറം കമിഴ്ന്ന് ഫയറിങ്ങ് പോസ്ച്ചറിൽ കിടക്കണ ലാലു ചേട്ടനെ പറന്നൊഴിയണേന്റി ടയിലും കാക്കകൾ കണ്ടു കാണണം, പിറ്റേന്ന് വറ്റെറിഞ്ഞ് ആളകത്തു പോയിട്ടും ഒരൊറ്റ കാക്കയും നിലത്തിറങ്ങീല! അത് കൊണ്ടു മരത്തേലുണങ്ങി നിന്നിരുന്ന പഞ്ഞിക്കായ ക ളെയും മുറ്റത്ത് സ്റ്റൂളിൽ നിവർത്തി വച്ച പഴേ പൗഡർ ടിന്നിനെയുമൊക്കെ എയിം ചെയ്തായിരുന്നു ആൾടെ പിന്നീടുള്ള ഡെയ്ലി പ്രാക്ടീസ്! 

പ്രാക്ടീസോട് പ്രാക്ടീസായിരുന്നെങ്കിലും ഒരിക്കൽ പോലും ആള് എയിം ചെയ്ത ഏരിയേലൊരിക്കലും ഉണ്ട കൊണ്ടില്ല! തോറ്റോടുന്നവൻ  ഓടിക്കൊണ്ടേരിക്കും നിന്ന് ഫൈറ്റ് ചെയ്യണോനെ വിജയിച്ചിട്ടുള്ളൂന്നറിയണ ലാലു ചേട്ടൻ തളർന്നില്ല. രണ്ടു നേരമുണ്ടായിരുന്ന പ്രാക്ടീസ് മൂന്ന് നേരമാക്കി. 

ഡെയ്ലിയുളള ഏർപ്പാടായോണ്ടും സ്ഥിരായിട്ട് ഫ്ലോപ്പാവണോണ്ടും ആദ്യമൊക്കെ ദൂരെ നിന്നാണെങ്കിലും ഡെയിലി ഓൺ ടൈം പ്രസന്റായിരുന്ന ഞാനടക്കമുള്ള ഓഡിയൻസ് ആ കേസ് വിട്ടു!

ഒരൂസം ഉച്ചക്ക് ഉണ്ടോണ്ടിരിക്കുമ്പോഴാണ് വെടിയൊച്ചേം ഒപ്പം ലാലു ചേട്ടന്റെ മുള കീറണ ടൈപ്പൊരു കരച്ചിലും കേട്ടത്!  "ലാലൂന് സ്വയം വെടികൊണ്ടൂന്ന് തോന്നണല്ലോ ഗുരുവായൂരപ്പാ " ന്ന് പറഞ്ഞ് അമ്മായിയാണാദ്യം എഴുന്നേറ്റോടി ചെന്നത്! കൈ കഴുകി ഞാൻ സീനിലെത്തുമ്പോഴേക്കും അഞ്ച് പത്താളുണ്ട്!

അവർക്ക് നടുവിൽ വെറും മണ്ണിൽ തോക്കും കെട്ടിപ്പിടിച്ച് മലർന്ന് കിടന്ന് മുള കീറണ പോലെ കരഞ്ഞ്  ലാലു ചേട്ടൻ വീണ് കെടക്കുന്നു !!

"എയർ ഗൺ പെല്ലറ്റാണേലും സ്ഥാനത്ത് കൊണ്ടാ അതുമതീട്ടാ തീരാൻ " ന്നൊക്കെ പറഞ്ഞ് ആളെ പൊതിഞ്ഞു നിന്നിരുന്ന എല്ലാരേം വകഞ്ഞ് മാറ്റി "എല്ലാരൊന്ന് മാറിനിന്നേ ആൾക്കിത്തിരി ശ്വാസം കിട്ടിക്കോട്ടെ " ന്ന് പറഞ്ഞ് സീൻ കൺട്രോളിലെടുത്തത് അപ്പോ ആ വഴി വന്നു കേറ്യ രഘുച്ചേട്ടനാണ്. 

"എവിട്യാ ലാലു വെടി കൊണ്ടേ?" ന്ന് ചോദിച്ച രഘു ചേട്ടനോട് കരച്ചില് നിർത്ത്യേങ്കിലും സെയിം മോഡുലേഷനും പിച്ചും മെയിന്റെയിൻ ചെയ്ത്  " ...എനിക്കല്ല വെടി കൊണ്ടത്.... ദാ കെടക്കണ കാക്കക്കാണ്... ദ് കെടന്ന് പെടക്കണ കണ്ടാ ...എനിക്ക് കാണാൻ വയേ .... സഹിക്കണില്ലേ... ഞാങ്കൊന്നേ....  ന്നൊക്കെ പറഞ്ഞ് കരച്ചിലോട് കരച്ചിലായിരുന്നു മറുപടി.

നാടൻ നായക്ക് ഏറ് കൊണ്ട ടോണിലുള്ള ആൾടെ നിർത്താണ്ടുള്ള  കരച്ചിലിന്റെ ഹമ്മിങ്ങ് കട്ട് ചെയ്ത് ഞാൻ ചെന്ന് കയറിയത് വേറെ കുറെ വിഷ്വലുകളിലേക്കാണ് .....അതെ കൊളങ്ങരമ്പലത്തിൽ വച്ച് വടിവാള് വീശിയ എട്ടംഗ സംഘത്തെ വെറും കൈ കൊണ്ട് കീഴ്പ്പെടുത്തിയ, കരാഞ്ചിറയിലെ കരാട്ടെ മാഷെ നെഞ്ചക്ക് വീശി വിസ്മയിപ്പിച്ച, ജാക്കിചാൻ കണ്ടയുടനെ കൊത്തിയെടുത്ത് കൊണ്ടോവാൻ നിക്കണ,  കൂർത്ത നോട്ടോം ഇടിവെട്ടണ ശബ്ദോം കൊണ്ട് ഒരു ഏരിയ മുഴുവൻ അടക്കി ഭരിച്ച, കാട്ടുപോത്തിന്റെ സ്വഭാവണ്ടായിരുന്ന, വെട്ടൊന്നു തുണ്ടം രണ്ടുകാരനായ, ഏത് കൊല കൊമ്പനോടാണെങ്കിലും മുട്ടാൻ ഡ്രാ ആറ്റിറ്റ്യൂഡ്കാരനായ ടെറർ ലാലു ചേട്ടൻ...വർഷങ്ങളായി സ്വപ്നത്തിക്കണ്ടാവരെ ഞാനുൾപ്പെടെ ആ ഏരിയേലുള്ള പിള്ളേർ സെറ്റിന്റെ  ടെററാണ് ദേ ഒരു കാക്ക ചത്തൂന്ന് പറഞ്ഞ്....

ലൊക്കേഷൻ മരണ വീടായിരുന്നെങ്കിലും  എനിക്ക് പൊട്ടി ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല ! 

-----------------------------------------------------------------
വാൽ: മനസിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമെന്നാണല്ലോ ഡെന്നീസ് ജോസഫ് പറഞ്ഞത്, അല്ലെങ്കി മാസങ്ങളായുള്ള കഠിന പരിശ്രമം ഫലം കണ്ടല്ലോന്നോർത്ത് ഹൃദയം നിറഞ്ഞ് സന്തോഷിക്കാർന്നില്ലേ ആള് വേണ്ടത് !