വരവ് :



Monday, June 6, 2011

ഗോപിയേട്ടന്‍ വക സ്ഥാവരോം ജങ്കമോം

ഇരിഞ്ഞാലക്കുട സ്റ്റാന്‍ഡില് വച്ചു തീപ്പട്ടി ചോദിച്ചപ്പോ മേട്ടയിറക്കിയ
എന്തിനും പോന്ന നാലു ഘടാഘടിയന്മാരെ ഒറ്റനില്‍പ്പില്‍ നിന്നടിച്ച് വീഴ്ത്തിയതാര് ?,

ഒരൂസം രാത്രി മധുരംപിള്ളിഷാപ്പീന്ന് നിന്നു വയറു നെറയെ കള്ളും കുടിച്ചു
തിരിച്ചുപോരും വഴി വല്ലാണ്ട് ഉറക്കം വന്നപ്പോ അടുത്തുകണ്ട സെമിത്തേരിക്കേറി
ജസ്റ്റ്‌ അടക്കം കഴിഞ്ഞ ഒരു കല്ലറയുടെ മുകളില്‍ റീത്ത് തലയിണയാക്കി
കിടന്നുറങ്ങിയതാര്?

എന്ന് തുടങ്ങി നാട്ടില്‍ പ്രചരിച്ചിരുന്ന ഒട്ടനവധി
ജി. കെ. ചോദ്യങ്ങളുടെ ഒരേയൊരു ശരിയുത്തരമായിരുന്നു സ്പൈഡര്‍മാന്‍ ഗോപിയേട്ടന്‍.


അടക്ക്യപറിക്ക്യല്‍, തെങ്ങ്കയറ്റം, പറമ്പ്കിള, വേലികെട്ടു, മരംമുറിക്കല്‍, തേങ്ങവെട്ടു
തുടങ്ങിയ മള്‍ട്ടിഡിസിപ്ലിനറി ഡോമയിനുകളില്‍ ആള് വളര്‍ത്തിയെടുത്ത എക്സ്പര്ട്ട്നെസ്സ്
ആണു ഗോപിയേട്ടനെ നാട്ടിലെ മോസ്റ്റ്‌ ഡിമാന്‍ഡഡ് ആന്‍ഡ്‌ ഫേവറിറ്റ് അസ്സറ്റ്‌ ആക്കി മാറ്റിയത്.

ഒറ്റ കവുങ്ങില്‍ കയറീട്ട് അതിലെ അടക്ക്യ പറിച്ചു കഴിയുമ്പോ ആടിയാടി അടുത്ത
കവുങ്ങിലേക്ക് പറക്കാനും അങ്ങിനെ ഒറ്റക്കയറ്റത്തിനു ഏരിയയിലെ സകല കവുങ്ങും കവര് ചെയ്തു
എടിപിടീന്നു പണി തീര്‍ക്കാനുള്ള ആള്‍ടെ എബിലിറ്റ്യോണ്ടാണ് ആള്‍ക്ക്
സ്പൈഡര്‍മാന്‍ന്ന് പേരു കിട്ട്യേതത്രേ.

ചങ്കൂറ്റം, ആത്മാര്‍ത്ഥത , അദ്ധ്വാനശീലം, ആത്മവിശ്വാസം എന്നിവയൊക്കെ ഗോപ്യേട്ടനെ
ക്കഴിഞ്ഞേ ഉണ്ടായിരുന്നുള്ളൂ നാട്ടില്‍... ആര്‍ക്കായാലും!

ആള് കൈവക്കാതിരുന്ന മേഖലകള്‍ ചുരുക്കാണ്...
ഒരേക്കര്‍ പറമ്പ് ഒറ്റ ദിവസം കൊണ്ടു ഒറ്റയ്ക്ക് കിളച്ചു തീര്‍ക്കാന്‍,
ലൈന്‍ ഓഫ് കണ്ട്രോള്‍ ഇഷ്യൂസ് കൊണ്ടു പല തവണ പോളിക്കപ്പെടാന്‍
യോഗമുണ്ടായിട്ടുള്ള നിരവധി വേലികള്‍ ഉറപ്പോടെ കെട്ടിനിര്‍ത്താന്‍,
നാട്ടില്‍ ജനജീവിതത്തിന് ഭീഷണിയായി വളര്‍ന്നിരുന്ന
കടന്നല്‍ കൂടുകള്‍ പൊളിച്ചു മാറ്റാന്‍, വളഞ്ഞു പുളഞ്ഞു ഉയരത്തില്‍ വളര്‍ന്നു
താഴെ നിന്നു മോള്‍ലിക്ക് നോക്കുമ്പോത്തന്നെ ആര്‍ക്കും നെഞ്ഞിടിപ്പ് കൂടണ
ടൈപ്പ് കൊന്നത്തെങ്ങിന്റെ മണ്ടേക്കേറി മണ്ടരിക്ക് മരുന്ന്
തെളിക്കാന്‍, തുടങ്ങി എന്തിനും ഏതിനും ഗോപിയേട്ടന്‍ കഴിഞ്ഞേ എന്നുമാളുണ്ടായിട്ടുള്ളൂ.
അസാധ്യായിട്ടൊന്നൂല്ലാന്ന കാര്യത്തില്‍ ബോണപ്പാര്‍ട്ട് നെപ്പോളിയന്റെ അതേ
അഭിപ്രയായിരുന്നു ആള്‍ക്ക്.

ടെര്‍മിനേറ്റര്‍ സിനിമേല് ഹെവി വെയിറ്റ് മെഷീന്‍ ഗണ്ണും തോളില് വച്ചു
ഹാര്‍ലി-ഡേവിഡ്സണ്‍ ഓടിച്ചു വരണ ആര്‍നോളഡ് ഷ്വാസ്നേഗറിന്റെ ഗെറ്റപ്പില്‍,
എവിടെയോ തെങ്ങ് കയറ്റോം കഴിഞ്ഞ് രണ്ട്കൊല തേങ്ങ സൈക്കളിലിന്റെ
ഹാന്‍ഡിലിലും, ബാക്കിയുള്ളത് പിന്നിലെ കരിയറിലും വച്ചു, ഇടത്തെക്കൈയോണ്ട്
ഷോള്‍ഡറില് വച്ച ഏണിയും, വലത്തെക്കൈയ്യോണ്ട് സൈക്കിളും ബാലന്‍സ് ചെയ്തു
വരണ ഗോപിയേട്ടനെക്കണ്ടപ്പോ റെയ്മണ്ട്സ് സ്യൂട്ടിങ്ങിന്റെ പരസ്യത്തീപ്പറയണപോലെ
'ദി കമ്പ്ലീറ്റ്‌മാന്‍'ന്ന് ഫീല്‍ ചെയ്തിട്ട് കാഴ്ചക്ക് വസേട്ടന്റെ ഹോട്ടലിലെ
ആട്ടുകല്ലിന്റെ ഷേപ്പ് ഉണ്ടായിരുന്ന മിസ്സ്‌ യശോദേച്ചി കയറു പിരിക്ക്യാന്‍ പോയ
വഴിക്ക് ആളെക്കേറി പ്രൊപ്പോസ് ചെയ്യേം, ആ പ്രണയം മൂത്ത്
പഴുക്കാറായപ്പോ ആഴ്ച്ചക്കടവ് രീതിയില്‍ സൈക്കിളില്‍ മൊബൈല്‍
ഫിനാന്‍സിംഗ് നടത്തിയിരുന്ന തമിഴുനാട്ടുകാരന്‍ പാണ്ടിമുത്തുവിന്റെ കൂടെ
'മണി മാറ്റെഴ്സ്' എന്ന് പറഞ്ഞു യശോദേച്ചി ഒളിച്ചോടിക്കളയേം ചെയ്തതാണ്
'ഓള്‍ മെന്‍ ആര്‍ നോട്ട് ഫൂള്‍സ്.... സം ആര്‍ സ്റ്റില്‍ ബാച്ചിലേര്‍സ്''
എന്ന ലൈനില്‍ പെണ്ണും പെടക്കൊഴീം ഇല്ലാത്ത ലയ്ഫാണ് ബെറ്റര്‍
എന്ന് തീരുമാനിച്ചു സ്പൈഡര്‍ ഗോപ്യേട്ടന്‍ നാട്ടിലെ ഒരു
കൌണ്ടബിള്‍ 'ബാച്ചി'യാവാന്‍ മുഖ്യ കാരണം.

ഒരു പാട് കാലത്തിനു ശേഷം ബ്രോക്കര്‍ ലോനപ്പേട്ടനാണ് 'നിനക്കൊരു
കുടുംമോക്കെ വേണ്ടേ ഗോപ്യേ?' ന്ന് ആളോട് ചോദിച്ചത്.
'അതൊന്നും ശര്യാവൂല ...' ന്ന് പറഞ്ഞു ഗോപ്യേട്ടന്‍ ആദ്യം ഒഴിഞ്ഞെങ്കിലും
ഗള്‍ഫ്‌ കാരുടെ വീട്ടില്‍ എല്‍ ഐ സി ക്കാര് വരണ പോലെ
ലോനപ്പേട്ടന്‍ നിരന്തരം ആള്‍ടെ വീട്ടീക്കേറിയിറങ്ങി വിവാഹത്തിന്റെ
ഗുണഗണങ്ങള്‍, ആവശ്യകത തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ
പ്രഭാഷണങ്ങളിലും പ്രലോഭനങ്ങളിലും ആള് വീണു പോയോണ്ടാണ്
ഒടുക്കം കോട്ടപ്പുറത്തു പോയി ഒരു പെണ്ണ് കണ്ടത്.

അതിന്റെ പിറ്റേ ആഴ്ച ഗോപ്യേട്ടന്‍ ആള് ആള്‍ടെന്നെ പറമ്പിലെ അടക്ക്യ
പറിച്ചോണ്ടിരിക്കുമ്പോഴാണ് പെണ്ണിന്റെ അച്ഛനും അടുത്ത രണ്ടുമൂന്നു ബന്ധുക്കളും
ലോനപ്പേട്ടന്റെ ലീഡര്‍ഷിപ്പില്‍ ഗോപ്യേട്ടന്റെ അസ്സറ്റ്സ് ആന്‍ഡ്‌ സറൊവ്ണ്ടിങ്ങ്സ്
നേരില്‍ക്കണ്ടു ബോദ്ധ്യപ്പെടാന്‍ വന്നത്.

'ഡാ ഗോപ്യേ കോട്ടപ്പൊറത്തൂന്ന് ആള്‍ക്കാര് വന്നെണ്ട്രാ' ന്ന് താഴേന്ന്
ലോനപ്പേട്ടന്‍ വിളിച്ചു പറഞ്ഞപ്പോ ഒത്തൊരു കവുങ്ങിന്റെ ഏറ്റവും മോളിലായിരുന്ന
ഡ്യൂട്ടി ഫസ്റ്റ് എന്ന അഭിപ്രായക്കാരനായ ഗോപ്യേട്ടന്‍
'നിങ്ങള് കേറിരിക്ക് ....ഞാപ്പിതങ്ങട് തീര്‍ത്തിട്ടു ദേ വരണൂ ' ന്ന് പറഞ്ഞു
അപ്പൊ ഇരുന്നിരുന്ന കവുങ്ങിന്റെ നിന്നും അടുത്ത കവുങ്ങിലേക്ക് ചാടാണുണ്ടായതു.

അടുത്ത കവുങ്ങില്‍ എയിം ചെയ്തു ചാട്യാ ചാട്ടം
ആള് പണ്ട് മണ്ണുത്തി അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റീന്ന് നേരിട്ട്
പോയി വാങ്ങിക്കൊണ്ടു വന്ന് നട്ട് വളര്‍ത്ത്യ ഒന്ന് രണ്ടാള് ഉയരോള്ള
ചാമ്പയുടെ മോളില്‍ ക്രാഷ് ലാന്‍ഡഡാവാണുണ്ടായത് !

ജസ്റ്റ്‌ സേവ്ട് എന്ന ലൈനില്‍ ഒന്ന് രണ്ട് സെക്കന്റ്‌ ചാമ്പയുടെ
കൊമ്പില്‍ ഗോപ്യേട്ടന്‍ ചിലവഴിച്ചപ്പോ, റണ്‍ ഔട്ട്‌ ആയോന്നറിയാന്‍
തേര്‍ഡ് അമ്പയറുടെ ഡിസിഷ്യന് വേണ്ടി കാത്തു നിക്കണ
ബാറ്റ്സ്മാനുണ്ടാവണതരമൊരു പ്രതീക്ഷ കാഴ്ചക്കാരിലൊക്കെ
പടര്‍ന്നെങ്കിലും അടുത്ത നിമിഷം ഹെര്‍ക്കുലീസ് സൈക്കള്, ഓടിട്ട വീട്,
മൂന്ന് നേന്ത്ര വാഴ, നാല് തെങ്ങ്, ആറ് കവുങ്ങ് എന്നിങ്ങനെ
ഗോപ്യേട്ടന്റെ സ്ഥവര ജന്കമ അസ്സെറ്റ്സിന്റെ കണക്കെടുത്ത്
നിന്നിരുന്ന പെണ്‍വീട്ട്കാരുടെ നടുവിലേക്ക് ആള് നടൂം തല്ലി വീഴാണ് ഉണ്ടായതു!!

മോളീന്നുള്ള വരവില്‍ ഇടയ്ക്ക് ചെറ്യെരു ഹാള്‍ട്ട് കിട്ടീലായിരുന്നെങ്കില്‍
ജീവിതത്തില്‍ പിന്നെ എഴുന്നേറ്റു നടക്കേണ്ടി വരിലായിരുന്നെന്നോര്‍ത്തിട്ടു
വീണ് കിടന്നിടത്തൂന്നു ചാട്യെണീറ്റ് ചാമ്പയുടെ കൊമ്പിലേക്ക്
".... യു സേവ്ട് മൈ ലൈഫ് ... "എന്ന ലൈനില്‍
കൃതാര്‍തഥയോടെ നോക്ക്യെപ്പോഴാണ് ഗോപ്യേട്ടന്‍ ആ കാഴ്ച കണ്ടത്...

മുകളറ്റത്തെ കൊമ്പില്‍ മുണ്ടൊരെണ്ണം പാറിപ്പറക്കുന്നു!

മോങ്ങാനിരുന്നതിന്റെ തലേല്‍ തേങ്ങ വീണ് എന്നപോലായിരുന്നു
മോളില് കിടക്കണ മുണ്ട് താന്‍ ഉടുത്തിരുന്നത് തന്ന്യാണോന്ന്
തപ്പി നോക്ക്യ ഗോപ്യേട്ടന്റെ സ്ഥിതി.

മുണ്ട് മാത്രല്ല ...ഇത്തരം ക്രിട്ടിക്കല്‍ സന്ദര്‍ഭങ്ങളില്‍ ആവശ്യം ആവശ്യമായ
സുപ്രധാന ഔട്ട്‌ഫിറ്റ് കൂടി മിസ്സിംഗ്‌ ആണെന്നും ആ അസ്സെറ്റ്
തലേന്ന് രാത്രി കുളി കഴിഞ്ഞിട്ട് ഉണക്കാനിട്ട അഴയില്‍ തന്നെ കിടക്കാണെന്നുമുള്ള
'നഗ്ന സത്യം' ആള്‍ക്ക് അപ്പോഴാണ് മനസിലായത്!!

പഴേ ഒരു ഹിറ്റ്‌ പോസ്റ്ററില്‍ മാമാട്ടികുട്ടിയമ്മ നിക്കണ പോലെ കൈരണ്ടും
പിണച്ച് നാണം മറച്ചു ചാമ്പയുടെ ചോട്ടില്, ഒന്നിനേം പേടിയില്ലാതിരുന്ന
ഗോപ്യേട്ടന്‍ എന്തോ കളഞ്ഞു പോയ അണ്ണാനെപ്പോലെ, നിക്കണ കണ്ട്
എന്ത് ചെയ്യണമെന്നറിയാതെ നിന്നിരുന്ന പെണ്‍വീട്ടുകാരോടായി
അപ്പോഴാണ്‌ ലോനപ്പേട്ടന്‍ ചോദിച്ചത്...

"അതെയ്‌ ..... അപ്പൊ......നമ്മളിതങ്ങട് ഒറപ്പിക്ക്യല്ലേ ?? "

* * *


അന്ന് തിരിച്ചു പോയ കോട്ടപ്പുറത്തുകാര്‍ എന്ത് കൊണ്ട്
ആ കല്യാണാലോചന സ്കൂട്ട് ചെയ്തൂന്നും, അതിനു ശേഷം
എന്ത് കൊണ്ട് ഒരു കല്യാണത്തിന്റെം പേരു പറഞ്ഞു ലോനപ്പേട്ടന്‍ ഗോപ്യേട്ടനെ കാണാന്‍
ചെല്ലാതിരുന്നേന്നും ആര്‍ക്കും ഇന്ന് വരെ കൃത്യമായോരുത്തരമില്ലെങ്കിലും,
'ഹൂ ഈസ്‌ ദി മോസ്റ്റ്‌ ക്രോണിക് ബാച്ചിലര്‍ ഓഫ് ദി ലോക്കാലിറ്റി?'
എന്ന നാട്ടിലെ ജി കെ ചോദ്യത്തിന്റെ ഒരേയൊരു ശരിയുത്തരം
'സ്പൈഡര്‍മാന്‍ ഗോപിയേട്ടന്‍' ന്ന് തന്നെയാണ്....ഇന്നേ വരേയ്ക്കും!!!