വരവ് :



Monday, April 29, 2019

പരോപകാരാത്ഥമിദം ശരീര :

ജീവിതം കൊച്ചീലാണെങ്കിലും വോട്ട് നാട്ടിൽത്തന്നെയായിരുന്നു. രാവിലെ തന്നെ സ്കൂട്ടറുമെടുത്ത് വോട്ട് ചെയ്യാനിറങ്ങി. പോളിങ്ങ് സ്റ്റേഷനും ബൂത്തും  നേരത്തേ ചോദിച്ച് മനസിലാക്കിയിരുന്നെങ്കിലും   വോട്ടേഴ്സ് ലിസ്റ്റിലെ ക്രമനമ്പരടങ്ങിയ സ്ലിപ്പ് അച്ഛന്റെ കയ്യിൽത്തന്നെയായിരുന്നുവെന്നോർത്തത് ബൂത്തിനടുത്തെത്തിയതിന് ശേഷാണ്. ഫോണിൽ വിളിച്ചപ്പോൾ അച്ഛൻ ബൂത്തിലേക്കെത്തണേയുള്ളൂ.

കോൾ കട്ട് ചെയ്ത് മനസിനെ ഐഡിൽ മോഡിലിട്ടതും ഒരു പിടി ഓർമ്മകളുടെ സ്ക്രീൻസേവറോണായി. നിഷ്കളങ്ക ബാല്യവും കന്നന്തിരിവുകളുടെ കൗമാരവും നടന്നും സൈക്കിൾ ചവിട്ടിയും തീർത്ത വഴിയാണ് ബൂത്തിന് മുൻപിൽ. മധുരിക്കുന്നൊരുപാടോർമ്മകൾ പണ്ട് രാഗത്തില് മാറ്റിനിക്ക് ഗേറ്റ് തുറക്കുമ്പോ ആളോടിക്കേറണ പോലെ ഓടിക്കേറി വന്നു. കനത്ത വെയിലിലും മനസ് കുളിരണിഞ്ഞു.

ഓർമ്മകളുടെ മേയ്സുകൾക്കിടയിലും ആ എൽ പി സ്കൂളിന്റെ ഇടുങ്ങിയ ഗേറ്റിന് മുൻപിൽ ഒരു മാരുതി കാർ വന്ന് നിൽക്കുന്നത് ഞാൻ കണ്ടു.
ഡ്രൈവിങ്ങ് സീറ്റിലെയാളെ കാണാൻ പറ്റണില്ല ബട്ട് ആള് അകത്തേക്കെടുക്കണോ വേണ്ടയോ എന്ന  കൺഫ്യൂഷനിലാന്ന് മനസിലായി. പരിചയക്കാരാരെങ്കിലുമായിരിക്കണം, ഗേറ്റിൽ വണ്ടിയുടെ സൈഡുരയുമോയെന്നോർത്ത് മടിക്കണതാവും. സംഗതി നുമ്മ കൊച്ചിക്കാരനായെങ്കിലും ജനനീ ജൻമ ഭൂമിശ്ച: സ്വർഗാതപി ഗരീയസി തന്നെയാണല്ലോ! നാട്ട്കാരെ ഹെൽപ് ചെയ്യാൻ കിട്ടിയ അസുലഭാവസരം. കർത്തവ്യ ബോധമുണർന്ന ഞാൻ ഓൺ ദി സ്പോട്ട് ഒരു ട്രാഫിക്ക് പോലീസ് കാരനായി മാറി.

"ആ.... പോരെട്ടെ  പോരെട്ടെ .... ച്ചിരി ലെഫ്റ്റ്.... അത്രക്ക് വേണ്ട .... പൊടിക്ക് റൈറ്റ് പിടി... " യെന്നൊക്കെ ആക്ഷനിട്ട് വണ്ടി അകത്തു കടത്തിയതും എവിടെന്നെങ്ങാണ്ട് ഒരു പോലീസുകാരൻ ഓടി വന്ന് കാറോടിക്കണ പയ്യനോട് 
"ഡാ !!! നിന്നോടൊക്കെയിനി വേറെ പറയണോ? പോളിങ്ങ് സ്റ്റേഷനടുത്തേക്ക് വണ്ടി കൊണ്ടരുതെന്ന് ഓർഡറുള്ളതറിയില്ലേ ?? എടുത്ത് മാറ്റടാ നിന്റെ ഡാഷിലെ  വണ്ടി" എന്നലറിയത്.

"ഞാൻ പുറത്ത് നിർത്ത്യേതാ സാറെ... ദേ ആ നിക്കണ ചേട്ടനാണ് എന്നെ വിളിച്ചകത്ത് കേറ്റ്യേത്...." ന്ന് ഡ്രൈവർ പോലീസ് കാരനോടെക്സ്പ്ലയിൻ ചെയ്യണത് കേട്ടതും സീൻ കോണ്ട്രയാവണല്ലോ ദൈവമേ യെന്നോർത്ത് ഞാൻ ഫോൺ ചെവിയിലമർത്തിപ്പിടിച്ച് "ഹലോ  ഹലോ" യെന്നും പറഞ്ഞ് പുറത്തേക്കിറങ്ങി. അല്ലെങ്കിലും  ലേറ്റസ്റ്റായി റിലീസായ തെറികളുടെ സ്റ്റാറ്റിസ്റ്റിക്സ് എടുക്കാനല്ലല്ലോ നമ്മളവിടെ വരെ പോയത്!

ട്രീറ്റ്മെന്റിന് വന്ന ഭാനുമതിയെ ഹോസ്പിറ്റൽ റാമ്പിലൂടെ വീൽചെയർ  തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ച മുണ്ടക്കൽ ശേഖരനോട്  "അനായേസേന മരണം അനിക് സ്പ്രേ പോലെ ജീവിതം" എന്നോ മറ്റോ  തുടങ്ങുന്ന സംസ്കൃത ശ്ളോകം വിത്ത് മലയാളം ട്രാൻസ്ലേഷൻ ( സംഗതി  ശേഖരന് മനസിലായില്ലങ്കിലോ ന്നോർത്ത് ) എടുത്തലക്കിയ രാവണപ്രഭുവിലെ മംഗലശ്ശേരി നീലകണ്ഠനെപ്പോലെ ഇടം തോളൊന്ന് ചരിച്ച് ആൾടെ വോയ്സ് മോഡുലേഷനിൽ ആ പോലീസുകാരനോട് ഞാൻ മനസിൽ പറഞ്ഞത്....

"പരോപകാരായ ഫലന്തി വൃക്ഷ:
പരോപകാരായ വഹന്തി നദ്യ:
പരോപകാരായ ദുഹന്തി ഗായ:
പരോപകാരാത്ഥമിദം ശരീര:

അതായത്, പരോപകാരത്തിനായി ഫലം തരുന്ന വൃക്ഷങ്ങൾ , അതിനായിത്തന്നെ  ഒഴുകുന്ന നദികൾ, അതല്ലാണ്ട് വേറെ ഇൻ ടെൻഷനൊന്നുമില്ലാതെ പാൽ ചുരത്തുന്ന പശുക്കൾ... ദദു പോലെ പരോപകാരാർത്ഥമാണ് ദീക്കാണണ ശരീരോം .....അല്ലാണ്ട് ...പോളിങ്ങ് ബൂത്തിൽ വണ്ടിയോടിച്ച് കയറ്റി വോട്ട് മറിക്കാൻ വന്നവനല്ല.... ഈ ഞ്യാൻ... ഞാനാ ടൈപ്പല്ല "

എന്നായിരുന്നു... എന്ന് മാത്രമായിരുന്നു!

Tuesday, April 16, 2019

സ്പെഷൽ ടീ



ഇതേതാ പുതിയൊരു പ്രോഡക്ടെന്ന് ആർക്കും തോന്നാവുന്ന ക്യൂരിയോസിറ്റി കൊണ്ടാണ് ജെവ പച്ചക്കറി സ്റ്റാളിൽ എക്സിബിഷനു വച്ചിരുന്ന  'മോണിങ്ങ് ടീ' സാഷേ ഞാൻ ജസ്റ്റൊന്നെടുത്ത് നോക്ക്യേത്.

"ഒരു സ്പെഷൽ ടീയാണ് സർ ....കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, അയേൺ ഇതിലില്ലാത്ത മെറ്റലില്ല! 

വിറ്റാമിൻ എ, സി. കൂടാതെ ബി ഒന്ന് രണ്ട്, മൂന്ന്, ആറ്!

ആവശ്യത്തിന് ഫ്രീറാഡിക്കൽസ് അത്യാവശ്യം  പ്രോട്ടീൻ ! ....

പോരാതെ എണ്ണം പറഞ്ഞ ഹൈഡ്രേറ്റിങ്ങ് ഏജന്റും , പത്തരമാറ്റ് ഡീറ്റോക്സറും...

കോൺസ്റ്റിപ്പേഷനാവട്ടെ ഗ്യാസ്ട്രൈറ്റിസാവട്ടെ ഇതങ്ങട് ഒരു ഡോസാ പൂശ്യാ മതി ! ...

ഡയബറ്റിസാവട്ടെ, ബി പി യാവട്ടെ, ആസ്മയാവട്ടെ..... പിടിച്ച് കെട്ട്യ പോലങ്കട്  നിക്കും....

എല്ല്, കണ്ണ്, കരള്, കിഡ്നി... സകലതിനും ബെസ്റ്റാണ്...."
പാക്കറ്റ് നേരെയൊന്നു കാണുന്നതിന് മുൻപ് അത് വിൽക്കാൻ കൊണ്ട് വന്നിരുന്ന ചേട്ടൻ  ടീയുടെ വിസ്തരിച്ചുള്ള വിവരണവുമായി എന്റെ നേരെ  ചാടി വീണു! പ്രാണരക്ഷാർത്ഥം ഞാൻ രണ്ടടി പുറകോട്ട് ചാടി മാറി!!

വേണോ വേണ്ടയോ  എന്നങ്ങട് തീരുമാനിക്കണേനെടേല്  ആള് ഇത് വെയ്റ്റ് ലോസിനൊക്കെ ബസ്റ്റാന്ന് പറഞ്ഞത് എന്നെ ഹഠാദാകർഷിച്ചു. ഫുഡിലുള്ള കൺട്രോളും രാവിലെയുള്ള നടത്തോമൊഴിവാക്കാലോന്നോർത്ത് ഞാൻ പറഞ്ഞു
" ഒരു സാഷേ ഇങ്ങ്ടു തരൂ ചേട്ടാ!". എക്സർസൈസും ഡയറ്റുമൊന്നുമില്ലാതെ  തടി കുറയ്ക്കണ ഏത് സ്കീമിനും ഞാൻ എവർ റെഡിയാണ്!

ക്യാഷ് കൊടുത്തു  കഴിഞ്ഞപ്പോൾ  ആള് ടീയുടെ സാഷേയെടുത്ത് അതിന് പുറകിലെഴുതിയിരുന്ന ഉപയോഗക്രമം വിശദായി വിവരിച്ചു തന്നു - "തുടക്കത്തിൽ രണ്ട് ദിവസം രാവിലെ എണീറ്റ ഉടനേം രാത്രി കിടക്കാൻ പോവുന്നതിനു മുൻപും  ഒരോ ഗ്ലാസ് ചൂട് വെള്ളത്തിൽ ഒരോ നുള്ള് ചേർത്ത ശേഷം പഞ്ചസാര ചേർക്കാതെ കുടിക്കണം. പിന്നെ പിന്നെ  രാത്രി മാത്രം മതിയാവും! കുടിച്ച് തുടങ്ങി രണ്ടാം ദിവസം തൊട്ട് ചെയ്ഞ്ചറിയാം".

സാഷേയെനിക്ക്  തരുമ്പോ എന്റെ കൈ രണ്ടും ചേർത്തു പിടിച്ചമർത്തി... ചുറ്റുമൊന്നു നോക്കി ആരും കേൾക്കാതിരിക്കാൻ ശബ്ദമൊന്നു താഴ്ത്തി
"സാറിനറിയാലോ... മുരിങ്ങാന്ന് പറഞ്ഞാ ......എല്ലാത്തിനും ബെസ്റ്റാ!".
ആളൊന്നു കണ്ണിറുക്കി. അതും പോരാഞ്ഞ് ".....മനസിലായല്ലോ, അല്ലേ ??"  യെന്ന മട്ടിൽ തലയാട്ടിക്കൊണ്ടാളൊരു  ചിരി കൂടി ചിരിച്ചു.ഞാൻ സാഷേയിലെ പേരൊന്നൂടി വായിച്ചു. ദൈവമേ ...മോണിങ്ങ് ടീ യെന്നല്ല "മുരിങ്ങാ ടീ" യെന്നാണ് അതിലെഴുതീ രിക്ക്യണത് ! വയാഗ്രയുടെ നാടൻ വെർഷനെന്ന് നിക്നെയിമുള്ള സാക്ഷാൽ മുരിങ്ങ!

ആന്റോയുടെ അപ്പന്റെ ആയുർവേദ മരുന്ന് കടേന്ന് ഇതു പോലെന്തോ സാധനം കുടിച്ചിട്ടാണ് വിഡോവറായിരുന്ന അവന്റെ അപ്പാപ്പൻ ആൾടെ സ്വീറ്റ് സെവന്റീസിൽ കിടക്കമരിങ്ങില്ലാണ്ട് എൻ എച്ച് സെവന്റീനിലൂടെ ഒരു രാത്രി മുഴുവൻ തെക്ക് വടക്ക് നടന്ന് നേരം വെളുപ്പിച്ചത്!

"അയ്യോ ....ചേട്ടാ... മുരിങ്ങേടെ ആവിശോന്നാവാറായിട്ടില്ല...ഞാനിപ്പോഴും ..... " പറഞ്ഞു തീരണേനും മുൻപ് തൊട്ടടുത്ത് ഓർഗാനിക് വെണ്ടയും ചീരയും പയറും വിൽക്കാനിരുന്നിരുന്ന ചേച്ചി ഞങ്ങളെ ശ്രദ്ധിച്ച്  അടക്കി ചിരിക്ക്യണുണ്ടോന്നൊരു സംശയം തോന്നിയോണ്ട്  സ്പോട്ടില് ഞാൻ തിരിഞ്ഞ് നടന്നു.

"സാറേ, ഉപയോഗിച്ച് നോക്കീട്ട് അടുത്ത അഴ്ച്ച വരുമ്പോൾ എങ്ങിനുണ്ട് എന്ന് പറയണം" ന്ന് ആള്  ഉറക്കെ വിളിച്ച് പറഞ്ഞത് കേട്ട് ആ ചന്തയിലുണ്ടായിരുന്ന സകല ആളുകളും എന്നെ ഏന്തി വലിഞ്ഞ് നോക്കുന്നത്  കണ്ട് തല കുമ്പിട്ട് ഞാൻ സ്കൂട്ടർ പാർക്കിങ്ങിലേക്ക് വലിഞ്ഞ് നടന്നു.  ചിലരൊക്കെ അടക്കി ചിരിക്കണൂണ്ട്ന്ന് തോന്നണണ്ട്. ഞാനെന്ത് പറയണമെന്നാള് ഉദ്ദേശിക്കണത്.

ഛേ! ഒന്നു രണ്ട് നരയൊക്കെ വീണുന്നുള്ളത് ശരിയാ എന്നാലും എന്നെ കണ്ടിട്ട് മുരിങ്ങയുടൊക്കെ ആവശ്യൊള്ള ആളായീന്ന് തോന്നിയല്ലോ  ആൾക്കെന്ന് വിഷമിച്ച് റിയർവ്യൂ മിററിൽ മുഖമൊന്നു കൂടി നോക്കി ഞാൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു.

വീട്ടിലെത്തിയതും കിച്ചണിലെ ശ്രീയുടെ കണ്ണെത്താത്ത സ്ഥലത്തേക്കത് മാറ്റി വച്ചു. ഇനിയത് കണ്ടിട്ട് ഞാനിതെന്തിനൊക്കെയുള്ള പുറപ്പാടാണെന്ന്  ശ്രീക്കൊരു തെറ്റിധാരണ തോന്നേണ്ട. 
അല്ലെങ്കിലും ആയുർവേദത്തിലെംഡിയുള്ള ഒരാളോട് ഞാൻ മുരിങ്ങായെ കുറിച്ചൊന്നും ക്ലാസെടുക്കേണ്ടി വരില്ല. ഇതില് സ്റ്റയിൻ ലെസ് സ്റ്റീലുള്ളോണ്ട് വാങ്ങിച്ചതാണെന്ന് പറഞ്ഞാ ഒന്നു രണ്ടാഴ്ച്ചയൊക്കെ വരെ നീണ്ട് നിൽക്കാവുന്ന  ഒരു ചെറുകിട യുദ്ധമുണ്ടാവാനൊക്കെ  അത് ധാരാളമാണ് !!
-----------------------------------------------------------------
Statutory Warning:  Author is not responsible for any claims made on Muringa Tea.

Monday, April 15, 2019

ആദ്യരാത്രി

പൂനെയിലെ ട്രയിനിങ്ങ് ടൈമിലെ മെൻസ് ഹോസ്റ്റലിൽ സുരേഷായിരുന്നെന്റെ റൂമേറ്റ്. ഹൈദ്രാബാദിലെ മെഡിക്കൽ എക്സാമിനേഷന്റെ ടൈമിലായിരുന്നു ഞങ്ങളുടെ ഫസ്റ്റ് മീറ്റ്.

ഫ്ലാഷടിക്കണ ടൈപ്പ്  ചിരിയും ചടുലമായ ബോഡി ലാംഗേജും വൺ ഇസ് റ്റു വൺ  മിക്സ് ചെയ്തെടുത്ത ചില്ലിട്ട് വക്കാൻ തോന്നണ പെരുമാറ്റം, കൂടെ നിക്കണോർക്കും കൂടി കട്ടക്കാത്മവിശ്വാസം തോന്നിപ്പിക്കണ പോസറ്റീവ് എനർജി തുടങ്ങിയ കാരണങ്ങളാൽ  ഫസ്റ്റ് മീറ്റിൽത്തന്നെ ഞാനവന്റ നമ്പർ വൺ ഫാൻ ആയി മാറുകയായിരുന്നു.

നാള്കൾക്ക് ശേഷം  ട്രയിനിങ്ങിനായി പൂനെയിലെത്തിയ ടൈമിൽ റൂമേറ്റായി ഞാനവനെ റിക്വസ്റ്റ് ചെയ്തെടുത്തത് മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമെന്തെങ്കിലും സൗരഭ്യമുണ്ടാവാണേൽ ആയിക്കോട്ടെ എന്ന്  കരുതി മാത്രായിരുന്നു.

ഓഫീഷ്യൽ സ്പീച്ചുകളും പ്രൊസീജിയേഴ്സും മൾട്ടി കോഴ്സ് ഡിന്നറും കഴിഞ്ഞ് ഇരുട്ടി ഹോസ്റ്റലിലെത്തിയ ഉടനെ എങ്ങിനെയെങ്കിലും കിടന്നുറങ്ങിയാൽ മതിയെന്നായിരുന്നെനിക്ക്!

ഒരു ഇൻഹേലർ ഞങ്ങളുടെ രണ്ട് കട്ടിലുകൾക്കിടയിലുണ്ടായിരുന്ന ടീ പോയിലെടുത്ത് വച്ചിട്ട് 
"ഭയങ്കര തണുപ്പല്ലേ ഇവിടെ.... എനിക്ക് ആസ്മേടെ പ്രോബ്ലണ്ട് ...എന്തെങ്കിലും ആവശ്യം വരാണേൽ ഒന്ന് ഹെൽപ്പ് ചെയ്യണംട്ടാ" ന്നവൻ പറഞ്ഞത് ഞാൻ ഉറക്കത്തിലേക്ക് സ്ലിപ്പാവണേന്റ ജസ്റ്റ് മുൻപാണ്.

വൈകാതെ സിൻഘട്ട് മലനിരകളിൽ നിന്നു മഞ്ഞിറങ്ങി വന്ന് കുളിരിന്റെ പുതപ്പിട്ടെന്നെ മൂടി,  ഘടക് വാസ്ല ലേയ്ക്കിൽ നിന്നും തണുത്ത കാറ്റ് വന്നെന്നെ  തഴുകി.  ആ കംഫർട്ടബിൾ ആമ്പിയൻസിൽ ക്കിടന്ന്  ഞാൻ  പോത്ത് പോലുറങ്ങി!
വോവ് ! എത്ര പ്രശാന്ത സുന്ദര സുരഭില രാത്രി!!

പാതിരാത്രി കഴിഞ്ഞെപ്പോഴോ ആണ്      ഉറക്കം ക്രൂസ് മോഡിലിട്ട് സ്മൂത്തായങ്ങിനെ പോയ്ക്കോണ്ടിരുന്ന ഞാൻ എന്തോ അപശബ്ദം കേട്ട് സഡൻ ബ്രേക്കിട്ടത് ! ആദ്യം കേട്ട ശബ്ദത്തിന് എസ് കോർട്ടായി ആരുടെയോ ഞരക്കങ്ങളും മൂളലുകളും!

നമുക്ക് പരിചയമില്ലാത്ത ഏരിയയാണ്, സ്ഥലത്തെ പ്രധാന യക്ഷിയോ രക്തരക്ഷസോ  വിൻഡോ സൈഡിൽ കിടന്നിരുന്ന സുരേഷിന്റെ നെഞ്ചത്ത് കേറിയിരുന്ന് വരാനിരിക്ക്യണ ഭീകരരാത്രികളുടെ ടീസറു റീലീസ് ചെയ്തതാണെങ്കിലോ? എന്തായാലും സാധനം നമ്മുടെ നെഞ്ചത്തേക്ക് ചാടണേന് മുൻപേ ഞാൻ ചാടിയെണീറ്റ് ലൈറ്റിട്ടു. 

ലൈറ്റ് തെളിഞ്ഞപ്പോഴാണ് ബെഡിൽ നിന്നും ടീപ്പോയിലേക്ക് കൈ നീട്ടിയെത്തിക്ക്യാൻ ശ്രമിക്കണ സുരേഷിനെക്കണ്ടത്. ദൈവമേ, ആസ്മ! 

കൈ എത്താതെ സുരേഷ് ഞെരിപിരി കൊള്ളുകയാണ്. ഒറ്റച്ചാട്ടത്തിന് ടീ പോയിലിരുന്ന ഇൻ ഹേലറെടുത്ത് ഞാൻ സുരേഷിന്റെ വായിൽ തിരുകി. വലിക്കെടാ .... ആഞ്ഞ് വലിക്ക്! ഞാൻ അലറി.

എന്റെ  അലർച്ചകേട്ടവനുണർന്ന് ഇൻഹേലറിനേയും എന്നെയും ഒന്നിച്ച് തട്ടിത്തെറിപ്പിച്ച്   ഉറക്കം മുറിഞ്ഞ നിരാശയോടെ അലറി "എന്തുവാടേ ..ഒറങ്ങാനും സമ്മതിക്കില്ലേ?"

വീണിടത്ത് കിടന്ന് "ടാ, നീ ആസ്മ വന്ന് ചത്തേനെ... കറക്ട് ടൈമിന് കണ്ടത് നിന്റെ ഭാഗ്യം!"
ന്ന് ഞാൻ പറഞ്ഞതിനുത്തരമായി  ഫസ്റ്റ് നൈറ്റിലെ എൻട്രി സീനിലെ നവവധുവിനെപ്പോലെ പാതി നാണത്തിൽ പുതഞ്ഞ് "അതാസ്മയൊന്നുമായിരുന്നില്ലടാ... സ്വപ്നം കണ്ട് കിടക്കായിരുന്നൂ.... ഈ ടീപോയിൽ നിറയെ ലഡൂം ജിലേബീം നെറച്ച് വച്ചിരിക്ക്യണൂന്നൊരു സ്വപ്നം " ന്നവൻ പറഞ്ഞത്.

ഓ... അപ്പോ ലവൻ ബെഡിൽ ക്കിടന്ന് ടീപ്പോയിലെ ലഡു തപ്പിയതിനെയാണ് ഞാൻ ആ സ്മയെന്ന് കരുതിയീപ്പെടാപ്പാട് പെട്ടത്!

തിരിച്ചൊന്നും പറയാൻ നിന്നില്ല. തികഞ്ഞ ശാന്തതയോടെ  എണീറ്റ് ലൈറ്റോഫ് ചെയ്ത് പുതപ്പ് തലവഴി വലിച്ചിട്ട് ഞാൻ ഉറക്കം കാത്ത് കിടന്നു.

തെറ്റ് എന്റെ ഭാഗത്താണ്. അവന്റെ അമ്മൂമ്മേടെ ലഡു ! നാളത്തന്നെ റൂം മാറാനുള്ള റിക്വസ്റ്റിടണം!!

സുന്ദര സുരഭിലമാകേണ്ടിയിരുന്ന  പൂനെയിലെ എന്റെ ആദ്യരാത്രി അങ്ങിനെയാണ് വെറും ഒരു പ്ലേറ്റ് ലഡുവിനാൽ അലങ്കോലപ്പെട്ട് പോയത്!

Saturday, April 6, 2019

ജല ദേവത

ബാംഗ്ലൂര് ജോലി ചെയ്യണ ടൈമിൽ,  ഫ്രീസറീലാണോ തലേന്ന് കിടന്നുറങ്ങിയേന്ന്  ഡൗട്ട് തോന്നണതരം  തണുത്ത് വിറങ്ങലിച്ച  ഒരു ഡിസബർ പുലർച്ചയ്ക്ക്, ഐശ്വര്യാ റായിയോടൊപ്പം മൂന്നാറില് ടൂറ് പോയീന്നുള്ള സ്വപ്നത്തിന്റെ സ്ലോമോഷൻ സോങ്ങ് സ്വീക്വൻസ് അതിന്റെ  അത്യന്തം റൊമാന്റിക്കായ  മൊമൻറ്റിലെത്തിയപ്പോഴാണ് ഡോർ ബെൽ 'കട്ട്' വിളിച്ചത്.  ഛെ! 

സ്പ്പോട്ടില് സ്വപ്നം ഫ്രീസ് ചെയ്ത് ബുക്ക്മാർക്ക് വച്ച് മടക്കി ലെറ്റിട്ടു.
സമയം നാലര കഴിഞ്ഞിട്ടേയുള്ളൂ..
'ആരാപ്പാദ് ഈ പുലർച്ചക്ക്' ന്നോർത്ത് ഡോർ തുറന്നു.

പുറത്തിരുട്ടാണ്... 
ആ ഇരുട്ടിൽ സെക്കന്റ് ഫ്ലോറിലെ  എന്റെ ക്വാർട്ടറിനു നേരെ താഴെ ഫസ്റ്റ് ഫ്ലോറിലെ ക്വാർട്ടറിൽ താമസിക്കുന്ന രമ്യ പരിഭ്രമിച്ച് നിൽക്കുന്നു. തനിച്ച് താമസിക്കണ അവിവാഹിതയും സുന്ദരിയുമാണ്  ടി.ജി.രവിയുടെ കയ്യീന്ന് കുതറിയോടി വന്ന ജയഭാരതി മോഡിൽ നിൽക്കണത്.

എന്തോ അപകടം മണത്ത് "എന്ത് പറ്റി രമ്യേ? ആരാണവൻ??" എന്നും ചോദിച്ച് പുറത്തേക്ക് ചാടിയിറങ്ങി ആക്ഷൻ ഹീറോയാവാനെടുത്ത ഡിസിഷ്യൻ മിനിമം കോസ്റ്റ്യൂമിലാണല്ലോന്നോർത്ത് ക്യാൻസൽ ചെയ്ത ഞാൻ, ഡോറിലൂടെ തല മാത്രം പുറത്തേക്കിട്ട് "എന്തിറ്റാണ്ടായേ ?" എന്ന് മാത്രം  ചോദിച്ചു.

"ഗ്രൗണ്ട് ഫ്ലോറിലെവിടെയോ പൈപ്പ് പൊട്ടീട്ടുണ്ട്. വെള്ളം ചീറ്റണ ശബ്ദം കാരണം രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. ആ കോർണർ മുഴുവൻ ഇരുട്ടാണ്. തനിച്ച് പോയി വാൽവടക്കാൻ പേടിയാ. ജസ്റ്റൊന്ന് കൂടെ വന്നാ മതി വാൽവ് ഞാനടച്ചോളാം" ന്ന് രമ്യ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

ഞാൻ "ദേ വരണൂന്ന് "  പറഞ്ഞ് ഡ്രസ് മാറി ഡോറും ചാരിയിറങ്ങി. രമ്യ മുന്നിലും ഞാൻ പിന്നിലുമായി സ്റ്റെപ്പിറങ്ങുമ്പോഴാണോർത്തത്,
മുകളിലെ ടാങ്കുകളിലേക്കുള്ള പൈപ്പുകൾ പോകുന്നത് ബിൽഡിങ്ങിന്റെ ആളുകൾ സാധാരണയായി അങ്ങിനെ പോകാത്ത ഇരുണ്ട സൈഡിലാണ്.
വിവാഹിതനും ഒന്നിലധികം തവണ പ്രായപൂർത്തിയായ യുവാവായ ഞാനും അവിവാഹിതയും ജസ്റ്റ് പ്രായപൂർത്തിയായ യുവതിയായ രമ്യയും  ചേർന്ന് അസമയത്ത് ആളൊഴിഞ്ഞ ഭാഗത്തെ ഇരുട്ടിലേക്ക് പോയത്  പൈപ്പിന്റെ വാൽവടക്കാനാണെന്ന് പറഞ്ഞാ മിനിമം കോമൺ സെൻസുള്ള  ആരെങ്കിലും വിശ്വസിക്കോന്നൊരു കൺഫ്യൂഷൻ തോന്നിയോണ്ടാണ്
 "അല്ലെങ്കി രമ്യ പോയ്ക്കോ ... വാൽവ് ഞാനടച്ചോളാ"  മെന്ന് ഞാൻ പറഞ്ഞത്. 

രമ്യ വരാന്ന് രണ്ട് മൂന്ന് വട്ടം നിർബന്ധപൂർവ്വം പറഞ്ഞെങ്കിലും സംശയാസ്പദമായ സീനിൽ ഞങ്ങളെക്കണ്ടെന്ന് ആരെങ്കിലും അന്ന്  നാട്ടിലായിരുന്ന ശ്രീയുടെ ജനറൽ നോളജ്നൊരു മുതൽക്കൂട്ടായിക്കോട്ടെന്ന് വിചാരിച്ച് ഫോൺ ചെയ്തെങ്ങാനും പറഞ്ഞാൽ??  ആ ഒരു ചിന്തേടെ സ്പാർക്ക് കിട്ട്യേതും എന്താ അല്ലിക്കാഭരണമെടുക്കാൻ  ഞാൻ കൂടിപ്പോയാൽ എന്ന് ഗംഗ നകുലനോട് ചോദിച്ച അതേ സോഫ്ട് ടോണിൽ  "വേണ്ടാ വരണ്ടാ! എന്തിനാ വരണേ? " ന്നൊക്കെ ഞാൻ ചോദിച്ചത് കൊണ്ടാവണം  രമ്യ മിഷൻ ക്യാൻസൽ ചെയ്ത് അവളുടെ ക്വാർട്ടറിൽ കയറി വാതിലടച്ചത്. സില്ലി ഗേൾ!

ഗ്രൗണ്ട് ഫ്ലോറിലെ പ്ലമ്പിങ്ങ് ഏരിയയിൽ ചെന്നതും മൊബെൽ ഫോൺ ലൈറ്റിൽ സിറ്റ്വേഷൻ അസസ്മെന്റ് നടത്തി.  

ഗ്രൗണ്ട് ഫ്ലോറിലെ കോമൺ ലൈനിലൂടെ ഹൈപവറിൽ പമ്പ് ചെയ്യുന്ന വെള്ളം  ടി-ജോയന്റ്കൾ വഴി പാരലൽ പൈപ്പുകളിലൂടെ നാല് നിലകൾക്കു മുകളിലെ  ടെറസിലെ കോർട്ടറൊന്നുക്ക് ഒന്ന് എന്ന നിലയിൽ സ്ഥാപിച്ചിരിക്കുന്ന നിരവധി ടാങ്കുകളിലേക്ക്  പോകുന്നു. അതിലൊന്നിന്റെ ജോയന്റ്,  കറക്ട് ഫസ്റ്റ് ഫ്ലോറിലെ രമ്യയുടെ ക്വാർട്ടറിന്റെ വിൻഡോയുടെ സൈഡിലുള്ളത്, ലീക്ക് ചെയ്ത് വിൽഡോ പെയിനിലിടിച്ച് അതിഭീകര ശബ്ദമുണ്ടാക്കുന്നു. പക്ഷേ, ചെറിയ ഒരൊറ്റ ലീക്കേയുള്ളൂ, വാൽവടക്കേണ്ടാവശ്യമൊന്നുമില്ല.  പെപ്പ് ജസ്റ്റ് ഒന്ന് തിരിച്ചിട്ട് തള്ളിയൊന്നുയർത്തിയാ മതി സംഗതി പാക്കായിരുന്നോളും. സ്പോട്ടില് ലീക്കും നിന്നോളും.  

എഞ്ചിനീയറിങ്ങ് തന്നെ തിരഞ്ഞെടുത്ത് പഠിച്ചതിൽ ആ നിമിഷത്തിൽ എനിക്ക്  വല്ലാത്ത അഭിമാനംതോന്നി.

കാലുകൾ രണ്ടും നാൽപ്പത്തഞ്ച് ഡിഗ്രി ആങ്കിളിൽ അകത്തി വച്ച് സീറ്റിങ്ങാക്കിയ ശേഷം കൈകൾ രണ്ടും പൈപ്പിൽ ചേർത്ത് പിടിച്ച് മുകളിൽ ലീക്ക് ചെയ്തു കൊണ്ടിരിക്കുന്ന വാട്ടർ സ്പ്രേ ദേഹത്ത് വീഴാത്ത വിധം  ബോഡി അലൈൻ ചെയ്ത് പിടിച്ച് പ്രൊസീജിയറിലെ ആദ്യ ഐറ്റമായ "പെപ്പ് വലത്തോട്ട് തിരി" തുടങ്ങിയതും, പിടിച്ചോണ്ടിരുന്ന പൈപ്പിന്റെ  ബേസ് താഴത്തെ മെയിൻ പൈപ്പിൽ നിന്നും വിട്ട്,  അതിലെ ഹൈ-പവർ വാട്ടർ സ്ട്രീം നാലാം നിലയോളം ഉയർന്ന് ഒരു വാട്ടർ ഫൗണ്ടെയ്ൻ ആയി മാറിയതും,  പണ്ട് മൈസൂർ ടൂറിന് പോയപ്പോക്കണ്ട വാട്ടർ ഫൗണ്ടെയ്ന് നടുവിലെ, മരംവെട്ട് കാരന്റെ കഥയിലെ, 'മഴുവേന്തിയ ജലദേവത' ശിൽപ്പം പോലെ ഞാൻ മാറിയതും സ്പ്ലിറ്റോ ഫേ സെക്കന്റിലായിരുന്നു.  കൈയ്യിൽ മരംവെട്ട്കാന്റെ  മഴുവിന് പകരം മൂന്നിഞ്ചിന്റെ  പന്ത്രണ്ടടിയോളം നീളമുണ്ടായിരുന്ന  പി.വി.സി പൈപ്പായിരുന്നൂന്ന് മാത്രം!

പ്ലമ്പിങ്ങ് ചെയ്തത് പഴേ സിലബസുകാരാരെങ്കിലുമായിരുന്നിരിക്കണം അല്ലെങ്കിലിങ്ങനെ വരേണ്ടതല്ല. 

ആ ഇരുട്ടത്ത് തപ്പി പിടിച്ച് മെയിൻ വാൽവ് ടേണോഫ്  ചെയ്ത്, കൊടും തണുപ്പത്ത് വിറച്ച് വിറച്ച് സെക്കറ്റ് ഫ്ലോറിലേക്ക് പോണ വഴിയാണ് പത്രമിടാൻ വന്ന ഹിന്ദിക്കാരൻ ചെക്കൻ 

" സാബ്ജി, ആപ് ഭി ജോഗിങ്ങ് കർനേലഗാ? " 

ന്ന് ചോദിച്ചത്. ഞാൻ ജോഗിങ്ങ് കഴിഞ്ഞ്  വിയർത്ത് കുളിച്ച് തിരിച്ച് വരാണെന്നാവും ലവൻ വിചാരിച്ചത്.  അരേ ബേവ് കൂഫ്, ഹിന്ദിയിലെ അൺ പാർലിമെന്ററി വിഭാഗത്തിൽ  ഞാനൽപ്പം വീക്കായിപ്പോയത് നിന്റെ ഭാഗ്യമെന്ന് മനസീപ്പറഞ്ഞ് ക്വാർട്ടറിന്റെ  ഡോറ്  തുറന്നകത്ത് കയറുമ്പോഴാണ് എനിക്കാ വേദനിപ്പിക്കുന്ന സത്യം മനസിലായത്.  

എന്റെ രണ്ട് രണ്ടര മണിക്കൂർ  ഉറക്കോം മുന്നാറിലെ  ചില്ലിങ്ങ് ഹാങ്ങൗട്ടുകളൊന്നിൽ  ഫ്രീസ് ചെയ്ത് ബുക്ക്മാർക്ക് ചെയ്ത് വെച്ച ഐശ്വര്യാറായിയേയും  എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. 

അതിനേക്കാൾ ഭീകരമായത് ഇതൊന്നുമറിയാതെ  തൊട്ട് താഴത്തെ ക്വാർട്ടറിൽ രമ്യ  കമ്പളിപ്പുതപ്പും വലിച്ചിട്ട് ഗാഡഗാഡം കൂർക്കം വലിച്ചുറങ്ങായിരിക്കും എന്ന ചിന്തയായിരുന്നു.