വരവ് :



Thursday, June 7, 2018

ഘരാന മാജിക് പീകോക്ക്


ഒരു പക്ഷേ നിങ്ങളിലധികപേർക്കുമറിയാത്ത ഒരു ഭൂതകാലമെനിക്കുണ്ട്, മ്യൂസിക്കില്ലാതെ ഒരു ആക്ടിവിറ്റിയുമില്ലാതിരുന്ന ഒരു ഫ്ലാഷ് ബാക്ക്!  ജീവിതവും സംഗീതവും ഇൻവാരിയബ്ലി ഇൻസെപ്പരബിളായിരുന്ന ടൈം!

തറവാടിന്റെ തെക്കേലെ ലാലു ചേട്ടന്റെ അസംബിൾഡ് പ്ലേയറിലെ 90 ന്റെ റെക്കോഡസ് കസറ്റിൽ നിന്നും  ആള് തന്നെ നിർമ്മാണ നിർവഹണം നടത്തിയ മൺകലത്തിൽ എട്ടിഞ്ചിന്റെ സ്പീക്കർ കമഴ്ത്തി യുണ്ടാക്കിയ ഹൈലി ഇൻഡിജീനസ് സൗണ്ട് സിസ്റ്റത്തിലൂടെ ഉരലിലിട്ടരിയിടിക്കണ ബീറ്റിൽ കേട്ട ബോണീയെമ്മും ആകാശവാണിക്കാര്  കാപ്പി രാഗത്തിലും മിശ്രചാപു താളത്തിലും വരെ  വച്ച്  കീച്ചിയിരുന്ന കർണ്ണാട്ടിക്ക് മ്യൂസിക്കും ഒരേ പോലെ ആസ്വദിക്കുകയും ആലപിക്കുകയും ചെയ്തിരുന്ന തരം ബാല്യം മുതൽ അഡോളസൻസ് വരെ  സ്പാൻ ചെയ്ത് കിടക്കണ അപാര റേഞ്ചിലായിരുന്ന ഒരു ഗോൾഡൻ ഇറ!

റാഫേൽ മാഷ്ടെ വിസ്ഡം ട്യൂഷൻ സെന്റെറിലെ ഒൻപതാം ക്ലാസിലെ സെൻഡോഫ് പ്രോഗ്രാമിനിടക്കാണ് സംഗീതവുമായി   ഇഴുകിച്ചേർന്ന ആ നീണ്ട ജീവിതം  വേദന കടിച്ചമർത്തി ഞാനുപേക്ഷിച്ചത്.

അന്നുവരെ ഒരുപാടവസരങ്ങളുണ്ടായിരുന്നിട്ടു കൂടി  പാട്ട്മായി ബന്ധപ്പെട്ട ഒരു പ്രോഗ്രാമിലും ഞാൻ പങ്കെടുക്കാതിരുന്നത് " സംഗിതം സാധനയാണ് കേവലം മൽസരയിനമല്ല " എന്ന അടിയുറച്ച വിശ്വാസവും  "ലോക ഹെവി വെയ്റ്റ് ചാമ്പ്യനെന്ത് നാട്ടിലെ കാട്ടാഗുസ്തി " എന്ന ആറ്റിറ്റ്യൂഡും കൊണ്ടായിരുന്നു.

വിസ്ഡത്തിലെ സെൻഡോഫ് പ്രോഗ്രാമിലെ ആ വർഷത്തെ അനുമോദനങ്ങളും ആശംസാ പ്രസംഗങ്ങളും  കഴിഞ്ഞ് ചായേടേം ബിസ്കറ്റിന്റേം ടൈമിലാണ് സജീവൻ മാഷ് ആരാ പാട്ട് പാടണേന്നൊരു ഓപ്പൺ ക്വസ്റ്റ്യനെറിഞ്ഞത്. ക്വയറിലൊക്കെപ്പാടണ ഒന്ന് രണ്ട് പേരുണ്ടായോണ്ട് അവരിലാണ് മെയിൻ ഫോക്കസ്. ചോദ്യം കേട്ടതും ക്ലാസിൽ പിൻഡ്രോപ്പ് സൈലൻസ്. ആരും മുന്നോട്ടില്ല.

എന്താ ഈ ക്വയറു കാരുടെ ഒക്കെ ജാഡ? പാട്ടെന്താ നമുക്കറിയാത്തതാണോ ? എന്നൊക്കെയുള്ള  തോന്നലുണ്ടായ ആ സ്പിളിറ്റോഫേ സെക്കന്റിൽത്തന്നെയാണ് "ഞാമ്പാടാം മാഷേ"  ന്ന് പറഞ്ഞ് ഞാനെണീറ്റതും ക്ലാസ് മുഴുവൻ ആരാധനയോടെ എന്നിലേക്ക് തിരിഞ്ഞതും.

"പാട്ട് പുസ്തകോണ്ടാ?" ന്ന് ചോദിച്ച് തീരണേന് മുൻപേ ആരോ പുസ്തകം കയ്യിലേക്ക് തന്നു.

"ഡാ വിയറ്റ്നാം കോളനീലെ പാട്ട് മതീ ട്ടാ" ന്ന് പറഞ്ഞത് ജിഫ്രിയാണ്. "ചോലക്കുരുവികളും മേടപ്പറവകളും മേളിച്ച കാട്ടിലെങ്ങോ മതീട്ടാ" ന്ന്  പാട്ട് പുസ്തകത്തിൽ വിയറ്റ്നാം  കോളനി തിരയേണേന്റെടേല് ശ്രീജുവെന്റെ തുടയിൽ നുള്ളി അടക്കിപ്പറഞ്ഞു. പക്ഷേ എന്റെ അഭിപ്രായത്തിൽ "പവനരച്ചെഴുതുന്നു കോലങ്ങളെന്നും കിഴക്കിനി കോലായിലരുണോദയ" മായിരുന്നു അതിലെ ബെസ്റ്റ് സോങ്ങ്.

പ്രാക്ടീസിന് സമയം വേണോന്ന് മാഷ് ചോദിച്ചപ്പോ "..ഇതൊക്കെ അറിയണ പാട്ടല്ലേ മാഷേ" ന്നാ ഞാൻ പറഞ്ഞത്. കാര്യം വർഷങ്ങളായി  പാടുമായി രുന്നെങ്കിലും എന്റെ  കന്നി പബ്ലിക് പെർഫോമൻസായിരുന്നത്.  അതിന്റെ ഒരു ടെൻഷനുണ്ടായിരുന്നുള്ളിൽ.

ആദ്യത്തെ വരി പാടിക്കഴിഞ്ഞപ്പോ ഓഡിയൻസ്  സൈലന്റ്   മോഡിലായി. ഏതൊരു പെർഫോമിങ്ങ് ആർട്ടിസ്റ്റിനേയും പോലെ ആദ്യത്തെ പോസറ്റിവ് സിഗ്നൽ കണ്ട് മനസൊന്നു തണുത്തു. വോവ് ! ഓഡിയൻസ് അണ്ടർ ഗ്രിപ്പ്!!  പേടി മഞ്ഞുരുകണ പോലുരുകിപ്പോയി.

സത്യത്തിൽ ആദ്യത്തെ ലൈൻ പാളിയത് പോട്ടെ രണ്ടാമത്തേത്  ഇവൻ ശരിയാക്കുമായിരിക്കുമെന്ന്  തോന്നീട്ടുള്ള  അവരുടെ പ്രതീക്ഷയായിരുന്നു  അതെന്ന്  ഊഹിക്കാൻ പോലും സാധിക്കാത്തത് കൊണ്ടാണ് രണ്ടാമത്തെ ലൈനിലേക്ക് ഞാൻ കടന്നത്.

"പകലകം പൊരുളിന്റെ ശ്രീരാജധാനി " യെന്ന സെക്കന്റ് ലൈൻ പാടി ത്തീർന്നപ്പോ   രാജധാനിയുടെ എൻഡ് പഞ്ച് കയ്യീന്ന് പോയി നൈസായിട്ട് ഒരു  ഡീറെയിലിങ്ങിണ്ടായോന്നൊരു സംശയം തോന്നി. തോന്നലാവും! എന്നാലും
കോൺഫിഡൻസിലൊരു ചെറിയ സ്ക്രാച്ച് വീഴാണ്ടിരുന്നില്ല.

മൂന്നാമത്തെ വരി "ഹരിതകമ്പളം നീർത്തി വരവേൽപ്പിനായി "  പാടിത്തീർത്തപ്പോഴാണ് ഞാമ്പാടാം മാഷേ യെന്ന് പറഞ്ഞ് ചാടിയിറങ്ങിയതിലെ റിസ്കിന്റെ  റിയൽ മാഗ്നിറ്റ്യൂഡ് ആദ്യമായെനിക്ക് ഫീൽ ചെയ്തത്. കണ്ണടയില്ലാതെ അച്ചാച്ചൻ തപ്പി തപ്പി പത്രം വായിക്കണത് ഒരാവിശോല്ലാണ്ട് ആ സമയത്ത് എനിക്കോർമ്മ വന്നു.

പുസ്തകത്തീന്ന് കണ്ണുയർത്തി ഞാൻ ഓഡിയൻസിനെയൊന്നു പാളി നോക്കി. സകലരും ചുണ്ടുകൾ വായ്ക്കുള്ളിലേക്ക് മടക്കിക്കടിച്ച് ചിരിയടക്കിപ്പിടിച്ചിരിക്കാണ്.

അടുത്ത വരി പാടി മുഴുവനാക്കാൻ സമ്മതിച്ചില്ല. "ഇതിലേ... ഇതിലേ...... വരു സാമഗാന വീണ മീട്ടിയഴകേ " എന്നതിലെ ആദ്യത്തേ ഇതിലേ ഒരു വഴിക്കും രണ്ടാമത്തേത് വേറൊരു വഴിക്കും കൂടിപോയതോടെ അടക്കിപ്പിടിച്ചിരുന്ന ഒരു പാട് ചിരികൾ പൊട്ടിച്ചിരികളായി പ്രമോട്ട ഡായി അൺ കൺട്രോളബിൾ സ്റ്റേറ്റിലേക്ക് മാറി സീൻ കബ്ലീറ്റ് പാന്റെമോണിയത്തിലായി സാമഗാനവീണ അതിൽ മുങ്ങി ചത്തു! 

ഇന്നിനി പാട്യാശരിയാവില്ലാന്ന് തോന്നീട്ട് അനുപല്ലവീം ചരണോം ഈമ്മീഡിയറ്റായി കാൻസൽ ചെയ്ത്  ചിരിയടക്കാൻ പറ്റാതെ ശ്വാസം കിട്ടാതെയിരുന്നിരുന്ന ഓഡിയൻസിനിടയിലൂടെ ആരുടേം മുഖത്ത് നോക്കാതെ  ഞാൻ സ്വന്തം സീറ്റിലേക്ക് ക്രാഷ് ലാൻഡ് ചെയ്തതായിരുന്നു നെക്സ്റ്റ് സീൻ.

"നീ ചോലക്കുരുവി പാടും ന്നല്ലേ ഞാൻ വിചാരിച്ചേ" ന്ന് ജിഫ്രി ചോദിച്ചപ്പോ "അത് ഒരുപാട് സിമ്പിളായിപ്പോവുന്ന്  വിചാരിച്ചിട്ടാ " ന്നാ ഞാൻ അപ്പൊ മറുപടി പറഞ്ഞത്.

*           *            *

അത് കഴിഞ്ഞതോടെ കര കര ശബ്ദമുണ്ടാരുന്ന കൃഷ്ണ കുമാറ് വരെ പാട്ട് പാടി കയ്യടി വാങ്ങിച്ചു. എന്റെ പാട്ടിന്റെ ധൈര്യത്തിൽ അന്നു പാടി കയ്യടി കിട്ടാത്തവരാരുമുണ്ടായിരുന്നില്ല ക്ലാസിൽ ഞാനൊഴികെ.

ക്വയറിൽ പാടണ പത്താം ക്ലാസിലെ ജിൻസി ചേച്ചി നൈസായിട്ട് "നീയെൻ   സർഗ സൗന്ദര്യമേ" പാടി തകർത്തതോടെ എത്രേം പെട്ടന്ന് ആ ഫങ്ങ്ഷൻ വിട്ടോങ്ങൊട്ടെങ്കിലും പോയാൽ മതിയെന്നായിരുന്നെനിക്ക്.

പിന്നെ ഒന്നു രണ്ട് വർഷത്തോളം ആ ഏരിയയിൽ  "പവനരച്ചെഴുതുന്നു " റേഡിയോവിൽ യേശുദാസ് പാടുമ്പോൾപ്പോലും  ആളുകൾ അടക്കി ചിരിക്കുമായിരുന്നത്രേ. വളരെ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ  വിസ്ഡത്തിലേക്കോ   സമീപ പ്രദേശങ്ങളിലേക്കോയുള്ള റോമിങ്ങ് അക്കാലത്തൊക്കെ ഞാൻ അവോയ്ഡ് ചെയ്യാണ് ഉണ്ടായിട്ടുള്ളത്.

കാലക്രമേണ ഞങ്ങൾ വീട് മാറി പനമ്പിക്കുന്നിലേക്ക് പോയി. ഞാൻ തൃശൂർ സെന്റ് തോമസിലേക്ക് പ്രീഡിഗ്രിക്ക് പോയി. വിസ്ഡത്തിൽ പുതിയ   ബാച്ചുകൾ വന്നു. മലയാള സിനിമയിൽ പുതിയ പാട്ടുകൾ വന്നു. എല്ലാരും എല്ലാം മറന്നു.

എങ്കിലും പിന്നീട് ഒരുപാട് വർഷങ്ങൾ ക്ക് ശേഷവും വളരെ അപൂർവ്വമായി വിസ്ഡം     വഴി പോകേണ്ടി വന്നപ്പോഴൊക്കെ ഞാൻ ആ സെൻഡോഫ് ഓർത്ത് ഉൾക്കിടിലം കൊള്ളുമായിരുന്നു.

  *           *          *

വർഷങ്ങൾക്ക് ശേഷം ബിടെക്ക് കഴിഞ്ഞ് റിസൾട്ട് വരാൻ വെയ്റ്റ് ചെയ്യണ ടൈമിലൊരൂസം പനമ്പിക്കുന്നിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് ഒരു ബൈക്ക് വന്ന് ചേർത്ത് നിർത്തിയത്.
എനിക്ക് പുറകിലിരിക്കണ ലേഡിയെ മാത്രേ കാണണുള്ളൂ. ഒരയ്ഡിയേ മില്ല. ഒന്നൂടെ അടുത്തെത്തിയപ്പോ ഓടിക്കുന്നതാരാന്ന് നോക്കി. ഇല്ല ഒരു പരിചയോല്ല്യ. വഴി ചോദിക്കാനാവും എന്ന് മനസിലോർക്കണേനെടേല്

"നെനക്കെന്നെ മനസിലായില്ലടാ..... ഞാനാ ജിൻസിയാടാ സായ്...."

ബൈക്കിന് പുറകിലിരുന്ന ലേഡി സ്വയം ഇൻട്രൊഡ്യൂസ് ചെയ്തു.

"ഓ.... ജിൻസി  ചേച്ചി വിസ്ഡത്തിലെ ......" വർഷങ്ങൾക്ക് ശേഷം  കണ്ട് മുട്ടിയ സന്തോഷത്തിൽ ഞങ്ങൾ ഒരു പാട് കാര്യങ്ങൾ ഷെയർ ചെയ്തു. അതിനിടയിലാണ് ബൈക്കോടി ക്കണ ചേട്ടനെ ചൂണ്ടി... "ദ് ഹസ്ബെൻഡാന്ന് " എന്നോടും...." ചേട്ടന് ആളെ മനസിലായോ.... വിസ്ഡത്തിലുണ്ടായിരുന്ന  സായി.... " ന്ന് ആളോടും പറഞ്ഞത്.

ആൾടെ അന്തം വിട്ട  നോട്ടം കണ്ടപ്പോ എനിക്ക് കാര്യം മനസിലായി
ഇല്ല ആൾക്കെന്നെ പിടി കിട്ടീട്ടില്ല!

പെട്ടന്നാണ് ജീൻസി ചേച്ചീടെ എക്സ്പ്ലനേഷൻ വന്നത്.
"അന്ന് ആ വിയറ്റ്നാം കോളനീലെ ആ പാട്ട് പാടിയ ...." ചേച്ചി മുഴുവനാക്കിയില്ല
അതിനു മുൻപേ പൂർവ്വ ജൻമങ്ങളിൽപ്പോലും എന്നെ കണ്ട് മുട്ടാൻ യാതൊരു ചാൻസുമില്ലാതിരുന്ന
ആള് കൊറെക്കാലായിട്ട് പരിചയമുള്ള ആളെപ്പോലെ എന്റെ കയ്യിൽ കയറിപ്പിടിച്ച് ഷേക്ക് ഹാൻഡ് തരുന്നതിനിടെ " ....പവനരച്ചെഴുതുന്ന പാട്യ സായി... ല്ലേ? " എന്നെന്നോട് കൺഫേം ചെയ്തു.

ദൈവമേ....ഇതിൽ നിന്നൊന്നും ഇനിയീ ജന്മം മോചനമില്ലേയെന്ന ഗദ്ഗദം ഉള്ളിലൊരുക്കി ഞാൻ മറുപടി പറഞ്ഞു.

"അതെ ചേട്ടാ.... ഞാനാണ് ആ ഘരാന മാജിക് പീക്കോക്ക് ! !""