വരവ് :



Friday, March 25, 2011

ചതിക്കാത്ത ചന്തുവും കോട്ടയം കുഞ്ഞച്ചനും

നാട്ടില്‍ ദേവിയും യമുനയും പോലുള്ള പെട തിയറ്ററുകള്‍ ഉണ്ടാവാതിരുന്നിട്ടല്ല.
അവിടെയൊക്കെ എല്ലാ ആഴ്ചയും മലയാളം, തമിഴ്, ഹിന്ദി സിനിമകള്‍ വരാഞ്ഞിട്ടല്ല.
സിനിമ കണ്ടു നടന്നാല്‍ പിള്ളേര് ചീത്തയായിപ്പോവും എന്ന
ചിരപുരാതന വിശ്വാസം അച്ചനുണ്ടായിരുന്നോണ്ടാണ്
വിവിധ സേവനങ്ങള്‍ക്കായുള്ള സര്‍വീസ് ചാര്‍ജ് രൂപത്തില്‍ വീട്ടില്‍ നിന്നും
'സമ്പാദിച്ച' ഇരുപത്തിമൂന്ന് രൂപയില്പരം വരുന്ന മൂലധനം ഇന്‍സ്ട്രുമെന്റ് ബോക്സില്‍
കിടന്നിട്ടും മലയാളം സിനിമാ വ്യവസായത്തില്‍ ഞാനത് ഇന്‍വെസ്റ്റ്‌ ചെയ്യാതിരുന്നത് .

പ്രസാദന്‍ മാഷ്‌ 'ആറ് -ഡി' ക്കാര്‍ക്ക് വേണ്ടി ഒരു ശനിയാഴ്ച സ്പെഷ്യല്‍ ക്ലാസ്സ്‌ വച്ചതും,
ആ വെള്ളിയാഴ്ച തന്നെ യമുനയില്‍ "കോട്ടയം കുഞ്ഞച്ചന്‍" സിനിമ വന്നതും
ഒരേ ആഴ്ചയില്‍ നടന്ന പരസ്പരബന്ധമില്ലാതെ രണ്ടു സംഭവങ്ങള്‍ ആയിരുന്നു.

കോട്ടയം കുഞ്ഞച്ചനെക്കുറിച്ച് "സൂപ്പര്‍ പടാട്ടോ ... 18 ഇടീണ്ട് ട്ടാ " -ന്നൊക്കെ
ബിജു അന്ന് ക്ലാസില്‍ കത്തിക്കയറി.
അവന്‍ മാമന്റെ വീട്ടി പോയപ്പോ പടം കണ്ടൂത്രേ, ഭാഗ്യവാന്‍!

വെള്ളിയാഴ്ച വയ്ന്നേരം സ്കൂളീന്ന് വീട്ടിപോണ വഴിക്ക് യമുനയിലെക്കൊന്നു പാളി നോക്കി.
മമ്മൂട്ടിടെ ഒരു വല്ല്യ പോസ്റ്റര്‍ ഒട്ടിച്ചു വച്ചിട്ടുണ്ട്.
മനസ് ഒന്ന് ദുര്‍ബലമായി ..വേണ്ട.... വീട്ടി അറിയാണ്ടുള്ള കേസില്ല!

ശനിയാഴ്ച രാവിലെ ആറ് എ ക്കാര്‍ക്കും ബി ക്കാര്‍ക്കും ആണ് സ്പെഷല്‍ ക്ലാസ്സ്‌, നമുക്ക് ഉച്ചക്കെ പോണ്ടൂ.
ഉച്ചക്ക് മോരൂട്ടാനും കൂട്ടി ചോറുണ്ട് കെ കെ മേനോനില്‍ കേറി സ്കൂളിലേക്ക് പോയ ആ പോക്കില്‍ ആണത് സംഭവിച്ചത്....

ബസ്‌ യമുന പാസ്‌ ചെയ്തപ്പോ 'ഇന്ന് ഈ സിനിമ കണ്ടിട്ടേള്ളു' -ന്നങ്കട് തീരുമാനിച്ചുകളഞ്ഞു ഞാന്‍.
വീട്ടില്‍ എനിക്ക് വേണ്ടി മാത്രം വാങ്ങി സൂക്ഷിച്ചിരുന്ന ചൂരലിനെയോ, അതും കൊണ്ട് അച്ഛന്‍ കലിതുള്ളി
നിന്നിട്ടുള്ള നിരവധി ക്രിട്ടിക്കല്‍ സീനുകളെക്കുറിച്ചോ ഒന്നും ഓര്‍ക്കാതെ.

അടുത്ത സ്റൊപ്പിലിറങ്ങി യമുനയിലേക്ക് വച്ചുപിടിക്കുമ്പോഴാണ് ബീയെസ്സെയെസ്സല്ലാറില്‍
ആറ് എ യിലെ ചന്തു പാഞ്ഞു വന്നത് , അവന്റെ സ്പെഷല്‍ ക്ലാസ് കാലത്തേ കഴിഞ്ഞു.
"നീ ക്ലാസീപ്പോണ്ല്ലേ ?" ന്ന്‍ ചോദിച്ചു ചുള്ളന്‍ സൈക്കിള്‍ നിര്‍ത്തി.
"...ന്തൂട്ട്? ..ഹിസ്ടറ്യല്ലേ.....ഞാന്‍ കോട്ടയം കുഞ്ഞച്ചന് പോകാണ് " -ന്ന നമ്മുടെ നിലപാട് കേട്ടപ്പോ
"പ്രസാദന്‍ മാഷാട്ടാ .....പുള്ളിയറിഞ്ഞാ ചുട്ട അലമ്പാവുംട്ടാ... " ന്ന് പറഞ്ഞു
അവന്‍ ഒന്ന് ഡിമോട്ടിവേറ്റ് ചെയ്യാന്‍ നോക്കി.

ഇവനേം കൂടി കൂട്ട്യാലോ ഒരു ധൈര്യത്തിന് എന്ന് തോന്നീട്ട്
"ഇടിവെട്ട് പടാട്ട... മമ്മുട്ട്യാടാ...18 ഇടീണ്ട്....നീയും വാടാ " ന്നൊക്കെപ്പറഞ്ഞു അവനെ
കാന്‍വാസ് ചെയ്യുമ്പോ ആ പടത്തില്‍ സില്‍ക്ക് സ്മിതയോ, അനുരാധയോ
ഇല്ലാതിരുന്നതിന്റെ കുറവ് എനിക്ക് വല്ലാതെ ഫീല്‍ ചെയ്തു.
എന്തായാലും ചന്തു ഒടുക്കം വീട്ടിപ്പോയി പെര്‍മിഷനും എടുത്ത് മാറ്റിനി തുടങ്ങണെന് മുമ്പ് പാഞ്ഞു വന്നു.

ഇന്റര്‍വെലിന് കടല തിന്നോണ്ടിരിക്കുമ്പോ 'ആരെങ്കിലും കാണാവോ ?' എന്നൊരു സ്പാര്‍ക്ക് വരേം
രണ്ടു ശ്വാസകോശങ്ങളുടെം ഇടക്ക്യായിട്ടു പെരുവനം കുട്ടന്‍മാരാരുടെ തായമ്പകേടെ പോലൊരു പെരുക്കം
കേള്‍ക്കേം ചെയ്തു, ആകെ ഒരസ്വസ്തത!
അപ്പൊ വായിലേക്കിട്ട കടല, അതിനെ കടിച്ചു മുറിക്കാന്‍ വന്ന സകല പല്ലുകളേം കബളിപ്പിച്ചു നേരെ
തൊണ്ടയില്‍ ചെന്ന്‍ ലാന്‍ഡ്‌ ചെയ്ത് മഴക്കാലത്ത്‌ പഞ്ചായത്ത് റോഡില്‍ താഴ്ന്ന
ഓട്ടോറിക്ഷടെ സ്റ്റേറ്റിലായി. മുന്നോട്ടും ഇല്ല പിന്നോട്ടും ഇല്ല !


അടുത്ത തിങ്കളാഴ്ച രാവിലെ സ്കൂളില്‍ ചെന്നപ്പോ ഗേറ്റിനു മുന്‍പില്‍ പണ്ട്
ബാലേട്ടന്റെ 'സര്യ' സ്റ്റുഡിയോ ഉല്‍ഘാടനം ചെയ്യാന്‍ ശോഭന വന്നപ്പോ
ണ്ടായ അതേ തിക്കും തിരക്കും.
പത്തു മണിയായിട്ടും ഗേറ്റ് തുറക്കാന്‍ താക്കോലും കൊണ്ട് അന്ന് പ്യൂണ്‍ ഉഷേച്ചി വന്നിട്ടില്ല.
ഫുള്‍ സ്ട്രെങ്ങ്ത് ഗേറ്റ് നു മുന്നില്‍ വെയിറ്റ് ചെയ്യാണ്.

ഞാന്‍ ബസ്സിറങ്ങിയ സമയത്ത്, അവിടെ കോട്ടയം കുഞ്ഞച്ചന്‍ സീന്‍ ബൈ സീന്‍
നരേറ്റ് ചെയ്തോണ്ട് നിന്നിരുന്ന ചന്തൂം ഓഡിയന്സും തമ്മില്‍ ഏതോ ഒരു സീനിനെക്കുറിച്ച്
എന്തോ ഒരു ഡിസ്സഗ്രിമെന്റ്റ് ഉണ്ടാവേം, എന്നെക്കണ്ടപ്പോ
".......വിശ്വാസിലെങ്കി.. ദേ... ഇവനോട് ചോയ്ക്ക്....ഇവനും ഞാനും കൂട്യാ ശന്യാഴ്ച മാറ്റ്നി കണ്ടെ.."-ന്നു
എന്നെ ചൂണ്ടി പറയേം ചെയ്തു.

മൂന്നാമത്തെ പീരീഡ്‌ പ്രസാദന്‍ മാഷ്‌ ക്ലാസില് വന്നിട്ട് ഒരക്ഷരം
പോലും ചോദിക്ക്യാതെ എന്റെ വലത്തെ തുടയുടെ
മോസ്റ്റ്‌ സെന്‍സിറ്റിവ് ഏരിയയില്‍ ചൂരല് വച്ച് മൂന്നാല് വീക്ക് വീക്കേം,
അതിന്റെ എഫ്ഫെക്ട്ല് സ്പോട്ടില് വച്ചെന്നെ
മില്‍ക്കീവേയുടെ ഒരു ഫുള്‍വ്യൂ കളറില്‍ നേരിട്ട് കാണേങ്കൂടി
ചെയ്തപ്പോഴാണ് രാവിലെ ചന്തു നടത്തിയ
ബ്രോഡ്‌ കാസ്ടിങ്ങിന്റെ കവറേജിനെക്കുരിച്ച് ഒരേകദേശ ധാരണ കിട്ടിയത്.
"നീയിനി ക്ലാസ് കട്ട് ചെയ്തു സിനിമക്ക് പോകോഡാ?" എന്നൊരു അശരീരിയും കൂട്ടത്തില്‍ കേട്ടു.

ഒരുപാട് ദേഷ്യൊക്കെ ചന്തൂനോട് ആദ്യം തോന്ന്യെങ്കിലും 'അറിയാണ്ടാല്ലേ.... സാരല്ല'
എന്നൊക്കെ വിചാരിച്ചു ഞാനാ കേസ് വിട്ടു.

അത് കഴിഞ്ഞു ഒരൂസം വയ്ന്നേരം അവന്‍ വീട്ടില് വരേം, കട്ടന്‍ ചായേം കൊക്ക്വടേം തിന്നോണ്ടിരിക്ക്യണേന്റെടേല്
"....യിവന്‍ ക്ലാസ്സ്‌ കട്ട് ചെയ്ത് സിനിമക്ക് പോയിട്ട് മാഷേന്ന് തല്ലു കിട്ട്യ കാര്യം അറിഞ്ഞോ ?" ന്ന്‍
അനവശ്യായി അച്ഛനോട് ചോദിക്കേം ചെയ്തു .

കേട്ട പാതി കേള്‍ക്കാത്ത പാതി "...ഏതു സിനിമ? എവിടെക്കണ്ടു? ആരാ ഹീറോ ? എത്ര പാട്ടുണ്ട് ? ഹൌസ്ഫുള്‍ ആയിരുന്നോ ?
എന്നൊക്കെ അറിയാന്‍ ഒരു ക്യുരിയോസിറ്റീം കാണിക്കാതെ,
അലമാരീടെ മോളീന്ന് ചൂരലും എടുത്തു എന്റെ നേര്‍ക്ക്‌ ഒരു വരവായിരുന്നു അച്ഛന്‍

ടിപ്പര്‍ ലോറീന്ന്‍ കരിങ്കല്ലിറക്കണ പോലുള്ള ശബ്ദം കേട്ടതല്ലാതെ എത്രണ്ണം കിട്ടീന്നോ, എവിടൊക്കെ കിട്ടീന്നോ,
ഒരു പിടീം കിട്ടീല.

സിറ്റ്വേഷന്‍ അത്ര ഫേവറബിളല്ലന്ന് മനസിലാക്കി സ്കൂട്ടാവാന്‍ നിന്ന ചന്തൂനോട് ഞാന്‍ മനസ്സില്‍പ്പറഞ്ഞു

"കൊല്ലൂടാ...... നിന്നെ ഞാന്‍" !

Wednesday, March 23, 2011

കൈലേസ്

മറന്നുവച്ച നിന്‍ നനുത്ത കൈലേസിന്‍
മൃദുല സ്പര്‍ശനമുണര്‍ത്തിടുന്നെന്നില്‍
സുഖദമോര്‍മ്മകള്‍....

വിടര്‍ന്ന നിന്‍ ചിരി, കുളിരും ഭാഷണം
പ്രണയപ്പൂവിതള്‍ വിരിഞ്ഞ യാമങ്ങള്‍
പറഞ്ഞിടാതെ നാമറിഞ്ഞ കാര്യങ്ങള്‍
കണ്ണിണകള്‍ പാടിയ പ്രണയഗാനങ്ങള്‍

കൊഴിഞ്ഞുപോകുവാന്‍ മടിക്കുമിതളുമായ്‌
വസന്തമിന്നെന്നില്‍ വിരിഞ്ഞു നില്പിതാ
ഒടുവിലീവഴിക്കൊടുവില്‍ ഞാന്‍
തനിച്ചകലെ നീ സഖി, കാലമിടറിനില്‍ക്കയോ?

പ്രണയം ഹൃദയത്തെ തൊടുന്ന വിധം

ഒരു കിനാവിന്‍തുണ്ട് തിരയുന്നു ഞാനിന്നു
ഒരു മയില്‍പ്പീലിയും, പീലിയൊളിപ്പിച്ച
പുസ്തകത്താളും തിരഞ്ഞേ നടപ്പൂ ഞാന്‍....

ഒരു നിലാവിന്‍തുണ്ട് തിരയുന്നു ഞാനിന്നു
പൂക്കള്‍ പൊഴിക്കുന്ന, പൂമണം വീശുന്ന
പൂമരച്ചോടും തിരഞ്ഞേ നടപ്പൂ ഞാന്‍. ..

സ്മൃതിമണിച്ചെപ്പിലൊളിപ്പിച്ചു വച്ച നിന്‍
കരിവളപ്പൊട്ടും, കിലുകിലെ ചിരിയും
അരിയനിന്‍ മിഴിയിലെ നിറമാര്‍ന്ന കനവും
ഒരുനുള്ള് പരിഭവം പൂത്തൊരാക്കവിളും
മതിലേഖ തോല്‍ക്കുന്നോരാകുളിര്‍നെറ്റിയും
നെറ്റിയിലണിഞ്ഞൊരാ ചന്ദനപ്പൊട്ടും
നാമൊത്തു നടന്നൊരായിടവഴിത്തണലും
തിരിച്ചു പിടിക്കാന്‍ തിരഞ്ഞെ നടപ്പൂ ഞാന്‍ ...
................
.....................
സഖീ, ഋതുമാറി, ശിശിരം ഹനിച്ചൊരീയുടലുമായ്‌
തൊടിയിലെ കോണില്‍ തനിയെയായ്പ്പാഴ്മരം !

ഒരു പേരില്‍

പ്രീ ഡിഗ്രി എന്ന അത്ര മോശമല്ലാത്ത ഡിഗ്രി നിലവിലുള്ള സുന്ദരകാലം.
പ്രീ ഡിഗ്രി കഴിഞ്ഞ എന്നെ ഇനി എന്ത് ചെയ്യണം
എന്ന് അച്ഛന്‍ മുന്‍വശത്തെ കസേരയിലിരുന്നു തലയ്ക്കു കൈ കൊടുത്തും
അമ്മ അടുക്കളയില്‍ നാള്യെരം ചിരകുന്ന പൊസിഷനില്‍ ഇരുന്നു കൈ കൊടുക്കാതെയും ആലോചിച്ചു
വയ്യാണ്ടായ സമയത്താണ് അനിയത്തി പത്തു പാസ്സായത്‌ .
അങ്ങിനെയാണ് അച്ഛന്‍ "നിനക്ക് ഇവിടെ പ്രതേകിച്ചു പണിയോന്നില്ലല്ലോ ....
ആ ... എസ്. എന്‍. കോളേജിപ്പോയി അവള്‍ക്കു പ്രീ ഡിഗ്രീടെ ഒരപ്ലിക്കേഷന്‍ വാങ്ങീട്ടു വാടാ" ന്ന്‍
പറഞ്ഞു വിടുന്നത് .

ഇന്ത്യ ക്ക് ജമ്മു -കാശ്മീര്‍ എന്നപോലെ ആണ് അനിയത്തിയുടെ വീട്ടിലെ ഗെറ്റപ്പ്.
എന്തോ ഒരു തരം പ്രത്യേക പദവി.
നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ സമ്മാനമില്ലാതായിപ്പോയ ലോട്ടറി ടിക്കറ്റിന്റെ
അവസ്ഥയിലായിരുന്ന എനിക്ക് " പിന്നെ?.... വേറെ പണീണ്ട്.... പോകാന്‍ വേറെ ആളെ നോക്ക് "
എന്നൊക്കെ പറയണം എന്ന് തോന്ന്യെങ്കിലും അടിയന്തരാവസ്ഥക്ക്‌ തുല്യം

അച്ഛന്റെ ഭരണകൂട ഭീകരതയ്ക്ക് വശംവദനായി ജീവിക്കുന്ന ആ

അവസ്ഥയില്‍ അതൊക്കെ വെറുതെ ആലോചിക്യാനെ പറ്റുമായിരുന്നുള്ളൂ.

അനിയത്തിയോടുള്ള സ്നേഹം, വീടിനോടുള്ള ആത്മാര്‍ത്ഥ എന്നിവ
പ്രകടമാക്കാനുള്ള അസുലഭാവസരം എന്നതായിരുന്നില്ല മറിച്ച്
ആ വഴിക്ക് കുറച്ചു കാശ് വകമാറ്റാം എന്നതും,
ഉല്ലാസ് ഹോട്ടലിലെ ആവിപറക്കുന്ന ബ്രൂ കോഫീ, കിടിലന്‍ മസാല ദോശ,
മൊരിഞ്ഞു തുടുത്ത ഉഴുന്നുവട തുടങ്ങിയ എന്റെ സ്ഥിരം
വീക്നെസ് കളുമായിരുന്നു രാവിലെ തന്നെ
കുളിച്ചൊരുങ്ങിയുള്ള ആപ്പോക്കിന്റെ മേജര്‍ ഡ്രൈവിംഗ് ഫോഴ്സ് .

'സ്റ്റാര്‍ട്ടിംഗ് ടൈം ഓഫ് ദി മിഷന്‍' അഥവാ എസ് എനിലേക്കുള്ള
'ഒരുബിട്ടെര്‍ക്കം' ഷാര്‍പ്പ് ഒന്‍പതു മണി എന്ന് ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നത്
പ്രക്ടിക്കലായപ്പോ, റോക്കെറ്റ്‌ വിക്ഷേപിക്കുമ്പോള്‍ സാങ്കേതിക തകരാറ് മൂലം
പല തവണ 'കൌണ്ട്ഡൌണ്‍' റീസെറ്റ് ചെയ്യപ്പെടുന്ന പോലെയുള്ള അവസ്ഥയില്‍പ്പെട്ടു
ഒന്പതെകാല്‍.... ഒന്‍പതര.... പത്തു മണി...പത്തര...പത്തെമുക്കാല്‍ എന്നിങ്ങനെ
പലതവണ റീസെറ്റ് ചെയ്യപ്പെട്ടു ഒടുക്കം പതിനൊന്നു കഴിഞ്ഞപ്പോഴാണ്
ആക്ചല്‍ ലോംഞ്ചിങ്ങ് സംഭവിച്ചത് .


ചാരിക്കിടക്കാന്‍ പറ്റിയ പ്രിയദര്ശിനി (ബസ്സാണ് കേട്ടോ, ഡോണ്ട് മിസ്സണ്ടര്‍സ്റ്റാന്റ് മി )
വരുന്ന സമയാണ്....ആഞ്ഞു പിടിച്ചാല്‍ കിട്ടും
വീട്ടീന്നിറങ്ങി പാടം ക്രോസ് ചെയ്തു കഴിഞ്ഞതും
ചുവരിലടിച്ച പന്ത് പോലെ പോയതിനെക്കാള്‍ വേഗത്തില്‍ തിരിച്ചു
ഒരു വരവായിരുന്നു.

"എന്തെടാ?" എന്ന അമ്മേടെ ചോദ്യം നെഗ്ലെക്റ്റ് ചെയ്തു ഓടി വീട്ടിക്കേറി
തണുത്ത വെള്ളം കൊണ്ട് പലവട്ടം മുഖം കഴുകേം,
നനഞ്ഞ തോര്‍ത്തെടുത്ത് അമര്‍ത്തിയമര്‍ത്തി തുടക്കേം,
ഫെയര്‍ ആന്‍ഡ്‌ ലവ് ലി രണ്ടു കോട്ട് അപ്ലൈ ചെയ്യേം കുട്ടിക്യുറ
നല്ല കനത്തില്‍ വാരി മുഖത്തിടേം ചെയ്തത്

പാടം ക്രോസ് ചെയ്തുകൊണ്ടിരിക്കെ
'മിക്സഡ്‌ കോളേജ് അല്ലെ? സുന്ദരികളായ പെണ്‍കുട്ടികള്‍ കാണാതിരിക്കോ?'
എന്ന ഒരു ചിന്തയുടെ സ്പാര്‍ക്ക് കിട്ടിയോണ്ടാണ്.
എസ്.എനിലെ സുന്ദരിമാര്‍ക്ക് വേണ്ടി മാത്രം... അന്നത്തെ തിരക്ക്
പിടിച്ച ജീവിതത്തിലെ വിലപ്പെട്ട അര മണിക്കൂര്‍ കണ്ണാടിക്കു മുന്‍പില്‍
സ്പെന്റ്റ് ചെയ്തു. ആത്മാര്‍ഥത ഇല്ല എന്ന് നമ്മള്‍ ആരെക്കൊണ്ടും പറയിക്യരുത്.
ഉഷമ്മായി പണ്ട് കൊണ്ടന്ന ഒരു സ്പ്രേ ഉണ്ടായിരുന്നത്
'കാണ്മാണ്ടായി' പ്പോയി അതൂടെ ഉണ്ടായിരുന്നേല്‍ ഒന്നൂടെ നന്നാക്കായിരുന്നു.

ബെസ്റ്റൊപ്പിലേക്ക് നടക്കുമ്പോ "എന്തൂട്ടാടാ മോത്ത്‌ വച്ച് തേച്ചേക്കണേ?...
വീട്ടില് പെയിന്റ് പണി നടക്കണ്‍ട്രാ" ന്നു
പ്രീ ഡിഗ്രി തോറ്റു നാട്ടില് യാതൊരു പണീല്ലാണ്ട് നടക്കണ ബിജൂട്ടന്‍
പുറകീന്ന് വിളിച്ചു ചോദിച്ചത് അസൂയോണ്ടാവും
നമ്മളെന്തു ചെയ്യാനാ ...സില്ലി ബോയ്സ് !!

തൃപ്രയാര്‍ ചെന്ന് ബസ്‌ ഇറങ്ങിയ ഉടന്‍ ഉല്ലാസ്
ഹോട്ടലില്‍ കയറി കഴിക്കുന്ന കാര്യം ആദ്യം കഴിചു.
അവിടെ നിന്ന് എസ്. എനിലെക്കുള്ള
ഒന്നൊന്നര കിലോമീറ്റരിലധികം വരുന്ന ദൂരം 'ഓട്ടോക്ക് പോയി'
എന്ന് വീട്ടില്‍ പറഞ്ഞു ഉല്ലാസ് ഹോട്ടല് മായുള്ള അവിഹിത
ധനവിനിമയത്തിന്റെ ബില്‍ സെറ്റില്‍ ചെയ്യാം
എന്ന് കുബുദ്ധിച്ച് എസ്. എന്‍ കോളേജ് വഴിക്ക് വച്ചുപിടിച്ചു.
സിര്‍ഫ്‌ പൈദല്‍ മേം.

കോളേജില്‍ എത്തുന്നതിന്റെ മുന്‍പേ തന്നെ 'ക്യൂ' എത്തി.
മുന്‍പൊരിക്കല്‍ മണ്ണെണ്ണ പെര്‍മിറ്റ്‌ നു വേണ്ടി സപ്ലൈ ഓഫീസില്‍
പോയി ഒന്നൊന്നര മണിക്കൂര്‍ ക്യൂ നിന്നിട്ട് അവസാനം ആണത് റേഷന്‍ കാര്‍ഡ്‌ പുതുക്കാനുള്ള
ക്യൂ ആണെന്നറിഞ്ഞത്. അതുകൊണ്ട് അപ്ലിക്കേഷന്‍ വാങ്ങാനുള്ള ക്യൂ ആണോ എന്ന് ചോദിച്ചു ഉറപ്പിച്ച
ശേഷാണ് 'ക്യൂവനാ'യത് .
ക്യൂ വിനു സാമാന്യം നീളം ഉണ്ട്.
നേരെ മുന്നില്‍ ഒരു ചേട്ടനാണ്
എന്തെങ്കിലും മിണ്ടീം പറഞ്ഞും നിന്നേക്കാം...
എന്ത് സംസാരിക്കും എന്നത് ഒരിക്കലും വിഷയമേ അല്ലല്ലോ.
എന്തും സംസാരിക്യാം....എന്നോടാ കളി ?

"മോള്‍ക്കായിരിക്കും അല്ലെ അപ്ലിക്കേഷന്‍?" എന്ന്
അങ്ങോട്ട്‌ ഒരു കൊസ്റ്യന്‍ പാസ്‌ ചെയ്തു ഞാന്‍ ഓപ്പണിംഗ് ഇട്ട കോണ്‍വേര്സേഷന്‍
വിതിന്‍ ദി സ്പ്ളിറ്റ് ഓഫ് എ സെക്കന്റ്‌ എന്ന് പറയുമ്പോലെ
ഹയ്ജാക്ക് ചെയ്യേം, 'ഒന്നും വേണ്ടിയിരുന്നില്ല' എന്ന
ഒരാത്മഗത്തിലേക്കെന്നെയെത്തിച്ചുകളയേം ചെയ്തു ഗെഡി...ഒന്നല്ല രണ്ടൂന്ന്രാശ്യം!
പുലി! പുപ്പുലി!! കടുവയെ പിടിച്ച കിടുവ !!!

വീട്ടിക്കൊണ്ടോയ് ചില്ലിട്ടു വക്കേണ്ട സൈസ് പ്രോഡക്റ്റ് !!


എല്‍ കെ ജി യില്‍ ആക്ഷന്‍ സോങ്ങിനു മോള്‍ക്ക്‌ കിട്ടിയ സമ്മാനത്തില്‍ നിന്ന് തുടങ്ങി
കാണ്ഡം, കാണ്ഡം ആയിട്ടായിരുന്നു ആള്‍ടെ 'മോള്‍ടെ വീരഗാഥ' യുടെ
ടെലികാസ്റിംഗ്.
ഏകപക്ഷീയമായ ഒരാക്രമണത്തിനിടക്ക് 'ഓഹോ!' 'ആഹാ!' 'ഹ്മം!!'
എന്നൊക്കെ പറയാന്‍ പറയാനുള്ള ഗ്യാപ്പൊക്കെയെ ഉണ്ടായിരുന്നുള്ളൂ.

കഥ മെഗാ സീരിയല് കനത്തില്‍ വളര്‍ന്നു പടര്‍ന്നു പന്തലിച്ച്
മുഖ്യ കഥാപാത്രം ഏകദേശം ഒരു എട്ടാം ക്ലാസ്സില്‍ എത്തിയ ക്രിട്ടിക്കല്‍
ടൈംമില്‍ ഞങ്ങള്‍ ക്യൂ വിന്റെ ഫിനിഷിംഗ് പൊയന്റിനോട് ഏതാണ്ട് അടുത്തു.
അവിടെ ആയിരുന്നു ആദ്യത്തെ 'കൊമേഴ്സ്യല്‍ ബ്രേക്ക്‌ '.
അപ്പോഴേക്കും കഴിച്ചതൊക്കെ അതിന്റെ വഴിക്ക് പോവേം ....ഞാന്‍ ഒരു വഴിക്യാവേം ചെയ്തിരുന്നു.

കോളേജ് ഓഫീസില്‍ നിന്നും പുറത്തേക്കു തുറക്കുന്ന ഒരു ജനാല
അപ്ലിക്കേഷന്‍ കൌണ്ടര്‍ ആയി തല്ക്കാലം സെറ്റ് ഇട്ടിരിക്യാണ് .
അതിനകത്തിരുന്നിരുന്ന ക്ലാര്‍ക്ക് "അപ്പ്ളിക്കന്റിന്റെ പേരെന്താ ?" ന്നു

മുന്നിലുള്ള ചേട്ടനോട് ചോദിക്കേം വെറും ക്യൂരിയോസിറ്റി കൊണ്ടു ഞാനത് ശ്രദ്ധിക്കേം ചെയ്തു.

"MAYA . V "

കേട്ട ഉടന്‍

"മായ!!! പേര് കൊള്ളാം ...കാണാന്‍ എങ്ങിനെ ഉണ്ടാവോ....
ഈ V എന്നത് വീട്ടുപേരിന്റെ ആദ്യ അക്ഷരായിരിക്കും.....
അങ്ങിനെയാണെങ്കില്‍ വീട്ടുപേര് 'വാകയില്‍' ആവോ? 'വടക്കേട'ത്താവോ?..."
എന്നൊക്കെ അന്തമില്ലാതെ ചിന്തിച്ച് ഒടുവില്‍

"എന്തൂട്ടെങ്കിലും ആവട്ടെ ...മായ സുന്ദരിയാവണേ....." ന്ന്
മനസ്സാ പ്രാര്‍ത്ഥിക്കേം ചെയ്തു. നമുക്ക് പ്രതേകിച്ചു ഒരു കാര്യോണ്ടായിട്ടല്ല; ഒരു സത്കര്‍മ്മം !

അതിനിടെ ഫോം വാങ്ങി തിരിച്ചിറങ്ങിയ ചേട്ടന്‍ എന്നോട് ത്രിശൂക്കാര്‍ടെ
ആ നിഷ്കളങ്കതയോടെ "ഇതിലെന്തൂട്ടാഡാ എഴീതീക്ക്യണേ നോക്ക്യേ?"
എന്ന ഒരു നിസാര സഹായം ചോദിച്ചത്.
യുവ സുന്ദരിയുടെ അച്ഛനാണ് ... ഇനി ഒരവസരം കിട്ടി എന്ന് വരില്ല.
കേട്ട പാതി കേള്‍ക്കാത്ത പാതി ഫോംമിന് നേരെ ഒരു ചാട്ടായിരുന്നു.

അന്നൊക്കെ അപ്ലിക്കേഷന്‍ വാങ്ങുന്ന സമയത്തേ Name of the Applicant
എന്ന ഭാഗം ഫില്‍ ചെയ്തിട്ടാണ് കിട്ടുക. ആ ഫോം വേറൊരാള്‍ ഉപയോഗിക്ക്യാതിരിക്ക്യാനുള്ള
കോളേജ് കാരുടെ ഒരു ചിന്ന സൂത്രപ്പണി . "നമ്മളെ അങ്ങനങ്ങട് അക്കന്ട്ര ഗെഡി" എന്ന ലൈന്‍.

ചേട്ടന്റെ വാങ്ങിയ ഫോം മിലും Name of the Applicant ഫില്‍ ചെയ്തിട്ടുണ്ടായിരുന്നു.
മുഴുത്ത ക്യാപിറ്റല്‍ ലെറ്റെഴ്സില്......നല്ല കടും ചോപ്പ് കളര്‍ല് ...
അകത്തിരിക്കുന്ന ക്ലാര്‍ക്ക്ചേട്ടന്‍ സുന്ദരിയുടെ പേരെഴുതി വച്ചിരിക്യാണ്

" MAAYAAVI "

അതുവരെ മനസിലുണ്ടായിരുന്ന 'മായ. V' എന്ന സുന്ദരി
ബ്ലാക്ക്‌ സിംഗിള്‍ പീസ് ഡ്രെസ്സിങ്ങില്‍, മാന്ത്രിക വടിയും പിടിച്ചു

ബാലരമേലെ മായാവീടെ ഡിറ്റോ പോലെ നില്‍ക്കുന്ന രംഗം ഓര്‍ത്തപ്പോ
പൊട്ടിവന്ന ചിരി അടക്കാന്‍ പാടുപെട്ടു ഞാന്‍ പറഞ്ഞു


"ചേട്ടാ.....ഹിത് .... സ്പെല്ലിംഗ് മിസ്റ്റെയ്ക്കായല്ലോ !!!

വിഷണ്ണന്‍

സൂര്യന്‍ ഭൂമിയിലേക്കിറങ്ങി വന്ന ഒരു മീനമാസക്കാലം.


ടെസ്റ്റ്‌, ഇന്റര്‍വ്യൂ ഒക്കെ ഒരുവിധം കടന്നു കൂടി,
ജോയിന്‍ ചെയ്യണമെങ്കില്‍ഈ മെഡിക്കല്‍ ടെസ്റ്റ്‌ കൂടി
ഒന്ന് 'കടന്നു' കിട്ടണം.

സമയം, നല്ല ഉച്ച, ഉച്ചര!

സ്ഥലം, 'ചാര്‍മിനാര്‍' എന്നത് സിഗരറ്റ് പാക്കറ്റില്‍ വായിച്ചിട്ട്
ഒരൂസം പോയി കാണണം എന്ന് വിചാരിച്ച അതേ ഹൈദ്രാബാദ് പട്ടണം!



ട്രെയിന്‍ ഇറങ്ങിയപ്പോള്‍ സ്റ്റേഷന്‍ ചൂടായ ദോശക്കല്ല് പോലെ കിടക്കാണ് .
വിയര്‍ക്കുന്നോന്നുമില്ല, ബട്ട്‌ കുടിക്കുന്ന വെള്ളം ഓണ്‍ ദി സ്പോട്ട് പ്ലാസ്മ സ്റ്റേറ്റിലേക്ക് പോകുന്നു.
മെഡിക്കല്‍ ടെസ്റ്റ്‌ കഴിഞ്ഞു തിരിച്ചു നാട്ടില്‍ ചെന്ന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്‌
ആവേണ്ടി വരാവുന്നതരം വെരി വെരി കംഫര്‍ട്ടബിള്‍ എന്‍വയോണ്‍മെന്റ്.
ചൂട്ന്നെച്ചാ അതാണ്‌ ചൂട്!


നല്ല നട്ടപ്ര വെയിലത്ത് കറങ്ങിത്തിരിഞ്ഞു ഒടുവില്‍ നാട്ടില്‍ റോഡ്‌ പണിക്ക്
കൊണ്ട് വരാറുള്ള ടാര്‍-സ്പ്രേയര്‍നോട് കിടപിടിക്ക്യാവുന്ന അപ്പിയറന്സില്‍
ടെസ്റ്റ്‌ നടക്കുന്ന സ്പോട്ടില്‍ എത്തി.

വീട്ടുകാര് പോലും കണ്ടാല്‍ തിരിച്ചറിയാത്ത രൂപായിട്ടുണ്ട്
ഐ ഡി കാണിച്ചു കൊടുക്കുമ്പോള്‍ 'ആള് വന്നില്ലേ?' എന്ന്
തിരിച്ചു ചോദിക്ക്യവോ എന്നോര്‍ത്ത് കയറി ചെന്നപ്പോള്‍,
സെയിം പിഞ്ചില്‍ , വെടിക്കെട്ട്‌ കഴിഞ്ഞു കതിനക്കുറ്റികള്‍ നിരത്തിവച്ചപോലെ
കുറെയെണ്ണം അവിടെ വെയിറ്റ് ചെയ്യുന്നു. സമാധാനം!

കാര്യം പറഞ്ഞപ്പോള്‍ 'എന്തെ വയ്ക്യെ ?' എന്ന മട്ടില്‍
റിസപ്ഷനിസ്റ്റ് എനികിഷ്ടപെടാത്ത ഒരു നോട്ടം നോക്കി.
ഡോകുമെന്റ്സ് വാങ്ങി വെരിഫൈ ചെയ്തു കതിനകുറ്റികളോട്
ചേര്‍ന്നിരുന്നോളാന്‍ പറഞ്ഞു.


'ബ്ലഡ്‌ സാമ്പിള്‍ കൊടുക്കാത്തവര്‍ നെക്സ്റ്റ് റൂമിലേക്ക്‌ വരണം' നേഴ്സ് വന്നു വിളിച്ചു.
ഉണ്ടായിരുന്ന ചോരയെല്ലാം ചൂട്ടത്തു ആവിയായിപ്പോയിക്കാണും, സൂചിവച്ച് കുത്തുമ്പോ കാറ്റ് വരാവോ?
കയ്യില്‍ ഉണ്ടായിരുന്ന ഒന്നൊന്നര ലിറ്റര്‍ വെള്ളം മടമടാന്നു കുടിച്ചു തീര്‍ത്തു അങ്ങോട്ട്‌ നടന്നു.

പൊട്ടിയ ബ്ലേഡ് കമ്പനീടെ മുന്നില്‍ ആളുകൂടി നിക്കണ പോലെ കുറെയെണ്ണം അവിടേം ഉണ്ട്.
മുന്‍പത്തെ ബാച്ച് ആണ്, ചോര കൊടുത്തു തീര്‍ന്നില്ല. ഉള്ള ബ്ലഡ്‌ മൊത്തം കുത്തിയെടുക്കാണ്ന്ന് തോന്നുന്നു.
ക്യൂ വിന്റെ സ്പീഡ് കണ്ടപ്പോള്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നോരൊക്കെ കഴിഞ്ഞാഴ്ച വന്നതാണ് എന്ന് മനസിലായി.


വെയിറ്റ് ചെയ്തോണ്ടിരിക്കുമ്പോ കുത്താന്‍ ഉപയോക്കുന്ന സൂചി കണ്ടിട്ടാണോ,
നേരത്തെ വെള്ളം കുടിച്ചതിന്റെ ആഫ്റ്റര്‍ എഫക്റ്റ്‌ ആയിട്ടാണോ,
അതോ വെറുതെ നിന്ന് ബോറടിച്ചിട്ടാണോ എന്നറിയില്ല
യൂറിന്‍ പാസ്‌ ചെയ്യണം എന്ന 'ശക്ത'മായ തോന്നലുണ്ടായി.

ക്യൂ വില്‍ തൊട്ടു പിന്നിലുണ്ടായിരുന്നവനോട് 'ഒന്നി'ന് പോവാണ് എന്ന് സിബോളിക് ആയിക്കാണിച്ചു
നിയറെസ്റ്റ് ടോയ്ലെറ്റ്ല്‍ കയറി.
ഇടക്കൊന്നും ഇനി ശങ്ക തോന്നരുത് എന്ന് വിചാരിച്ച് വിശദായിത്തന്നെ കാര്യം സാധിച്ചു.


തിരിച്ചു വന്നപോഴേക്കും ബ്ലഡ്‌ എടുക്കാനുള്ള ടേണ്‍ ആയി. നേഴ്സ് വന്നു യഥേഷ്ടം ചോര
കുത്തിയെടുത്തു കൊണ്ടോയിട്ട് വന്നത് വേറൊരു ബോട്ടിലും കൊണ്ടാണ്.

"ഇതെന്തിനാ ?" ബോട്ടില്‍ വാങ്ങുമ്പോള്‍ ചോദിച്ചു.

"യൂറിന്‍ സാമ്പിള്‍ എടുത്തിട്ടു വാ"


"ദൈവമേ! .........ഈ ചതി എന്നോട് വേണ്ടാര്‍ന്ന്‍ ....ഒരൊന്നൊന്നര ലിറ്ററ് ദിപ്പങ്ങട് പോയെള്ളൂ!!"



ഇനിയിപ്പോ എവിടെന്നിന്നു സാമ്പിള്‍ എടുത്തു കൊടുക്കും എന്നോര്‍ത്ത്,

ഇതില്ലാണ്ട് ഇനി ജോലി കിട്ടാണ്ടാവോ എന്ന് ആധിപിടിച്ച്,

കയ്യിലിരുന്ന കുപ്പിയെ നോക്കി "ഇതിനൊക്കെ എന്തൊരു വലിപ്പാണ്" എന്നാത്മഗതിച്ച് ,

ഹോസ്പിറ്റലിന്റെ വരാന്തയില്‍ ഞാന്‍ 'വിഷണ്ണ'നായി!

എന്റെ സ്വന്തം മീനാക്ഷി

കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, നിറത്തിന് നിറം, സ്വഭാവത്തിന് സ്വഭാവം
എന്നു വേണ്ട ഇടത്തേ കയ്യില്‍ ഐശ്വര്യറായിക്ക് ഉള്ള അതേ സ്പോട്ടില്‍
മറുകിനു മറുക് വരെയുള്ള ഒരു സുന്ദരിയായിരുന്നു മീനാക്ഷി.

അച്ഛനും അച്ഛച്ചനും തമ്മിലുണ്ടായ എന്തോ ഒരാഭ്യന്തര പ്രശ്നത്തിന്റെ
അനന്തര ഫലമായി, ഫുട്ബാള്‍ കോര്‍ട്ട് പോലെയുള്ള തറവാടിന്റെ വിശാലതയില്‍
നിന്നും ഒറ്റമുറിയും കുഞ്ഞടുക്കളയും മാത്രമുള്ള കുടുസു
വാടക വീട്ടിലേക്കു താമസം മാറ്റിയതിന്റെ മൂന്നാം ദിവസാണ് അടുപ്പില്‍
ചാരത്തില്‍ കുളിച്ച നിലയില്‍ അമ്മ ഒരു പൂച്ചക്കുഞ്ഞിനെ കണ്ടു പിടിക്കുന്നത്‌.

രണ്ടും കൈകളുംകൂട്ടിപ്പിണച്ച് ശരീരത്തിലെ ഉയര്‍ന്നതാപനിലയുള്ള ഒരു പ്രദേശത്ത്
സ്ഥാപിച്ച് ഇനീം ഒന്നൊന്നര മണിക്കൂര്‍ കൂടി സുഖായി ഉറങ്ങാം എന്ന് വിചാരിച്ചു കിടക്കുമ്പോഴാണ്
അമ്മ യുടെ അനൌണ്‍സ്മെന്റ്

"ദേ... എല്ലാരും വന്നു നോക്ക്യേ.... നമ്മുടെ അടുപ്പില് ..... ഒരു പൂച്ച !".

"കിട്ടിയ മൊതലിനെ എന്ത് ചെയ്യണം ?" എന്ന് ചര്‍ച്ച ചെയ്യാനായി അടുപ്പിനു ചുറ്റും ഉടന്‍ ഒരു ആഡ്ഹോക്ക്
മീറ്റിംഗ് ചെരേം, "ചാക്കില്‍ കെട്ടി സൈക്കിളില്‍ വച്ച് ദൂരെ കൊണ്ട് കളയാം" എന്ന എന്റെ സജഷന്‍,
"പൂച്ച വന്നു കേറ്യാ ഭാഗ്യം പുറകെ കേറി വരും" എന്ന അനോണിമസ് സേയിംഗ് ക്യോട്ട് ചെയ്തു അമ്മ ഇന്‍വാലിഡ്‌ ആക്കേം,
ഒടുക്കം "...മക്കിതിനെ അങ്കട് വളര്‍ത്താം" എന്ന് തീരുമാനിക്ക്യപ്പെടേം ചെയ്തു.

പൂച്ചക്കുഞ്ഞിനെ അടുപ്പില്‍ നിന്നും പുറത്തിറക്കി , ചിരട്ടയില്‍ പാലൊഴിച്ചു കൊടുത്തിട്ട് ,
"ഇനി മുതല്‍ ഇവള്‍ മീനാക്ഷി എന്നറിയപ്പെടും" എന്ന് അമ്മ പ്രസ്താവിച്ച ആ അഡോപ്ഷന്‍ സീനോട് കൂടിയാണ്,
വീറ്റോ പവര്‍ അടക്കമുള്ള അധികാരങ്ങളോടുകൂടിയുള്ള മീനാക്ഷിയുടെ മെമ്പര്‍ഷിപ്പ് വീട്ടില്‍ ആക്റ്റിവേറ്റഡാവുന്നത്.

ആദ്യം നമ്മള് വലിയ അടുപ്പം കാണിച്ചില്ലെങ്കിലും 'സ്കൂളില്‍ പോയി വരുന്ന വഴീല്‍ വെയിറ്റ് ചെയ്യാ',
'കാലില്‍ വന്നുരുംമ്മിനില്ക്കാ', 'അയ്യോ പാവം മോഡല്‍ മ്യാവൂ കരയാ' ഒക്കെ ഒരുപാടൊരുപാട് റിപീറ്റ് ചെയ്തു
വിത്ത്‌ ഇന്‍ എ ഷോര്‍ട്ട് സ്പാന്‍ ഓഫ് ടൈം മീനാക്ഷി വീട്ടിലെ എന്റെ മോസ്റ്റ്‌ ഫേവറെറ്റ് മെമ്പര്‍ എന്ന പദവിയിലേക്കുയര്‍ന്നു.
പതുകെ, പതുക്കെ എനിക്ക് എന്തിനും ഏതിനും മീനാക്ഷിയില്ലാതെ ഒരു 'എയ്മി'ല്ലായ്മ ഫീല്‍ ചെയ്തു തുടങ്ങി.


സാമ്പാര്‍, അവിയല്‍, കയ്പക്കുപ്പേരി, മീങ്കൂട്ടാന്‍ ,ചോറ്, പപ്പടം, ഗ്ലൂക്കോസ് ബിസ്ക്കറ്റ്, എലയ്റ്റ് ബ്രെഡ്‌, പശൂം പാല്, മുട്ട
തുടങ്ങിയ പോഷകാഹാരങ്ങള്‍ നമ്മുടെ വീട്ടിന്നും പോര്‍ക്ക്‌, ബീഫ്, മട്ടണ്‍, ചിക്കന്‍ തുടങ്ങി
ഹൈ പ്രോട്ടീന്‍ കണ്ടെന്റ് ഉള്ള നോണ്‍വെജ് ഐറ്റംസ് സിബീടെ വീട്ടീന്നും കഴിച്ച്,
നൂല് പോലെ വന്നു കേറ്യ മീനാക്ഷി, തടിച്ചുരുണ്ട്, സമീപ പ്രദേശങ്ങളിലെ കണ്ടന്‍
പൂച്ചകളുടെ 'ഡ്രീം ഗേള്‍' ആയി മാറിയത് കണ്ണടച്ച് തുറക്കണ ഗ്യാപ്പോണ്ടാര്‍ന്നു.

കാലം അങ്ങിനെ സുന്ദര സുരഭിലമായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്ക്യെ
ഇടിത്തീ പോലെയാണ് ആ അപകടം ഉണ്ടായത് !

അന്ന് ഒരൂസം രാത്രി ഒരു പത്തര കഴിഞ്ഞ സമയത്ത് , പതിവ് പോലെ
മീനാക്ഷിയെ മുകളിലെക്കെറിഞ്ഞു താഴേക്കു വരുമ്പോള്‍ പിടിച്ചു പിന്നേം മുകളിലെക്കെറിഞ്ഞു
പാരാഡൈവിംഗ് ക്ലാസ്സ്‌ എടുത്തുകൊണ്ടിരുന്ന സമയത്ത്... പെട്ടന്ന് എന്റെ കണ്ട്രോള്‍ മിസ്സായി
മുകളിലേക്ക് പോയ, ഓവര്‍ വെയിറ്റടായിരുന്ന, മീനാക്ഷി തലേം കുത്തി താഴെ സിമന്റ് തറയില്‍ !

ഒരേ ഒരു പിടച്ചില്‍ മാത്രം! ......പിന്നെല്ലാം നിശ്ചലം!!

ദൈവമേ!!!

കാലിലൂടെ ഒരു തരിപ്പരിച്ചു കയറുന്നു....
ഗ്ലൂക്കോസ് ബിസ്ക്കറ്റ് തിന്നാന്‍... പശൂംപാല് ഷെയര്‍ ചെയ്യാന്‍ ....കാലില്‍ തൊട്ടു ഉരുമ്മി നില്ക്കാന്‍.....
സ്കൂള് വിട്ടു വരുമ്പോ വഴിക്കണ്ണ്മായി കാത്തു നില്ക്കാന്‍ ....ഒന്നിനും മീനാക്ഷി ഇനിയില്ല ! ഇനി വരില്ല !!
ലോകത്തിന്റെ തന്നെ ചലനം നിലച്ചു പോയ നിമിഷം...അകത്തെന്തോ ഉരുണ്ടു കൂടുന്നു.

ആദ്യത്തെ ഞെട്ടലില്‍ നിന്ന് മോചിതനായപ്പോ സങ്കടം മുഴുവന്‍
ദിഗന്തങ്ങള്‍ ഭേദിച്ച ഒരലറിക്കരച്ചിലായി.
അസമയത്ത് എന്റെ ഫുള്‍വോള്യത്തില്‍ ഉള്ള കരച്ചില്‍ കേട്ട് എന്തോ
അപകടം മണത്ത്, യമുനയില്‍ ഏതോ തമിഴ് പടത്തിന്റെ ഫസ്റ്റ് ഷോയും
കഴിഞ്ഞു മൂളിപ്പാട്ടും പാടി ആ വഴിക്ക് പോകായിരുന്ന യൂണിയന്‍കാരന്‍ രാജേട്ടനാണ്
"എന്തിറ്റാ ഉണ്ടായേ ?" എന്ന് ചോദിച്ചോണ്ട് ആദ്യം ഓടി വന്നത്.
നൊടിയിടെ കരച്ചിലിന്റെ 'കവറേജ് ഏരിയയില്‍' പെട്ടവരൊക്കെ രാജേട്ടനുണ്ടായ അതെ ക്യൂരിയോസിറ്റിയോടെ
നടന്നും ഓടിയും സ്പോട്ടിലെത്തിയതോടെ മുറ്റത്ത്‌ ജനസമുദ്രമായി.

സംഭവിച്ചതിനെക്കുറിച്ച് ഏറ്റവും ആദ്യം ഒരൈഡിയ കിട്ടിയ രാജേട്ടനാണ്
"ഇത്രെള്ളോ കേസ് .....പാതിരാക്ക് മനുഷ്യരെ പേടിപ്പിക്യാനായിട്ടു!!!..." എന്ന് പറഞ്ഞിട്ട്
ചലനമറ്റു കിടക്കുന്ന മീനാക്ഷിയുടെ ദേഹത്ത് ഒരു പഴേ ചാക്കെടുത്തിട്ടത്.

ബാക്കി എല്ലാര്‍ക്കും മീനാക്ഷി വെറും ഒരു പൂച്ചയായിരിക്കും...
എനിക്ക്യതല്ലല്ലോ! എനിക്ക്യങ്ങിനെ പറ്റില്ലല്ലോ !!
ഓര്‍ക്കുംതോറും കരച്ചിലടക്കാന്‍ കഴിഞ്ഞില്ല.

ഞാന്‍ മീനാക്ഷിയെ പുതപ്പിച്ച ചാക്കിനരികെ തന്നെ ഇരിക്യാണ്
കുറ്റബോധം കൊണ്ട് പ്രാണന്‍ ഉരുകാണ് ...

"എന്റെ മീനാക്ഷിയെ ...എന്റെ ഈ കൈ കൊണ്ട് ....ഞാന്‍ കൊന്നു....
എത്ര ബിസ്ക്കറ്റ് കൊടുത്തു വളര്‍ത്തിയതാണ്, എന്തോരം പാല് കൊടുത്തു വളര്‍ത്തീതാണ് ..എന്നിട്ട്
ഒടുക്കം ഞാന്‍ തന്നെ.....ഈ കൈ കൊണ്ട് തന്നെ ....കൊന്നൂലോ....എനിക്ക് വയ്യേ....."
ഒരു മരണ വീടിന്റെ എഫക്റ്റ് ഒട്ടും ചോര്‍ന്നു പോവാണ്ടിരിക്കാന്‍,
ഫുള്‍ വോള്യത്തില്‍ എണ്ണിപ്പെറുക്കിത്തന്നെയാണ് കരച്ചില്‍.

ആരൊക്കെയോ വന്നു ആശ്വസിപ്പിക്കുനുണ്ട്, അമ്മയാണോ അച്ഛനാണോ എന്നറിയില്ല.
"ഇനീം വച്ചോണ്ടിരിക്യാണ്ട് ...അതിനെ എടുത്തു കുഴിച്ചിടാന്‍ നോക്ക് !" ആരോ പറയുന്നത് കേട്ടു.

ഈശ്വരാ .....തീര്‍ന്നോ! അപ്പൊ ഇനി കാണില്ല ഞാന്‍ എന്റെ മീനാക്ഷിയെ..
സങ്കടം തിരയടിച്ചുയരുന്നു.
കണ്ണീരു ചാലിട്ടൊഴുകി ഇട്ടിരിക്കുന്ന ഷര്‍ട്ട്‌ നനഞ്ഞു കുതിര്‍ന്നിട്ടുണ്ട്
പുറത്തു സകല ആളുകളും വന്നു നില്‍പ്പുണ്ട്....അതിനെന്താ ?
അറിയട്ടെ, എല്ലാരും കാണട്ടെ ഞാന്‍ എന്റെ 'മീനൂ'നെ എത്രമേല്‍ സ്നേഹിച്ചിരുന്നൂന്ന്.


കരഞ്ഞു കരഞ്ഞു 'ആമ്പിയര്‍' തീര്‍ന്നപ്പോള്‍ ഇനി കുറച്ചു നേരം റെസ്റ്റ്‌ എടുത്തിട്ട് കരയാംന്ന് കരുതി
അമ്മയുടെ മടിയില്‍ കിടക്കുമ്പോഴാണ് ഞാന്‍.... ആ കാഴ്ച കണ്ടത്...

മീനാക്ഷിയെ പുതച്ച ചാക്ക് എണീറ്റ്‌ നില്‍ക്കുന്നു !

അമ്പരപ്പ് മാറുന്നതിനു മുന്‍പേ എണീറ്റ്‌ നിന്ന ചാക്ക് നടക്കേം ചെയ്തു !!

എല്ലാരും ശ്വാസമടക്കി നില്‍ക്കെ
നടന്നു പൊയ്ക്കൊണ്ടിരുന്ന ചാക്ക് പെട്ടന്ന് നില്‍ക്കേം,
എം ടിവീല്‍ കണ്ട ഒരു മ്യൂസിക്‌ ആല്‍ബത്തില്‍ ബ്രിട്നിസ്പിയെര്സ് ഓവര്‍കോട്ട്
അഴിക്കുന്ന പോലെ, പുതച്ചിരുന്ന ചാക്കഴിച്ചുമാറ്റി പുറത്തിറങ്ങി
മീനാക്ഷി തിരിഞ്ഞു നിന്ന് നോക്കിയപ്പോ, ഒരു പഞ്ചായത്ത് മുഴുവന്‍ വീട്ടുമുറ്റത്ത് വന്നു നിക്കണ കണ്ട്,
'ശ്ശെടാ.... ഒന്ന് ബോധം കെടാനും സമ്മതിക്കില്ലേ ഇവനൊന്നും ' എന്നര്‍ത്ഥം വരുന്ന ഒരു നോട്ടം നോക്കേം,
"മ്യാവൂ " എന്ന് നീട്ടികരഞ്ഞു അടുക്കള വഴിക്ക് നടക്കേം ചെയ്തു!!


കിടന്നിടത്ത് നിന്നും താഴേക്ക്‌ ഒരു കുഴി കുഴിച്ചു ആ വഴിക്ക് ഏതു
നരകത്തിലേക്കാണെങ്കിലും പോയാ മതി എന്ന്‍ ആത്മാര്‍ത്ഥമായി
ഞാന്‍ ആഗ്രഹിച്ച നിമിഷായിരുന്നു അത് !!.
_______________________________________________________________________
വാല്‍ :ഈ പൂച്ചക്കൊക്കെ ഒന്‍പതു ജന്മാത്രേ!!
സ്റ്റാറ്റ്യൂട്ടറി വാണിംഗ്: ഈ സംഭവത്തിന്‌ ശേഷം ഞാന്‍ രണ്ടാഴ്ചയോളം വീടിനു പുറത്തിറങ്ങുന്ന സമയത്ത്
തലവഴി മുണ്ടിട്ടു നടന്നൂന്നു പറയുന്നോരുടെ തലപൊട്ടി തെറിച്ചു പോവും ട്ടാ ...
പറഞ്ഞില്ലാന്നു വേണ്ട !!

വിഷമവൃത്തം

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോ ഒരൂസം ഉച്ചക്കാണ്
നല്ല ഷേപ്പില് വട്ടം വരക്കെണെങ്ങിനാണ് എന്ന സൂത്രം
ഞാന്‍ രാജേഷിനു കൈമാറിയത്.


"ആദ്യം ഒരു ചതുരം വരക്കണം ...
പിന്നെ അതിനകത്ത് ചതുരത്തിന്റെ നാലരികും ചേര്‍ത്ത് ...
മൂലയൊക്കെ ഒഴിവാക്കി..... ദിങ്ങനെ വട്ടം വരച്ച ശേഷം....
ചതുരത്തിന്റെ മൂലകളൊക്കെ ദിത് പോലെ മാച്ചു കളഞ്ഞാ..
ക്ലീന്‍, ക്ലീന്‍ ആയി... നല്ല ഷേപ്പില് വട്ടം കിട്ടൂടാ.." ന്ന് പറഞ്ഞു ബ്ലാക്ക്‌ ബോര്‍ഡില്‍
ഡെമോ സഹിതം ആയിരുന്നു ടെക്നോളജി ട്രാന്‍സ്ഫര്‍.

ബോര്‍ഡില്‍ കിടന്ന നല്ല സുന്ദരന്‍ വൃത്തത്തെ നോക്കി
'നീയാള് കൊള്ളാലോ' എന്ന ലൈനില്‍ അവന്‍ എന്നെ ഒരു നോട്ടം നോക്കീപ്പോ
എനിക്ക് എന്നെക്കുറിച്ച് തന്നെ ഒരു മതിപ്പ് തോന്നേം
അന്ന് ശരീരത്തില്‍ ഉണ്ടായിരുന്ന രോമത്രേം എഴുന്നേറ്റു നിക്കേം ചെയ്തു.


ഇന്റെര്‍വല്‍ കഴിഞ്ഞു ഉച്ചക്ക് ശേഷമുള്ള ഫസ്റ്റ് പീരീഡില്‍
വിരല് കൊണ്ട് വായിലിട്ടാല്‍ പോലും കടിക്ക്യാത്ത അശോകന്‍ മാഷുടെ കണക്കു ക്ലാസ്സ്‌
പിന്‍ഡ്രോപ്പ് സൈലന്‍സില്‍ നടന്നോണ്ടിരിക്കെ,
മാഷ് ഒരു മുന്നറിയിപ്പൂല്ലാണ്ട് "ഠപ്പേ" ന്ന്
ആരെയോ ഒന്ന് പൊട്ടിച്ചതു കേട്ട്, "ആര്യാവോ? എന്താവോ?"
എന്നൊക്കെ അറിയാനായി ഞാനും തലയുയര്‍ത്തി നോക്കി.

അപ്പൊ, രാജേഷ്ന്റെ നോട്ട് ബുക്ക്‌ എടുത്ത് ക്ലാസിനു പുറത്തെക്കെറിഞ്ഞിട്ട്
ഷാജി കൈലാസിന്റെ സിനിമേലെ സുരേഷ്ഗോപിയെപ്പോലെ മാഷവനോടലറുകായിരുന്നു....

"ഫ ! വൃത്തം വരയ്ക്കാന്‍ പറഞ്ഞിട്ട് ചതുരം വരച്ചു വച്ചിരിക്കുന്നോടാ...യൂസ് ലെസ്സ് !!"

ആ 'മൂഡില്‍' മാഷിനു നമ്മുടെ വട്ടം വരക്ക്യണ ടെക്നോളജിയില്‍ ഒരു താല്‍പര്യോം ഉണ്ടാവില്ലാന്ന്
മനസിലാക്കി ഞാന്‍ "മാഷേ അവന്‍ വൃത്തം വരച്ചു തുടങ്ങ്യെ ഒള്ളു " ന്ന് എക്സ് പ്ലയിന്‍ ചെയ്യാന്‍ പോയില്ല,
രാജേഷ്ന്റെ അവസ്ഥ ഓര്‍ത്ത് വിഷമവൃത്തത്തിലായെങ്കിലും!!

വേണംന്നച്ചിട്ടല്ല

ഡി എന്‍ എ യില്‍ എന്‍കോഡ് ചെയ്യപ്പെട്ട സൊ കാള്‍ഡ് ഫൈവ് മിനുട്ട്സ് ലാഗിംങ്ങ് ഒഴിച്ചാല്‍
സഹാനുഭൂതി, സഹായ സഹകരണ മനോഭാവം , സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്‌, ആത്മാര്‍ത്ഥ
തുടങ്ങിയവയിലൊക്കെ മറ്റാരെക്കാളും ഒന്നുരണ്ടു മുഴം മുമ്പേ തന്നെ ആയിരുന്നു രാമഷ്ണേട്ടന്‍.
പേരിലുള്ള അതേ ഇന്നസെന്‍സ് തന്നെയായിരുന്നു ആള്‍ടെ സ്വഭാവത്തിലും.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് "ഇറ്റാലിയന്‍സ് എന്‍ജോയെട് ദി മോണോപോളി ഓഫ് ട്രേഡ് വിത്ത്‌ ദി ഈസ്റ്റ്‌ "
എന്നൊക്കെ രാധാമണി ടീച്ചറുടെ ഇംഗ്ലീഷ് ക്ലാസ് കത്തിക്കയറുമ്പോ,
രാമഷ്ണേട്ടനും ഏതാണ്ട് സെയിം വേവ് ലെങ്ങ്ത് കീപ്‌ ചെയ്യുന്ന സഹബഞ്ചനും
പ്രത്യേകിച്ചൊരു സബ്ജക്ടും ഇല്ലാതെ ക്ലാസിലെ പിന്‍സീറ്റിലിരുന്ന്‍
നമ്മള്‍-തമ്മില്‍ നടത്തികൊണ്ടിരിക്ക്യായിരുന്നു.
"ഞാന്‍ വായിച്ചു നിര്‍ത്തിയ ഭാഗം തൊട്ടു വായിച്ചേടാ ..." ന്ന ടീച്ചര്‍ടെ ചോദ്യം കേട്ടു
ടെക്സ്റ്റ്‌ ബുക്ക്‌ തപ്പിയെടുത്തു എണീക്ക്യണതിനിടെ സഹബഞ്ചന്‍
"മലയാളം തന്നെ നേരെ ചൊവ്വേ വായിക്യാനറീല്ല %@#%$, .... പിന്ന്യാ ഇംഗ്ലീഷ് " ന്ന്‍
ലോ വോള്യത്തില്‍ അത്മഗതിച്ചത് ടീച്ചര്‍ അവ്യക്തായി കേള്‍ക്കേം,
"എന്താ അവന്‍ പറഞ്ഞേന്നു?" രാമഷ്ണേട്ടനോട് ക്ലാരിഫൈ ചെയ്തപ്പോ
അത്മഗതത്തിന്റെ അണ്‍പാര്‍ലിമെന്ററി പോര്‍ഷന്‍ മാത്രം ക്വാട്ട് ചെയ്ത്
" ' %@#%$ ' ന്നാ അവന്‍ പറഞ്ഞെ...... " ന്ന് റിപ്ലൈ ചെയ്ത
ഒരൊറ്റ സംഭവം മാത്രം മതി ആള്‍ടെ നിഷ്കളങ്കതയെക്കുറിച്ച് ഒരു പ്രാഥമിക ധാരണയിലെത്താന്‍.

ഒരിക്കല്‍ സ്കൂളിലെ മുഴുവന്‍ ലേഡി ടീച്ചെഴ്സിനേം സ്റാഫ് റൂമില്‍ പൂട്ടിയിട്ടതോടനുബന്ധിച്ചു
ആളെ സസ്സ്പന്റ് ചെയ്യണോ അതോ ഡിസ്മിസ് ചെയ്യണോ എന്ന് തീരുമാനിക്കാന്‍ നടത്തിയ
മീറ്റിംഗില്‍ ഒടുക്കം ഡിസ്മിസ് ചെയ്തളയാംന്ന്‍ തീരുമാനിച്ചിട്ടു
"സ്വരം നന്നായിരിക്കുമ്പോ പാട്ട് നിര്‍ത്തണം രാമേഷ്ണാ, നീയിനി സ്കൂളില് വരണ്ടാ....." ന്ന്
പറഞ്ഞ മാഷോട് " നന്നാവുമ്പോ നിര്‍ത്ത്യാ പോരെ, നന്നാവുന്ന വരെ പാടിക്കൂടെ മാഷേ?" ന്ന്
തിരിച്ച് ചോദിച്ചതില്‍, പ്രതേകിച്ചു ഒരു കാര്യോല്ലാതെ സ്റാഫ്റൂം വരുതുണ്യപ്ലേടെ
കടേടെ ഇരട്ടത്താഴിട്ട് പൂട്ട്യെപ്പുണ്ടായ അതേ നിഷ്കളങ്കത മാത്രേ ഉണ്ടായിരുന്നൊള്ളൂ.

ക്ലാസ്സ്‌ സമയത്ത് സ്കൂള്‍ മുഴുവന്‍ സദാ ഭ്രമണം ചെയ്തോണ്ടിരിക്യണേന്റെടേല്
മുമ്പില് വന്നു പെടണോര്‍ക്കൊക്കെ ഈരണ്ടു വീതം പൊട്ടിച്ചു നടന്നിരുന്ന ഉല്‍ക്ക എന്ന്
ഇരട്ടപ്പെരുള്ള ഹെഡ്മാഷ്ടെ സെന്റര് ഓഫ് ഗ്രാവിറ്റി എയിം ചെയ്തു ഒരൂസം
ഒരു പ്രകോപനവുമില്ലാതെ കല്ലെടുത്തെറിഞ്ഞതും,
പുതുതായി വന്ന ചെയ്ത സിസിലി ടീച്ചര്‍ക്ക് ജോയിന്‍ ചെയ്തതിന്റെ രണ്ടാം ദിവസം
രണ്ടു പായ പേപ്പര്‍ വാങ്ങിച്ചു തനിക്കറിയാവുന്ന മലയാളത്തില്‍
ലവ് ലെറ്റര്‍ എഴുതി കൊടുത്തതുമൊക്കെ പുള്ളീടെ വളര്‍ച്ചയില്‍ രേഖപ്പെടുത്തപ്പെട്ട
ചുരുക്കം ചില മൈല്‍സ്റ്റോണ്‍സ് ആണ്.

പിന്നീട് ആള്‍ക്ക് പ്രത്യേകിച്ച് ഉപകരമോന്നുമില്ലാതെ പോയ ഹൃസ്സ്വമായ സ്കൂള്‍
ജീവിതത്തിനിടെ സ്വതസിദ്ധമായ വാസനാഗുണമൊന്നുകൊണ്ട് മാത്രം
പുള്ളി സംഭവ ബഹുലമാക്കിത്തീര്‍ത്ത 'രാമഷ്ണേട്ടന്‍ ടച്ചു' ള്ള എത്രയെത്ര സംഭവങ്ങള്‍
രേഖപ്പെടുത്താതെ പോയിട്ടുണ്ടാവും.

കാലം കുറെക്കഴിഞ്ഞു പ്രൈമറി ഹെല്‍ത്ത്‌ സെന്റെറില്‍ ആംബുലന്‍സ് ഡ്രൈവറുടെ
ടെമ്പ്രറി പോസ്റ്റില്‍ ഇരിക്യണ കാലത്ത് മെഡിക്കല്‍ കോളേജ്ലേക്ക് റെഫര്‍ ചെയ്തുവിട്ട
അത്യാസന്ന നിലയിലായിരുന്ന ഒരു പേഷ്യന്റിനെ വെറും ഹാഫ് ആന്‍ അവര്‍
ഡ്രൈവ് കൊണ്ട് മെഡിക്കല്‍ കോളേജിലും എടുക്കാത്ത കണ്ടീഷനിലാക്കേം,
"ഇനീപ്പോ അങ്കട് കൊണ്ടോയോണ്ട് പ്രത്യേകിച്ച് കാര്യോന്നില്ല " എന്ന സ്വന്തം
അഭിപ്രായത്തിന്റെ പുറത്തു അവരുടെ വീട്ടില്‍ കൊണ്ട് ഡ്രോപ്പ് ചെയ്യേം ചെയ്തത്,
വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ വച്ചു ആള്‍ടെ ശരീരത്തെ ഓവര്‍റ്റെക്ക്‌ ചെയ്തു വളര്‍ന്ന
ഫൈവ് മിനുട്ട്സ് ലാഗിംങ്ങിന്റെ തീവ്രത ഒന്നൊണ്ട്‌ മാത്രാണ് .
ഉണ്ടായിരുന്ന ഒരു പണി അതോടെ പോയ്കിട്ടീങ്കിലും ആള് പറഞ്ഞ പോലെ "...ന്നും ....വേണംന്നച്ചിട്ടല്ല!!"


അവസാനം 'നാട്ടില് നിന്നാ ഒരു ഡാഷുണ്ടാക്കാമ്പറ്റില്ല വല്ല ഗള്‍ഫിനും പോയാലെ രക്ഷേള്ളൂ' ന്ന്
തീരുമാനിച്ച് ഗള്‍ഫില്‍ ചെന്നിട്ട് ഒന്നര മാസം തികയണേന് മുന്‍പേ,
പെയിന്റിംഗ് ജോലിക്കിടെ കൂടെ ജോലി ചെയ്യുന്ന ബെങ്കാളി "സിഡി പക്ക്ഡോ" ന്ന് പറഞ്ഞ്
കോണി കേറി മോളിലേക്ക് പോയപ്പോ, 'കോണി ശരിക്ക് പിടിച്ചോട്ടാ..' എന്നാണ് അയാള്
ഉദ്ദേശിച്ചേന്നു മനസിലാവാതെ, "ഇതിപ്പോ ഏതു 'സിഡി' ടെ കാര്യാ ഇയാള് പറയണേ... " ന്ന് അന്തംവിട്ടു നിക്കേം,
രാമഷ്ണേട്ടന്റേം ബെങ്കാളീടെം ഇടയിലെ ലാംഗ്വേജ് ബാരിയറിനെക്കുറിച്ച് ഒരു
ഐഡിയയും ഇല്ലാതിരുന്ന കോണി നിലതെറ്റി ബംഗാളി കൊളീഗ് രണ്ടാം
നിലയില്‍ നിന്നു നേരിട്ട് അത്യാസന്ന നിലയിലേക്ക് ക്രാഷ് ലാന്‍ഡ്‌ ചെയ്യേം ചെയ്തതോടെ,
"ഈ ഗള്‍ഫ്‌ ന്നൊക്കെ കേക്കുമ്പോ നമ്മള് വിചാരിക്യണ സുഖോന്നില്ലട്ടാവടെ ജോസ്പെട്ടാ ..." ന്നും പറഞ്ഞ്
നെക്സ്റ്റ് ഫ്ലയ്റ്റിന് തന്നെ ആള് തിരിച്ചു നാട്ടില് ലാന്‍ഡ്‌ ചെയ്യേം ആണുണ്ടായത് .


ഇടക്ക് നാട്ടില് പോയപ്പോഴൊക്കെ പത്ര വിതരണക്കരനായും, പാല്ക്കാരനായും ,
മീന്‍ മാര്‍ക്കറ്റിലെ ഹെല്‍പ്പറായുമൊക്കെ പിന്നേം കണ്ടിരുന്നു രാമഷ്ണേട്ടനെ ഒരുപാട് തവണ.
കാണുമ്പോഴൊക്കെ ഫൈവ് മിനുട്ട്സ് ലാഗിംങ്ങ് ഉണ്ടെന്നോര്‍മ്മിപിക്കുന്ന ഒരു ചിരി ചിരിക്കും ആള്.
പിന്നെ പിന്നെ ഓരോ തിരക്കിന്റെടേല് ആളെ പതുക്കെ പതുക്കെ മറന്നു.

ഒരു തവണ നാട്ടീ ചെന്നപ്പോ ഞെട്ടലോടെയാണ് പുള്ളി "സുയിസൈഡ്" ചെയ്തന്നറിഞ്ഞത് .

"ന്താ ണ്ടായേ രാമേഷ്ണാ?" ന്ന് ചോദിക്ക്യണോരോടൊക്കെ എന്നും ഒരു മറുപട്യെല്ലേ ഉണ്ടായിരുന്നൊള്ളൂ രാമഷ്ണേട്ടന്...
"...ന്നും ....വേണംന്നച്ചിട്ടല്ല!"

'അതും' വേണംന്നച്ചിട്ടാവില്ല!!