വരവ് :



Wednesday, March 23, 2011

ഒരു പേരില്‍

പ്രീ ഡിഗ്രി എന്ന അത്ര മോശമല്ലാത്ത ഡിഗ്രി നിലവിലുള്ള സുന്ദരകാലം.
പ്രീ ഡിഗ്രി കഴിഞ്ഞ എന്നെ ഇനി എന്ത് ചെയ്യണം
എന്ന് അച്ഛന്‍ മുന്‍വശത്തെ കസേരയിലിരുന്നു തലയ്ക്കു കൈ കൊടുത്തും
അമ്മ അടുക്കളയില്‍ നാള്യെരം ചിരകുന്ന പൊസിഷനില്‍ ഇരുന്നു കൈ കൊടുക്കാതെയും ആലോചിച്ചു
വയ്യാണ്ടായ സമയത്താണ് അനിയത്തി പത്തു പാസ്സായത്‌ .
അങ്ങിനെയാണ് അച്ഛന്‍ "നിനക്ക് ഇവിടെ പ്രതേകിച്ചു പണിയോന്നില്ലല്ലോ ....
ആ ... എസ്. എന്‍. കോളേജിപ്പോയി അവള്‍ക്കു പ്രീ ഡിഗ്രീടെ ഒരപ്ലിക്കേഷന്‍ വാങ്ങീട്ടു വാടാ" ന്ന്‍
പറഞ്ഞു വിടുന്നത് .

ഇന്ത്യ ക്ക് ജമ്മു -കാശ്മീര്‍ എന്നപോലെ ആണ് അനിയത്തിയുടെ വീട്ടിലെ ഗെറ്റപ്പ്.
എന്തോ ഒരു തരം പ്രത്യേക പദവി.
നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ സമ്മാനമില്ലാതായിപ്പോയ ലോട്ടറി ടിക്കറ്റിന്റെ
അവസ്ഥയിലായിരുന്ന എനിക്ക് " പിന്നെ?.... വേറെ പണീണ്ട്.... പോകാന്‍ വേറെ ആളെ നോക്ക് "
എന്നൊക്കെ പറയണം എന്ന് തോന്ന്യെങ്കിലും അടിയന്തരാവസ്ഥക്ക്‌ തുല്യം

അച്ഛന്റെ ഭരണകൂട ഭീകരതയ്ക്ക് വശംവദനായി ജീവിക്കുന്ന ആ

അവസ്ഥയില്‍ അതൊക്കെ വെറുതെ ആലോചിക്യാനെ പറ്റുമായിരുന്നുള്ളൂ.

അനിയത്തിയോടുള്ള സ്നേഹം, വീടിനോടുള്ള ആത്മാര്‍ത്ഥ എന്നിവ
പ്രകടമാക്കാനുള്ള അസുലഭാവസരം എന്നതായിരുന്നില്ല മറിച്ച്
ആ വഴിക്ക് കുറച്ചു കാശ് വകമാറ്റാം എന്നതും,
ഉല്ലാസ് ഹോട്ടലിലെ ആവിപറക്കുന്ന ബ്രൂ കോഫീ, കിടിലന്‍ മസാല ദോശ,
മൊരിഞ്ഞു തുടുത്ത ഉഴുന്നുവട തുടങ്ങിയ എന്റെ സ്ഥിരം
വീക്നെസ് കളുമായിരുന്നു രാവിലെ തന്നെ
കുളിച്ചൊരുങ്ങിയുള്ള ആപ്പോക്കിന്റെ മേജര്‍ ഡ്രൈവിംഗ് ഫോഴ്സ് .

'സ്റ്റാര്‍ട്ടിംഗ് ടൈം ഓഫ് ദി മിഷന്‍' അഥവാ എസ് എനിലേക്കുള്ള
'ഒരുബിട്ടെര്‍ക്കം' ഷാര്‍പ്പ് ഒന്‍പതു മണി എന്ന് ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നത്
പ്രക്ടിക്കലായപ്പോ, റോക്കെറ്റ്‌ വിക്ഷേപിക്കുമ്പോള്‍ സാങ്കേതിക തകരാറ് മൂലം
പല തവണ 'കൌണ്ട്ഡൌണ്‍' റീസെറ്റ് ചെയ്യപ്പെടുന്ന പോലെയുള്ള അവസ്ഥയില്‍പ്പെട്ടു
ഒന്പതെകാല്‍.... ഒന്‍പതര.... പത്തു മണി...പത്തര...പത്തെമുക്കാല്‍ എന്നിങ്ങനെ
പലതവണ റീസെറ്റ് ചെയ്യപ്പെട്ടു ഒടുക്കം പതിനൊന്നു കഴിഞ്ഞപ്പോഴാണ്
ആക്ചല്‍ ലോംഞ്ചിങ്ങ് സംഭവിച്ചത് .


ചാരിക്കിടക്കാന്‍ പറ്റിയ പ്രിയദര്ശിനി (ബസ്സാണ് കേട്ടോ, ഡോണ്ട് മിസ്സണ്ടര്‍സ്റ്റാന്റ് മി )
വരുന്ന സമയാണ്....ആഞ്ഞു പിടിച്ചാല്‍ കിട്ടും
വീട്ടീന്നിറങ്ങി പാടം ക്രോസ് ചെയ്തു കഴിഞ്ഞതും
ചുവരിലടിച്ച പന്ത് പോലെ പോയതിനെക്കാള്‍ വേഗത്തില്‍ തിരിച്ചു
ഒരു വരവായിരുന്നു.

"എന്തെടാ?" എന്ന അമ്മേടെ ചോദ്യം നെഗ്ലെക്റ്റ് ചെയ്തു ഓടി വീട്ടിക്കേറി
തണുത്ത വെള്ളം കൊണ്ട് പലവട്ടം മുഖം കഴുകേം,
നനഞ്ഞ തോര്‍ത്തെടുത്ത് അമര്‍ത്തിയമര്‍ത്തി തുടക്കേം,
ഫെയര്‍ ആന്‍ഡ്‌ ലവ് ലി രണ്ടു കോട്ട് അപ്ലൈ ചെയ്യേം കുട്ടിക്യുറ
നല്ല കനത്തില്‍ വാരി മുഖത്തിടേം ചെയ്തത്

പാടം ക്രോസ് ചെയ്തുകൊണ്ടിരിക്കെ
'മിക്സഡ്‌ കോളേജ് അല്ലെ? സുന്ദരികളായ പെണ്‍കുട്ടികള്‍ കാണാതിരിക്കോ?'
എന്ന ഒരു ചിന്തയുടെ സ്പാര്‍ക്ക് കിട്ടിയോണ്ടാണ്.
എസ്.എനിലെ സുന്ദരിമാര്‍ക്ക് വേണ്ടി മാത്രം... അന്നത്തെ തിരക്ക്
പിടിച്ച ജീവിതത്തിലെ വിലപ്പെട്ട അര മണിക്കൂര്‍ കണ്ണാടിക്കു മുന്‍പില്‍
സ്പെന്റ്റ് ചെയ്തു. ആത്മാര്‍ഥത ഇല്ല എന്ന് നമ്മള്‍ ആരെക്കൊണ്ടും പറയിക്യരുത്.
ഉഷമ്മായി പണ്ട് കൊണ്ടന്ന ഒരു സ്പ്രേ ഉണ്ടായിരുന്നത്
'കാണ്മാണ്ടായി' പ്പോയി അതൂടെ ഉണ്ടായിരുന്നേല്‍ ഒന്നൂടെ നന്നാക്കായിരുന്നു.

ബെസ്റ്റൊപ്പിലേക്ക് നടക്കുമ്പോ "എന്തൂട്ടാടാ മോത്ത്‌ വച്ച് തേച്ചേക്കണേ?...
വീട്ടില് പെയിന്റ് പണി നടക്കണ്‍ട്രാ" ന്നു
പ്രീ ഡിഗ്രി തോറ്റു നാട്ടില് യാതൊരു പണീല്ലാണ്ട് നടക്കണ ബിജൂട്ടന്‍
പുറകീന്ന് വിളിച്ചു ചോദിച്ചത് അസൂയോണ്ടാവും
നമ്മളെന്തു ചെയ്യാനാ ...സില്ലി ബോയ്സ് !!

തൃപ്രയാര്‍ ചെന്ന് ബസ്‌ ഇറങ്ങിയ ഉടന്‍ ഉല്ലാസ്
ഹോട്ടലില്‍ കയറി കഴിക്കുന്ന കാര്യം ആദ്യം കഴിചു.
അവിടെ നിന്ന് എസ്. എനിലെക്കുള്ള
ഒന്നൊന്നര കിലോമീറ്റരിലധികം വരുന്ന ദൂരം 'ഓട്ടോക്ക് പോയി'
എന്ന് വീട്ടില്‍ പറഞ്ഞു ഉല്ലാസ് ഹോട്ടല് മായുള്ള അവിഹിത
ധനവിനിമയത്തിന്റെ ബില്‍ സെറ്റില്‍ ചെയ്യാം
എന്ന് കുബുദ്ധിച്ച് എസ്. എന്‍ കോളേജ് വഴിക്ക് വച്ചുപിടിച്ചു.
സിര്‍ഫ്‌ പൈദല്‍ മേം.

കോളേജില്‍ എത്തുന്നതിന്റെ മുന്‍പേ തന്നെ 'ക്യൂ' എത്തി.
മുന്‍പൊരിക്കല്‍ മണ്ണെണ്ണ പെര്‍മിറ്റ്‌ നു വേണ്ടി സപ്ലൈ ഓഫീസില്‍
പോയി ഒന്നൊന്നര മണിക്കൂര്‍ ക്യൂ നിന്നിട്ട് അവസാനം ആണത് റേഷന്‍ കാര്‍ഡ്‌ പുതുക്കാനുള്ള
ക്യൂ ആണെന്നറിഞ്ഞത്. അതുകൊണ്ട് അപ്ലിക്കേഷന്‍ വാങ്ങാനുള്ള ക്യൂ ആണോ എന്ന് ചോദിച്ചു ഉറപ്പിച്ച
ശേഷാണ് 'ക്യൂവനാ'യത് .
ക്യൂ വിനു സാമാന്യം നീളം ഉണ്ട്.
നേരെ മുന്നില്‍ ഒരു ചേട്ടനാണ്
എന്തെങ്കിലും മിണ്ടീം പറഞ്ഞും നിന്നേക്കാം...
എന്ത് സംസാരിക്കും എന്നത് ഒരിക്കലും വിഷയമേ അല്ലല്ലോ.
എന്തും സംസാരിക്യാം....എന്നോടാ കളി ?

"മോള്‍ക്കായിരിക്കും അല്ലെ അപ്ലിക്കേഷന്‍?" എന്ന്
അങ്ങോട്ട്‌ ഒരു കൊസ്റ്യന്‍ പാസ്‌ ചെയ്തു ഞാന്‍ ഓപ്പണിംഗ് ഇട്ട കോണ്‍വേര്സേഷന്‍
വിതിന്‍ ദി സ്പ്ളിറ്റ് ഓഫ് എ സെക്കന്റ്‌ എന്ന് പറയുമ്പോലെ
ഹയ്ജാക്ക് ചെയ്യേം, 'ഒന്നും വേണ്ടിയിരുന്നില്ല' എന്ന
ഒരാത്മഗത്തിലേക്കെന്നെയെത്തിച്ചുകളയേം ചെയ്തു ഗെഡി...ഒന്നല്ല രണ്ടൂന്ന്രാശ്യം!
പുലി! പുപ്പുലി!! കടുവയെ പിടിച്ച കിടുവ !!!

വീട്ടിക്കൊണ്ടോയ് ചില്ലിട്ടു വക്കേണ്ട സൈസ് പ്രോഡക്റ്റ് !!


എല്‍ കെ ജി യില്‍ ആക്ഷന്‍ സോങ്ങിനു മോള്‍ക്ക്‌ കിട്ടിയ സമ്മാനത്തില്‍ നിന്ന് തുടങ്ങി
കാണ്ഡം, കാണ്ഡം ആയിട്ടായിരുന്നു ആള്‍ടെ 'മോള്‍ടെ വീരഗാഥ' യുടെ
ടെലികാസ്റിംഗ്.
ഏകപക്ഷീയമായ ഒരാക്രമണത്തിനിടക്ക് 'ഓഹോ!' 'ആഹാ!' 'ഹ്മം!!'
എന്നൊക്കെ പറയാന്‍ പറയാനുള്ള ഗ്യാപ്പൊക്കെയെ ഉണ്ടായിരുന്നുള്ളൂ.

കഥ മെഗാ സീരിയല് കനത്തില്‍ വളര്‍ന്നു പടര്‍ന്നു പന്തലിച്ച്
മുഖ്യ കഥാപാത്രം ഏകദേശം ഒരു എട്ടാം ക്ലാസ്സില്‍ എത്തിയ ക്രിട്ടിക്കല്‍
ടൈംമില്‍ ഞങ്ങള്‍ ക്യൂ വിന്റെ ഫിനിഷിംഗ് പൊയന്റിനോട് ഏതാണ്ട് അടുത്തു.
അവിടെ ആയിരുന്നു ആദ്യത്തെ 'കൊമേഴ്സ്യല്‍ ബ്രേക്ക്‌ '.
അപ്പോഴേക്കും കഴിച്ചതൊക്കെ അതിന്റെ വഴിക്ക് പോവേം ....ഞാന്‍ ഒരു വഴിക്യാവേം ചെയ്തിരുന്നു.

കോളേജ് ഓഫീസില്‍ നിന്നും പുറത്തേക്കു തുറക്കുന്ന ഒരു ജനാല
അപ്ലിക്കേഷന്‍ കൌണ്ടര്‍ ആയി തല്ക്കാലം സെറ്റ് ഇട്ടിരിക്യാണ് .
അതിനകത്തിരുന്നിരുന്ന ക്ലാര്‍ക്ക് "അപ്പ്ളിക്കന്റിന്റെ പേരെന്താ ?" ന്നു

മുന്നിലുള്ള ചേട്ടനോട് ചോദിക്കേം വെറും ക്യൂരിയോസിറ്റി കൊണ്ടു ഞാനത് ശ്രദ്ധിക്കേം ചെയ്തു.

"MAYA . V "

കേട്ട ഉടന്‍

"മായ!!! പേര് കൊള്ളാം ...കാണാന്‍ എങ്ങിനെ ഉണ്ടാവോ....
ഈ V എന്നത് വീട്ടുപേരിന്റെ ആദ്യ അക്ഷരായിരിക്കും.....
അങ്ങിനെയാണെങ്കില്‍ വീട്ടുപേര് 'വാകയില്‍' ആവോ? 'വടക്കേട'ത്താവോ?..."
എന്നൊക്കെ അന്തമില്ലാതെ ചിന്തിച്ച് ഒടുവില്‍

"എന്തൂട്ടെങ്കിലും ആവട്ടെ ...മായ സുന്ദരിയാവണേ....." ന്ന്
മനസ്സാ പ്രാര്‍ത്ഥിക്കേം ചെയ്തു. നമുക്ക് പ്രതേകിച്ചു ഒരു കാര്യോണ്ടായിട്ടല്ല; ഒരു സത്കര്‍മ്മം !

അതിനിടെ ഫോം വാങ്ങി തിരിച്ചിറങ്ങിയ ചേട്ടന്‍ എന്നോട് ത്രിശൂക്കാര്‍ടെ
ആ നിഷ്കളങ്കതയോടെ "ഇതിലെന്തൂട്ടാഡാ എഴീതീക്ക്യണേ നോക്ക്യേ?"
എന്ന ഒരു നിസാര സഹായം ചോദിച്ചത്.
യുവ സുന്ദരിയുടെ അച്ഛനാണ് ... ഇനി ഒരവസരം കിട്ടി എന്ന് വരില്ല.
കേട്ട പാതി കേള്‍ക്കാത്ത പാതി ഫോംമിന് നേരെ ഒരു ചാട്ടായിരുന്നു.

അന്നൊക്കെ അപ്ലിക്കേഷന്‍ വാങ്ങുന്ന സമയത്തേ Name of the Applicant
എന്ന ഭാഗം ഫില്‍ ചെയ്തിട്ടാണ് കിട്ടുക. ആ ഫോം വേറൊരാള്‍ ഉപയോഗിക്ക്യാതിരിക്ക്യാനുള്ള
കോളേജ് കാരുടെ ഒരു ചിന്ന സൂത്രപ്പണി . "നമ്മളെ അങ്ങനങ്ങട് അക്കന്ട്ര ഗെഡി" എന്ന ലൈന്‍.

ചേട്ടന്റെ വാങ്ങിയ ഫോം മിലും Name of the Applicant ഫില്‍ ചെയ്തിട്ടുണ്ടായിരുന്നു.
മുഴുത്ത ക്യാപിറ്റല്‍ ലെറ്റെഴ്സില്......നല്ല കടും ചോപ്പ് കളര്‍ല് ...
അകത്തിരിക്കുന്ന ക്ലാര്‍ക്ക്ചേട്ടന്‍ സുന്ദരിയുടെ പേരെഴുതി വച്ചിരിക്യാണ്

" MAAYAAVI "

അതുവരെ മനസിലുണ്ടായിരുന്ന 'മായ. V' എന്ന സുന്ദരി
ബ്ലാക്ക്‌ സിംഗിള്‍ പീസ് ഡ്രെസ്സിങ്ങില്‍, മാന്ത്രിക വടിയും പിടിച്ചു

ബാലരമേലെ മായാവീടെ ഡിറ്റോ പോലെ നില്‍ക്കുന്ന രംഗം ഓര്‍ത്തപ്പോ
പൊട്ടിവന്ന ചിരി അടക്കാന്‍ പാടുപെട്ടു ഞാന്‍ പറഞ്ഞു


"ചേട്ടാ.....ഹിത് .... സ്പെല്ലിംഗ് മിസ്റ്റെയ്ക്കായല്ലോ !!!

1 comment:

സുധി അറയ്ക്കൽ said...

ക്ലൈമാക്സ്‌ കലക്കി.