വരവ് :



Tuesday, January 15, 2013

അനന്ത നീല വിഹായസ്

മുഖവുര : 

ലോകത്തില്‍ ഗൗതമ ബുദ്ധനൊഴികെ എണ്ണം പറഞ്ഞ സകല ടീംസിനും 
ഉന്നതങ്ങളില്‍ വച്ചാണത്രേ വെളിപാടുണ്ടായത്!!


പൂര്‍വ കഥ :

ജോലിക്ക് ജോയിന്‍ ചെയ്തിട്ട് ആദ്യത്തെ ഔദ്യോതിക ആകാശ യാത്ര.
അതിനു മുന്‍പ് പോയത് വിമാനത്തില്‍ കയറിയത് ചില സ്ക്രാപ്പ് സ്വപ്നങ്ങളില്‍ മാത്രം.
 
പണ്ടൊരിക്കല്‍ കയ്യീന്ന് കാശിറക്കി പൂനെയില്‍ നിന്നും ബാംഗ്ലൂര്‍ വരെ വന്നിട്ടുണ്ട്.
അന്ന് വിന്‍ഡോ സീറ്റ്‌ കിട്ടിയില്ല...... നടുവിലാണ്..... വിന്‍ഡോ സീറ്റില്‍
ലളിതമായ മേക്കപ്പില്‍ ഒരു സഹയാത്രിക.....
ലിപ്സ്റ്റിക്.... റൂഷ്....ഐ ലൈനര്‍.....ലോ നെക്ക് ടി ഷര്‍ട്ട്‌ ...മിനി ...ജഗപൊഗ!!
മുഖ്യമന്ത്രിയുടെ സുതാര്യ കേരളത്തിന് മോഡലാക്കാവുന്ന അംഗലാവണ്യം.

"ഞാന്‍ ആദ്യായിട്ടാണ്‌ വിമാനത്തില്‍ ...... മാഡത്തിന് വിരോധം
ഇല്ലെങ്കില്‍ വിന്‍ഡോ സീറ്റില്‍ ഇരുന്നോട്ടെ ?" എന്ന് ഞാന്‍ അന്ന് ഇംഗ്ലീഷില്‍
ചോദിച്ചത് മനസാലാവഞ്ഞിട്ടാണോ,
അതോ അന്നത്തെ നമ്മുടെ ഇംഗ്ലീഷിന്റെ പരിതാപകരമായ അവസ്ഥ
കൊണ്ടാണോ എന്നറിയില്ല മാരുതി 800 ന്റെ വിന്‍ഡോയിലൂടെ ഫുഡ്‌ പാത്തിലൂടെ
നടന്നു പോവണ നാടന്‍ നായയെ പോമെറേനിയന്‍ നോക്കണ ടൈപ്പ് ഒരു നോട്ടം
നോക്കി സഹയാത്രിക. വേണ്ടെങ്കില്‍ വേണ്ട !! നമ്മള്‍ ചോദിച്ചില്ല എന്ന് വേണ്ട !!!
മിനിയിട്ടു നടന്നിട്ടെന്താ കാര്യം ?? ഹൃദയവിശാലത വേണം... ഹൃദയവിശാലത ....
(ഇതൊക്കെ എവിടുന്ന് കുറ്റിയും പറിച്ചു വരുന്നോ ആവോ ??? )

അവരെ പറഞ്ഞിട്ട് കാര്യമില്ല ...കിബ്രൊ യിലെ ബാബുവേട്ടന്‍ തയ്ച്ച മെയിഡ് ഇന്‍
കൈപ്പമംഗലം പാന്റ്സ് ആന്‍ഡ്‌ ഷര്‍ട്ട്‌ ആണ്.........
അലന്‍ സോളിയോ പാര്‍ക്ക്‌ അവന്യൂവോ ആകേണ്ടിയിരുന്നു....അടുത്ത ഇന്ക്രിമെന്റ് വരട്ടെ !!

വായു വാഹനം പറന്നു പൊങ്ങുമ്പോള്‍ വിന്‍ഡോ സീറിലൂടെ ഏന്തി വലിഞ്ഞു
നോക്കി പുറം ലോകം കണ്ടളയാം എന്നാ ചിന്ത അക്കാലത്തു അങ്ങനെയെന്തോ
ചെയ്ത മന്ത്രിക്കു വന്നു ഭവിച്ച മാനഭംഗമോര്‍ത്തും പോമെരെനിയന്റെ നമ്മളോടുള്ള
അനുഭാവത്തിന്റെ തീവ്രതയോര്‍ത്തും വേണ്ടന്നു വച്ചു.
ഇനിയിപ്പോ അത് ചെയ്തിട്ട് ചീത്തപ്പേരുണ്ടാക്കേണ്ട ആവശ്യമെനിക്കില്ല!!
              
 
               *             *             *

ഉത്തര ഖണ്ഡം :

പറഞ്ഞു വന്നത് "ജോലിക്ക് ജോയിന്‍ ചെയ്തിട്ട് ആദ്യത്തെ ഔദ്യോതിക ആകാശ യാത്ര".
ബാംഗ്ലൂര്‍ എയര്‍ പോര്‍ട്ടില്‍ നിന്നും വിമാനം പറന്നു പൊങ്ങി...
ഇത്തവണ വിന്‍ഡോ സൈഡ് തന്നെ ബോര്‍ഡിംഗ് പാസ് എഴുതാന്‍ ഇരുന്ന പെങ്കൊച്ചിന്റെ
അടുത്തു കരഞ്ഞു പറഞ്ഞു ഒപ്പിച്ചെടുത്തു ...
വിമാനം ഒരു 35000 അടി ഉയരത്തില്‍ ആയപ്പോള്‍ ...ദൈവമേ 'കിര്‍.... കിര്‍' എന്ന് ഇടയ്ക്കു
ഓരോ ശബ്ദം കേള്‍ക്കണത് ചിറകിന്റെ ചെറിയ വല്ല സ്ക്രൂവും ലൂസാവണതാവോ
എന്നൊക്കെ ഒരു തോന്നലുണ്ടായെങ്കിലും ... എങ്കിലും നമ്മള്‍ ഇതൊക്കെ എത്ര കണ്ടതാ ലൈനില്‍
ആ ഏരിയയില്‍ ന്യൂനമര്‍ദ്ദം സൃഷ്ട്ടിച്ചാണ് ഇരുപ്പു.
അടുത്തിരുന്ന പസ്സെന്‍ജ്ജര്‍ക്ക് ഒരു 60 യില്‍ കൂടുതല്‍ പ്രായം കാണും ...
(റൂഷ് ഇടുന്ന വംശത്തിനു വംശനാശം സംഭവിച്ചോ ?? അല്ലെങ്കിലും നമ്മള് അലെന്‍ സോളി
ഇടുമ്പോള്‍ ആരും കാണില്ല. )

"എവിടുന്ന് വരുന്നു? എങ്ങോട്ട് പോണു??" എന്നൊക്കെ
ആള് നമ്മളോട് ചോദിച്ചത് ചുമ്മാ പരിചയപ്പെടാന്‍ ആണെന്ന് മനസിലായി
(ആരെങ്കിലും കൊച്ചിയില്‍ നിന്നും ചെന്നൈക്ക് പോകാന്‍ ബാംഗ്ലൂര്‍-ഡല്‍ഹി
വിമാനത്തില്‍ കയറി ഇരിക്കോ?) എന്താ ചെയ്യണേ? എന്നൊക്കെ ആള് ചോദിച്ചതൊന്നും
എനിക്ക് ഇഷ്ടമായില്ലെങ്കിലും നമ്മള് അത്ര ചില്ലറക്കാരനല്ല എന്ന
ലൈനില്‍ നമ്മള്‍ കാര്യം പറഞ്ഞു.

"ഐ വാസ് ഇന്‍ ആര്‍മി...ആന്‍ഡ്‌ റിട്ടയേര്‍ഡ്‌ ആസ് എ കേണേല്‍ ..." ആള് പറഞ്ഞു.

"ഹ്മ്മ് !!" അഹങ്കാരം ഒട്ടും കുറയ്ക്കാതെ ഞാന്‍ മൂളി ..നമ്മളെക്കാള്‍ വലിയ ടീം ആണെന്ന അഹങ്കാരം 
ഇല്ലേ ആ പറച്ചിലില്‍??..... സട കൊഴിഞ്ഞ സിംഹം ആണ് .....പട്ടാളക്കാരെ നമ്മള്‍ ആദ്യായിട്ടു
കാണല്ലല്ലോ എന്നൊക്കെ  മനസ്സില്‍ വിചാരിക്കേം ചെയ്തു.
അല്ലെങ്കിലും പ്രിയദര്‍ശന്റെ 'മേഘം' കണ്ടതില്‍
പിന്നെ കേണേല്‍മാരോടു പൊതുവെ എനിക്കങ്ങിനെ മതിപ്പില്ല.
 

"വാട്ട്‌ ഈസ്‌ യുവര്‍ പ്ലാന്‍ ഫോര്‍ ദി നെക്സ്റ്റ് ഫൈവ് ഇയര്സ് ??" കേണേല്‍ വിടു
ന്ന മട്ടില്ല.

ഇയാളെന്താ സെമസ്റെര്‍ എക്സാമിന്റെ കൊസ്റ്യന്‍ പേപ്പറോ ?? മനുഷ്യനെ ചുമ്മാ ഇരിക്കാനും സമ്മതിക്കില്ലേ???
എന്നൊക്കെ മനസ്സില്‍ പറഞ്ഞു ഒട്ടിച്ചു വച്ച ഒരു ചിരിയോടെ ഞാന്‍ പറഞ്ഞു

"ഇപ്പൊ ചെയ്യണ ജോലിയില്‍ സന്തോഷം ഉണ്ട്.... എനിക്കിതു മതി കൂടുതല്‍ ഒന്നും വേണ്ട !!"
(തട്ടീം മുട്ടീം അങ്ങിനെയങ്ങ് പോയാ മതി എന്നതിനു ഇംഗ്ലീഷില്‍ ഒരു പ്രോപ്പര്‍ ഫ്രൈസ് എനിക്ക്യപ്പോ
ഓര്‍മ്മ വന്നില്ല....അല്ലെങ്കില്‍ ഫ്രൈസിട്ടു ഇമ്പ്രെസ്സ് ചെയ്യായിരുന്നു ..)

അപ്പോഴായിരുന്നു ആളുടെ ആ ഡയലോഗ് "കാന്‍ യു ലുക്ക്‌ അപ്പ്‌ ത്രൂ ദി വിന്‍ഡോ ??"

ഞാന്‍ നോക്കി. ആകാശം മാത്രം ...അനന്തമായ ആകാശം .... ... അനന്ത നീല വിഹായസ് !!!

അപ്പൊ ആ റിട്ടയേര്‍ഡ്‌ കേണലിന്റെ ശബ്ദം കാതില്‍ ...മിലിട്ടറി റേഡിയോ മെസ്സേജ് പോലെ പരുപരുത്തു കേട്ടു .

" വീ ആര്‍ അറൌണ്ട് 35000 ഫീട്ട്സ് അബോവ് ദി സീ ലെവല്‍ ...
ബട്ട്‌ സ്റ്റില്‍ ദി സ്കൈ ഈസ്‌ സൊ ഹൈ...ആന്റ് ഇറ്റ്‌ വില്‍ ബി ലൈക്‌ ദാറ്റ്‌ ആള്‍വൈസ്
ഇവന്‍ ഇഫ്‌ യു ഗോ അപ് വേര്‍ഡ്സ് മോര്‍ ആന്‍ഡ്‌ മോര്‍...... "

ആ നിമിഷത്തില്‍ തലച്ചോറില്‍ എവിടെയോ ഒരു ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി ....സ്പാര്‍ക്ക്
രണ്ടുമൂന്നെണ്ണം പലവഴി പാഞ്ഞു. ദൈവമേ ഇതാണോ സൊ കോള്‍ഡ്...  ബോധോദയം ??

അതിനു ശേഷം ഡല്‍ഹിയില്‍ ലാന്‍ഡ്  ചെയ്യണ വരെ ഒരു പാട് കാര്യങ്ങള്‍
അദ്ദേഹം പറഞ്ഞു പക്ഷേ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങി അദ്ദേഹത്തോട്
യാത്ര പറഞ്ഞു ഒരു ടാക്സിക്ക് കൈ കാണിച്ചു "ഗസ്റ്റ് ഹൌസ് " എന്ന് പറഞ്ഞു പിന്‍
സീറ്റില്‍ ചാഞ്ഞു കിടന്നു  കണ്ണടച്ചപ്പോള്‍ എന്റെ മനസ്സില്‍ കേണലിന്റെ രണ്ടേ രണ്ടു
ഡയലോഗ്സ് മാത്രെ ഉണ്ടായിരുന്നുള്ളൂ......

"...നൗ വീ ആര്‍ അറൌണ്ട് 35000 ഫീട്ട്സ് അബോവ് ദി സീ ലെവല്‍ ...
  ബട്ട്‌ സ്റ്റില്‍ ദി സ്കൈ ഈസ്‌ സൊ ഹൈ.......ആന്റ് ഇറ്റ്‌ വില്‍ ബി ലൈക്‌ ദാറ്റ്‌
  ആള്‍വൈസ് ...ഇവന്‍ ഇഫ്‌ യു ഗോ അപ് വേര്‍ഡ്സ് മോര്‍ ആന്‍ഡ്‌ മോര്‍......
  ..........................
  വാട്ട്‌ ഈസ്‌ യുവര്‍ പ്ലാന്‍ ഫോര്‍ ദി നെക്സ്റ്റ് ഫൈവ് ഇയര്സ് ?? "

ഡല്‍ഹി 'ഫീവര്‍ 104 "എഫ് എം സ്റ്റേഷനിലെ റേഡിയോ ജോക്കിയുടെ മധുര ശബ്ദത്തിന്
മുകളിലൂടെ ഡോള്‍ബി ഡിജിറ്റല്‍ സിക്സ് ട്രാക്ക് ല്‍ അത് വീണ്ടും വീണ്ടും കിടന്നു മുഴങ്ങി.

                    *             *             *

യപ്പ് !! വാട്ട്‌ മറ്റേഴ്സ് ഈസ്‌ .... ആറ്റിറ്റ്യൂഡ് !!!


............................................................................................................................
വാല്‍ക്കഷ്ണം:

സന്ദര്‍ഭവും കാരണവും വേറെയാണെങ്കിലും മിലിട്ടറി ക്വാട്ട റം അടിച്ചിട്ട്
നാട്ടിലെ രാഘവേട്ടന്‍ പറയണ ഡയലോഗ് ഞാന്‍ ഇവിടെ
കോപ്പി പേസ്റ്റ് ചെയ്യാണ്
".......ന്തൊക്കെ പറഞ്ഞാലും പട്ടാളം പട്ടാളം തന്ന്യാണ് !!!"
...........................................................................................................................

2 comments:

Unknown said...

golaam anna golaam

സുധി അറയ്ക്കൽ said...

കൊള്ളാം.എന്നിട്ടെന്തായോ ആവോ???