വരവ് :



Friday, May 31, 2019

പേൾ ഹാർബർ


കസേരയിലിരുന്നു അരമതിലിൽ കാല് രണ്ടും കയറ്റി വച്ച് പത്രം വായിച്ചോണ്ടിരിക്കുമ്പോഴാണ് "കിടീൻ" ന്ന് മുറ്റത്തെന്തോ വീണത്. ഒരു മൂന്ന് മൂന്നരയടി വലിപ്പത്തിൽ എയർഗൺ പെല്ലറ്റിന്റെ ഷേപ്പിൽ മുറ്റത്ത് വീണ് കിടക്കുന്നത് നല്ല ഫസ്റ്റ് ക്ലാസ് ബോംമ്പാണെന്ന് എനിക്ക് ഒറ്റ നോട്ടത്തിൽ മനസിലായി, പേൾ ഹാർബർ കണ്ടത് ജസ്റ്റ് രണ്ടൂസം മുൻപായിരുന്നല്ലോ.

സാധനം എതോ ജപ്പാൻകാരൻ പൈലറ്റ് അമേരിക്കേലിടാൻ കൊണ്ട് പോണ  വഴിക്ക് ഫെറ്ററീന്ന് പുള്ളി അറിയാതെ വീണ് പോയതാണ്.

പട്ടി കടിക്കാനായിട്ട് ഇതിന് നമ്മുടെ ഉമ്മറത്ത് തന്നെ വീഴാൻ തോന്നീലോ എന്നാത്മഗതിച്ച്, നിറവയറുമായി നിൽക്കണ  പൂർണ്ണ ഗർഭിണിയെപ്പോലെ  ഏത് നിമിഷവും പൊട്ടാൻ തയ്യാറായിക്കിടന്നിരുന്ന ബോംമ്പിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ശബ്ദമുണ്ടാക്കാതെ അകത്ത് കയറി കതക് കുറ്റിയിട്ടു. അത്രേം ആയപ്പോഴേക്കും എന്റെ കൺട്രോള് കൈവിട്ട് പോവേം " അയ്യോ ഞങ്ങടോടെ ബോമ്പ് വീണേ" ന്ന് ഉറക്കെ കരയേം  ചെയ്തു.

സൺഡേ ഹെവിലഞ്ച് കഴിഞ്ഞ് ഉച്ചക്കുറങ്ങാൻ കിടന്നോടത്ത് കിടന്ന് കാറിയ എന്നെ കുലുക്കിയണീപ്പിച്ചിട്ട് "ബോമ്പേ ലെന്താടാ  " ന്ന് ചോദിച്ചത്  അമ്മയാണ്. ബോംമ്പെയല്ലമ്മേ ബോംമ്പാണെന്ന് ഞാൻ തിരുത്താൻ പോയില്ല, എന്തിനാ വെറുതെ അമ്മയെക്കൂടി പേടിപ്പിക്കണേ.

Wednesday, May 15, 2019

പതിനാറടിയന്തിരം


ഡിഗ്രിയൊക്കെ  കഴിഞ്ഞ് ശ്രീരാമയിൽ വർക്ക് ചെയ്യണ ടൈമിലാണൊരു ശനിയാഴ്ച്ച വൈകീട്ട് എൽ. പീ. ലൊരുമിച്ച് പഠിച്ച ബിജു വീട്ടിൽ വന്നിട്ട്  അവന്റെ ഓഫീസിലെ ഒരു ലേഡീസ്റ്റാഫിന്റെ കല്യാണത്തിന്  വരണുണ്ടോന്ന് ചോദിച്ചത്, അവന് ഒരു കമ്പനിക്കാത്രേ!

കല്ല്യാണം പിറ്റേന്നാണ്, തലേന്നായതിനാൽ ചിക്കൻ ബിരിയാണിയാണെന്നവൻ സൂചിപ്പിച്ചപ്പോൾ വരണില്ലാന്ന് പറയാൻ തോന്നീല്ല. സ്പോട്ടിലേക്ക് നാലഞ്ച് കിലോമീറ്റർ ദൂരമുള്ളത് കൊണ്ട്  ആ ഭാഗത്ത്  പരിചയക്കാരാരുമില്ലന്നതും ഒരു പോസറ്റീവ് ഫാക്ടാറാണല്ലോന്നോർത്ത് എന്റെ ബൈക്കെടുത്തേക്കാം എന്നൊരോഫർ ഞാൻ ഓൺ ദ സ്പോട്ട് ബിജുവിന് കൊടുത്തു.

പോകുന്ന വഴിക്ക് ഗവൺമെന്റ് യു.പി യുടെ ഭാഗത്തെത്തിയപ്പോഴാണ് ലവൻ അക്കാര്യം സൂചിപ്പിച്ചത് പെൺകുട്ടി അവിടെയാ പഠിച്ചത് പോലും.

"ഏത് വർഷം?"

"നമ്മളൊപ്പാവും.. അവൾക്ക് ഏതാണ്ട് നമ്മുടത്രന്നെ  പ്രായാ "ന്നവൻ. 

"നിനക്കിതാദ്യം പറഞ്ഞൂടെടാ ഞാനിവിടല്ലേ പഠിച്ചത് ...എന്താവൾടെ പേര്?"

"നമിതാ സഹദേവൻ..."

നമിതയോ... നീ എറങ്ങ്യേരാ... ആ മൊതലിനെ ഞാനറിയും.... ലവൾക്കെന്നേം അറിയണണ്ടാവും... വിളിക്കാത്ത കല്യാണത്തിനാണ് വന്നേന്നവൾക്ക് മനസിലാവും..അയ്യേ‌ !
ദ് ശര്യാവില്ലടാന്ന് പറഞ്ഞു ഞാൻ ബൈക്ക് നിർത്തി.

യു. പി. സ്കൂളിലൊക്കെ ഞങ്ങളൊരുമിച്ചാണ് പഠിച്ചത് ബട്ട്, വെവ്വേറെ ഡിവിഷനുകളിൽ! പ്രീഡിഗ്രി ടൈമിലൊരു ബസ്സിലായിരുന്നു യാത്ര ബട്ട്, ലവൾ മുൻപിലും ഞാൻ പുറകിലും!!
പോളിടെക്നിക്കിൽ ജോയിൻ ചെയ്തപ്പോ ലവളൂണ്ടായിരുന്നവിടെ ബട്ട്,  വേറെ ബ്രാഞ്ചിൽ!!! 
ഞങ്ങൾക്ക് പരസ്പരമറിയാം ബട്ട്, നേരിൽ സംസാരിക്കുകയോ എന്തിന് നേർക്ക് നേരെ നോക്കുകയോ ചെയ്തിരുന്നില്ല! അതോണ്ട് ബട്ടില്ലാത്തൊരു  വാചകം പോലും നമിതയെക്കുറിച്ചെനിക്ക് ചിന്തിക്കാനാവില്ല, അന്നുമിന്നും!

ജനറേഷൻസായി പരിചയക്കാരുടെ കല്യാണത്തിന് വിളിക്ക്യാണ്ട് പോണ കേസുണ്ടായിട്ടില്ല തറവാട്ടില്. ഒരു പരിചയോല്ലാന്ന് വച്ചിട്ടല്ലേ നമ്മളിറങ്ങി തിരിച്ചത്. ഞാനില്ലന്ന് ബിജുവിനോട് തറപ്പിച്ചു പറഞ്ഞു.

'പരിചയോണ്ടേൽ  കേറണ്ട, അവനെ ഡ്രോപ്പ് ചെയ്തിട്ട് പുറത്ത് വെയ്റ്റ് ചെയ്താ മതീ' ന്നവൻ. ആദ്യമൊന്നു മടിച്ചെങ്കിലും വല്യ ദോഷല്യാത്തൊരുപകാരല്ലേന്നോർത്ത് ഞാനതെഗ്രീ ചെയ്തു.

വീടെത്തിയപ്പോ റാപ്പു ചെയ്ത ഗിഫ്റ്റുമായി ബിജുവകത്ത് കയറിപ്പോയി. ഞാൻ മെയിൻ റോഡീന്ന് അവൾടെ വീട്ടിലേക്ക് തിരിയണ വഴിയിൽ ബൈക്ക്  സ്റ്റാൻഡിട്ടതിൽ ചാരി നിന്നു.

ഒരഞ്ച് മിനിറ്റായില്ല കല്യാണ വീട്ടീന്ന് ഇറങ്ങി വന്ന ഒരു ചേട്ടൻ "..ന്താ  കേറണില്യേ" ന്ന് ചോദിച്ചു.  "ഇല്ല ! എന്റെ ഫ്രണ്ടിന്റെ ഫ്രണ്ടിന്റെയാ കല്യാണം എനിക്കിൻവിറ്റേഷനില്ല ഞാൻ ജസ്റ്റവനെയൊന്നു ഡ്രോപ്പ് ചെയ്യാൻ വന്നതാ " ന്ന് പറഞ്ഞതും "എന്റെ മോൾടെ കല്യാണത്തിന് വന്നിട്ട് കേറാണ്ട് പോവേ? "ന്നും ചോദിച്ച് ആൾ എന്റെ കൈ പിടിച്ച് വലിച്ച് വീട്ടിനകത്ത് സ്വീകരണമുറിയിൽ കയറ്റി ഒരു സ്ക്വാഷിന്റെ ഗ്ലാസും കൈയ്യിൽ തന്ന് ആളധികമായതിനാൽ വൈക്കോൽ ലോറി പോലെ  നിറഞ്ഞു കവിഞ്ഞിരുന്ന ഒരു സോഫയിൽ എന്നെ കൂടി തിരുകി കയറ്റി വച്ചിട്ട് 'ഫുഡ് കഴിച്ചിട്ടേ പോകാവൂ'ന്നും പറഞ്ഞ്, അടുത്ത ഗസ്റ്റിനെ പിടിച്ചോണ്ട് വരാനാവണം,  പുറത്തോട്ടിറങ്ങി. ഒന്നിലും എനിക്കൊരു നിയന്ത്രണോണ്ടായിരുന്നില്ല.

'നിന്നോട് കേറിക്കോളാൻ അപ്പോഴേ ഞാമ്പറഞ്ഞതല്ലേടാ' ന്ന് സോഫായുടെ മറ്റേയറ്റത്ത് നിന്നു ബിജു ആക്ഷനിട്ടു.

അതിനിടെ സ്ക്വാഷിന്റെ ഗ്ലാസ് തിരികെ വാങ്ങാൻ വന്ന ഒരു വല്ല്യമ്മയുടെ 'മോനേതാ?' ന്നുള്ള ക്വസ്റ്റ്യൻ  മൈൻഡ് ചെയ്യാതെ ഷോക്കേസിലെ ഒരു ട്രോഫി കാണിച്ചിട്ട് 'ദ് നമിതക്ക് തവളച്ചാട്ടത്തിന് കിട്ടിയ മെഡലല്ലേ?' ന്നോ മറ്റോ തിരിച്ച് ചോദിച്ചു എസ്കേപ്പായി.

ബട്ട് വരാനുള്ളത് ഊബറു വിളിച്ചായാലും  വരിക തന്നെ ചെയ്യും, അടുത്ത സെക്കന്ററിൽ നവവധു നേരിട്ട് പ്രത്യക്ഷപ്പെട്ടു. വിൻഡോ വഴി പുറത്ത് കത്തിയിരുന്ന ഡാൻസിങ്ങ് ലൈറ്റ് സിലേക്ക് നോക്കി ഞാനിരുന്നു,  ദൈവമേ , ലവള് കാണാണ്ടിരുന്നാ മതിയായിരുന്നു.

ഒറ്റ നോട്ടത്തിൽ നോട്ടം പുറത്തേക്കായിരുന്നെങ്കിലും ബിജു ഗിഫ്റ്റ് കൊടുക്കുന്നതും വിഷ് ചെയ്യുന്നതുമൊക്കെ കണ്ണ് പനോരമാ മോഡിലിട്ട് ഞാൻ കണ്ടു. തിരക്കിലായതിനാൽ ആ ആൾക്കൂട്ടത്തിൽ സ്റ്റാച്ച്യൂ പോലിരുന്ന എന്നെ  നമിത ശ്രദ്ധിച്ചില്ല, ബട്ട് ഗിഫ്റ്റും വാങ്ങി അകത്തേക്ക് പോകാൻ തുടങ്ങിയ ലവളോട് എന്നെ ചൂണ്ടിയാണ് ബിജുവത് ചോദിച്ചത്
"ദിവനെ മനസിലായോ?".

അവൾ തിരിഞ്ഞു നിന്നിട്ട് എന്നെ നോക്കി ഞാൻ സൈക്കിളിൽ നിന്നു വീണ എക്സ്പ്രഷന്  "മ്ഹ് " എന്ന് ബിജിഎമ്മിട്ട്  സോഫയിൽ നിന്നുമെണീറ്റു.

അവൾക്ക് മനസിലായില്ലന്ന് തോന്നിയിട്ടാവണം   ഗവ: യു പി മുതൽ ഞാൻ രണ്ടാഴ്ച്ച മാത്രം പഠിച്ച പോളിടെക്നിക്ക്  വരെയുള്ള കഥ ബിജു ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
"ഓ .... മനസിലായി! " എന്നവൾ പറഞ്ഞപ്പോൾ നിന്നെ ഞാൻ കല്യാണത്തിന് വിളിച്ചിട്ടില്ലലോ എന്ന എക്സ്പ്രഷനായിരുന്നവളുടെ മുഖത്ത്.

അവളൊന്നും ചോദിച്ചില്ലെങ്കിലും നമ്മുടെ നിരപരാധിത്വം നമ്മള് തെളിയിക്കണോല്ലോ ന്നോർത്ത്
"അച്ഛനാന്നെ വിളിച്ചത്  , വിഷ്യൂ ഹാപ്പീ മാരീഡ് ലൈഫ് " ന്ന് പറഞ്ഞു പുറത്തേക്കൊറ്റ ചാട്ടമായിരുന്നു ഞാൻ.

പന്തലിൽ വച്ചവളുടെ അച്ഛനെ വീണ്ടും കണ്ടു. കഴിക്കണില്ലേന്നാള് ചോദിച്ചപ്പോ "...പോയിട്ട് കുറച്ച് തിരക്കുണ്ട് " ന്ന് പറഞ്ഞ് ചിക്കൻ ബിരിയാണീടെ ടെംപ്റ്റിങ്ങ് സ്മെല്ലിനെ അവഗണിച്ച്  പന്തലീന്നിറങ്ങി.

തിരിച്ച് പോരണ വഴിയാണ്   ബിജു ചോദിച്ചത് "കഴിച്ചിട്ട് പോന്നാ മതിയായിരുന്നു ...നെനക്കെന്താ തിരക്ക്?" ന്ന്.

 "ഒരു പതിനാറടിയന്തിരമുണ്ട്! "

" ഇന്നീ രാത്രീലോ? " ന്നവൻ

"അല്ല കൊറച്ചീസം കഴിഞ്ഞിട്ടാ...   നിന്റെ തന്ന്യാടാ... ഇന്ന് കൊല്ലൂടാ നിന്നെ .... സാമദ്രോഹി!"