വരവ് :



Friday, March 25, 2011

ചതിക്കാത്ത ചന്തുവും കോട്ടയം കുഞ്ഞച്ചനും

നാട്ടില്‍ ദേവിയും യമുനയും പോലുള്ള പെട തിയറ്ററുകള്‍ ഉണ്ടാവാതിരുന്നിട്ടല്ല.
അവിടെയൊക്കെ എല്ലാ ആഴ്ചയും മലയാളം, തമിഴ്, ഹിന്ദി സിനിമകള്‍ വരാഞ്ഞിട്ടല്ല.
സിനിമ കണ്ടു നടന്നാല്‍ പിള്ളേര് ചീത്തയായിപ്പോവും എന്ന
ചിരപുരാതന വിശ്വാസം അച്ചനുണ്ടായിരുന്നോണ്ടാണ്
വിവിധ സേവനങ്ങള്‍ക്കായുള്ള സര്‍വീസ് ചാര്‍ജ് രൂപത്തില്‍ വീട്ടില്‍ നിന്നും
'സമ്പാദിച്ച' ഇരുപത്തിമൂന്ന് രൂപയില്പരം വരുന്ന മൂലധനം ഇന്‍സ്ട്രുമെന്റ് ബോക്സില്‍
കിടന്നിട്ടും മലയാളം സിനിമാ വ്യവസായത്തില്‍ ഞാനത് ഇന്‍വെസ്റ്റ്‌ ചെയ്യാതിരുന്നത് .

പ്രസാദന്‍ മാഷ്‌ 'ആറ് -ഡി' ക്കാര്‍ക്ക് വേണ്ടി ഒരു ശനിയാഴ്ച സ്പെഷ്യല്‍ ക്ലാസ്സ്‌ വച്ചതും,
ആ വെള്ളിയാഴ്ച തന്നെ യമുനയില്‍ "കോട്ടയം കുഞ്ഞച്ചന്‍" സിനിമ വന്നതും
ഒരേ ആഴ്ചയില്‍ നടന്ന പരസ്പരബന്ധമില്ലാതെ രണ്ടു സംഭവങ്ങള്‍ ആയിരുന്നു.

കോട്ടയം കുഞ്ഞച്ചനെക്കുറിച്ച് "സൂപ്പര്‍ പടാട്ടോ ... 18 ഇടീണ്ട് ട്ടാ " -ന്നൊക്കെ
ബിജു അന്ന് ക്ലാസില്‍ കത്തിക്കയറി.
അവന്‍ മാമന്റെ വീട്ടി പോയപ്പോ പടം കണ്ടൂത്രേ, ഭാഗ്യവാന്‍!

വെള്ളിയാഴ്ച വയ്ന്നേരം സ്കൂളീന്ന് വീട്ടിപോണ വഴിക്ക് യമുനയിലെക്കൊന്നു പാളി നോക്കി.
മമ്മൂട്ടിടെ ഒരു വല്ല്യ പോസ്റ്റര്‍ ഒട്ടിച്ചു വച്ചിട്ടുണ്ട്.
മനസ് ഒന്ന് ദുര്‍ബലമായി ..വേണ്ട.... വീട്ടി അറിയാണ്ടുള്ള കേസില്ല!

ശനിയാഴ്ച രാവിലെ ആറ് എ ക്കാര്‍ക്കും ബി ക്കാര്‍ക്കും ആണ് സ്പെഷല്‍ ക്ലാസ്സ്‌, നമുക്ക് ഉച്ചക്കെ പോണ്ടൂ.
ഉച്ചക്ക് മോരൂട്ടാനും കൂട്ടി ചോറുണ്ട് കെ കെ മേനോനില്‍ കേറി സ്കൂളിലേക്ക് പോയ ആ പോക്കില്‍ ആണത് സംഭവിച്ചത്....

ബസ്‌ യമുന പാസ്‌ ചെയ്തപ്പോ 'ഇന്ന് ഈ സിനിമ കണ്ടിട്ടേള്ളു' -ന്നങ്കട് തീരുമാനിച്ചുകളഞ്ഞു ഞാന്‍.
വീട്ടില്‍ എനിക്ക് വേണ്ടി മാത്രം വാങ്ങി സൂക്ഷിച്ചിരുന്ന ചൂരലിനെയോ, അതും കൊണ്ട് അച്ഛന്‍ കലിതുള്ളി
നിന്നിട്ടുള്ള നിരവധി ക്രിട്ടിക്കല്‍ സീനുകളെക്കുറിച്ചോ ഒന്നും ഓര്‍ക്കാതെ.

അടുത്ത സ്റൊപ്പിലിറങ്ങി യമുനയിലേക്ക് വച്ചുപിടിക്കുമ്പോഴാണ് ബീയെസ്സെയെസ്സല്ലാറില്‍
ആറ് എ യിലെ ചന്തു പാഞ്ഞു വന്നത് , അവന്റെ സ്പെഷല്‍ ക്ലാസ് കാലത്തേ കഴിഞ്ഞു.
"നീ ക്ലാസീപ്പോണ്ല്ലേ ?" ന്ന്‍ ചോദിച്ചു ചുള്ളന്‍ സൈക്കിള്‍ നിര്‍ത്തി.
"...ന്തൂട്ട്? ..ഹിസ്ടറ്യല്ലേ.....ഞാന്‍ കോട്ടയം കുഞ്ഞച്ചന് പോകാണ് " -ന്ന നമ്മുടെ നിലപാട് കേട്ടപ്പോ
"പ്രസാദന്‍ മാഷാട്ടാ .....പുള്ളിയറിഞ്ഞാ ചുട്ട അലമ്പാവുംട്ടാ... " ന്ന് പറഞ്ഞു
അവന്‍ ഒന്ന് ഡിമോട്ടിവേറ്റ് ചെയ്യാന്‍ നോക്കി.

ഇവനേം കൂടി കൂട്ട്യാലോ ഒരു ധൈര്യത്തിന് എന്ന് തോന്നീട്ട്
"ഇടിവെട്ട് പടാട്ട... മമ്മുട്ട്യാടാ...18 ഇടീണ്ട്....നീയും വാടാ " ന്നൊക്കെപ്പറഞ്ഞു അവനെ
കാന്‍വാസ് ചെയ്യുമ്പോ ആ പടത്തില്‍ സില്‍ക്ക് സ്മിതയോ, അനുരാധയോ
ഇല്ലാതിരുന്നതിന്റെ കുറവ് എനിക്ക് വല്ലാതെ ഫീല്‍ ചെയ്തു.
എന്തായാലും ചന്തു ഒടുക്കം വീട്ടിപ്പോയി പെര്‍മിഷനും എടുത്ത് മാറ്റിനി തുടങ്ങണെന് മുമ്പ് പാഞ്ഞു വന്നു.

ഇന്റര്‍വെലിന് കടല തിന്നോണ്ടിരിക്കുമ്പോ 'ആരെങ്കിലും കാണാവോ ?' എന്നൊരു സ്പാര്‍ക്ക് വരേം
രണ്ടു ശ്വാസകോശങ്ങളുടെം ഇടക്ക്യായിട്ടു പെരുവനം കുട്ടന്‍മാരാരുടെ തായമ്പകേടെ പോലൊരു പെരുക്കം
കേള്‍ക്കേം ചെയ്തു, ആകെ ഒരസ്വസ്തത!
അപ്പൊ വായിലേക്കിട്ട കടല, അതിനെ കടിച്ചു മുറിക്കാന്‍ വന്ന സകല പല്ലുകളേം കബളിപ്പിച്ചു നേരെ
തൊണ്ടയില്‍ ചെന്ന്‍ ലാന്‍ഡ്‌ ചെയ്ത് മഴക്കാലത്ത്‌ പഞ്ചായത്ത് റോഡില്‍ താഴ്ന്ന
ഓട്ടോറിക്ഷടെ സ്റ്റേറ്റിലായി. മുന്നോട്ടും ഇല്ല പിന്നോട്ടും ഇല്ല !


അടുത്ത തിങ്കളാഴ്ച രാവിലെ സ്കൂളില്‍ ചെന്നപ്പോ ഗേറ്റിനു മുന്‍പില്‍ പണ്ട്
ബാലേട്ടന്റെ 'സര്യ' സ്റ്റുഡിയോ ഉല്‍ഘാടനം ചെയ്യാന്‍ ശോഭന വന്നപ്പോ
ണ്ടായ അതേ തിക്കും തിരക്കും.
പത്തു മണിയായിട്ടും ഗേറ്റ് തുറക്കാന്‍ താക്കോലും കൊണ്ട് അന്ന് പ്യൂണ്‍ ഉഷേച്ചി വന്നിട്ടില്ല.
ഫുള്‍ സ്ട്രെങ്ങ്ത് ഗേറ്റ് നു മുന്നില്‍ വെയിറ്റ് ചെയ്യാണ്.

ഞാന്‍ ബസ്സിറങ്ങിയ സമയത്ത്, അവിടെ കോട്ടയം കുഞ്ഞച്ചന്‍ സീന്‍ ബൈ സീന്‍
നരേറ്റ് ചെയ്തോണ്ട് നിന്നിരുന്ന ചന്തൂം ഓഡിയന്സും തമ്മില്‍ ഏതോ ഒരു സീനിനെക്കുറിച്ച്
എന്തോ ഒരു ഡിസ്സഗ്രിമെന്റ്റ് ഉണ്ടാവേം, എന്നെക്കണ്ടപ്പോ
".......വിശ്വാസിലെങ്കി.. ദേ... ഇവനോട് ചോയ്ക്ക്....ഇവനും ഞാനും കൂട്യാ ശന്യാഴ്ച മാറ്റ്നി കണ്ടെ.."-ന്നു
എന്നെ ചൂണ്ടി പറയേം ചെയ്തു.

മൂന്നാമത്തെ പീരീഡ്‌ പ്രസാദന്‍ മാഷ്‌ ക്ലാസില് വന്നിട്ട് ഒരക്ഷരം
പോലും ചോദിക്ക്യാതെ എന്റെ വലത്തെ തുടയുടെ
മോസ്റ്റ്‌ സെന്‍സിറ്റിവ് ഏരിയയില്‍ ചൂരല് വച്ച് മൂന്നാല് വീക്ക് വീക്കേം,
അതിന്റെ എഫ്ഫെക്ട്ല് സ്പോട്ടില് വച്ചെന്നെ
മില്‍ക്കീവേയുടെ ഒരു ഫുള്‍വ്യൂ കളറില്‍ നേരിട്ട് കാണേങ്കൂടി
ചെയ്തപ്പോഴാണ് രാവിലെ ചന്തു നടത്തിയ
ബ്രോഡ്‌ കാസ്ടിങ്ങിന്റെ കവറേജിനെക്കുരിച്ച് ഒരേകദേശ ധാരണ കിട്ടിയത്.
"നീയിനി ക്ലാസ് കട്ട് ചെയ്തു സിനിമക്ക് പോകോഡാ?" എന്നൊരു അശരീരിയും കൂട്ടത്തില്‍ കേട്ടു.

ഒരുപാട് ദേഷ്യൊക്കെ ചന്തൂനോട് ആദ്യം തോന്ന്യെങ്കിലും 'അറിയാണ്ടാല്ലേ.... സാരല്ല'
എന്നൊക്കെ വിചാരിച്ചു ഞാനാ കേസ് വിട്ടു.

അത് കഴിഞ്ഞു ഒരൂസം വയ്ന്നേരം അവന്‍ വീട്ടില് വരേം, കട്ടന്‍ ചായേം കൊക്ക്വടേം തിന്നോണ്ടിരിക്ക്യണേന്റെടേല്
"....യിവന്‍ ക്ലാസ്സ്‌ കട്ട് ചെയ്ത് സിനിമക്ക് പോയിട്ട് മാഷേന്ന് തല്ലു കിട്ട്യ കാര്യം അറിഞ്ഞോ ?" ന്ന്‍
അനവശ്യായി അച്ഛനോട് ചോദിക്കേം ചെയ്തു .

കേട്ട പാതി കേള്‍ക്കാത്ത പാതി "...ഏതു സിനിമ? എവിടെക്കണ്ടു? ആരാ ഹീറോ ? എത്ര പാട്ടുണ്ട് ? ഹൌസ്ഫുള്‍ ആയിരുന്നോ ?
എന്നൊക്കെ അറിയാന്‍ ഒരു ക്യുരിയോസിറ്റീം കാണിക്കാതെ,
അലമാരീടെ മോളീന്ന് ചൂരലും എടുത്തു എന്റെ നേര്‍ക്ക്‌ ഒരു വരവായിരുന്നു അച്ഛന്‍

ടിപ്പര്‍ ലോറീന്ന്‍ കരിങ്കല്ലിറക്കണ പോലുള്ള ശബ്ദം കേട്ടതല്ലാതെ എത്രണ്ണം കിട്ടീന്നോ, എവിടൊക്കെ കിട്ടീന്നോ,
ഒരു പിടീം കിട്ടീല.

സിറ്റ്വേഷന്‍ അത്ര ഫേവറബിളല്ലന്ന് മനസിലാക്കി സ്കൂട്ടാവാന്‍ നിന്ന ചന്തൂനോട് ഞാന്‍ മനസ്സില്‍പ്പറഞ്ഞു

"കൊല്ലൂടാ...... നിന്നെ ഞാന്‍" !

1 comment:

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ.ഇത്ര നിലവാരത്തിൽ നിന്ന് നിങ്ങൾ അവസാനം എഴുതിയിട്ട ആ സാധനങ്ങളിലേയ്ക്ക്‌ മുതലക്കൂപ്പ്‌ കുത്തുകയായിരുന്നുവെന്ന് തോന്നിപ്പോകുന്നു.