വരവ് :



Friday, May 31, 2019

പേൾ ഹാർബർ


കസേരയിലിരുന്നു അരമതിലിൽ കാല് രണ്ടും കയറ്റി വച്ച് പത്രം വായിച്ചോണ്ടിരിക്കുമ്പോഴാണ് "കിടീൻ" ന്ന് മുറ്റത്തെന്തോ വീണത്. ഒരു മൂന്ന് മൂന്നരയടി വലിപ്പത്തിൽ എയർഗൺ പെല്ലറ്റിന്റെ ഷേപ്പിൽ മുറ്റത്ത് വീണ് കിടക്കുന്നത് നല്ല ഫസ്റ്റ് ക്ലാസ് ബോംമ്പാണെന്ന് എനിക്ക് ഒറ്റ നോട്ടത്തിൽ മനസിലായി, പേൾ ഹാർബർ കണ്ടത് ജസ്റ്റ് രണ്ടൂസം മുൻപായിരുന്നല്ലോ.

സാധനം എതോ ജപ്പാൻകാരൻ പൈലറ്റ് അമേരിക്കേലിടാൻ കൊണ്ട് പോണ  വഴിക്ക് ഫെറ്ററീന്ന് പുള്ളി അറിയാതെ വീണ് പോയതാണ്.

പട്ടി കടിക്കാനായിട്ട് ഇതിന് നമ്മുടെ ഉമ്മറത്ത് തന്നെ വീഴാൻ തോന്നീലോ എന്നാത്മഗതിച്ച്, നിറവയറുമായി നിൽക്കണ  പൂർണ്ണ ഗർഭിണിയെപ്പോലെ  ഏത് നിമിഷവും പൊട്ടാൻ തയ്യാറായിക്കിടന്നിരുന്ന ബോംമ്പിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ശബ്ദമുണ്ടാക്കാതെ അകത്ത് കയറി കതക് കുറ്റിയിട്ടു. അത്രേം ആയപ്പോഴേക്കും എന്റെ കൺട്രോള് കൈവിട്ട് പോവേം " അയ്യോ ഞങ്ങടോടെ ബോമ്പ് വീണേ" ന്ന് ഉറക്കെ കരയേം  ചെയ്തു.

സൺഡേ ഹെവിലഞ്ച് കഴിഞ്ഞ് ഉച്ചക്കുറങ്ങാൻ കിടന്നോടത്ത് കിടന്ന് കാറിയ എന്നെ കുലുക്കിയണീപ്പിച്ചിട്ട് "ബോമ്പേ ലെന്താടാ  " ന്ന് ചോദിച്ചത്  അമ്മയാണ്. ബോംമ്പെയല്ലമ്മേ ബോംമ്പാണെന്ന് ഞാൻ തിരുത്താൻ പോയില്ല, എന്തിനാ വെറുതെ അമ്മയെക്കൂടി പേടിപ്പിക്കണേ.

2 comments:

സുധി അറയ്ക്കൽ said...

പാവം.കണ്ണൂരു പോയെന്ന് ഓർത്ത്‌ പോയി.

വൈഡ് ബോള്‍ said...

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്ക്യണ കാലമായിരുന്നല്ലോ :D