വരവ് :



Saturday, December 7, 2019

യെസ് സർ!

ഡിഗ്രി കഴിഞ്ഞിരിക്കണ ടൈമിലൊരൂസാണ് ആശിഷിന്റെ അമ്മുമ്മ മരിക്കണത്. അന്നു രാത്രി ഒരു എഴര എട്ട് മണിക്ക്, വീട്ടിൽ വന്ന ബന്ധുക്കൾക്കൊക്കെ കിടന്നുറങ്ങാൻ പുല്ല്പായകൾ വാങ്ങിക്കാൻ പോയ ടൈമിലാണ്,  സെയ്ദിക്കാടെ  കടേടെ ഫ്രന്റില്  വച്ച്,  ഒരു ബൈക്ക് വന്നിടിച്ച്  അവന്റെ ഇടത്തേ  കൈയ്യൊടിയുന്നത്.

രാത്രി തന്നെ ഹോസ്പിറ്റലിൽ പോയി   പ്ലാസ്റ്ററിങ്ങ് ഒക്കെക്കഴിഞ്ഞ്  അവിടെ അഡ്മിറ്റഡായെങ്കിലും  അമ്മൂമ്മയുടെ സംസ്ക്കാരം പിറ്റേന്നായതിനാൽ പിറ്റേന്ന് രാവിലെ തന്നെ ഹോസ്പിറ്റലീന്ന് സ്വന്തം ഇഷ്ടപ്രകാരം പോകുന്നു എന്നെഴുതിക്കൊടുത്തു പോരാണുണ്ടായത്. അതിൽ റിസപ്ഷനിലുണ്ടായിരുന്ന ആർക്കും വല്യ താൽപര്യമുണ്ടായിരുന്നില്ലെങ്കിലും.

ബൈക്ക്കാരനോട്  കേസിന് പോകാന്ന് പറഞ്ഞെങ്കിലും ചടങ്ങുകളുടെ തിരക്കിനിടേലവനതങ്ങ് വിട്ടു.
നാലാമത്തെ ദിവസാണ് അവനെ പോലീസ് സ്റ്റേഷനീന്ന് എസ് ഐ കേസിന്റെ കാര്യത്തിന് വിളിപ്പിക്കണത്.

ഞങ്ങൾ ക്ലോസ് ഗഡീസായോണ്ട് സ്റ്റേഷനിൽ ചെല്ലേണ്ട ദിവസം രാവിലെയവൻ വീട്ടിൽ വന്നു, ജസ്റ്റ് ഒരു കമ്പനിക്ക്, എന്നേം വിളിക്കാൻ!   മുതിർന്നവരെ ആരെയെങ്കിലും കൂട്ടിപ്പോയാലോ  എന്നൊരഭിപ്രായമെനിക്കുണ്ടായിരുന്നേലും, എന്തിന് നമ്മളൊക്കെ മുതിർന്നില്ലേ ഇനിയെന്തിനാ വേറെ ആരെങ്കിലും, എന്നവൻ പറഞ്ഞപ്പോ സംഗതി ശരിയാണെന്നെനിക്കും തോന്നാണ്ടിരുന്നില്ല. പല കാര്യങ്ങളും ചെയ്ത് ചെയ്താണല്ലോ   പഠിച്ചെടുക്കുന്നത്.

സ്റ്റേഷനീച്ചെന്ന് വിവരം പറഞ്ഞപ്പോ എസ്.ഐ സ്ഥലത്തില്ല, വെയിറ്റ് ചെയ്യാൻ ഒരു പോലീസുകാരൻ പറഞ്ഞു. ഇരുന്നോളാൻ പറഞ്ഞപ്പം മടിച്ച് മടിച്ചാണിരുന്നത്. ഇനി ഇരിക്കാൻ നേരം കസേരയില്ലാതിരിക്കാനെങ്ങാൻ പറഞ്ഞാൽ തീർന്നില്ലേ കേസ്.

ബട്ട്, പ്രതീക്ഷിച്ചതു പോലൊന്നുല്ല എന്തൊരു  നല്ല പെരുമാറ്റം!  നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലാത്തത്
കൊണ്ടായിക്കുമെന്നവൻ. ഇതിനെയൊക്കെ മാതൃകാ പോലീസ് സ്റ്റേഷനായി പ്രഖ്യാപിക്കേണ്ട കാലമായെന്ന് ഞാൻ. രണ്ട് പേർക്കും  പോലീസ് കാരോടും പോലീസ് സ്റ്റേഷനോടും  ഭയങ്കര സ്നേഹം !

ഇടക്കൊരു ചായ കുടിച്ചിട്ട് വന്നാലോ എന്നെനിക്ക് തോന്നിയെങ്കിലും... വേണ്ട, വന്ന കാര്യം കഴിഞ്ഞിട്ട് വേഗം  പോവാലോ.. ടൈം വേസ്റ്റ് ചെയ്യണ്ടന്ന് തീരുമാനിച്ചു !

പത്തരയോടെ എസ്. ഐ. വന്നു. കക്ഷത്തിൽ  ഇഷ്ടിക വച്ച് നടക്കണ പോലെയൊരാൾ. ആദ്യത്തെ ഒന്ന് രണ്ട് കേസ് കഴിഞ്ഞപ്പോ ഞങ്ങളെ വിളിച്ചു.
ഞങ്ങളകത്ത് കയറി. ബസ്സിൽ കാർഡൊക്കെ പ്രിന്റ് ചെയ്ത് ഭിക്ഷ യാചിക്കണവര് പറയണ മോഡിൽ അവൻ  വണ്ടിയിടിച്ചത് മുതൽ ഹോസ്പിറ്റലിൽ നിന്നും അത്യാവശമായി പോരേണ്ടി വന്നതിനെക്കുറിച്ചുമെല്ലാം സീൻ ബൈ സീൻ  നരേറ്റ്  ചെയ്തു.

ആശുപത്രീന്ന് പോന്ന കേസ്  കേട്ട ഉടനെ  ജീവിതത്തിൽ ഇത് വരെ കേൾക്കാത്ത തെറികൾ വച്ചൊരു  സഹസ്ര തെറി ജപ യജ്ഞമായിരുന്നു  എസ് ഐ !

ഐസ്കീമിൽ ചെറി വക്കണ പോലെ ഒരോ വാക്കിനും ഒന്നോ രണ്ടോ തെറി എന്നതായിരുന്നു ആൾടെ റേറ്റ്. ഓർക്കാപ്പുറത്തായത് കൊണ്ടായതു കൊണ്ടാണോ ഒന്നിച്ചത്രേം തെറി മുൻപ് കേട്ടിട്ടില്ലാത്തത് കൊണ്ടാണോന്നറിയില്ല പകച്ച് പോയി ഞങ്ങളുടെ യൗവ്വനം.

ആരോട് ചോദിച്ചിട്ടാടാ ഡാഷേ നീയൊക്കെ ആശൂത്രീന്ന് ചാടിപ്പോയേ..... ഇത് കേസാക്കായിട്ടുണ്ടെന്ന് നിനക്കറിയാൻ മേലായിരുന്നോടാ ഡേഷേ.... നീയൊക്കെ ചാടിപ്പോയാ നിന്റെയൊക്കെ ഡാഷ് വന്നുത്തരം    ഡാഷേ...എന്നൊക്കെ കേട്ടപ്പോ സത്യത്തിലവനൊരു സപ്പോർട്ടിരിക്കട്ടെ എന്നോർത്താണ്  മേശയിൽ  രണ്ട് കൈയ്യുടേയും ചൂണ്ട് വിരലുകൾ മാത്രം ജസ്റ്റൊന്ന് പ്രസ് ചെയ്ത് പിടിച്ച്, ആൾക്ക് ഒരു ഇന്റിമസി തോന്നിക്കോട്ടേന്ന് കരുതി മുന്നോട്ടാഞ്ഞ്,  ശബ്ദം പരമാവധി താഴ്ത്തി..  "സാറെ... ഇവന്റെ വീട്ടിലോടി നടക്കാൻ അന്ന് ഇവൻ മാത്രേണ്ടായിരുന്നുള്ളൂ.... അതോണ്ടാ ഹോസ്പിറ്റലീന്ന് പോന്നേ "ന്ന് പറഞ്ഞത്.

പറഞ്ഞ് നിർത്തിണേന് മുൻപേ
"ഫ!   നീയാരാടാ &*#@#..... മേശേന്ന് കയ്യെടുക്കടാ *#&#@ *#  " ന്ന് പറഞ്ഞിട്ട് ആള് സീറ്റീന്നെണീറ്റിട്ട് ഷർട്ടിന്റെ ഹാഫ് സ്ലീവ്സ് തെരുത്തു കയറ്റി  മുഷ്ടിചുരുട്ടി മേശയിലൊറ്റ ഇടി.  ഹെന്റെമ്മേ! താനോസിന്റ കസിനാണെന്ന് ഒറ്റനോട്ടത്തിൽ തോന്നണ ആൾടെ കയ്യീന്ന്  ഒരെണ്ണം കിട്ടിയാൽ ആജീവനാന്തം പിന്നെ എണീറ്റ് നടക്കേണ്ടി വരൂല്ലന്നോർത്തപ്പോൾ ഞാൻ രണ്ടടി പുറകോട്ട് മാറി. നേർക്ക് നേരെ വന്ന ആദ്യത്തെ തെറിക്ക് തന്നെ വെള്ളിടി വെട്ടിയിറങ്ങിയ  ഒരു ഫീലിങ്ങായിരുന്നത് കൊണ്ട് ബാക്കി പറഞ്ഞതൊന്നും കേട്ടില്ല!
"മനസിലായോടാ ബ്ലഡി *#&*@ എറങ്ങിപ്പോടാ"   ന്നോ മറ്റോ കേട്ടപ്പോ.... ''യെസ് സാർ" ന്നും പറഞ്ഞൊരൊറ്റ ചാട്ടമായിരുന്നാൾടെ ക്യാബിനീന്ന് പുറത്തേക്ക്!

പുറത്തിറങ്ങിയപ്പോഴാണവൻ ചോദിച്ചത്,  "നിനക്ക് ചായ കുടിക്കണ്ടേടാ..... "

"വേണ്ട .....വയറ് നെറഞ്ഞതോണ്ടാ!" ന്ന് പറഞ്ഞ് ഞാൻ ബസ്റ്റോപ്പിലേക്ക് നടന്നു.

"നമുക്കച്ചനെ വിളിച്ചിട്ട് വന്നാ മത്യാർന്ന് ട്ടാ.." ന്നവൻ ആത്മഗതിച്ചപ്പോഴാണ് എസ്. ഐ ടെ കയ്യീന്ന്  ജസ്റ്റ് പഠിച്ച  ലേറ്റസ്റ്റ് തെറികളിലൊന്നു കൊണ്ടൊരുപകാരമുണ്ടായത്.

ജീവിതത്തിലിനിയൊരു പോലീസുകാരുമായിട്ടും ഒരു  ബന്ധോണ്ടാവില്ലന്ന് അന്ന്  തീരുമാനിച്ചതാണ് !

അല്ലെങ്കിലും ആ ആഴ്ച്ചേലെ വാരഫലത്തിൽ ഒരു മാനഹാനി മെൻഷൻ ചെയ്തിട്ടുണ്ടാർന്നു, സൂക്ഷിക്കാഞ്ഞത് എന്റെ തെറ്റാണ്,  അവനെ പറഞ്ഞിട്ടെന്താ കാര്യം!

No comments: