വരവ് :



Saturday, December 7, 2019

വിഷ കന്യകൻ

സമയം രാത്രി എട്ടരയാവുന്നതേണ്ടായിരുന്നുള്ളൂ വിനു സ്റ്റൗവിൽ നിന്നും തിളച്ച പാൽ വാങ്ങി വച്ച്  അതിൽ ഒന്നര ടേബിൾ സ്പൂൺ ഹോർലിക്സും അത്രേം തന്നെ പഞ്ചസാരേമിട്ട് നല്ല പോലെ കലക്കി.

പിന്നെ, ചന്ദ്രേട്ടന്റെ കടേന്ന് വാങ്ങിയ  എലിവിഷത്തിന്റെ  പാക്കറ്റ്  പോക്കറ്റീന്നെടുത്ത് പൊട്ടിച്ച് അതൂടെ  ചേർത്തിളക്കി. കഴിക്കുന്നത് വിഷമാണെങ്കിലും അരുചി തോന്നരുത്!

ടി.വി യിൽ സീരിയൽ കണ്ടോണ്ടിരുന്ന അമ്മൂമ്മയെ നോക്കീട്ട്  ' ടി വി കണ്ടോണ്ടിരുന്നോ...ഒക്കെത്തിനേം ഞാൻ ശരിയാക്കിത്തരണുണ്ട് ' ന്ന വനാത്മഗതിച്ചു.

വ്യർത്ഥമായിപ്പോയ 21 വർഷങ്ങൾ....... ആശിച്ചതൊന്നും കൈപ്പാങ്ങിന് വന്ന് കിട്ടീട്ടില്ല ഒരിക്കലും.... ഇതിപ്പോ നിസ്സാരം ഒരു സൂപ്പർ  ബൈക്കിന്റെ കാര്യാണ്...... അമ്മയൊന്ന് മനസ് വച്ചാ നടക്കണ കേസേള്ളൂ.... മനസ് വക്കൂല.... വക്കണമെങ്കിൽ  അതിന് സ്നേഹം വേണോല്ലോ..... അതാർക്കുമുണ്ടായിട്ടില്ല.... ഉണ്ടാവേമില്ല....നാല് വയസിലിട്ടേച്ച് പോയ അച്ഛനാണ് കുറച്ചൂടി ഭേദം. വിനു ദീർഘമായി നിശ്വസിച്ചു.

"നീയെന്താടയീ രാത്രീല് കലക്കണേ....?" ന്ന അമ്മൂമ്മയുടെ ചോദ്യത്തിന്
മറുപടി പറയാൻ നിന്നില്ല. ഗ്ലാസ് എടുത്ത്  ബെഡ് റൂമിൽ ചെന്ന് മുടി ചീവിയൊതുക്കി വച്ചു. കഴിഞ്ഞ തവണ ദുബായിൽ നിന്നും അമ്മ കൊണ്ടുവന്ന ടീ ഷർട്ട് എടുത്തിട്ടു. ചത്ത് കെടക്കണ കാണുമ്പോൾ മാക്സിമം സെന്റിമെൻസ് തോന്നണം. ഒറ്റ വലിക്ക് വിഷപ്പാൽ മുഴുവൻ കുടിച്ച് തീർത്തു. ചുണ്ടുകൾ തുടച്ചു. ഇനി സമാധാനമായി മരിക്കാം.

പാടത്തെ ക്രിക്കറ്റ്,  റിലീസാവാൻ കിടക്കണ  സിനിമകൾ, കോസ്മോസ് കോളേജിലെ പെൺകിടാങ്ങൾ, കല്ലട ബാറിലെ നുരയുന്ന ബിയർക്കുപ്പികൾ, കഴിഞ്ഞ തവണ അമ്മ വന്നപ്പോൾ മാമനു കൊടുക്കാൻ വേണ്ടി ക്കൊണ്ടു വന്നതിൽ നിന്നും അടിച്ചുമാറ്റിയ ഇനിയും വലിച്ച് തീരാത്ത ട്രിപ്പിൾ ഫൈവ് സിഗരറ്റ്കൾ ! എല്ലാം ഉപേക്ഷിച്ച് പോവാണ്.... അമ്മക്ക് സമാധാനം കിട്ടട്ടേ! വിനു തലവഴി പുതപ്പ് വലിച്ചിട്ടു.
ചെക്കനുറങ്ങീന്ന് കരുതീട്ട് അമ്മൂമ്മ വന്ന്  ലൈറ്റ് ഓഫ് ചെയ്തു. 

പെട്ടന്ന് കണ്ണിലേക്കിരുട്ട് ഇരച്ച് കയറിയപ്പോ  സങ്കടം കൊണ്ട് വിനു വിതുമ്പി. അതെ  മരണമിങ്ങനെയാവും പഞ്ചേന്ദ്രിയങ്ങൾ ഒരോന്നായി പ്രവർത്തനരഹിതമാവുകയാവും ചെയ്യണത് ! വിനുവിനപ്പോൾ ചെറിയ ഭയവും നഷ്ടബോധവും തോന്നി.....

ഒരിക്കലെങ്കിലും കണ്ണന്റെ പന്തിലൊരു സിക്സറടിച്ചിട്ട്..... മുഗൾ തിയറ്ററിലെ തണുപ്പിലിരുന്ന്  ഇത്തവണത്തെ വിഷു റിലീസുകൾ കൂടി കണ്ടിട്ട്..... മേൽ ചുണ്ടിൽ കാക്കപ്പുള്ളിയുള്ള ആ പെങ്കൊച്ചി നോട് ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞിട്ട്....... കല്ലടയിലെ തണുപ്പിലിരുന്ന് ചില്ല്ഡ് ബിയർ ഒരു വട്ടം കൂടി സ്വിപ്പ്  ചെയ്തിട്ട്.... ഒക്കെ  മതിയായിരുന്നു.....ഒന്നുല്ലങ്കി വിഷം കഴിക്കണേന് മുൻപേ  ആ ട്രിപ്പിൾ ഫൈവ് ഒരെണ്ണമെടുത്ത് അമ്മൂമ്മയുടെ കണ്ണ് വെട്ടിച്ച് പറമ്പിന്റെ ഏതെങ്കിലും മൂലക്ക് മാറി നിന്നെങ്കിലും വലിക്കാമായിരുന്നു... 
വിനുവിന് അതിഭയങ്കര സങ്കടം വന്നു. ചുടു കണ്ണീർപ്പുഴ  ചാലിട്ടെഴുകി തലയിണ നനഞ്ഞു.
സങ്കടത്തിരത്തള്ളലിൽ വിനു ഏങ്ങലടിച്ചു.

പൊടുന്നന്നെ അവിടെമാകെ അതിശക്തമായ ഒരു പ്രകാശം വന്നു നിറഞ്ഞു.
"എന്താടാ നീയ്യീക്കരയണത് മോനെ?" ന്ന്  ലൈറ്റിട്ടതിനൊപ്പം ചോദിച്ചത്  അമ്മൂമ്മയാണ്.

"ഹോ ! ഒരാളെ ചാവാനും സമ്മതിക്കില്ലേ.... ഞാൻ വിഷം കഴിച്ച് കിടക്കാണ് ....." ന്ന് വിനു പറഞ്ഞ് നിർത്തണേന് മുൻപ്  അമ്മൂമ്മേടെ ''അയ്യോ, നാട്ട്കാരെ ഓടി വരണേ... ഞങ്ങടെ വിനു വിഷം കഴിച്ചേ " ന്നുള്ള   അലറിക്കരച്ചിൽ മുഴങ്ങി.

പിന്നെയെല്ലാം പെട്ടന്നായിരുന്നു...  നിമിഷ നേരം കൊണ്ട് ആ വീടും മുറ്റവും ആള് നിറഞ്ഞു. പി.എച്ച് .സീയിൽ നിന്നും സൈറണും ലൈറ്റുമിട്ട് ആമ്പുലൻസ് വന്നു. വിനുവിനെ സ്ട്രെച്ചറിൽ കിടത്തി അതിൽ കയറ്റുന്നതിനിടെയാണ് ജങ്ങ്ഷനിലെ പലചരക്ക് കടക്കാരൻ ചന്ദ്രേട്ടൻ അത് വഴി വന്നത്. "എന്താ കേസെ ?"ന്ന് ചോദിച്ച് ആള് സൈക്കിൾ നിർത്തി.
വിനു വിഷം കഴിച്ചത് പറഞ്ഞപ്പോ ആള് പറഞ്ഞ മറുപടി ആശ്വാസം, അനുകമ്പ, ജാള്യത തുടങ്ങി വിവിധ വികാരങ്ങളോടെയാണ് ഓഡിയൻസ് അവരവരുടെ അപ്പോഴത്തെ അവരുടെ മൂഡനുസരിച്ച് കേട്ടത്.

"അപ്പോ വൈന്നാരം കടേ വന്നിട്ട് എലിവിഷം  വാങ്ങിച്ചോണ്ട് പോന്നത് ഇതിനായിരുന്നോ?  ഇവനൊരു പാക്കറ്റ് കൊടുത്തിട്ട്  ഇവൻ പോയേന് ശേഷാണ് ബാക്കി പാക്കറ്റിലെലി കടിച്ചത് കണ്ട് നോക്കീപ്പോ.....  എക്സ്പ്പപ്പയറി  ഡേറ്റ്  കഴിഞ്ഞൊരു കൊല്ലായെന്ന്  മനസിലായേ.... അത് കഴിച്ചിട്ട് എലി തന്നെ ചാവണില്ല..... പിന്നല്ലേ ആള് !"

കേട്ട പാടെ വന്ന സ്പീഡിൽ തന്നെ ആൾക്കൂട്ടം പിരിഞ്ഞ് പോയി.  ആമ്പുലൻസിൽ തളർന്ന് പരവശനായി കിടക്കായിരുന്ന വിനു  സാവധാനം  എണീറ്റ് വീട്ടിൽ  കയറിപ്പോയി. ഫ്ലാഷ് ലൈറ്റും സൈറണുമോഫ് ചെയ്ത്, നാണിച്ചാവണം, ആമ്പുലൻസ് തിരിച്ച് പോയി.

അന്നാരാത്രിയിൽ   അന്നോളം വിഷ കന്യകകൾ മാത്രണ്ടായിരുന്ന  ലോക ചരിത്രത്തിലാദ്യമായി ഒരു  വിഷ കന്യകൻ ജനിച്ചു!

No comments: