മാമ്പഴക്കൂട്ടത്തിൽ മൽഗോവക്കുണ്ടായിരുന്ന (കട :വിശാല മനസ്കൻ ) ഗറ്റപ്പിനോട് കട്ടക്ക് നിൽക്കണ ആറ്റിറ്റ്യൂഡായിരുന്നു ജോലി കിട്ടി ട്രൈയ്നിങ്ങിന് പൂനെയിലേക്ക് ചെന്നപ്പോ റൂമേറ്റായിക്കിട്ടിയ സുരേഷിന്.
മുറിയിലെത്തിയ ഉടനെ ഞാൻ എന്നേക്കാൾ വലിയ ബാഗ് തുറന്ന് രണ്ടോ മൂന്നോ ജോഡി ഡ്രസ് കഴിഞ്ഞുള്ള സ്ഥലത്ത് കുത്തിത്തിരുകി കൊണ്ട് വന്ന ഈറ്റബിൾസായ ചിപ്പ്സും, പ്രോൺസച്ചാറും, അവലോസ് പൊടിയുമൊക്കെ വാർഡ്റോബിൻ്റെ ലോവർ കാബിനറ്റിൽ ലോഡ് ചെയ്യുമ്പോഴാണ് സുരേഷ് ബാഗ് തുറന്ന് അഞ്ചാറ് പുസ്തകങ്ങൾ എടുത്ത് മേശയിലടുക്കി വക്കണത് കണ്ടത്.
വിങ്ങ്സ് ഓഫ് ഫയറാണ് മുകളിൽ, അതിന് താഴെയും അബ്ദുൾ കലാമിൻ്റെ പുസ്തകങ്ങൾ തന്നെയാണ്.
എന്നെ പോലെ ഫുഡ് ഐറ്റമൊന്നുമില്ല!
എനിക്കെന്നോടും കൊണ്ടു വന്ന ചിപ്പ്സിനോടും പ്രോൺസച്ചാറിനോടും അവലോസ് പൊടിയോടും തികഞ്ഞ പുച്ഛം തോന്നി.
പി.ജി ക്ക് പഠിക്കുമ്പോ സന്തോഷ് സാറിൻ്റെ കത്തിക്കയറണ സോഫ്റ്റ് വെയർ ആർക്കിടെക്ക്ച്ചർ ക്ലാസിലിരുന്ന് ഇന്ന് മെസ്സിൽ ഡിന്നറിന് ചിക്കനാണോ ബീഫാണോ എന്ന് കുലുങ്കുഷമായി ചിന്തിച്ചിരുന്ന എന്നെപ്പോലെയല്ല ലിവൻ, മറിച്ച് അർജുനനെ പോലെ ലക്ഷ്യമായി മരത്തിൽ കെട്ടിത്തൂക്കിയിട്ട കിളിപ്പാവയുടെ കണ്ണ് മാത്രം കാണണ ഐറ്റമാണ്!
ഒരു ജീവിതല്ലേയുള്ളൂ ... അതിങ്ങനെ വെറുതെ ജീവിച്ച് കളയണതിലെന്താള്ളത്? നമുക്ക് പുറകെ വരുന്നവർക്ക് കണ്ട് പകർത്താനൊരു മാതൃകയെങ്കിലുമായിത്തീരണ്ടേ നമ്മൾ? ഒരാളുടെ ജീവിതത്തിലെങ്കിലും ഇൻസ്പിരേഷൻ്റെ ചെറു നാളമെങ്കിലും കൊളുത്താൻ കഴിയേണ്ടേ നമുക്ക്? എന്നൊക്കെ അവനെന്നോട് സംസാരിച്ച ദിവസം രാത്രിയുറക്കത്തിൽ എനിക്കരുളപ്പാടുണ്ടായി.
"നിൻ്റെ ജീവിതം മാറി മറയാൻ പോകുന്നു ... നിനക്ക് തികഞ്ഞ ഒരു മാതൃകയെ ഞാൻ ലഭ്യമാക്കിയിരിക്കുന്നു.... അലസത വെടിയുവിൻ... വാട്ട് യൂ നീഡ് ടു ഡു ഈസ് ... ജസ്റ്റ് കോപ്പി ഹിസ് വേ, സ്റ്റൈയിൽസ് ആൻ്റ് ആറ്റിറ്റൂഡ്സ് ആൻ്റ് പേസ്റ്റ് ഇൻ യുവർ ലൈവ്... ജസ്റ്റ് കോപ്പി ........
ആൻഡ് പേസ്റ്റ് !
കോപ്പി ആൻ്റ് പേസ്റ്റ്....
യു ഗോച്ചാ?
കോപ്പി ......പേസ്റ്റ്... എഗെയ്ൻ
കോപ്പി .....ആൻ്റ് പേസ്റ്റ്.. "
അശരീരി നേർത്തു നേർത്തകന്നു പോയി.
ബ്രഹ്മ മുഹൂർത്തത്തിൽ ഞാൻ കട്ടിലിൽ ഞെട്ടിയുണർന്നു. അടുത്ത കട്ടിലിൽ എൻ്റെ മാതൃക ഫിനിഷിങ്ങ് ലൈനിലേക്ക് കുതിക്കുന്ന ഉസൈൻ ബോൾട്ടിൻ്റെ പോസ്ച്ചറിൽ കിടന്നുറങ്ങുന്നത് ബെഡ് ലാമ്പിൻ്റെ ഷേഡഡ് ലൈറ്റിൽ ഞാൻ കണ്ടു. വലത്തേക്ക് ചെരിഞ്ഞ് കിടന്ന് ഞാനും ഉസെൻ ബോൾട്ടായി. ''കോപ്പി ആൻ്റ് പേസ്റ്റ് ... കോപ്പി ആൻഡ് പേസ്റ്റ് " ന്ന് മനസിൽ പറഞ്ഞ് പറഞ്ഞെപ്പോഴോ ഞാനുറങ്ങിപ്പോയി.
രാവിലെ അഞ്ചരക്ക് ഷവറിൻ്റെ ശബ്ദം കേട്ടാണുണർന്നത്. രാവിലെ ജോഗിങ്ങിനിറങ്ങുന്നതിന് മുൻപും തിരിച്ച് വന്ന് പത്തിരുപത് പുഷപ്പെടുത്ത് വിയർപ്പാറിയതിന് ശേഷവും കുളിക്കുമവൻ.
തൽക്കാലം ഫസ്റ്റ് കുളി കട്ട് & പേസ്റ്റ് പിന്നെ ചെയ്യാമെന്ന് തീരുമാനിച്ച് ആകെ ഉണ്ടായിരുന്ന ലെതർ ഷൂവെടുത്തിട്ട് ഞാനും ജോഗിങ്ങിനിറങ്ങി, അരുളപ്പാടിൻ്റെ കേസ് നേരത്തേ അറിയായിരുന്നേൽ റണ്ണിങ്ങ് ഷൂ വാങ്ങി വക്കാമായിരുന്നു.
സുരേഷുമായുള്ള ഓരോ ഇൻ്ററാക്ഷനിലും എനിക്ക് തോന്നിയത് ഞാനിവനെ നേരത്തേ പരിചയപ്പെട്ടിരുന്നേൽ ഒരു പാട് നേരത്തേ എനിക്ക് നന്നാവാമായിരുന്നു എന്നാണ്.
ബ്രഷിൽ തേച്ച ശേഷം പേസ്റ്റിൻ്റെ ട്യൂ ബെടുത്ത് വാഷ് ബേസിൻ്റെ പരിസരത്തെവിടെയെങ്കിലും എറിഞ്ഞിടുന്ന ഞാൻ, ട്യൂബ് കൃത്യമായി അതിൻ്റെ ലൊക്കേഷനിൽ വക്കുന്ന ലവൻ.
കുളിച്ച ശേഷം നനഞ്ഞ ടവൽ ബെഡ്ഡിലെറിഞ്ഞിട്ടു പോകുന്ന ഞാൻ. sവൽ കൃത്യമായി ബാൽക്കണിയിലെ അഴയിൽ വിരിച്ചിടുന്ന ലവൻ.
ബെഡ് കോഫി തന്ന ഗ്ലാസ് പിറ്റേന്ന് രാവിലെ കോഫി ഡിസ്ട്രിബ്യൂഷന് ആള് വരുമ്പോൾ മാത്രം കഴുകാനെടുക്കുന്ന ഞാൻ. ഓരോ തവണയും കോഫി കുടിച്ച ഉടനെ കഴുകി വക്കുന്ന ലവൻ.
ദിവസവും വൈകീട്ട് ഏതെങ്കിലും ഗെയിംസ് കളിക്കാൻ പോകുന്ന ലവൻ. എല്ലാ ദിവസവും വന്നിട്ട് ഷൂസ് പോലുമഴിക്കാതെ ബെഡിൽ മലർന്ന് കിടന്ന് അന്താരാഷ്ട്ര പ്രശ്നങ്ങൾ മനനം ചെയ്യുന്ന ഞാൻ.
ഡിന്നറ് കഴിഞ്ഞ് വന്നാൽ ഏതെങ്കിലും പുസ്തകമെടുത്ത് രണ്ട് ചാപ്റ്ററെങ്കിലും വായിക്കണ ലവൻ. പുസ്തകം എവിടാണിരിക്കണേന്ന് പോലുമറിയാത്ത ഞാൻ. എന്തിനധികം അവൻ അപ്പു ഞാൻ ദൊപ്പു എന്ന് പറഞ്ഞാൽ മതീലോ.
അവൻ്റെ അടുക്കോം ചിട്ടേം പ്ലാനിങ്ങും ഒക്കെ പഠിച്ചെടുക്കാൻ എനിക്കായഞ്ചു മാസത്തെ ട്രയ്നിങ്ങ് പീരീഡിൽ തന്നെ സാധിക്കണേ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.
പറയാൻ വിട്ട് പോയതൊരു റിമൈൻ്റെർ മെക്കാനിസത്തെക്കുറിച്ചാണ്. ഒരു ചെറിയ നോട്ട് പുറത്തേക്ക് തുറക്കണ ഡോറിൻ്റെ ഹാൻഡിലിനരികെ ഒട്ടിച്ചിരിക്കുന്നവൻ. പുറത്തേക്കിറങ്ങാൻ ഡോർ വലിച്ചു തുറക്കുമ്പോ കണ്ണിൽ പെടാതെ പോവില്ലത്.
ആ ചെക്ക് ലിസ്റ്റ് ഇങ്ങിനെയായിരുന്നു
1. ഷേവ്ഡ് ടുഡേ ?
2. ടൈ?
3. ഹാൻഡ് കർച്ചീഫ് ?
4. ബൽറ്റ് ?
5. ഐഡി കാർഡ്?
6. ഫോൺ?
7. പഴ്സ് ?
8. ട്രെയ്നിങ്ങ് മെറ്റീരിയൽസ് + പെൻ?
9. ഷൂസ് - പോളിഷ്ഡ് ?
ഹോ ! എത്ര സിമ്പിൾ ആൻ്റ് എഫക്ടീവ് ട്രിക്ക്...
റേഷൻ കാഡും മണ്ണെണ്ണ ക്യാനുമെടുക്കാതെ റേഷൻ കട വരെ നടന്നിട്ട് സ്ഥിരായിട്ട് തിരിച്ചു നടക്കുമായിരുന്ന എൻ്റെ ബാല്യം.....
"രേഖേ, എനിക്ക് പറയാനുള്ള തെല്ലാമിതിലുണ്ട് വായിച്ചിട്ട് മറുപടി തരണ"മെന്ന് വിയർത്തും വിറച്ചും പറഞ്ഞൊപ്പിച്ച് പോക്കറ്റിൽ തപ്പി നോക്കിയപ്പോൾ തലേന്ന് ഉറക്കമൊഴിച്ചിരുന്ന് എഴുതിയ ലൗ ലെറ്റർ തലയിണേടെ ചോട്ടീന്നെടുത്തിട്ടില്ലെന്ന് തിരിച്ചറിഞ്ഞ എൻ്റെ കൗമാരം, "തരണണ്ടെങ്കി താ" എന്ന ആറ്റിറ്റ്യൂഡിൽ നിന്നിട്ട് ഷർട്ടിൻ്റെ പാൻ്റ്സിൻ്റേം ഫുൾ പോക്കറ്റ്സും വലിച്ചിട്ട് തപ്പണ എന്നെ നോക്കി ''അയ്യേ! '' എന്ന എക്സ്പ്രഷനിട്ട അവൾ, പൊട്ടി ചിരിച്ചപമാനിച്ച അവളുടെ ഫ്രണ്ട്സ്....
ട്രിവാൻഡ്രത്ത് ജെ.ടി.ഒ യുടെ എക്സാമിന് പോയിട്ട് ഹാളിൽ കയറണേന് തൊട്ട് മുൻപ് ഹാൾട്ടിക്കറ്റ് വീട്ടിലാണെന്ന് തിരിച്ചറിഞ്ഞ് ഓൺ ദ സ്പോട്ട് തിരിച്ചു നടന്ന എൻ്റെ ക്ഷുഭിത യൗവ്വനം....
ഈ ടെക്നിക്ക് ഒക്കെ നേരത്തേ തിരിച്ചറിഞ്ഞിരുന്നേൽ എന്തൊക്കെ നഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു ജീവിതത്തിൽ!
പിന്നെ എന്നും ധൃതി പിടിച്ചിറങ്ങുമ്പോൾ ഡോർ ഹാൻഡിലിനരികിലെ ലിസ്റ്റ് ഞാനും നോക്കാൻ തുടങ്ങി. ഞാനുമൊന്നും മറക്കാത്ത പെർഫക്ട് മേൻ ആയി ! എനിക്കെന്നോട് തന്നെ ഒരു ബഹുമാനമൊക്കെ തോന്നിത്തുടങ്ങി!
അങ്ങിനെയിരിക്കെയൊരു ദിവസമാണത് ഞാൻ ശ്രദ്ധിച്ചത് ലിസ്റ്റിൽ പത്താമത്തെ ഐറ്റം വന്നിരിക്കുന്നു.
10. വി ഐ പി ?
"ഇതെന്താടാ ?" യെന്ന് ചോദിച്ചപ്പോഴവൻ പറഞ്ഞത്
" കഴിഞ്ഞാഴ്ച്ച ഒന്നു രണ്ടൂസം അണ്ടർ വെയറിടാൻ മറന്നു.. അതാ ലിസ്റ്റിലേഡ് ചെയ്തത്, എൻ്റെ ബ്രാൻഡ് വി ഐ പി യാ!"
സീസണല്ലാതിരുന്നിട്ടും ആ തണുത്ത വെളുപ്പാൻ കാലത്ത് ഒരു വെള്ളിടി വെട്ടി! അണ്ടർവെയറിടാൻ റിമെൻഡർ വക്കുന്ന ഇവനെയാണല്ലോ ഞാൻ കംപ്ലീറ്റ് മാൻന്ന് ഇൻട്രോയുമിട്ട് മനസീക്കൊണ്ട് നടന്ന തെന്നോർത്ത് ചൂണ്ട് വിരൽ മടക്കി സ്വയം കടിച്ച് വേദനയമർത്തി...
അല്ലെങ്കിലും മഹാൻമാരെ അടുത്തറിയുമ്പോൾ മനസിലുള്ള വിഗ്രഹം ഉടഞ്ഞ് വീഴുമെന്നാണല്ലോ കൃസ്പിൻ മഹേഷിൻ്റെ പ്രതികാരത്തിൽ പറഞ്ഞിരിക്കുന്നത്!
1 comment:
😁😁😁
Post a Comment