ഇതേതാ പുതിയൊരു പ്രോഡക്ടെന്ന് ആർക്കും തോന്നാവുന്ന ക്യൂരിയോസിറ്റി കൊണ്ടാണ് ജെവ പച്ചക്കറി സ്റ്റാളിൽ എക്സിബിഷനു വച്ചിരുന്ന 'മോണിങ്ങ് ടീ' സാഷേ ഞാൻ ജസ്റ്റൊന്നെടുത്ത് നോക്ക്യേത്.
"ഒരു സ്പെഷൽ ടീയാണ് സർ ....കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, അയേൺ ഇതിലില്ലാത്ത മെറ്റലില്ല!
വിറ്റാമിൻ എ, സി. കൂടാതെ ബി ഒന്ന് രണ്ട്, മൂന്ന്, ആറ്!
ആവശ്യത്തിന് ഫ്രീറാഡിക്കൽസ് അത്യാവശ്യം പ്രോട്ടീൻ ! ....
പോരാതെ എണ്ണം പറഞ്ഞ ഹൈഡ്രേറ്റിങ്ങ് ഏജന്റും , പത്തരമാറ്റ് ഡീറ്റോക്സറും...
കോൺസ്റ്റിപ്പേഷനാവട്ടെ ഗ്യാസ്ട്രൈറ്റിസാവട്ടെ ഇതങ്ങട് ഒരു ഡോസാ പൂശ്യാ മതി ! ...
ഡയബറ്റിസാവട്ടെ, ബി പി യാവട്ടെ, ആസ്മയാവട്ടെ..... പിടിച്ച് കെട്ട്യ പോലങ്കട് നിക്കും....
എല്ല്, കണ്ണ്, കരള്, കിഡ്നി... സകലതിനും ബെസ്റ്റാണ്...."
പാക്കറ്റ് നേരെയൊന്നു കാണുന്നതിന് മുൻപ് അത് വിൽക്കാൻ കൊണ്ട് വന്നിരുന്ന ചേട്ടൻ ടീയുടെ വിസ്തരിച്ചുള്ള വിവരണവുമായി എന്റെ നേരെ ചാടി വീണു! പ്രാണരക്ഷാർത്ഥം ഞാൻ രണ്ടടി പുറകോട്ട് ചാടി മാറി!!
വേണോ വേണ്ടയോ എന്നങ്ങട് തീരുമാനിക്കണേനെടേല് ആള് ഇത് വെയ്റ്റ് ലോസിനൊക്കെ ബസ്റ്റാന്ന് പറഞ്ഞത് എന്നെ ഹഠാദാകർഷിച്ചു. ഫുഡിലുള്ള കൺട്രോളും രാവിലെയുള്ള നടത്തോമൊഴിവാക്കാലോന്നോർത്ത് ഞാൻ പറഞ്ഞു
" ഒരു സാഷേ ഇങ്ങ്ടു തരൂ ചേട്ടാ!". എക്സർസൈസും ഡയറ്റുമൊന്നുമില്ലാതെ തടി കുറയ്ക്കണ ഏത് സ്കീമിനും ഞാൻ എവർ റെഡിയാണ്!
ക്യാഷ് കൊടുത്തു കഴിഞ്ഞപ്പോൾ ആള് ടീയുടെ സാഷേയെടുത്ത് അതിന് പുറകിലെഴുതിയിരുന്ന ഉപയോഗക്രമം വിശദായി വിവരിച്ചു തന്നു - "തുടക്കത്തിൽ രണ്ട് ദിവസം രാവിലെ എണീറ്റ ഉടനേം രാത്രി കിടക്കാൻ പോവുന്നതിനു മുൻപും ഒരോ ഗ്ലാസ് ചൂട് വെള്ളത്തിൽ ഒരോ നുള്ള് ചേർത്ത ശേഷം പഞ്ചസാര ചേർക്കാതെ കുടിക്കണം. പിന്നെ പിന്നെ രാത്രി മാത്രം മതിയാവും! കുടിച്ച് തുടങ്ങി രണ്ടാം ദിവസം തൊട്ട് ചെയ്ഞ്ചറിയാം".
സാഷേയെനിക്ക് തരുമ്പോ എന്റെ കൈ രണ്ടും ചേർത്തു പിടിച്ചമർത്തി... ചുറ്റുമൊന്നു നോക്കി ആരും കേൾക്കാതിരിക്കാൻ ശബ്ദമൊന്നു താഴ്ത്തി
"സാറിനറിയാലോ... മുരിങ്ങാന്ന് പറഞ്ഞാ ......എല്ലാത്തിനും ബെസ്റ്റാ!".
ആളൊന്നു കണ്ണിറുക്കി. അതും പോരാഞ്ഞ് ".....മനസിലായല്ലോ, അല്ലേ ??" യെന്ന മട്ടിൽ തലയാട്ടിക്കൊണ്ടാളൊരു ചിരി കൂടി ചിരിച്ചു.ഞാൻ സാഷേയിലെ പേരൊന്നൂടി വായിച്ചു. ദൈവമേ ...മോണിങ്ങ് ടീ യെന്നല്ല "മുരിങ്ങാ ടീ" യെന്നാണ് അതിലെഴുതീ രിക്ക്യണത് ! വയാഗ്രയുടെ നാടൻ വെർഷനെന്ന് നിക്നെയിമുള്ള സാക്ഷാൽ മുരിങ്ങ!
ആന്റോയുടെ അപ്പന്റെ ആയുർവേദ മരുന്ന് കടേന്ന് ഇതു പോലെന്തോ സാധനം കുടിച്ചിട്ടാണ് വിഡോവറായിരുന്ന അവന്റെ അപ്പാപ്പൻ ആൾടെ സ്വീറ്റ് സെവന്റീസിൽ കിടക്കമരിങ്ങില്ലാണ്ട് എൻ എച്ച് സെവന്റീനിലൂടെ ഒരു രാത്രി മുഴുവൻ തെക്ക് വടക്ക് നടന്ന് നേരം വെളുപ്പിച്ചത്!
"അയ്യോ ....ചേട്ടാ... മുരിങ്ങേടെ ആവിശോന്നാവാറായിട്ടില്ല...ഞാനിപ്പോഴും ..... " പറഞ്ഞു തീരണേനും മുൻപ് തൊട്ടടുത്ത് ഓർഗാനിക് വെണ്ടയും ചീരയും പയറും വിൽക്കാനിരുന്നിരുന്ന ചേച്ചി ഞങ്ങളെ ശ്രദ്ധിച്ച് അടക്കി ചിരിക്ക്യണുണ്ടോന്നൊരു സംശയം തോന്നിയോണ്ട് സ്പോട്ടില് ഞാൻ തിരിഞ്ഞ് നടന്നു.
"സാറേ, ഉപയോഗിച്ച് നോക്കീട്ട് അടുത്ത അഴ്ച്ച വരുമ്പോൾ എങ്ങിനുണ്ട് എന്ന് പറയണം" ന്ന് ആള് ഉറക്കെ വിളിച്ച് പറഞ്ഞത് കേട്ട് ആ ചന്തയിലുണ്ടായിരുന്ന സകല ആളുകളും എന്നെ ഏന്തി വലിഞ്ഞ് നോക്കുന്നത് കണ്ട് തല കുമ്പിട്ട് ഞാൻ സ്കൂട്ടർ പാർക്കിങ്ങിലേക്ക് വലിഞ്ഞ് നടന്നു. ചിലരൊക്കെ അടക്കി ചിരിക്കണൂണ്ട്ന്ന് തോന്നണണ്ട്. ഞാനെന്ത് പറയണമെന്നാള് ഉദ്ദേശിക്കണത്.
ഛേ! ഒന്നു രണ്ട് നരയൊക്കെ വീണുന്നുള്ളത് ശരിയാ എന്നാലും എന്നെ കണ്ടിട്ട് മുരിങ്ങയുടൊക്കെ ആവശ്യൊള്ള ആളായീന്ന് തോന്നിയല്ലോ ആൾക്കെന്ന് വിഷമിച്ച് റിയർവ്യൂ മിററിൽ മുഖമൊന്നു കൂടി നോക്കി ഞാൻ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു.
വീട്ടിലെത്തിയതും കിച്ചണിലെ ശ്രീയുടെ കണ്ണെത്താത്ത സ്ഥലത്തേക്കത് മാറ്റി വച്ചു. ഇനിയത് കണ്ടിട്ട് ഞാനിതെന്തിനൊക്കെയുള്ള പുറപ്പാടാണെന്ന് ശ്രീക്കൊരു തെറ്റിധാരണ തോന്നേണ്ട.
അല്ലെങ്കിലും ആയുർവേദത്തിലെംഡിയുള്ള ഒരാളോട് ഞാൻ മുരിങ്ങായെ കുറിച്ചൊന്നും ക്ലാസെടുക്കേണ്ടി വരില്ല. ഇതില് സ്റ്റയിൻ ലെസ് സ്റ്റീലുള്ളോണ്ട് വാങ്ങിച്ചതാണെന്ന് പറഞ്ഞാ ഒന്നു രണ്ടാഴ്ച്ചയൊക്കെ വരെ നീണ്ട് നിൽക്കാവുന്ന ഒരു ചെറുകിട യുദ്ധമുണ്ടാവാനൊക്കെ അത് ധാരാളമാണ് !!
-----------------------------------------------------------------
Statutory Warning: Author is not responsible for any claims made on Muringa Tea.
No comments:
Post a Comment