വരവ് :



Saturday, December 7, 2019

അജ്ഞാതൻ

കനോലിക്കനാലിനോട് ചേർന്ന് കിടക്കണ അനേകം കടവുകളിൽ റേറ്റിങ്ങിൽ  വല്യ റേഞ്ചൊന്നുമില്ലാതിരുന്ന കടവുകളിലൊന്നായിരുന്നു മധുരംമ്പിള്ളി.

മധുരംമ്പിള്ളിക്കടവിലെ കടത്തുകാരനും, കടവിനോട് ചേർന്ന്  തൃശൂർ - മധുരംമ്പിള്ളിക്കടവ് യാത്ര ബസ് പാർക്ക് ചെയ്യുന്നിടത്തുള്ള ശ്രീ മുരുക ടീ ഷോപ്പ് സൈഡ് ബിസിനസുമായുണ്ടായിരുന്ന ഭാസ്ക്കരേട്ടൻ വിരല് കൊണ്ട് വായിലിട്ട് കൊടുത്താൽ പോലും കടിക്കാത്ത ടൈപ്പ് നിരുപദ്രവകാരിയും,  പരോപകാരിയും,  സർവ്വോപരി ലൊക്കാലിറ്റിയിലെ കൗണ്ടബിൾ ബാച്ചിലറുമായിരുന്നു.

പ്രായം വറചട്ടിയിലെരിയണ കടല പോലെ   ജംഗ ജഗ ജഗാന്നുണ്ടായിരുന്ന മധുരപ്പതിനേഴ്  കാലത്താണ്  അക്കരെയുള്ള ജിൽജിൽന്ന് നടക്കണ സെയിം ഏജ്കാരി ഭാനുമതിയേച്ചിയോട് ഭാസ്ക്കരേട്ടന്  പറയാതിനി  വയ്യ പറയാനും വയ്യ ടൈപ്പ്  ഫീലിങ്ങ്സ് വരണത്.

ഭാസ്ക്കരൻ, ഭാനുമതി രണ്ടു പേരുടേം പേര്  ഭാ-ഭാ എന്നായത് കൊണ്ട് എന്തായാലും ഇത് നടക്കും എന്ന് ഭാസ്ക്കരേട്ടന്  നല്ല ഉറപ്പായിരുന്നു. ശ്രീ മുരുക  മീൽസ് റെഡി ഹോട്ടലായി ഉയർത്തണമെന്ന ആൾടെ രണ്ടാമത്തെ ആഗ്രഹത്തിന്റെയും മോളീൽ കിടന്നിരുന്ന ഈ ആഗ്രഹത്തെക്കുറിച്ച്  ഭാനുമതിയേച്ചിക്ക്  യാതൊരിൻ ഫോർമേഷനു മുണ്ടായിരുന്നില്ലെങ്കിലും..!

കാല പ്രവാഹം ദൂരദർശന്റെ  ലോഗോ പോലെ മൂന്നാല് വട്ടം കറങ്ങിത്തിരിഞ്ഞ് വന്നപ്പോഴേക്കും കരക്കാരെ മുഴുവനുമെതിർത്ത്  ഭാനുമതിയേച്ചി വീട്ടിൽ പെയിന്റടിക്കാൻ വന്ന വർഗ്ഗീസേട്ടനെ  രജിസ്റ്റർ മാരേജ് ചെയ്ത് ഇക്കരക്ക് പോന്നു. എന്താന്നറിയില്ല,  മറ്റൊരു കല്യാണത്തിന്റെ കേസിൽ പിന്നെ ഭാസ്ക്കരേട്ടൻ  വല്യ ഇൻട്രസ്റ്റ് എടുത്തില്ല.

കടവീന്ന് കയറീട്ട് വടക്കേ ചിറ കയറി ചെല്ലുമ്പോ കാണണ വഴിയിലൂടെ വടക്കോട്ട് നടക്കുമ്പോ  കാണണ  ആ ലൈനിലെ അവസാനത്തെ ഓടിട്ട വീട്ടിലായിരുന്നു വർഗ്ഗീസേട്ടനും ഭാനുമതിയേച്ചീം അവരുടെ ഒന്നര വയസ്കാരനും താമസിച്ചിരുന്നത്.
പെയിന്റ് പണിയായിരുന്നു മെയിനെങ്കിലും  വർഗ്ഗീസേട്ടന് അങ്ങനെ ഒരു പണീന്നൊന്നൂല്ല, ആള് എന്തും ചെയ്യും!

പിരിച്ച് വച്ച കട്ടിയുള്ള കൊമ്പൻ മീശയും   മൂക്കിന് മുകളിൽ വല ത്തോട്ട് ചാഞ്ഞ മുറിവുണങ്ങിയ അടയാളോമുണ്ടായിരുന്ന വർഗ്ഗീസേട്ടൻ കീരിക്കാടൻ ജോസിനെ മുറിച്ച മുറിയാണെന്നുള്ളതിൽ നാട്ടിലാർക്കും എതിരഭിപ്രായമില്ലായിരുന്നു. അല്ലെങ്കിലും തൃശൂര് പടിഞ്ഞാറേ കോട്ടേമന്ന്  വന്ന  ടീമിനെ  കാട്ടൂരങ്ങാടീലിട്ട് ഇടിച്ചൊതുക്കീട്ട് വരുമ്പോഴായിരുന്നല്ലോ ആൾടേം ഭാനുമതിയേച്ചീടേം ഫസ്റ്റ് മീറ്റും ലൗ അറ്റ് ഫസ്റ്റ് സൈറ്റുമെല്ലാം.

കാര്യം കൈയ്യിലിച്ചിരിപ്പ് ലേശം അലമ്പായിരുന്നെങ്കിലും  വർഗ്ഗീസേട്ടൻ ഭാനുമതിയേച്ചിയുടെ മുന്നിൽ മാത്രം തൊട്ടാവാടിയായിരുന്നത്രേ!  പിണങ്ങിക്കഴിഞ്ഞാ ആള് തൃശൂരങ്ങാടിലെ ഫ്രണ്ട് ജോണ്യേട്ടന്റെ  അടുത്തേക്കാ പോവും, രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാവും പിണക്കം തീർന്ന്  തിരിച്ച് കടവിലേക്ക്  യാത്രയിൽ വന്നെറങ്ങണത്. അതോണ്ട്  പെയ്ന്റ് പണിയേൽപ്പിക്കാൻ വരണോര്  ഈ പണി തീരണവരെ ഒന്നു  സൂക്ഷിക്കണേന്ന്  ഭാനുമതിയേച്ചിയെ ഓർമ്മിപ്പിക്കണത്.

നിർത്താതെ മഴ പെയ്ത ജൂണിലെ ഒരു ഞായറാഴ്ച്ചയായിരുന്നു അന്ന്.
തലേന്ന്  ശ്രീ മുരുകയിൽ തന്നെ കിടന്നുറങ്ങിയ ഭാസ്ക്കരേട്ടൻ രാവിലെ അക്കരെക്ക് പത്രമിടാൻ വന്ന രമേശൻ സൈക്കിൾ  ബെല്ലടിച്ച്  വിളിച്ചപ്പോഴാണെറ്റീറ്റത്. 

ഉറക്കപ്പിച്ചിൽ വഞ്ചിയഴിക്കുന്നതിനിടെയാണ്  കയറിൽത്തടഞ്ഞ് കമിഴ്ന്നൊരു ഡെഡ്ബോഡി കിടക്കണത് കണ്ടത്. ബോഡിയാണല്ലോ രമേശാന്ന് പറഞ്ഞു തിരിയുമ്പോഴേക്കും " തള്ളി വിട്ടട്ടാ... ഞാനില്ലീ വക കേസിന്'' ന്ന് പറഞ്ഞ്  നിന്ന നിൽപ്പിൽ രമേശൻ സൈക്കിൾ  തിരിച്ച് വച്ച്  ചവിട്ടി.

എല്ലാ കാലവർഷത്തിലും ഡാം തുറന്ന് വിടണ ടൈമിൽ മലവെളളം പുഴയുടെ അതിര് ചേർന്നും കവിഞ്ഞുമൊഴുകുമ്പോൾ ഇത് പോലെ ഒന്നോ  രണ്ടോ ഡെഡ് ബോഡികൾ  ഒഴുകി വരാറുണ്ട്. ഏത് കടവിലടിഞ്ഞാലും പോലീസ് കേസും പുകിലുമോർത്ത് അവിടത്തെ ആളുകൾ തള്ളിയൊഴുക്കി വിടാറേയുള്ളൂ.

തുഴക്കോലെടുത്ത് ബോഡി തള്ളി വിടാൻ നോക്കിയ ഭാസ്ക്കരേട്ടൻ ഒന്നമാന്തിച്ചു.  ആ കരിമ്പച്ച ഷർട്ടും വരയൻ ട്രൗസറും പരിചയമുള്ളതാണ്, ഉടുമുണ്ടെപ്പോഴോ അഴിഞ്ഞ് പോയിരിക്കുന്നു. ബോഡിയുടെ കഴുത്തിൽ കിടക്കണ കൊന്തയും വെന്തിങ്ങയും  കണ്ടതോടെയാണ്  ഭാസ്ക്കരേട്ടൻ കടവീന്ന് കേറി വന്ന് രമേശനോട് കാറി വിളിച്ചത്  "രമേശാ ദ് മ്മടെ വറീസ്സാടാ..."
"മ്മടെ ഭാനുവേച്ചീടെ വറീസേട്ടനോ ?'' ന്ന് ചോദിച്ച് രമേശനും സൈക്കിൾ നിർത്തിയോടി വന്നു.

കേട്ടും പറഞ്ഞു മറിഞ്ഞ് കടവത്താള് നിറഞ്ഞു. ഭാസ്ക്കരേട്ടൻ ഡെഡ് ബോഡി കടവിലേക്ക് വലിച്ച് കയറ്റിയിട്ടു,  രമേശൻ വിവരമറിയിക്കാൻ  വലപ്പാട് സ്റ്റേഷനിലേക്ക് പോയി, പോകുന്ന വഴിയിലെ ഒരോ ജങ്ങ്ഷനിലുമിറങ്ങി അവിടെല്ലാം വിവരമറിയിച്ചു.

"ഒരെല്ല് കൂടുതലായിരുന്നെങ്കിലും ന്യായല്ലാത്ത കാര്യത്തിനല്ലാണ്ട് ആളങ്ങിനെ എടയാറില്ല....
അവനെപ്പോലെ നെറിയും കുടുബ സ്നേഹോള്ള ആളുകളീ കരയിലിണ്ടായിട്ടില്ല ഇനിയൊട്ട് ഉ ണ്ടാവേല്ല.... " യെന്നൊക്കെ അതിശയോക്തി കലർന്നതും, അതിശയോക്തി മാത്രമായതുമായ അഭിപ്രായങ്ങൾ ശ്രീ മുരുക തുറന്ന് ഭാസ്ക്കരേട്ടൻ സ്വന്തം ഇൻട്രസ്റ്റിലിട്ട് കൊടുത്ത കട്ടനൊക്കെ കുടിച്ച്  കൂട്ടം കൂടി നിന്ന് വന്നവരൊക്കെ ഷെയർ ചെയ്തു. " ആ.... ഭാനുമതീടെ  കാര്യാണ് കഷ്ടായിപ്പോയത് ... അവൾക്കും  ആ കൊച്ചിനു മാരൂല്ലാണ്ടായിപ്പോയി...." ന്നാരോ പറഞ്ഞത് കേട്ടപ്പോ ഭാസ്ക്കരേട്ടൻ വികാരാധീനനായി ''ഏയ്... അങ്ങിനെ ആരൂല്ലാണ്ടായി അവര നാഥരായിപ്പോവൊന്നില്ല " ന്ന് മനസീപ്പറഞ്ഞു.

അപ്പോഴാണ്  കൊച്ചിനേമെടുത്ത്  വടക്കേ വരമ്പത്തൂടെ മുളകീറണ ശബ്ദദത്തിൽ ആർത്തലച്ച്  കരഞ്ഞ് ഭാനുമതിയേച്ചി വന്നത്, പുറകേ കോറസായി കരഞ്ഞ് വേറെ കുറച്ച്  സ്ത്രീകളും.

വന്നതും ഭാനുമതിയേച്ചി "  എന്റെ വറീസേട്ടാ  എന്നേം മോനേം തനിച്ചാക്കിപ്പോയല്ലേ..... ഞങ്ങൾക്കിനിയാരുണ്ട്..... "      ന്നൊക്കെ  അലമുറയിട്ട്   ബോഡിയിലേക്ക് തളർന്ന് വീണു. കണ്ടു നിന്ന ഭാസ്ക്കരേട്ടന്റെ വരെ കണ്ഠമിടറി.

''ദേ, ബോഡി ഇളക്കല്ലേ.... പോലീസ് വന്നിട്ടില്ല.. അവരടെ പരിപാടികള് കഴിയണവരെ നമ്മള് തൊടണ്ടാട്ടാ..... " യെന്നാരോ പറഞ്ഞത് കേട്ട് രണ്ടു മൂന്ന് സ്ത്രീകൾ ഭാനുമതിയേച്ചിയെ  എഴുന്നേൽപ്പിച്ച്  കടവിലെ തെങ്ങിൻ കടയിൽ ചാരിയിരുത്തി. ഭാനുവേച്ചിയുടെ നെഞ്ചിൽ ഒന്നര വയസുകാരൻ കാര്യമൊന്നുമറിയാതെ  പേടിച്ച്  കരഞ്ഞള്ളിപ്പിടിച്ചു കിടന്നു.

''ഈശ്വരാ..... ഇതീന്നൊരു കൊല തേങ്ങ വീണു ഞാനുമീ കൊച്ചുമ ങ്ങട് തീർന്നാ മതി .... വറീസേട്ടനില്ലാണ്ട് ഞാങ്ങളെങ്ങിനെ ജീവിക്കും...... "  മെന്നൊക്കെ പറഞ്ഞ് എണ്ണിപ്പെറുക്കി കരഞ്ഞിരുന്ന ഭാനുവേച്ചിയുടെ അരികിലായി ഒരു പോലീസ് ജീപ്പ് വന്ന് നിന്നു. രണ്ട് പോലീസുകാർ ചാടിയിറങ്ങി.

"ബോഡിയൊന്നു തിരിച്ചിട്ടേഡാ...ഇൻക്വിസ്റ്റാണെ"ന്ന് എസ് ഐ  പറഞ്ഞത്  "ഞാനാ സാറേ ബോഡി ആദ്യം കണ്ടേ " ന്ന് പറഞ്ഞ്  എന്തിനും തയ്യാറായി മുന്നിൽക്കേറി നിന്ന ഭാസ്ക്കരേട്ടനോടാണ്.

കണ്ണും ചുണ്ടും മുഖവുമൊക്കെ    മീൻ കൊത്തിവലിച്ച്ട്ട് കണ്ടാൽ പേടിയാവണ രൂപായിട്ടുണ്ടാവും,  പേടിയൊള്ളോരും, തല കറങ്ങണോരും, പിള്ളേരും നോക്കേണ്ടട്ടാന്ന് പറഞ്ഞ് ആള് കമിഴ്ന്ന് കിടന്ന ബോഡിയൊരു വശം ചേർത്ത് പിടിച്ച് തിരിച്ചിട്ടു. വിരൂപമായിട്ടാണേൽ പോലും   വർഗ്ഗീസേട്ടന്റെ മുഖമൊന്നൂടിക്കാണാൻ ഭാനുമതിയേച്ചി തളർന്ന് കിടക്കണ കിടപ്പിൽ തെങ്ങിൻ ചുവട്ടിൽ നിന്നും തലയുയർത്തി നോക്കി...
ഒന്നേ നോക്കിയുള്ളൂ...

ഇന്നലെ രാവിലെ  ഷേവ് ചെയ്തു    കുട്ടപ്പനായി നിക്കുമ്പോ താനൊന്ന്    വീട്ടിപ്പോയിട്ട് വരട്ടേന്ന് ചോയ്ച്ചേന് ഒന്നും രണ്ടും പറഞ്ഞ്  പിണങ്ങിയിറങ്ങിപ്പോയ  വർഗ്ഗീസേട്ടൻ ഒറ്റ രാത്രി കൊണ്ട് കട്ടത്താടിയൊക്കെ വച്ച് വരേ? ഇത് വേറാരോ ആണ് !

  " ഏയ് ... ഇതെന്റെ വർഗ്ഗീസേട്ടനൊന്നല്ലാ.... ആണെന്ന് പറഞ്ഞോരെ തലേ ഇടിത്തീ വീഴൂടാ മഹാപാപികളെ " ന്ന് പറഞ്ഞ് ഭാസ്ക്കരേട്ടനെതിരെ തീ പാറണൊരു നോട്ടമെറിഞ്ഞ്  എണീറ്റ് കൊച്ചിനേമെടുത്ത്  എളിയിൽ വച്ച് തിരിച്ച്  വീട്ടിലേക്ക്  ഒരൊറ്റ നടത്തമായിരുന്നു ഭാനുമതിയേച്ചി.

ബോഡി വർഗ്ഗീസേട്ടന്റെയല്ലാന്ന്  മനസിലായതോടെ എല്ലാവരും പതുക്കെ വലിഞ്ഞു.  ഒടുവിൽ,  വന്ന രണ്ടു പോലീസുകാരും  വന്നടിഞ്ഞ അജ്ഞാതനും, ആൾടെ ബോഡിക്കരികെ ഒരു ബന്ധോല്ലങ്കിലും ദുഖം കടിച്ചമർത്തിയിരുന്ന്  വിങ്ങണ ഭാസ്ക്കരേട്ടനും മാത്രം കടവിൽ  ബാക്കിയായി.

അന്ന്  പത്തരയുടെ  യാത്ര മധുരംമ്പുള്ളിയിലേക്കുള്ള അവസാന വളവ് തിരിയുമ്പൊ  ലൈറ്റിട്ട്  ഹോണടിച്ച് കയറിപ്പോയ പോലീസ് ജീപ്പിന്റെ പുറകിൽ തഴപ്പായയിൽ പൊതിഞ്ഞെടുത്ത അജ്ഞാതനും   ആൾടെ പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളേജ് വരെ പോവാൻ  നിർബ്ബന്ധിതനായ    ഭാസ്ക്കരേട്ടനുമായിരുന്നെങ്കിൽ
"ഇതെന്ത് തേങ്ങ്യാണ്... പോലീസ് ജീപ്പ് ലൈറ്റിട്ട് ഹോണടിച്ച് വരണേ"ന്ന് നോക്കാൻ യാത്രയിൽ നിന്ന് നീണ്ട തലകളിലൊന്ന്  വർഗ്ഗീസേട്ടന്റെയായിരുന്നു.

No comments: